You are Here : Home / USA News

ഡോ. പി. മുഹമ്മദലി 'ഗള്‍ഫാര്‍' ചുമതലകള്‍ ഒഴിഞ്ഞു

Text Size  

Story Dated: Thursday, January 16, 2014 12:44 hrs UTC

 

മസ്‌കറ്റ്: ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഡോ. പി. മുഹമ്മദലി രാജിവെച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിനുശേഷമാണ് തീരുമാനം.

കൈക്കൂലി നല്‍കിയെന്ന കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് അറിയിപ്പില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ കമ്പനിയിലെ മലയാളിയായ ബിസിനസ് ഡെവലപ്‌മെന്‍റ് മാനേജരും രാജിവെച്ചിട്ടുണ്ട്.

ഡോ. മുഹമ്മദലിയുടെ രാജി വാര്‍ത്ത മസ്‌കറ്റ് സെക്യൂരിറ്റി മാര്‍ക്കറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കമ്പനിയുടെ രണ്ടു മുതിര്‍ന്ന അംഗങ്ങള്‍ക്കെതിരെ കോടതിവിധി വന്ന സാഹചര്യത്തില്‍ ഇരുവരും ബോര്‍ഡ് അംഗത്വവും ചുമതലകളും ഒഴിഞ്ഞുവെന്ന പ്രസ്താവനയാണ് സെക്യൂരിറ്റി മാര്‍ക്കറ്റ് പ്രസിദ്ധപ്പെടുത്തിയത്. തീരുമാനം കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ ഒരു നിലയ്ക്കും ബാധിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.

രാജ്യാന്തര ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി.യെ കമ്പനിയുടെ സാമ്പത്തികകാര്യങ്ങളുടെ ഓഡിറ്റ് നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തുന്നതിനും ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം തീരുമാനിച്ചു. കമ്പനിയുടെ നിലവിലുള്ള നയങ്ങളും നടപടിക്രമങ്ങളും കെ.പി.എം.ജി. പരിശോധിക്കും. കമ്പനിയുടെ ആഭ്യന്തര നിയന്ത്രണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന് പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കുന്ന ചുമതലയും ഓഡിറ്റ് സ്ഥാപനത്തിന് ഉണ്ടാകും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി ഉടമകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സപ്ലയര്‍മാര്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, സേവദനാതാക്കള്‍ എന്നിവരുമായി ബോര്‍ഡ് ആശയ വിനിമയം നടത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ത്തന്നെ യാതൊരു തടസ്സവും വരാതെ മുന്നോട്ടു പോകുമെന്ന് കമ്പനി അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.