You are Here : Home / USA News

വേള്‍ഡ് അയ്യപ്പാസേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലേക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 30, 2014 11:36 hrs UTC

തിരുവനന്തപുരം: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് അയ്യപ്പാ സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തിലും തുടങ്ങും. ഔദേ്യാഗിക ഉദ്ഘാടനം ആഗസ്റ്റ് 2ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമിപാര്‍ത്ഥസാരഥിപിള്ള, സെക്രട്ടറി ഡോ. പത്മജപ്രേം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അയ്യപ്പധര്‍മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുക, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

ആഗസ്റ്റ് 2ന് ജവഹര്‍ നഗറിലെ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വൈകീട്ട് 6ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ട്രസ്റ്റിന്റെ തിരുവനന്തപുരം ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭദ്രദീപം തെളിക്കും. ഗുരുസ്വാമി കെ.എന്‍. പാര്‍ഥസാരഥി പിള്ള അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, രാജു ഏബ്രഹാം, മുന്‍ മന്ത്രി ബിനോയി വിശ്വം, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, മേയര്‍ കെ. ചന്ദ്രിക, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, ഡോ ജയനാരായണ്‍, ഡോ പത്മജാ പ്രേം , അഡ്വ. മനു ആര്‍. ചന്ദ്രന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിക്കും.

 

അയ്യപ്പ തത്ത്വപ്രചാരണം ലക്ഷ്യമാക്കി കാല്‍നൂറ്റാണ്ടായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സേവാ ട്രസ്റ്റ് ഹൈന്ദവ ആചാരാനുഷ്ഠാകര്‍മ പദ്ധതികള്‍ ചിട്ടയോടെ നടത്തിവരുന്നതായി പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. മണ്ഡലകാല വ്രതാനുഷ്ഠാനത്തോടുകൂടി മാലധാരണം മുതല്‍ കെട്ടുനിറയ്ക്കല്‍ കഴിഞ്ഞ് നിവേദ്യസമര്‍പ്പണത്തോടുള്ള ദര്‍ശനപുണ്യംവരെയുള്ള കാര്യങ്ങള്‍ അടുക്കും ചിട്ടയോടും ചെയ്യുന്നു. വാവുബലി, എഴുത്തിനിരുത്ത്, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ എന്നിവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതിമതഭേദമെന്യേ നടത്തിവരുന്നു. നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതോടൊപ്പം അവര്‍ക്ക് പുസ്തകം, വസ്ത്രം, ഭക്ഷണം തുടങ്ങിയവ നല്‍കുന്നു. ഇതൊക്കെ കേരളത്തില്‍ പ്രാദേശിക യൂണിറ്റുകളുടെ ഉത്തരവാദിത്വത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ഥസാരഥിപിള്ള അറിയിച്ചു.

 

ജാതിമതഭേദമെന്യേ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് കേരളത്തില്‍ നടത്തിവരുന്നതായി ഡോ. പത്മജ പ്രേം പറഞ്ഞു. മണ്ഡലകാലങ്ങളില്‍ റാന്നിയിലും എരുമേലിയിലും കുടിവെള്ള വിതരണം, മകരവിളക്കു കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ക്ക് അന്നദാനം ഇതൊക്കെ മുടക്കം കൂടാതെ നടത്തിവരുന്നു. 25 വര്‍ഷം ആയി അമേരിക്കയിലുള്ള അയ്യപ്പഭക്തന്മാരെ ശബരിമലയില്‍ എത്തിച്ച് അയ്യപ്പദര്‍ശനം നടത്തിച്ച് സുരക്ഷിതരായി തിരിച്ചെത്തിക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ പൂജ്യസ്വാമിമാര്‍, ശബരിമലതന്ത്രികള്‍ ഇവരുടെയൊക്കെ ആധ്യാത്മിക പ്രഭാഷണങ്ങള്‍ സപ്താഹങ്ങള്‍, യുവജനസമ്മേളനങ്ങള്‍, ഭജനകള്‍ എന്നിവയൊക്കെ ചിട്ടയായി സംഘടിപ്പിക്കുന്നുണ്ടെന്ന് പത്മജ പ്രേം അറിയിച്ചു. അഡ്വ. മനു ആര്‍. ചന്ദ്രന്‍, ഹേമന്ത് സന്തോഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More