You are Here : Home / USA News

ലാനാ കണ്‍വെന്‍ഷനില്‍ `സമകാലിക മലയാള സാഹിത്യം: പ്രവര്‍ത്തനങ്ങളും പ്രവണതകളും'

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 28, 2013 10:14 hrs UTC

ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ `സമകാലിക മലയാള സാഹിത്യം: പ്രവര്‍ത്തനങ്ങളും പ്രവണതകളും' എന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ ആനുകാലിക പ്രവണതകളേയും പ്രവര്‍ത്തനങ്ങളേയും സമഗ്രമായി വിലയിരുത്തുന്ന പണ്‌ഡിതോചിതമായ ചര്‍ച്ചാ സമ്മേളനമാണ്‌ ഈ സെമിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രശസ്‌ത ഭാഷാ പണ്‌ഡിതനും, പ്രഭാഷകനുമായ ഡോ. എ.കെ.ബി പിള്ള മോഡറേറ്റ്‌ ചെയ്യുന്ന സെമിനാറില്‍ കേരള സാഹാത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും. ഡോ. എം.വി. പിള്ള, സതീഷ്‌ ബാബു പയ്യന്നൂര്‍, പി.എസ്‌ നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിക്കും.

 

കണ്‍വെന്‍ഷന്റെ രണ്ടാം ദിവസമായ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ്‌ ഈ സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്‌. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി മലയാള ഭാഷയുടെ വളര്‍ച്ചയ്‌ക്കും സാര്‍വ്വദേശീയ സ്വീകാര്യതയ്‌ക്കുമായി അക്ഷീണം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ. എ.കെ. ബാലകൃഷ്‌ണപിള്ള തികഞ്ഞൊരു ഭാഷാ സ്‌നേഹിയും പ്രഭാഷകനുമാണ്‌. വിഖ്യാതമായ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും സെമിനാര്‍ കോര്‍ഡിനേറ്ററുമായ അദ്ദേഹം മലയാള ഭാഷാ പോഷണത്തിനും കേരള സംസ്‌കൃതിയുടെ ഔന്നത്യത്തിനും വേണ്ടി ദശാബ്‌ദങ്ങളായി സാര്‍വ്വദേശീയ തലത്തില്‍ തന്നെ അഹോരാത്രം പരിശ്രമിക്കുന്നു. നിരവധി തവണ ലോകജീവിത പഠന പര്യടനങ്ങള്‍ നടത്തിയിട്ടുള്ള ഡോ. എ.കെ.ബി അവധി ഗവേഷണ ഗ്രന്ഥങ്ങളും സാഹിത്യ പഠന പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ സതീഷ്‌ ബാബു പയ്യന്നൂര്‍ കേരളത്തിലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയനാണ്‌. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ അദ്ദേഹത്തിന്റെ `പേരമരം' എന്ന കഥയ്‌ക്ക്‌ ലഭിച്ചു. എട്ട്‌ നോവലുകളും അനവധി ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അനവധി ടെലിവിഷന്‍ പരിപാടികള്‍ സംവിധാനം ചെയ്‌തിട്ടുള്ള അദ്ദേഹം അഞ്ച്‌ സിനിമകള്‍ക്ക്‌ തിരകഥയും രചിച്ചിട്ടുണ്ട്‌. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്‌ കീഴിലുള്ള ഭാരത്‌ ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ സാഹിത്യവേദിയിലെ സജീവാംഗമായ പി.എസ്‌. നായര്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം, കേരളാ മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ എന്നിവയും ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായിരുന്നു. വിവിധ വിദേശ രാജ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥം പഠന പര്യടനങ്ങള്‍ നടത്തിയിട്ടുള്ള പി.എസ്‌ തികഞ്ഞ ഭാഷാ സ്‌നേഹിയും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ്‌. ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.