You are Here : Home / USA News

ബിസിനസ് വർധിപ്പിക്കാൻ ന്യൂജഴ്സി ഗവർണർ ഫിൽ മർഫി സെപ്റ്റംബറിൽ ഇന്ത്യയിലേക്ക്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 24, 2019 12:57 hrs UTC

ന്യൂജഴ്സി സംസ്ഥാനത്തെ ബിസിനസ്സ് സാധ്യതകൾ തുറന്നു കാണിക്കാനും സംരംഭകരെ വരവേൽക്കാനുമായി ഗവർണർ ഫിൽ മർഫി ഇന്ത്യയിലേക്ക്. നേരത്തെ മുതൽക്കേ ഇതു സംബന്ധിച്ച സൂചനകളുണ്ടായിരുന്നങ്കിലും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഇതാദ്യമാണ് ഒരു ഗവർണർ ഇക്കാര്യത്തിനായി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നത്. ഏഴു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടയിൽ മർഫി ആറു സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ട്.
 
സെപ്റ്റംബർ 11 മുതൽ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനം, ഡൽഹി, ആഗ്ര, ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് ഫിൽ മർഫി സന്ദർശിക്കുക. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ജർമനി– ഇസ്രയേൽ  എന്നീ രാജ്യങ്ങളിലേക്ക് അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
ഇന്ത്യൻ സർക്കാരിന്റെ ഉദ്യോഗസ്ഥ തലത്തിലും സ്വകാര്യ സംരംഭകതലത്തിലും വാണിജ്യം– വ്യവസായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഡെമോക്രാറ്റിക് ഗവർണറുടെ ഓഫീസിൽ നിന്നും അറിയിച്ചു. വാണിജ്യബന്ധത്തിനു പുറമേ, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ബന്ധങ്ങളും തന്റെ സന്ദർശനം കൊണ്ട് ഊട്ടിയുറപ്പിക്കാനാവുമെന്ന് മർഫി പ്രത്യാശ പ്രകടിപ്പിച്ചു. ഫെഡറൽ സംസ്ഥാന തലത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങൾ പരസ്പര സഹകരണത്തിനു തയ്യാറെടുക്കുന്നുവെന്നത് വലിയ സംഭവമാണ്. 
ന്യൂജഴ്സി സംസ്ഥാനത്തിന്റെ ബിസിനസ് വളർച്ചയ്ക്കു വേണ്ട നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും വേണ്ടിയാണ് തന്റെ സന്ദർശനം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മർഫി അറിയിച്ചു. പരസ്പര സഹായ സഹകരണങ്ങളിലൂടെ ഇരുരാജ്യത്തിന്റെയും സാമ്പത്തിക നയപരമായ കാര്യങ്ങളിലും വൻ കുതിപ്പാണ് ഉണ്ടാകാനിരിക്കുന്നത് സൗത്ത് പ്ലെയ്ൻഫീൽഡിലെ സ്പൈസ് കൾച്ചർ റെസ്റ്റോറന്റിൽ നടത്തിയ പ്രസംഗത്തിൽ  അദ്ദേഹം അറിയിച്ചു.
ന്യൂജഴ്സി സംസ്ഥാനത്തെ 90 ലക്ഷം താമസക്കാരിൽ 4,20,000 പേരും ഇന്ത്യൻ അമേരിക്കൻ ആണെന്നും അതുകൊണ്ടു തന്നെ തന്റെ ഇന്ത്യൻ സന്ദർശനം കാര്യമായ  പ്രയോജനങ്ങളുണ്ടാക്കുമെന്നും മർഫി കൂട്ടിച്ചേർത്തു. ന്യൂജഴ്സിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപം വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്നാണെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു. ഇതിൽ തന്നെ പകുതിയിലേറെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. അതുകൊണ്ടാണ് ഗവർണർ സന്ദർശനത്തിൽ ഭൂരിഭാഗവും നിക്ഷേപങ്ങൾ നടത്തിയവർക്കിടയിലേക്കു തന്നെ വ്യാപിപ്പിക്കുന്നതും.
അമേരിക്കയിലേക്ക് ബിസിനസ് വിസ കാത്തു നിൽക്കുന്നവരിൽ ഇന്ത്യക്കാരുടെ വൻ വർദ്ധനയാണ് ന്യൂജേഴ്സി ഗവർണറെ തിടുക്കപ്പെട്ട് ഇന്ത്യൻ‍ സന്ദർശനത്തിന് പ്രേരിപ്പിച്ചതെന്നും കരുതണം. ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും വരുമാനത്തിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ന്യൂജഴ്സി. എന്നാൽ അതൊന്നും വലിയ നിലയ്ക്ക് ആശ്രയിക്കാവുന്നതല്ലെന്നും സ്ഥിരമായ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിനു വേണ്ടതെന്നുമുള്ള ദീർഘവീക്ഷണം ഗവർണർ മർഫിക്കുണ്ട്. 
സാൻഫ്രാൻസിസ്ക്കോയിലെ സിലിക്കൺവാലി പോലെ കംപ്യൂട്ടർ അധിഷ്ഠിത വ്യവസായങ്ങളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ഗവർണർ  മർഫിയുമായി ഒരു കൂടിക്കാഴ്ച നടന്നിരുന്നുവെങ്കിൽ ന്യൂജഴ്സി ഗവർണറുടെ ഇന്ത്യൻ സന്ദർശനത്തിൽ തിരുവനന്തപുരവും ഉൾപ്പെട്ടേനെ. ദക്ഷിണേന്ത്യയിൽ ഹൈദരാബാദ് മാത്രമാണ് മർഫി സന്ദർശിക്കുന്നത്. മെട്രൊസിറ്റികളായ ബാംഗ്ലൂരും ചെന്നൈയും പോലും അദ്ദേഹത്തിന്റെ സന്ദർശക ലിസ്റ്റിലില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.