You are Here : Home / USA News

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

Text Size  

Story Dated: Monday, October 14, 2019 03:02 hrs UTC

 
 
ജോര്‍ജ് തുമ്പയില്‍
 
എഡിസണ്‍, ന്യൂജേഴ്സി: സ്വകാര്യത എന്നത് സ്വീകരണ മുറിയില്‍ ഇരിക്കുന്ന വെള്ളാനയാണെന്നു ഫ്രണ്ട് ലൈന്‍/ഹിന്ദു  സീനിയർ എഡിറ്ററായ വെങ്കിടേഷ് രാമകൃഷ്ണന്‍.

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാം കോണ്‍ഫറന്‍സിലെ ആദ്യ കോണ്‍ക്ലേവില്‍ പങ്കെടുത്ത് 'വിധ്വംസക കാലത്തെ വിധേയ വിളയാട്ടങ്ങള്‍, മാധ്യമങ്ങള്‍ സമകാലിക ഇന്ത്യയില്‍' എന്ന വിഷയത്തെപറ്റിസംസാരിക്കുകയായിരുന്നു അദ്ധേഹം.

ആള്‍ക്കാരുടെ ഇന്റര്‍നെറ്റ് സേര്‍ച്ചില്‍ നിന്ന് അവരുടേ താല്പര്യങ്ങള്‍കണ്ടുപിടിച്ച് ഗൂഗിള്‍ ആ രീതിയില്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. ഒരു ഭാര്യയേയും ഭര്‍ത്താവിനേയും നിരീക്ഷിച്ച ഗൂഗിള്‍, അവരുടെ സ്വഭാവ രീതി അപഗ്രഥിച്ച് ഇത്ര കാലത്തിനുള്ളില്‍ അവര്‍വിവാഹമോചനം തേടും എന്നു പ്രവചിച്ചു. അതുതന്നെ സംഭവിച്ചു.

മനുഷ്യന്റെ സ്വഭാവരീതികള്‍ നിരീക്ഷിച്ച്, അതിലൂടെ അവരെ ഉപഭോക്താവ് ആക്കുവാന്‍ ഇന്റര്‍നെറ്റ് മീഡിയയ്ക്ക് സാധിക്കുന്നു. രഹസ്യമായി നാം കാണുന്ന ഇന്റര്‍നെറ്റ് പോലും രഹസ്യമല്ല. സ്വകാര്യതക്ക്വംശനാശം സംഭവിച്ചിരിക്കുന്നു എന്നാണതിനര്‍ഥം.

നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊന്നില്ല. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതു സാധ്യവുമല്ല. വസ്തുനിഷ്ഠ പത്രപ്രവര്‍ത്തനം എന്നതാണ് ശരിക്കുള്ള പദ്രപ്രയോഗം.

ബിബിസിയുടെ ഒരു കണക്കനുസരിച്ച് റേഡിയോ അഞ്ചുകോടി ജനങ്ങളിലെത്താന്‍ 38 വര്‍ഷമെടുത്തു. ടിവി എട്ടു വര്‍ഷം. ഇന്റര്‍നെറ്റ് എടുത്തത് നാലു വര്‍ഷം. ഐ-പോഡിനു 3 വര്‍ഷമേ വേണ്ടിവന്നുള്ളൂ. എന്നാല്‍ ഫേസ്ബുക്ക് 100 കോടിയിലെത്താന്‍ എടുത്തത് 9 മാസം മാത്രം. ഐ-ഫോണ്‍100 കോടിയിലെത്താന്‍ എടുത്ത് 4 മാസം മാത്രം.

സോഷ്യല്‍ മീഡിയ കൂടുതല്‍ ആളുകളിലേക്ക് എത്തുമ്പോള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ ലോകത്തോട് സംവദിക്കാന്‍ ഇടയാകുന്നു. ഇത് വലിയൊരു ജനാധിപത്യ പ്രക്രിയയാണ്. കൂടുതല്‍ ആളുകള്‍ മാധ്യമങ്ങളിലേക്ക് എത്തുന്നു എന്ന് കേംബ്രിഡ്ജ് അനലിറ്റിക്കാ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ട്രംപിന്റെ തെരഞ്ഞെടുപ്പിലും ബ്രെക്സിറ്റിലും ഒക്കെ രാഷ്ട്രീയമായി ഇതു ബാധിച്ചിട്ടുണ്ട്.

