You are Here : Home / USA News

കോവിഡ്-19: പ്രണയിച്ചു ജീവിച്ച ദമ്പതികള്‍ മരണത്തിലും ഒന്നായി

Text Size  

Story Dated: Friday, April 10, 2020 02:53 hrs UTC

 
 ജോര്‍ജ് തുമ്പയില്‍
 
ന്യൂജേഴ്സി: കൊറോണയുടെ ഭയാനകമായ താണ്ഡവത്തില്‍ എത്രയെത്ര കരളലയിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയായിരിക്കുന്നു. ആശുപത്രിയിലെ യൂണിറ്റില്‍ നിന്നും വെള്ളത്തുണിയില്‍ പൊതിഞ്ഞ ജഡങ്ങള്‍ ഹാള്‍വേയിലൂടെ മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകുന്നതു കാണുമ്പോള്‍ അതൊരു സംഭവമേ അല്ലാതെ മാറിയിട്ടുണ്ട്. കോഡിനു സാക്ഷിയാവുന്നതും അതില്‍ പങ്കെടുക്കുന്നതും നിത്യത്തൊഴിലായിട്ടുണ്ട്. എന്നാലിത് ഹൃദയത്തില്‍ നൊമ്പരമുണ്ടാക്കുന്നു. പ്രണയിച്ചു വിവാഹം കഴിഞ്ഞ ദമ്പതികള്‍ ഒരേ ആശുപത്രിയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ്-19 ബാധിച്ചു മരിച്ചു. ഫിലിപ്പീന്‍സില്‍ നിന്നും യുഎസിലേക്കു കുടിയേറിയ പബാറ്റോ ദമ്പതികള്‍ക്കാണ് ഈ ദൗര്‍ഭാഗ്യം. നാലു പതിറ്റാണ്ടുകള്‍ സ്നേഹത്തോടെ ജീവിച്ചവര്‍ മരണത്തിലും ഒന്നിച്ചു നിന്നു. 68 വയസ്സുള്ള ആല്‍ഫ്രെഡോ പബാറ്റോയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്. തൊട്ടു പിന്നാലെ ഭാര്യ സുസാനയും കോവിഡ്-19 ന്റെ ആക്രമണത്തിനു മുന്നില്‍ മുട്ടുമടക്കി. മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറയുമ്പോള്‍ മകള്‍ ഷെറിന്‍ പബാറ്റോ വിതുമ്പലടക്കാന്‍ പാടുപെടുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും തന്നെ എന്നേക്കുമായി വിട്ടുപോവുമെന്ന് അവള്‍ ഓര്‍ത്തതേയില്ല. കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ആവശ്യത്തിനു മുന്‍കരുതലെടുക്കാനുള്ള തീവ്രയജ്ഞത്തിലായിരുന്നു പബാറ്റോ കുടുംബം, പക്ഷേ അതിനു മുന്‍പേ മരണം ഇരുവരെയും ഒരുമിച്ചു കൊണ്ടു പോയി.
 
കൊറോണ വൈറസ് ബാധിച്ച് അച്ഛന്‍ മരിച്ചുവെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മ സൂസാനയോട് പറഞ്ഞതോടെയാണ് അവരുടെ സ്ഥിതി വഷളായതെന്നു ഷെറിന്‍ പറഞ്ഞു. ആ സമയത്ത് വെന്റിലേറ്ററുകളുടെയും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും ശബ്ദം ഫോണിലൂടെ കേള്‍ക്കാമായിരന്നു. റെസ്പിറ്റോറി തെറാപിസ്റ്റിനോട് ഇരന്നു പറഞ്ഞപ്പോഴാണത്രേ അമ്മയ്ക്ക് ഫോണ്‍ നല്‍കിയത്. ആ മൂളലും ഞരങ്ങലും അവസാനത്തേതാണെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ലെന്നു ഷെറിന്‍ പറഞ്ഞു. 
 
