You are Here : Home / USA News

സമ്പാദ്യമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവെച്ചാല്‍ ജീവിതങ്ങള്‍ക്ക് അര്‍ഥവും നിറവും രുചിയുമുണ്ടാകുമെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത

Text Size  

Story Dated: Saturday, April 04, 2020 04:10 hrs UTC

 
 ബിജു, വെണ്ണിക്കുളം.
 
തിരുവല്ല  : വിവിധ ദേവാലയങ്ങളിലെ അസംഖ്യം പൊന്‍,വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വര്‍ണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രര്‍ക്ക് പങ്കുവെച്ചാല്‍ എത്രയോ ജീവിതങ്ങള്‍ക്ക് അര്‍ഥവും നിറവും രുചിയുമുണ്ടാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത.,
 
പല ദേവാലയങ്ങളിലും കുന്നുകൂട്ടി വെച്ചിരിക്കുന്ന സ്വര്‍ണ്ണ, വെള്ളി കുരിശുകള്‍ ഇന്ന് ഉപയോഗശൂന്യമായി സ്വയം വിലപിക്കുകയാണെന്ന് അദ്ദേഹം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
 
അവയുടെയിടയില്‍ എവിടെയോ ഇരുന്ന് ക്രിസ്തുവിന്റെ ഒരു തടിക്കുരിശ് ചിരിക്കുന്നുണ്ട്. പ്രളയകാലത്തും ഈ തടിക്കുരിശ് ഒന്നു ചിരിച്ചതാണ്. പക്ഷെ വെള്ളം പിന്‍വാങ്ങിയപ്പോള്‍ പൊന്‍കുരിശുകള്‍ പകരംവീട്ടി., തടിക്കുരിശിനെ അവര്‍ വീണ്ടും ഒരു മൂലക്കൊതുക്കി. വൈറസ് കളമൊഴിയുമ്പോഴും വീണ്ടും പൊന്‍കുരിശുകള്‍ കീഴ്‌പ്പെടുത്തുമെന്ന് ക്രിസ്തുവിന്റെ തടിക്കുരിശിന് നന്നായറിയാം.,
 
വിവാഹവും മാമോദീസയും പുര കൂദാശയും ശവസംസ്‌കാരം പോലും ലളിതമായി നടത്താന്‍ വൈറസ് നമ്മെ പഠിപ്പിച്ചു. പക്ഷെ എത്രനാളത്തേക്ക്? ഇതുവഴി നാം ലാഭിച്ച പണം ഉപയോഗിച്ചാല്‍ എത്രയോ നിര്‍ധനര്‍ക്ക് കുടുംബജീവിതവും വിവാഹവും സാധ്യമാക്കാന്‍ കഴിയും.,
 
കോടിക്കണക്കിനു ദരിദ്രര്‍ തലയ്ക്കുമീതെ ഒരു കൂരപോലുമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുമ്പോള്‍ ശതകോടികള്‍ മുടക്കി നാം കെട്ടിപ്പൊക്കിയ ദേവാലയ രമ്യഹര്‍മ്മ്യങ്ങള്‍ ഇന്ന് മാറാല പിടിച്ച് അടഞ്ഞുകിടക്കുകയാണ്. ഇനിയെന്ന് തുറക്കാന്‍ കഴിയുമെന്ന് നിശ്ചയവുമില്ല. ആ സ്ഥാനത്തൊക്കെ ചെറിയ ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍, ബാക്കി പണം കൊണ്ട് കുറെ അനാഥാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോക് ഡൗണ്‍ കാലത്ത് വീടില്ലാത്തിനാല്‍ വീട്ടിലിരിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ക്ക് വീടുകള്‍ ഉണ്ടാകുമായിരുന്നു.,
 
നിങ്ങള്‍ക്ക് ഒരേ സമയം സമ്പത്തിനെയും ദൈവത്തെയും ആരാധിക്കാന്‍ സാധ്യമല്ലെന്നു പഠിപ്പിച്ച യേശുവിന്റെ അനുയായികള്‍ ആ യേശുവിനെ അര്‍ഥവത്തായി പിന്തുടരാന്‍ ധനാര്‍ത്തിയും ആഡംബരവും ഒഴിവാക്കണം.,
 ഈ വൈറസ് നമ്മെ കൈകഴുകാന്‍ ശീലിപ്പിച്ചു. ഇനി നമ്മള്‍ ഓരോ തവണ കൈകഴുകുമ്പോഴും നാം സ്വായത്തമാക്കിയ ജാതീയതയുടെയും വെറുപ്പിന്റെയും വിദ്വേഷങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും പുരുഷാധിപത്യത്തിന്റെയും ആഡംബരത്തിന്റെയും ധനാര്‍ത്തിയുടെയും ലഹരി ആസക്തിയുടെയുമൊക്കെ വൈറസുകളെക്കൂടി കഴുകി പുറത്താക്കുവാന്‍ നമുക്ക് കഴിയണം.
 
ദേവാലയങ്ങളുടെ വാതില്‍ അടഞ്ഞുകിടക്കുമ്പോഴും മനസ്സുകളുടെ വാതില്‍ തുറക്കപ്പെടട്ടെ. താല്‍ക്കാലികമായി നാം ശാരീരികമായ അകലം പാലിക്കുമ്പോഴും ശാശ്വതമായ സാമൂഹിക അടുപ്പത്തിലേക്കും ഒരുമയിലേക്കും അത് നമ്മെ നയിക്കട്ടെയെന്നും യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന അധ്യക്ഷന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറീലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.