ആഗോള സുറിയാനി സഭയുടെ തലവനും, പരിശുദ്ധ പത്രോസിന്റെ ശ്ലൈഹിക സിംഹാനത്തിന്റെ 123-മത് പിന്‍ഗാമിയുമായ മോറാന്‍ മോമ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണം, ആകമാന സുറിയാനി സഭക്കും, പ്രത്യേകിച്ച്, അമേരിക്കന്‍ അതിഭദ്രാസനത്തിനും അതിമഹത്തായ ഒരു ചരിത്രമുഹൂര്‍ത്തമാണ്.
ബഹുഭാഷാ പണ്ഡിതന്, ഭരണനിപുണന്‍ തത്വചിന്തകന്‍, സൗമ്യശീലന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ, മലങ്കരയേയും, മലയാളികളേയും, മലയാളത്തേയും സ്നേഹിക്കുന്ന, മലയാളികള്‍ക്കെന്നും, പ്രിയങ്കരനായ പിതാവിന്, പരിശുദ്ധ സഭയെ ദീര്‍ഘ വീക്ഷണത്തോടും, ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളോടും കൂടെ, നാള്‍ക്കുനാള്‍, പുരോഗതിയിലേക്ക് നയിക്കുവാന്‍ ദൈവം കൃപയേകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സുറിയാനി സഭക്ക് മാത്രമല്ല, ഇതര സഹോദര സഭകള്‍ക്കും, സമൂഹത്തിനും, പരിശുദ്ധ പിതാവിന്റെ നേതൃത്വം, പ്രചോദനവും, വഴികാട്ടിയുമായി തീരട്ടെ. അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ സര്‍വ്വവിധ ഭാവുകങ്ങളും, അനുമോദനങ്ങളും, ആശംസകളും, പ.പിതാവിന്റെ തൃപ്പാദത്തിങ്കല്‍ സവിനയം സമര്‍പ്പിക്കുന്നു.
അമേരിക്കന്‍ അതിഭദ്രാസനത്തെ സംബന്ധിച്ചിടത്തോളം, ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ കൂടിയാണ്. കാലം ചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ മോറാന്‍ മോര് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവായുടെ അനുഗ്രഹാശീര്വാദങ്ങളാല് 2004 ജനുവരി 10-#ാ#ം തീയതി ഈ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ട് ചുമതല ഏറ്റെടുത്ത അഭിവന്ദ്യ യല്‍ദോ മോര് തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഈ ഭദ്രാസനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുകയാണ്. അഭിവന്ദ്യ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കഴിഞ്ഞ 10 വര്‍ഷക്കാലമായി ഈ ഭദ്രാസനം കൈവരിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കം ചില ഇടവകള്‍ മാത്രമുണ്ടായിരുന്ന ഈ ഭദ്രാസനത്തെ, അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 50ല്‍ പരം ഇടവകകളുള്ള ഒരു വലിയ ഭദ്രാസനമായി വളര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമായി നമുക്ക് കാണുവാന്‍ കഴിയും. അതുപോലെ തന്നെ, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന നിരവധി യുവതി-യുവാക്കള്‍ മിഷിനറി പ്രവര്‍ത്തനങ്ങളിലേക്കും ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നു എന്നുള്ളത് വളരെ അഭിനന്ദനീയമാണ്. അനേകം യുവാക്കള്‍ അദ്ദേഹത്തെ ഒരു റോള്‍ മോഡലായി കണ്ടുകൊണ്ട് പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവരുകയും ഏതാണ്ട് 20 ല്‍ പരം യുവ ശെമ്മാശ്ശന്മാര് സെമിനാരി വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ ഉപരിയായി, ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും, നമ്മുടെ പാരമ്പര്യത്തില്‍ സെമിനാരി വിദ്യാഭ്യാസം നല്കുന്നതിനുമായി ഭദ്രാസന ആസ്ഥാനത്തോടനുബന്ധിച്ച് ഒരു സെമിനാരി തുടങ്ങുക എന്ന ഉദ്ദേശത്തോടെ ന്യൂജേഴ്സിയുടെ ഹൃദയഭാഗത്ത് വിപ്പനി എന്ന ടൗണ്‍ഷിപ്പില്‍ ഏകദേശം അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് ഒരു ദേവാലയവും അതിനോടനുബന്ധിച്ചുള്ള പാര്‍പ്പിട സമുച്ചയവും നമ്മള് സ്വന്തമാക്കിയിരിക്കുന്നു. പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട്, അരമനയുടെ പ്രാരംഭ കൂദാശയുടെ മുഖ്യ കാര്‍മ്മികത്വം വഹിക്കുവാന്‍, ഈ ഭദ്രാസനത്തിന് ഭാഗ്യമുണ്ടായിയെന്നത്, ഈ അവസരത്തില്‍, സ്നേഹത്തോടെ സ്മരിക്കുന്നു. ദേവാലയത്തിന്റേയും, സെമിനാരിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുന്ന മുറക്ക്, പ.ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൂദാശ കര്‍മ്മം നിര്‍വഹിക്കുന്നതിനുള്ള ശ്രമങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു.
അമേരിക്കന്‍ അതിഭദ്രാസനത്തോടും അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയോടും, പ്രത്യേക വാത്സല്യവും, സ്നേഹാദരവുകളും നല്കി ഈ ഭദ്രാസനത്തെ കരുതുന്ന പരിശുദ്ധ പിതാവിന്റെ ആത്മീയ തണലില്‍, ഭദ്രാസനം, ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്, അനുദിനം വളരുവാന്‍ ദൈവം ഇടവരുത്തട്ടെ.
വാര്‍ത്ത അയച്ചത് : അമേരിക്കന്‍ അതിഭദ്രാസന പി.ആര്.ഓ. കറുത്തേടത്ത് ജോര്‍ജ്.
Comments