You are Here : Home / USA News

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും ഈസ്റ്റര്‍/വിഷു ആഘോഷവും

Text Size  

Story Dated: Friday, May 02, 2014 09:51 hrs UTC

  ജയപ്രകാശ്‌ നായര്‍     
    
ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും ഈസ്റ്ററും വിഷുവും സംയുക്തമായി ഏപ്രില്‍ 26 ശനിയാഴ്‌ച്ച നാലു മണി മുതല്‍ റോക്ക്‌ ലാന്റിലെ കാക്കിയാട്ട്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ആഘോഷിക്കുകയുണ്ടായി. വിഭവ സമൃദ്ധമായ സദ്യയെ തുടര്‍ന്ന്‌ കലാ പരിപാടികള്‍ ആരംഭിച്ചു.

കോര്‍ഡിനേറ്റര്‍ ശ്രീ വിശ്വനാഥന്‍ കുഞ്ഞുപിള്ളയുടെ ആമുഖ പ്രസംഗത്തിനു ശേഷം ലൊറീന മാത്യുവിന്റെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചു. ജോയിന്റ്‌ ട്രഷറര്‍ ശ്രീ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള അണിയിച്ചൊരുക്കിയ ദൃശ്യമനോഹരമായ വിഷുക്കണി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ശ്രീ കൃഷ്‌ണ വിഗ്രഹത്തിനു മുന്നില്‍ നെയ്‌ത്തിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ പ്രഭയില്‍ ഒരുക്കിവച്ച വിഷുക്കണി അതിമനോഹരമായിരുന്നു. കണി കണ്ടുകഴിഞ്ഞ കുട്ടികള്‍ക്ക്‌ കുടുംബത്തിലെ കാരണവരുടെ വേഷത്തിലെത്തിയ ശ്രീ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. നികിത മേനോന്‍ ഭക്തിനിര്‍ഭരമായ ഒരു ശ്രീകൃഷ്‌ണഭജനഗാനം ആലപിച്ചു.

മലയാളം സ്‌കൂളായ വിദ്യാ ജ്യോതിയിലെ വിദ്യാര്‍ത്ഥികള്‍ ഏതാനും ഗാനങ്ങള്‍ ആലപിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ ജോസഫ്‌ മുണ്ടഞ്ചിറയും വൈസ്‌ പ്രിന്‍സിപ്പല്‍ മറിയാമ്മ നൈനാനും കൂടി പരിശീലിപ്പിച്ച ഗാനങ്ങള്‍ ആണ്‌ അവര്‍ ആലപിച്ചത്‌. നേഹ ജ്യോ, നേഹല്‍ ജ്യോ, ആഷിത സജി എന്നിവര്‍ മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനം പ്രസിഡന്റ്‌ ജെയിംസ്‌ ഇളംപുരയിടത്തില്‍, സെക്രട്ടറി ജയപ്രകാശ്‌ നായര്‍, ട്രഷറര്‍ മത്തായി പി ദാസ്‌, മുഖ്യാതിഥികളായ ഡോ. മധു ഭാസ്‌കരന്‍, ബിഷപ്പ്‌ റെവ. ഡോ. ജോര്‍ജ്‌ നൈനാന്‍, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌ടീ ചെയര്‍മാന്‍ ശ്രീ കുരിയാക്കോസ്‌ തരിയന്‍ എന്നിവര്‍ നിലവിളക്ക്‌ കൊളുത്തിക്കൊണ്ട്‌ നിര്‍വഹിച്ചു.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ ശ്രീ കുരിയാക്കോസ്‌ തരിയന്‍ ഏവര്‍ക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും മംഗളങ്ങള്‍ നേര്‍ന്നതിനു ശേഷം സ്വാഗതം ആശംസിക്കുന്നതിനു വേണ്ടി പ്രസിഡന്റ്‌ ജെയിംസ്‌ ഇളംപുരയിടത്തിലിനെ വേദിയിലേക്ക്‌ സ്വാഗതം ചെയ്‌തു. ശ്രീ ജെയിംസ്‌ ഇളംപുരയിടത്തില്‍ നിറഞ്ഞ സദസ്സിനു സ്വാഗതം ആശംസിക്കുകയും പരിപാടി വിജയമാക്കുവാന്‍ എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയും ഈസ്റ്ററിന്റെയും വിഷുവിന്റെയും മംഗളം നേരുകയും ചെയ്‌തു.

സെക്രട്ടറി ജയപ്രകാശ്‌ നായര്‍ ഏവര്‍ക്കും ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു പുതുവര്‍ഷവും ഈസ്റ്ററും നേര്‍ന്നതിനു ശേഷം മുഖ്യാതിഥിയായി വിഷു സന്ദേശം നല്‍കാന്‍ എത്തിയിരിക്കുന്ന പ്രസിദ്ധ നെഫ്രോളജിസ്റ്റ്‌ ഡോ. മധു ഭാസ്‌കരനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്‌തു. ഡോ മധു ഭാസ്‌കരന്‍ തന്റെ കുട്ടിക്കാലത്തെ വിഷുക്കാലാനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചു കൊണ്ട്‌ എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം നേര്‍ന്നു.

മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ കൂടിയായ തോമ്മസ്‌ മാത്യു ഈസ്റ്റര്‍ സന്ദേശം നല്‍കാന്‍ എത്തിയിരുന്ന റിട്ടയാര്‍ഡ്‌ ബിഷപ്പ്‌ റെവ. ഡോ. ജോര്‍ജ്‌ നൈനാനെ പരിചയപ്പെടുത്തി. അദ്ദേഹം എക്കാലത്തും ഹഡ്‌സണ്‍ വാലി മലയാളികളുടെ ഒരു നല്ല സുഹൃത്ത്‌ ആണെന്ന്‌ തോമസ്‌ മാത്യു പറഞ്ഞു. റവ. ഡോ. ജോര്‍ജ്‌ നൈനാന്‍ വിഷുവും ഈസ്റ്ററും തമ്മിലുള്ള താരതമ്യം ചെയ്‌തുകൊണ്ട്‌ യേശുവിന്റെ പുനരുദ്ധാനവും വിഷുവിന്റെ ദിനങ്ങളില്‍ പുതിയ നാമ്പുകള്‍ കുരുത്ത്‌ വരുന്നതുമായി ബന്ധപ്പെടുത്തി നല്ല ഹൃദ്യമായ ഒരു പ്രസംഗം കാഴ്‌ച്ച വച്ചു.

ശ്രീമതി ഷൈന്‍ റോയിയും സംഘവും അവതരിപ്പിച്ച ഈസ്റ്റര്‍ മഹിമ വിളിച്ചറിയിക്കുന്ന ലഘു സംഗീത നൃത്ത നാടകം ഏവരും ആസ്വദിച്ചു.

ഷാജിമോന്‍ വെട്ടം, മത്തായി പി. ദാസ്‌, അജിന്‍ ആന്റണി, ചെറിയാന്‍ ഡേവിഡ്‌ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഫൊക്കാന എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ വര്‍ഗീസ്‌ ഒലഹന്നാന്‍ വരുന്ന ജൂലൈ മാസത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്‌തുകൊണ്ട്‌ എല്ലാവര്‍ക്കും ഈസ്റ്റര്‍ വിഷു മംഗളങ്ങള്‍ നേര്‍ന്നു.

അസോസിയേഷന്റെ മുഖപത്രമായ കേരള ജ്യോതിയുടെ ഈ വര്‍ഷത്തെ ആദ്യ പതിപ്പ്‌ മുഖ്യാതിഥിയായ ഡോ. മധു ഭാസ്‌കരന്‍ ഒരു കോപ്പി റിട്ടയാര്‍ഡ്‌ ബിഷപ്പ്‌ റെവ. ഡോ. ജോര്‍ജ്‌ നൈനാനു സമ്മാനിച്ചുകൊണ്ട്‌ ഔപചാരികമായി പ്രകാശിപ്പിച്ചു. ചീഫ്‌ എഡിറ്റര്‍ ജോര്‍ജ്‌ താമരവേലില്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗങ്ങളായ ഫിലിപ്പോസ്‌ ഫിലിപ്പിനും തമ്പി പനക്കലിനും നന്ദി പറഞ്ഞു. അതുപോലെ പരസ്യങ്ങളും ലേഖനങ്ങളും കഥകളും പരസ്യങ്ങളും തന്നു സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഇത്രയും കുറച്ചു സമയം കൊണ്ട്‌ ഈ സുവനീര്‍ തയാറാക്കാന്‍ കഴിഞ്ഞത്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജെയിംസ്‌ ഇളംപുരയിടത്തിലിന്റെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണെന്ന്‌ ചീഫ്‌ എഡിറ്റര്‍ എടുത്തു പറയുകയുണ്ടായി.

ജോയിന്റ്‌ സെക്രട്ടറി ശ്രീ അലക്‌സ്‌ എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. അതിനു ശേഷം വൈശാഖ സന്ധ്യ എന്ന കലോപാഹാരം നിറഞ്ഞ സദസ്സിനു മുമ്പില്‍ മൂന്നു മണിക്കൂറിലേറെ സമയം അവതരിപ്പിച്ചു. ശ്രീ ഇന്നസെന്റ്‌ ഉലഹന്നാന്‍ വൈശാഖ സന്ധ്യാ ടീമിനെ പരിചയപ്പെടുത്തി. കലാഭവന്‍ സുദീപ്‌ കുമാറും പ്രശസ്‌ത പിന്നണി ഗായകന്‍ അഫ്‌സലും സിതാരയും പാടിതകര്‍ത്തപ്പോള്‍ സാജന്‍ സൂര്യയും ആര്യയും നേതൃത്വം കൊടുത്ത്‌ അവതരിപ്പിച്ച ലഘു നാടകങ്ങള്‍ ആളുകളെ കുടുകുടെ ചിരിപ്പിക്കുന്നുണ്ടായിരുന്നു. ആര്യയും സാജന്‍ സൂര്യയും ചേര്‍ന്ന്‌ ഒരുക്കിയ നൃത്തങ്ങളും അതി മനോഹരങ്ങളായിരുന്നു. മിമിക്രി കലാകാരന്മാരായ കലാഭവന്‍ ജിന്റോ, കലാഭവന്‍ പ്രദീപ്ലാല്‍, സിതാര കൃഷ്‌ണകുമാര്‍ എന്നിവരും അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. സംഗീതസംവിധാനവും കീബോര്‍ഡും കൈകാര്യം ചെയ്‌തത്‌ ശ്രീ പോള്‍ എം.ഡി.യാണ്‌. പത്തു മണിയോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.