You are Here : Home / USA News

'പ്രവാചകരില്‍ പ്രവാചകന്‍ ശമുവേല്‍', 'ഒരു പ്രേമകാവ്യം'- പി.ടി. ചാക്കോ (മലേഷ്യ)യുടെ കലാരൂപങ്ങള്‍ രംഗത്ത് എത്തുന്നു

Text Size  

Story Dated: Wednesday, May 15, 2019 01:48 hrs UTC

ജോര്‍ജ് തുമ്പയില്‍
 
ടീനെക്ക് (ന്യൂജേഴ്‌സി): സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ഇടവകയുടെ വാഷിങ്ടണ്‍ ടൗണ്‍ഷിപ്പില്‍ വാങ്ങുവാന്‍ പോകുന്ന പുതിയ ചര്‍ച്ച് കോംപ്ലക്‌സിന്റെ ധനശേഖരണാര്‍ത്ഥം ജൂണ്‍ 15 ശനിയാഴ്ച വൈകുന്നേരം 5.30-ന് കലാസന്ധ്യ നിറമിഴി തുറക്കുന്നു. ബെഞ്ചമിന്‍ ഫ്രാങ്കഌന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (1315 TAFT Road, TEANECK, NJ)) പി.ടി. ചാക്കോ (മലേഷ്യ)യുടെ രണ്ട് കലാരൂപങ്ങളാണ് അരങ്ങേറുന്നത്. 'പ്രവാചകരില്‍ പ്രവാചകന്‍ ശമുവേല്‍' എന്ന ബിബ്ലിക്കല്‍ ഡാന്‍സ് ഡ്രാമയും 'ഒരു പ്രേമകാവ്യം' എന്ന സാംസ്‌ക്കാരിക പ്രഭയോതുന്ന മറ്റൊരു ഡാന്‍സ് ഡ്രാമയുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പി.ടി. ചാക്കോ (മലേഷ്യ)യുടെ മലങ്കര ആര്‍ട്‌സ് ഇന്റര്‍നാഷണലും ബിന്ധ്യാസ് മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സും സംയുക്തമായി രംഗത്തെത്തിക്കുന്ന രണ്ടു കലാരൂപങ്ങളും കലാസ്വാദകര്‍ക്ക് നവ്യമായ അനുഭൂതി സമ്മാനിക്കുന്നവ ആയിരിക്കുമെന്നു സംവിധായകന്‍ റെഞ്ചി കൊച്ചുമ്മന്‍ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് പറഞ്ഞു. ശമുവേല്‍ പ്രവാചകന്റെ കഥയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജോസി പുല്ലാടും ഒരു പ്രേമകാവ്യത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജെ.എം. രാജു (ചെന്നൈ)വും ഉദയ്കുമാര്‍ അഞ്ചലുമാണ്.
 
പ്രവാചകരില്‍ പ്രവാചകന്‍ ശമുവേല്‍ ഡാന്‍സ് ഡ്രാമയില്‍ ഷിബു ഫിലിപ്പ്, ബോബി മാത്യു, ഷിബി, ഓസ്റ്റിന്‍, മാര്‍ക്ക് എന്നിവര്‍ക്കൊപ്പം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ഇടവകയിലെ കലാകാരന്മാരും കലാകാരികളും രംഗത്തെത്തുന്നു. ബോബി കോര്‍ഡിനേഷന്‍ നിര്‍വഹിക്കുന്നു.
 
ഒരു പ്രേമകാവ്യത്തില്‍ അനീറ്റ മാമ്പിള്ളി, ജോയല്‍, റിജോ, സണ്ണി കല്ലൂപ്പാറ, ജിനു പ്രമോദ്, സന്തോഷ്, പ്രമോദ് വറുഗീസ്, എഡിസണ്‍ ഏബ്രഹാം, ഷൈനി ഏബ്രഹാം എന്നിവര്‍ വേഷമിടുന്നു.
 
പ്രോഗ്രാമിന്റെ സ്‌റ്റേജ് മാനേജ്‌മെന്റ് ബോബി മാത്യൂസ്, ചാക്കോ ടി. ജോണ്‍. ലൈറ്റിങ്- ജിജി ഏബ്രഹാം, സഹസംവിധാനം: ടീനോ തോമസ്, സംവിധാനം: റെഞ്ചി കൊച്ചുമ്മന്‍. കഥ-തിരക്കഥ-നിര്‍മ്മാണം: പി.ടി. ചാക്കോ (മലേഷ്യ). എല്ലാത്തിനും നേതൃത്വം നല്‍കി ഇടവകയുടെ പുതിയ വികാരി റവ. സാം ടി. മാത്യു കൂടെയുണ്ട്.
 
