You are Here : Home / USA News

കാന്‍സര്‍ ബാധിതനായ കുട്ടിക്ക് നാമത്തിന്റെ സാമ്പത്തിക സഹായം

Text Size  

Story Dated: Tuesday, July 16, 2013 10:57 hrs UTC

ന്യൂജേഴ്‌സിയിലും പരിസരപ്രദേശങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്ന നായര്‍ മഹാമണ്ഡലം ആന്‍ഡ് അസ്സോസിയേറ്റട് മെംബേര്‍സ്(നാമം) ആവിഷ്‌ക്കരിച്ചിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി കാന്‍സര്‍ രോഗവുമായി പൊരുതുന്ന കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കി. ബ്ലഡ് കാന്‍സര്‍ ബാധിതനായി ന്യൂജേഴ്‌സിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസുകാരന്‍ അഭിരാമകൃഷ്ണന്‍ ത്യാഗരാജന്റെ കുടുംബത്തിനു വേണ്ടിയാണ് നാമം സഹായനിധി രൂപീകരിച്ചിരിക്കുന്നത്. ജൂലൈ 13ന് മണ്രോയിലെ അലക്‌സ് കോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് അഭിരാമകൃഷ്ണന്റെ മാതാപിതാക്കളായ ത്യാഗരാജന്‍ ഗണേശന്‍, ലത ശ്രീനിവാസന്‍ എന്നിവര്‍ക്ക് നാമം സ്ഥാപക നേതാവും പ്രസിഡന്റുമായ മാധവന്‍ ബി നായരും, ഫൗണ്ടര്‍ മെമ്പര്‍ അറ്റൊര്‍ണി റാം ചീരത്തും ചേര്‍ന്ന് ചെക്ക് കൈമാറി. സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന ഈ കുടുംബത്തിനു വേണ്ടി ഇതിനകം ആറായിരം ഡോളര്‍ നാമം പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു. കൂടൂതല്‍ തുക കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രസിഡന്റ് മാധവന്‍ ബി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, സംഘടനയിലെ പുതിയ ലൈഫ് മെംമ്പേര്‍സ് ആയി വൈസ് പ്രസിഡന്റ് ജിതേഷ് തമ്പി, അഞ്ജു തമ്പി, സെക്രട്ടി ബിന്ദു സഞ്ജീവ്കുമാര്‍, സഞ്ജീവ് കുമാര്‍, അജിത് ഹരിഹരന്‍, കള്‍ച്ചറല്‍ സെക്രട്ടറി അഞ്ജലി ഹരിഹരന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. നാമം പ്രവര്‍ത്തകരുടെ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന സമ്മര്‍ റീടിംഗ് പ്രോഗ്രാമിന്റെ തുടക്കമായി. ബാണ്‍സ് ആന്‍ഡ് നോബിള്‍സ് പുസ്തകശാലയില്‍ നിന്നും തങ്ങള്‍ക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍ വാങ്ങുന്നതിനായി കുട്ടികള്‍ക്ക് ഗിഫ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു. വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ചെറിയ ലേഖനങ്ങള്‍ എഴുതി തയ്യാറാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും. നാമത്തിന്റെ ഈ വര്‍ഷത്തെ ഓണഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 21ന് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. പരമ്പരാഗതവും ലളിതവുമായ രീതിയില്‍ നടത്താനൊരുങ്ങുന്ന ഓണപ്പരിപാടികളുടെ പ്രോഗ്രാം കണ്‍വീനര്‍ ആയി അഞ്ജലി ഹരിഹരനെ നിയമിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന കുടുംബാംഗങ്ങളെ ഭാരവാഹികള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.