You are Here : Home / USA News

പരിശുദ്ധ കാതോലിക്കാബാവ ഷിക്കാഗോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു

Text Size  

Story Dated: Friday, July 19, 2019 01:24 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ: ജൂലൈ 16 മുതല്‍ 22 വരെ ഷിക്കാഗോയില്‍ ശ്ശൈഹിക സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനി ജൂലൈ 21-ന് ഞായറാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. രാവിലെ 9 മണിക്ക് ആരാധന ആരംഭിക്കും. 
 
പരിശുദ്ധ ബാവാ തിരുമേനി 1985 മെയ് 15-ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയായി.   പുതുതായി രൂപീകരിച്ച കുന്നംകുളം മെത്രാസനാധിപനായി 1985 ഓഗസ്റ്റ് 1-ന് ചുമതലയേറ്റു. 2006-ല്‍ പരുമലയില്‍ കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയുടേയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 2010 നവംബര്‍ 1-ന് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ അഭിഷേകം ചെയ്യപ്പെട്ടു. 
 
മൂന്നാം സഹസ്രാബ്ദത്തില്‍ മലങ്കര സഭയെ നയിച്ചുകൊണ്ടിരിക്കുന്ന പിതാവ് ആത്മാര്‍ത്ഥമായും സുതാര്യമായും സഭാ ശുശ്രൂഷ നിര്‍വഹിക്കുന്നു. കൃത്രിമത്വമില്ലാത്ത സംഭാഷണശൈലിയും സത്യസന്ധമായ പ്രതിപാദനരീതിയും വ്യക്തമാക്കുന്നത് ജീവിതത്തിന്റെ സുതാര്യതയാണ്. സാമൂഹിക സഭാ ശുശ്രൂഷകളില്‍ ഉറച്ച നിലപാടുകളും നീതിപൂര്‍വ്വമായ സമീപനങ്ങളുമാണ്. ജീവിതനിഷ്ഠകളിലും ഇടപെടീലുകളിലും നിറഞ്ഞുനില്‍ക്കുന്ന ലാളിത്യം ദൈവകൃപയുടെ പ്രകാശമാണ്. 
 
മലങ്കര മെത്രാപ്പോലീത്തയായും പൗരസ്ത്യ കാതോലിക്കാ എന്ന ഭാരിച്ച ചുമതലയോടൊപ്പം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തയായി കഴിഞ്ഞ 34 വര്‍ഷമായി സഭയെ നയിക്കുന്നു. 
 
കൂടാതെ മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, കോട്ടയം സെന്‍ട്രല്‍, മലബാര്‍, അമേരിക്ക സൗത്ത് വെസ്റ്റ് എന്നീ ഭദ്രാസനങ്ങളുടെ മെത്രാപ്പീലത്തയായും പ്രവര്‍ത്തിച്ചുവരുന്നു. 
 
അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം സഹകാര്‍മികത്വം വഹിക്കും. വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് ഇടവകയുടെ മാനേജിംഗ് കമ്മിറ്റി യോഗത്തിനുശേഷം അറിയിച്ചു. ഏവരുടേയും പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു. പി.സി. വര്‍ഗീസ്, ഷിബു മാത്യൂസ്, ഫിലിപ്പ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 
ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.