ഇസ്രായേലിലെ സുദീര്‍ഘമായ ന്യായാധിപ ഭരണകാലം. അതിനുശേഷം വന്ന രാജവാഴ്ചയ്ക്ക് വഴിമാറികൊടുക്കുന്ന ഒരു പരിവര്‍ത്തനഘട്ടത്തെയാണ് ശമുവേല്‍ പ്രവാചകന്റെ ഒന്നാം പുസ്തകം കുറിക്കുന്നത്. ഇസ്രയേലിന്റെ അഞ്ഞുറൂവര്‍ഷക്കാലത്തെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അവസാനത്തെ ന്യായാധിപനായ ശമുവേലിന്റെ കഥയാണ് പ്രവാചകരില്‍ പ്രവാചകനായ ശമുവേലിലൂടെ പി.ടി. ചാക്കോ (മലേഷ്യ) അനാവരണം ചെയ്യുന്നത്. ശമുവേല്‍ എന്ന പദത്തിന് ദൈവത്തോട് ചോദിച്ചു വാങ്ങിയവന്‍ എന്നാണര്‍ത്ഥം. ജീവിതകാലം മുഴുവന്‍ ദൈവത്തിനായി വേര്‍തിരിക്കപ്പെട്ട ഒരു ന്യായാധിപനായിരുന്നുു ശമുവേല്‍. സര്‍വ്വോപരി ഒരു പ്രാര്‍ത്ഥനാ മനുഷ്യനുമായിരുന്നു. ഇസ്രയേലിലെ അവസാനത്തെ ന്യായാധിപനായ ശമുവേലിന്റെ ജീവചരിത്രം ജീവസുറ്റതാക്കി സ്‌റ്റേജിലേക്കെത്തിക്കുകയാണ് ഈ ഡാന്‍സ് ഡ്രാമയിലൂടെ.
ഒരു പ്രേമകാവ്യം എന്ന കാവ്യ ശില്‍പ്പത്തിലൂടെ ആദിപ്രകൃതിയില്‍ ആരംഭിച്ച പ്രേമം എന്ന വികാരം അനശ്വരമാണെന്നും അതില്‍ ദൈവികസാന്നിധ്യമുണ്ടെന്നും ഉദ്‌ഘോഷിക്കുകയാണ് കഥാകാരനായ പി.ടി. ചാക്കോ (മലേഷ്യ).കേരളത്തിന്റെ കിഴക്കന്‍ മലയോരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ ആദിവാസികളുടെ വിയര്‍പ്പും വേദനയും സമന്വയിപ്പിച്ച കഥയാണ് ഒരു പ്രേമകാവ്യം പറയുന്നത്. നാട്ടുപ്രമാണികള്‍ കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഒരു പ്രദേശമാണ് കാക്കോത്തിക്കാവ്. ആ കാക്കോത്തിക്കാവിലേക്കാണ് പി.ടി. ചാക്കോ (മലേഷ്യ) ഒരു പ്രേമകാവ്യത്തിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. അദ്ദേഹത്തിന്റെ പത്താമത്തെ ഡാന്‍സ് ഡ്രാമയാണിത്. മനസ്സു കൊണ്ട് മലയാളനാട്ടിലേക്ക് ഒരു മടക്കയാത്ര.
ഓഗസ്റ്റ് 27, 2019-ല്‍ 87 വയസ് തികയുന്ന പ്രിയപ്പെട്ട പി.ടി. ചാക്കോ (മലേഷ്യ) എന്ന ചാക്കോച്ചന്‍ എഴുതി കൂട്ടിയ കവിതകളും ഗാനങ്ങളും ലേഖനങ്ങളും മറ്റു സാഹിത്യസൃഷ്ടികളുടെയെല്ലാം എണ്ണിയാലൊടുങ്ങാത്തതാണ്. കാലക്രമേണ അതു ഭൂഖണ്ഡങ്ങള്‍ കടന്ന് അമേരിക്കയിലെത്തി നില്‍ക്കുന്നു.
 
ബിബ്ലിക്കല്‍ കഥകളുടെ ലളിതമായ ആവിഷ്‌ക്കാരങ്ങള്‍ എത്രയോ അമേരിക്കന്‍ കഥകള്‍ക്ക് ലളിതമായ ആവിഷ്‌ക്കാരങ്ങള്‍ പകര്‍ന്നു. എത്രയോ മലയാളികള്‍ക്ക് പുതുവെളിച്ചം പകര്‍ന്നു. ഇപ്പോഴും പി.ടി. ചാക്കോ (മലേഷ്യ)എന്ന എഴുത്തുകാരന്റെ ബൈലൈനിനു താഴെയുള്ള അക്ഷരങ്ങള്‍ ഭക്തിയുടെയും നന്മയുടെയും കൂട്ടക്ഷരങ്ങളായിരിക്കുമെന്ന് ഈ രണ്ട് ഡാന്‍ഡ് ഡ്രാമകളിലൂടെ ഉദ്‌ഘോഷിക്കുകയാണ്.
ഇന്ത്യയില്‍ നിന്നും മലേഷ്യവഴി സിംഗപ്പൂരിലെത്തി പിന്നീട് യൂറോപ്പ് കടന്ന് അമേരിക്കയിലെത്തുമ്പോഴും ചാക്കോച്ചന്‍ എന്ന യാത്രക്കാരനൊപ്പം സാഹിത്യവും കലയും ഒരു കൂടപ്പിറപ്പു പോലെ ഒപ്പമുണ്ടായിരുന്നു. ചാക്കോച്ചന്റെ ജൂണ്‍ 15-ന്റെ കലാരൂപങ്ങളുടെ അവതരണങ്ങളുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുക.
 
ഡോ. ജോര്‍ജ് ജേക്കബ് (201) 447-6609, സജി റ്റി. മാത്യു  (201) 925-5763, ജോര്‍ജ് തോമസ് (201) 214-6000, ഏബ് അലക്‌സ് (201) 606-3308, മാത്യു പി. സാം (201) 675-0246, ഷാജു സാമുവേല്‍ (201) 379-5077, റെജി ജോസഫ് (201) 647-3836

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More