 
'എന്റെ മാതാപിതാക്കള്‍ ഒരേ ആശുപത്രിയിലായിരുന്നു. പക്ഷേ, ഒരിക്കല്‍ പോലും അവര്‍ക്ക് പരസ്പരം കാണാന്‍ കഴിഞ്ഞില്ല. അത്തരമൊരു അന്ത്യം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലുടനീളം അവര്‍ വേര്‍പിരിഞ്ഞിട്ടില്ല, ഒരിക്കലും വഴക്കടിച്ച് പിണങ്ങി മാറിയിരിക്കുന്നതും കണ്ടിട്ടില്ല,' ഷെറിന്‍ പബാറ്റോ പറഞ്ഞു. 
 
ഏകദേശം മൂന്നാഴ്ച മുമ്പാണ് അച്ഛന്‍ രോഗബാധിതനാവുന്നത്. വാരാന്ത്യത്തിന് മുമ്പ്, അമ്മയുടെ സഹോദരന്റെ മരണശേഷം കുടുംബത്തിന് ഒരു ചെറിയ ഒത്തുചേരല്‍ ഉണ്ടായിരുന്നു, അതില്‍ പങ്കെടുത്ത 12 പേരില്‍ ഭൂരിഭാഗം പേരും രോഗബാധിതരായി, ഷെറിന്‍ പബാറ്റോ പറഞ്ഞു. മാര്‍ച്ച് 17 ന്, ഷെറിന്റെ പിതാവ് ആല്‍ഫ്രെഡോ 102 ഡിഗ്രി പനിയുമായി ഡോക്ടറുടെ അടുത്തേക്ക് പോയി. സ്ഥിതി ഗുരുതരമായതിനാല്‍ അവര്‍ അദ്ദേഹത്തെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി അദ്ദേഹത്തെ നോര്‍ത്ത് ബെര്‍ഗനിലെ ഹാക്കെന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് പാലിസേഡ്സ് മെഡിക്കല്‍ സെന്ററിലേക്കു മാറ്റി. 
 
ആ രാത്രിയില്‍ അയാളുടെ ഭാര്യ, ഒരു നഴ്സിംഗ് ഹോമിലെ അസിസ്റ്റന്റ് നഴ്സായ സുസാനയ്ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. അവര്‍ക്കും കടുത്ത പനി തുടങ്ങി, അത് 103 ഡിഗ്രി വരെ ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം പനിച്ചതോടെ രാവിലെ 7 മണിക്ക് തന്നെ ബെര്‍ഗന്‍ കൗണ്ടി കമ്മ്യൂണിറ്റി കോളേജിലെ കോവിഡ് ടെസ്റ്റ് സൈറ്റില്‍ കാത്തുനിന്നു. ക്ഷീണിതയായ അവളുടെ അമ്മ കാറില്‍ മണിക്കൂറുകളോളം കാത്തുകിടന്നു. ഒടുവില്‍ കോവിഡ്-19 ആണെന്നതിന്റെ ഫലത്തിനു കാത്തു നില്‍ക്കാതെ മകള്‍ സുസാനയെ ആശുപത്രിയിലാക്കി. അതേ ആശുപത്രിയില്‍ അവരുടെ ഭര്‍ത്താവ് അപ്പോള്‍ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിലായിരുന്നു. സുസാനയ്ക്ക് ശ്വാസമെടുക്കാനും ഉമിനീരിറക്കുവാനും ബുദ്ധിമുട്ടായിരുന്നു. അവളുടെ പനി 103.9 ഡിഗ്രിയിലെത്തി. മാര്‍ച്ച് 26 ന് പിതാവ് മരിക്കുന്നതുവരെ അമ്മക്ക് വെന്റിലേറ്ററിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് ഷെറിന്‍ പറഞ്ഞു.
 
