You are Here : Home / USA News

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു

Text Size  

Story Dated: Thursday, December 12, 2019 03:31 hrs UTC

 
 മൊയ്തീന്‍ പുത്തന്‍ചിറ
 
 
 
വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്‌ളോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്‍റഗണ്‍ അറിയിച്ചു.
 
സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് റൂം പരിശീലനം തുടരുമെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതിനു ശേഷമേ പ്രവര്‍ത്തന പരിശീലനം നല്‍കുകയുള്ളൂ എന്ന് പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൗദി റോയല്‍ എയര്‍ഫോഴ്‌സിലെ ലെഫ്റ്റനന്‍റ് മുഹമ്മദ് അല്‍ഷമ്രാനി എന്ന 21 കാരനാണ് വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ പെന്‍സകോള നേവല്‍ എയര്‍ സ്‌റ്റേഷനിലെ ക്ലാസ് മുറിയില്‍ വെടി വെയ്പ് നടത്തിയത്. വെടിവെയ്പില്‍ മൂന്ന് അമേരിക്കന്‍ നാവികര്‍ കൊല്ലപ്പെടുകയും മറ്റ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
പരിശീലനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ പശ്ചാത്തല പരിശോധനാ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി ഡേവിഡ് നോര്‍ക്വിസ്റ്റ് ഉത്തരവിട്ടു. പ്രവര്‍ത്തന പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് നിലവില്‍ അമേരിക്കയില്‍ പരിശീലനം നേടുന്ന സൗദി മിലിട്ടറിയിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്. പൈലറ്റുമാര്‍ക്കും ഇത് ബാധകമാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
സൗദി സര്‍ക്കാറിന്‍റെ സഹകരണത്തോടെയാണ് സുരക്ഷാ പഠനം നടക്കുന്നതെന്ന് പെന്‍റഗണ്‍ അധികൃതര്‍ പറഞ്ഞു. നയ അവലോകനം എല്ലാ അന്താരാഷ്ട്ര സൈനിക വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാണെങ്കിലും പ്രവര്‍ത്തന പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് സൗദി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമാകൂ.
 
നിലവില്‍ യുഎസില്‍ സൈനിക പരിശീലനം നടത്തുന്ന സൗദികളുടെ എണ്ണത്തില്‍ പെന്‍റഗണ്‍ അധികൃതര്‍ ഒരു കണക്കും നല്‍കിയിട്ടില്ല, എന്നാല്‍ അന്താരാഷ്ട്ര സൈനിക വിദ്യാര്‍ത്ഥികളുടെ എണ്ണം 5,000 മുതല്‍ 5,100 വരെയാണ്. നിയമാനുസൃതമായി വാങ്ങിയ ഗ്ലോക്ക് 9 എംഎം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് ആയുധധാരിയായ അല്‍ഷമ്രാനി ഷൂട്ടിംഗിന് മുമ്പ് ട്വിറ്ററില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
 
അമേരിക്കയെ 'തിന്മയുടെ രാഷ്ട്രം' എന്നാണ് അതില്‍ നിര്‍വ്വചിച്ചിരിക്കുന്നത്.  ഇക്കഴിഞ്ഞ ജൂലൈയില്‍ ഫ്‌ലോറിഡയിലെ അംഗീകൃത തോക്ക് വില്‍പ്പനക്കാരന്‍ വഴിയാണ് അല്‍ഷമ്രാനി തോക്ക് നേടിയതെന്ന് എഫ്ബിഐ വക്താവ് ചൊവ്വാഴ്ച പറഞ്ഞു.
 
ഫെഡറല്‍ നിയമ പ്രകാരം സാധാരണയായി തോക്കുകള്‍ വാങ്ങാന്‍ കഴിയാത്ത വിദേശ പൗരന്മാര്‍ക്ക് പക്ഷെ നായാട്ടിനായുള്ള ലൈസന്‍സ് അനുവദിക്കുന്നുണ്ട്. എന്നാല്‍ സൗദി പൗരനായ അല്‍ഷമ്രാനിക്ക് എങ്ങനെ തോക്ക് ലഭിച്ചുവെന്ന് എഫ്ബിഐ അന്വേഷണം തുടരുകയാണെന്നും, തന്നെ  സംബന്ധിച്ചിടത്തോളം ഇത് ഒരു ഭീകരാക്രമണമാണെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ പറഞ്ഞു.
 
2001 സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ആഘാതം അമേരിക്കയെ തളര്‍ത്തിയതാണ്. ആ അക്രമണം നടത്തിയ 19 പേരില്‍ 15 പേരും സൗദി അറേബ്യന്‍ പൗരന്മാരായിരുന്നു. ലോക വ്യാപാര കേന്ദ്രത്തിലേക്കും പെന്റഗണിലേക്കും ആക്രമണം നടത്താന്‍ വിമാനം പറത്തിയവരും അവരായിരുന്നു.  മിഡില്‍ ഈസ്റ്റിലെ ഏറ്റവും അടുത്ത അമേരിക്കന്‍ സഖ്യകക്ഷികളില്‍ ഒന്നാണ് സൗദി അറേബ്യ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.