You are Here : Home / USA News

എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരം സര്‍വീസ് വെട്ടിക്കുറച്ചു

Text Size  

Story Dated: Friday, January 17, 2014 08:27 hrs UTC

 

ദുബായ്: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറച്ചു. ആഴ്ചയില്‍ അഞ്ചുദിവസമുണ്ടായിരുന്ന സര്‍വീസാണ് വെട്ടിക്കുറച്ചത്. സമയത്തില്‍ മാറ്റമില്ല. എയര്‍ഇന്ത്യ എക്‌സ്പ്രസ് വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ ശീതകാല ഷെഡ്യൂളിലാണ് ഈ മാറ്റം. പുതിയ ഷെഡ്യൂള്‍ പ്രകാരം തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ രാത്രി 10.45-ന് വിമാനം ദുബായില്‍നിന്ന് പുറപ്പെടും. ബുധന്‍, വെള്ളി ദിവസങ്ങളിലെ സര്‍വീസ് റദ്ദാക്കി.

കോഴിക്കോട്ടേക്കുള്ള പ്രതിദിന രാത്രികാല സര്‍വീസ് മൂന്നര മണിക്കൂര്‍ നേരത്തേയാക്കിയതാണ് പുതിയ ഷെഡ്യൂളിലെ മറ്റൊരു പ്രധാനമാറ്റം. രാത്രി 11.35-ന് പുറപ്പെട്ടിരുന്ന പ്രതിദിന വിമാനം ഇനിമുതല്‍ എട്ടുമണിക്ക് പുറപ്പെടുമെന്ന് എക്‌സ്പ്രസ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ മാറ്റം. ചൊവ്വാഴ്ച പഴയസമയം തന്നെയായിരിക്കും. ജയ്പുരിലേക്കുള്ള സര്‍വീസും വെട്ടിക്കുറച്ചിട്ടുണ്ട്. ആഴ്ചയില്‍ ആറുദിവസം ദുബായില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന എക്‌സ്പ്രസ് ഈ ശീതകാലത്ത് അഞ്ച് ദിവസമേ സര്‍വീസ് നടത്തൂ. സമയത്തിലും ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൊച്ചി, മംഗലാപുരം, തൃശ്ശിനാപ്പിള്ളി, അമൃത് സര്‍, ലഖ്‌നൗ വിമാനത്താവളങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളില്‍ മാറ്റമില്ല.

പുതിയ ഷെഡ്യൂള്‍ ബുധനാഴ്ച നിലവില്‍ വന്നു. മാര്‍ച്ച് 29 വരെ ഈ ഷെഡ്യൂള്‍ പ്രകാരമാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. കേരളത്തിലെ നഗരങ്ങളിലേക്ക് ഗള്‍ഫില്‍നിന്ന് നല്ല തിരക്കനുഭവപ്പെടുമ്പോള്‍ തന്നെ തിരുവനന്തപുരം സര്‍വീസ് വെട്ടിക്കുറച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാവും. നിലവില്‍ എയര്‍ അറേബ്യ, സ്‌പേസ് ജെറ്റ്, ഇന്‍ഡിഗോ, എമിറേറ്റ്‌സ് തുടങ്ങിയവ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികള്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് എക്‌സ്പ്രസ്സിന്റെ പുതിയ നീക്കം. ബജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് കുറയ്ക്കുന്നത് മറ്റുള്ളവയ്ക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാനും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും സഹായകമാകും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.