You are Here : Home / USA News

മലയാളി യുവതീ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം: സമൂഹം അണിചേരുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 20, 2014 08:00 hrs UTC

ഹൂസ്റ്റണ്‍: അടുത്തയിടയായി അമേരിക്കയില്‍ ഉടനീളം മലയാളി യുവതീ-യുവാക്കള്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും ഉത്‌കണ്‌ഠാകുലരായ മാതാപിതാക്കളേയും യുവജനങ്ങളേയും ബോധവത്‌കരണത്തിന്റെ പാതയിലേക്കു കൊണ്ടുവരുന്നതിനും ഹൂസ്റ്റണ്‍ മലയാളികളെ അണിചേര്‍ക്കുകയാണ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്‌).

മാര്‍ച്ച്‌ 30-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4.30 മുതല്‍ ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി ഹാളിലാണ്‌ മീറ്റിംഗ്‌ സംഘടിപ്പിക്കുന്നത്‌. ഹൂസ്റ്റണിലേയും തൊട്ടടുത്ത സിറ്റികളിലേയും കൗണ്‍സില്‍മാന്‍മാര്‍, കോണ്‍ഗ്രസ്‌മാന്‍, ഹാരിസ്‌ കൗണ്ടി ഷരീഫ്‌ എന്നിവര്‍ പ്രസ്‌തുത യോഗത്തില്‍ സംബന്ധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

യോഗത്തിനു മുന്നോടിയായി മാര്‍ച്ച്‌ 16-ന്‌ ഞായറാഴ്‌ച കേരളാ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ പന്ത്രണ്ടോളം പള്ളികളില്‍ നിന്നുള്ള പുരോഹിതന്മാരും, കേരളാ ഹിന്ദു സൊസൈറ്റി ഉള്‍പ്പടെ മറ്റ്‌ മതവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ വര്‍ക്കി അദ്ധ്യക്ഷതവഹിച്ചു.

യോഗത്തില്‍ പങ്കെടുത്ത പലരും ആവേശഭരിതരാകുന്നതുകാണാമായിരുന്നു. മാര്‍ച്ച്‌ 30-ന്‌ വൈകുന്നേരം നടക്കുന്ന യോഗത്തില്‍ കഴിയുന്നത്ര മാതാപിതാക്കള്‍ കുട്ടികളുമായി എത്തിച്ചേരണമെന്ന്‌ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. സുരേന്ദ്രന്‍ കോരന്‍ അഭ്യര്‍ത്ഥിച്ചു.

30-ന്‌ ചേരുന്ന യോഗത്തില്‍ അമേരിക്കയിലെ മുഖ്യധാരാ രാഷ്‌ട്രീയക്കാരോടൊപ്പം മലയാളി യുവതലമുറയെ പ്രതിനിധീകരിച്ച്‌ ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മിറ്റി പ്രസിഡന്റ്‌ ഫാ. റോയ്‌ വര്‍ഗീസ്‌, കേരളാ ഹിന്ദു സൊസൈറ്റി യൂത്ത്‌ ഫോറം പ്രതിനിധി എന്നിവര്‍ അവരുടെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കും.

വരുംനാളുകളില്‍ അനുബന്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും യുവാക്കള്‍ക്കായി ശാസ്‌ത്ര-നിയമ വിശാരദരും ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡ്‌ പോലീസ്‌- അന്വേഷണ -മയക്കുമരുന്ന്‌ വിഭാഗങ്ങളുടെ തലവന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ മൈസൂര്‍ തമ്പി, സുരേന്ദ്രന്‍ കോരന്‍, കെന്നഡി ജോസഫ്‌ എന്നിവരുമായി ബന്ധപ്പെടുക. അനില്‍ ആറന്മുള അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.