സാങ്കേതിക-സാമൂഹ്യ രംഗത്ത് മാധ്യമങ്ങള്‍ ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകാലത്ത് ബ്രോഡ്കാസ്റ്റ് ഓഡിറ്റ് റിസര്‍ച്ച് ഗ്രൂപ്പിന്റെ ഒരു സര്‍വ്വെയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടിയ ചാനല്‍ എയര്‍ ടൈമിന്റെ കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി മോഡിക്ക് കിട്ടിയതിന്റെ പകുതി പോലുംരാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും കിട്ടിയില്ല.ചെറിയ പാര്‍ട്ടികള്‍ക്ക് മൊത്തമായി 70 മണിക്കൂറിന്റെ എയര്‍ടൈം മാത്രം.

സാങ്കേതിക മികവ് വില്ലനായിരിക്കുമ്പോഴും, ആത്യന്തികമായി സ്ഥാപിത താത്പര്യങ്ങളെ ആസ്പദമാക്കി തന്നെയാണ് ഈ രംഗം മുന്നോട്ടുപോകുന്നത്. മാധ്യമങ്ങള്‍ ഒരു ഭരണ സമ്മര്‍ദ്ദമായി മാറുന്നു. കൂടുതല്‍ജനകീയ വീക്ഷണങ്ങള്‍ കൊണ്ട് കാര്യങ്ങളെ കൃത്യമായി തുറന്നു കാണിക്കണം. ഗാന്ധിജിയെ ഇടിച്ചുതാഴ്ത്താന്‍ സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മാധ്യമങ്ങളുടെ നിലനില്‍പിന്റെ പ്രശ്നം എല്ലാക്കാലത്തും ഉണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടുകൂടിയ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സംവിധാനം ഉണ്ടായാല്‍ മാത്രമേ ഈ രംഗം രക്ഷപെടുകയുള്ളൂ. ഇന്നത്തെ കാലത്തെ ട്രോളുകള്‍ ഒരു സംഘടിത പ്രസ്ഥാനത്തിന്റെ സന്തതിയാണ്. ഗുജറാത്തിലെ ഒരു ബഹുനില കെട്ടിടത്തില്‍ 2400 പേര്‍ ഇരുന്ന് ജോലി ചെയ്യുന്നത് സംഘപരിവാറിനു വേണ്ടി ട്രോളുകള്‍ മെനയുന്നതിന് മാത്രമാണ്. ശബരിമല പ്രശ്നം കത്തി നിന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ 2800 ഡിജിറ്റല്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് 18 കേന്ദ്രങ്ങളില്‍ നിന്നാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രോളുകള്‍ നിര്‍മിക്കുന്നു.

ടെക്നോളജി വികസിക്കുന്നതിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ രംഗത്ത് മാറ്റങ്ങള്‍ വന്നു. മാസും, ക്ലാസും മാറാന്‍ അധിക സമയമൊന്നും വേണ്ട.

സോഷ്യല്‍ മീഡിയയുടെ സ്വീധാനം എങ്ങനെ ട്യൂണ്‍ ചെയ്തെടുക്കാമെന്നുള്ള ചോദ്യത്തിനു തന്റെ കൈയ്യില്‍ ഒറ്റമൂലിയൊന്നും ഇല്ലായെന്ന മറുപടിയാണ് വെങ്കിടേഷ് നല്‍കിയത്.

എം.ജി രാധാകൃഷ്ണന്‍, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണന്‍, വിനോദ് നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കാനഡ/കാലിഫോര്‍ണിയ ചാപ്റ്റര്‍ ആതിഥ്യം വഹിച്ച ഈ കോണ്‍ക്ലേവില്‍ ജോര്‍ജ് ജോസഫ് മോഡറേറ്റര്‍ ആയി ചര്‍ച്ചയെ സജീവമാക്കി. മനു തുരുത്തിക്കാടന്‍ സ്വാഗതം ആശംസിക്കുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.  

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.