പക്ഷേ, ആ രാത്രിയില്‍, സുസാനയ്ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. അവരുടെ പ്രിയപ്പെട്ടവന്‍ അവളെ സ്വര്‍ഗത്തിലിരുന്നു വിളിച്ചിട്ടുണ്ടാവണം. പ്രണയത്തിന്റെ പറുദീസയിലേക്ക് ക്ഷണിച്ചിട്ടുണ്ടാകണം. സ്നേഹത്തിന്റെ തീക്ഷണയില്‍ അവളുടെ രോഗം മൂര്‍ച്ഛിച്ചു. ഡോക്ടര്‍മാര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയുടെ ആഗ്രഹപ്രകാരം എന്‍ഡോട്രെക്കിയല്‍ ട്യൂബ് നീക്കംചെയ്യാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടണമോ എന്ന് ഷെറിനും സഹോദരങ്ങളും ചര്‍ച്ച ചെയ്തു, പക്ഷേ അതു വേണ്ടി വന്നില്ല.
ഇപ്പോള്‍ കുടുംബാംഗങ്ങള്‍ മുഴുവന്‍ ക്വാറന്റൈനിലാണ്. ആരൊക്കെ കോവിഡ്-19 ന്റെ പിടിയിലാണെന്ന് ആര്‍ക്കുമറിയില്ല. രോഗലക്ഷണങ്ങള്‍ കൂടിയാല്‍ ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായിരിക്കുകയാണ് ഓരോരുത്തരും. തന്റെ പിതാവിന്റെയും അമ്മയുടെയും മരണത്തിന്റെയും പ്രണയത്തിന്റെയും കഥ പുറത്തു പറയുന്നത് ഒരു പ്രത്യേക കാര്യത്തിനാണെന്നു ഷെറിന്‍ പറയുന്നു. 'സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രസക്തി വെളിപ്പെടുത്താനാണ് ഞാന്‍ എന്റെ കദനകഥ പറയുന്നത്. വേര്‍പാടിന്റെ വേദന എത്രത്തോളമാണെന്ന് പറയാന്‍ എനിക്കാവില്ല. ഇത്തരം പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ തീര്‍ച്ചയായും മുന്‍കരുതലുകള്‍ ഉണ്ടാവണം, ജാഗ്രത പാലിക്കണം. പ്രിയപ്പെട്ടവര്‍ നമുക്കെന്നും പ്രിയപ്പെട്ടവര്‍ തന്നെയാണ്. ആളുകള്‍ ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ഈ ഘട്ടത്തില്‍ നാമെല്ലാവരും പരസ്പരം ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെയും അയല്‍ക്കാരെയും പരിപാലിക്കേണ്ട സമയമാണിത്.'
 
ഇരുപതുകളുടെ തുടക്കത്തിലാണ് അവളുടെ മാതാപിതാക്കള്‍ കണ്ടുമുട്ടിയത്. ഇരുവരും ഫിലിപ്പീന്‍സില്‍ അയല്‍വാസികളായിരുന്നു. ഏറെക്കാലം പ്രണയിച്ചതിനു ശേഷമാണ് വിവാഹം കഴിക്കാനായത്. 2001 ല്‍ യുഎസിലേക്ക് കുടിയേറി. ഷോപ്പിംഗും യാത്രകളും ഒരുമിച്ചു ചെയ്യാനും ഒരുമിച്ച് നടക്കാനും ഇഷ്ടപ്പെടുന്ന ലളിതമായ ജീവിതശൈലിയുള്ളവരായിരുന്നു തന്റെ മാതാപിതാക്കളെന്നും കോവിഡ് കാലത്ത് ഇവരെ എല്ലാവരും ഓര്‍മ്മിക്കട്ടെയെന്നും ഷെറിന്‍ പറയുന്നു. സാമൂഹിക വിദൂര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഹൃദയത്തില്‍ കൊണ്ടുപോകാന്‍ തന്റെ മാതാപിതാക്കളുടെ കഥ മറ്റുള്ളവരെ പ്രേരിപ്പിക്കുമെന്ന് ഷെറിന്‍ പബാേറ്റാ പ്രതീക്ഷിക്കുന്നു.
കോവിഡ് 19 രാജ്യത്തുടനീളം വ്യാപിച്ചതോടെ, ന്യൂജേഴ്സിയില്‍ കൂട്ടത്തോടെ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളും രോഗബാധിതരായിട്ടുണ്ടെന്നാണ് സൂചനകള്‍. ഫ്രീഹോള്‍ഡില്‍ നിന്നുള്ള ഒരു ന്യൂജേഴ്സി കുടുംബത്തിന് വൈറസ് ബാധിച്ച് നാല് അംഗങ്ങളെയാണ് നഷ്ടപ്പെട്ടത്. മറ്റ് 19 പേരെ പരിശോധനയ്ക്കായി ക്വാറന്റൈനിലാക്കിയിരിക്കുന്നു. ഇതില്‍ പലരുടെയും സ്ഥിതി ഗുരുതരമാണ്.
 
