You are Here : Home / USA News

കുരുവിള വര്‍ഗ്ഗീസിനെ ആദരിച്ചു

Text Size  

Story Dated: Wednesday, March 12, 2014 10:30 hrs UTC

 

ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അസ്സോസിയേഷന്‍ രൂപീകരിച്ചതിന്റെ അന്‍പതാം വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട പ്രതിഭാ സംഗമത്തില്‍ വച്ച് സണ്‍ഡേ സ്‌ക്കൂള്‍ ആദ്യ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുരുവിള വര്‍ഗ്ഗീസിനെ സഭ ആദരിക്കുകയുണ്ടായി. 1965 ലായിരുന്നു സഭാതലത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പരീക്ഷ ഏര്‍പ്പെടുത്തിയത്. അന്ന് കുരുവിള വര്‍ഗ്ഗീസ് ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും കരസ്ഥമാക്കുകയുണ്ടായി. കുരുവിള വര്‍ഗ്ഗീസിനെ കൂടാതെ സഭാതലത്തില്‍ എല്ലാവര്‍ഷവും 10, 12 ക്ലാസുകളില്‍ നടത്തിയ പരീക്ഷയില്‍ ഇതുവരെ ഒന്നാം റാങ്ക് നേടിയ എല്ലാവരേയും ആദരിക്കുകയുണ്ടായി. ഫെബ്രുവരി എട്ടിന് ചെങ്ങന്നൂര്‍ പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രതിഭാസംഗമത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അത്താനാസിയോസ്, സണ്‍ഡേ സ്‌ക്കൂള്‍ ഡയറക്ടര്‍ റവ.ഡോ. ഓ. തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

കഴിഞ്ഞ മുപ്പത്തഞ്ചില്‍പ്പരം വര്‍ഷങ്ങളായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ കുരുവിള വര്‍ഗ്ഗീസ് ഇപ്പോള്‍ സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പി.ആര്‍.ഓ. ആണ്. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദീര്‍ഘകാലം ഹെഡ്മാസ്റ്ററായി സണ്‍ഡേസ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എസ്.സിയില്‍ ഗോള്‍ഡ് മെഡലോടെ ഹോണ്ടേഴ്‌സ് ബിരുദം നേടിയ കുരുവിള വര്‍ഗ്ഗീസ് അമേരിക്കയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ഓയില്‍ ആന്‍ഡ് ട്രാന്‍സ്‌പോട്ടേഷന്‍ രംഗത്ത് അറിയപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ദ്ധനായ കുരുവിള വര്‍ഗ്ഗീസ് അമേരിക്കയില്‍ ഗവണ്‍മെന്റിലെ വിവിധ ഉപദേശ സമിതികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2004 ല്‍ ഐ.എസ്.ഓ( ഇന്റര്‍നാഷ്ണല്‍ സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷന്‍)യുടെ പൈപ്പ് ലൈന്‍ എഞ്ചനിയറിംഗ് വര്‍ക്ക് ഗ്രൂപ്പിലേക്ക് അമേരിക്കയുടെ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയുണ്ടായി. 2008 ല്‍ അതിന്റെ ആഗോള ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

കുരുവിള വര്‍ഗ്ഗീസാണ് ഐ.എസ്.ഓയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യക്കാരന്‍. അതു കൂടാതെ എന്‍.എ.സി.ഇ.(നാഷ്ണല്‍ അസ്സോസിയേഷന്‍ ഓഫ് കോറോസിന്‍) എഞ്ചിനീയറിംഗിന്റെ മൂന്ന് വിഭാഗത്തിന്റെ ചെയര്‍മാന്‍ പദവിയുമലങ്കരിക്കുന്നുണ്ട് ഇപ്പോള്‍. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസ് കുരുവിള വര്‍ഗ്ഗീസിനെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. സഭയ്ക്കും സമൂഹത്തിനും മാതൃകയും മുതല്‍ കൂട്ടുമാണ് കുരുവിള വര്‍ഗ്ഗീസെന്ന് മെത്രാപ്പോലീത്താ സന്ദേശത്തില്‍ കൂടി പറയുകയുണ്ടായി. പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.