ന്യൂജേഴ്സിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ നിയന്ത്രണങ്ങള്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പ്രഖ്യാപിച്ചു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അവരുടെ ജീവനക്കാരും ഷോപ്പര്‍മാരും മാസ്‌ക്ക് ധരിക്കണമെന്ന നിബന്ധനയോടെ കടകള്‍ തുറക്കാന്‍ അനുവാദം നല്‍കി. സ്റ്റോറുകള്‍ക്കുള്ളില്‍ അനുവദനീയമായ ഉപഭോക്താക്കളുടെ എണ്ണം അവരുടെ ശേഷിയുടെ പരമാവധി 50% ആയി പരിമിതപ്പെടുത്തണം. പകര്‍ച്ചവ്യാധി പ്രതിരോധിക്കാനുള്ള ശക്തമായ നടപടികള്‍ക്കൊപ്പം സംസ്ഥാനത്തെ ബിസിനസുകള്‍ വ്യാപകമായി നിര്‍ത്തലാക്കാന്‍ ഗവര്‍ണര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ചില സ്റ്റോറുകള്‍ അത്യാവശ്യമാണെന്ന് കണക്കാക്കി അവ പിന്നീട് തുറക്കാന്‍ അനുവദിച്ചിരുന്നു.
സംസ്ഥാനത്ത് കുറഞ്ഞത് 47,437 കേസുകളും കോവിഡ് 19 ല്‍ നിന്ന് 1,504 മരണങ്ങളുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂജേഴ്സിയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച ആകെ 47,437 കേസുകളുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാപ്പെടാത്തത് ഇതിന്റെ ഇരട്ടിവരുമെന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 275 പുതിയ മരണങ്ങളും 3,088 പുതിയ പോസിറ്റീവ് കേസുകളുമാണ് സംസ്ഥാന ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചത്.
 
ന്യൂജേഴ്സിയിലെ 300,000 ത്തിലധികം ജനങ്ങളാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുള്ളത്. രാജ്യത്താകെ കൊറോണ വൈറസ് 435,160 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സിസ്റ്റംസ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്താകമാനം 14,797 മരണങ്ങള്‍ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇവിടെ കുറഞ്ഞത് 23,292 ആളുകള്‍ സുഖം പ്രാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം ന്യൂജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി കണ്ടുകാണും. ഇവിടെയും ഡ്രോണ്‍ ഉപയോഗിച്ച് ആളുകള്‍ കൂട്ടം കൂടുന്നത് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം വരുന്നു. ഇതിന്റെ ആദ്യ പടിയായി എലിസബത്ത് ടൗണ്‍ഷിപ്പില്‍ ഡ്രോണ്‍ നിരീക്ഷണം ഈയാഴ്ച തുടങ്ങും. ഡ്രോണിലെ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്റും ഉണ്ടാവും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.