You are Here : Home / USA News

ഫൊക്കാനാ സമ്മേളനത്തില്‍ സരോജാ വര്‍ഗീസ്‌ ആദരിക്കപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 14, 2014 09:45 hrs UTC



ഷിക്കാഗോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വെച്ച്‌ നടത്തപ്പെട്ട ഫൊക്കാനാ സമ്മേളനത്തില്‍ പ്രശസ്‌തസാഹിത്യകാരി സരോജാ വര്‍ഗീസിനെ ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ചെറുകഥാ സമാഹാരങ്ങള്‍, യാത്രാവിവരണങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍ (സി.ഡി.) ആത്മകഥ, ഓര്‍മ്മക്കുറിപ്പുകള്‍, ബാലകഥകള്‍ (ഇംഗ്ലീഷ്‌) എന്നിങ്ങനെ പത്ത്‌ കൃതികള്‍ സാഹിത്യലോകത്തിനു സംഭാവന ചെയ്‌ത സരോജയെ ഫൊക്കാനാ പ്രസിഡണ്ട്‌ ശ്രീമതി മറിയാമ്മപിള്ള പൊന്നാട അണിയിച്ച്‌ ആദരിച്ചു.

ഒപ്പം, ഫൊക്കാനാനടത്തിയ സാഹിത്യമത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട `ഒഴിഞ്ഞകൂട്‌' എന്ന ചെറുകഥയ്‌ക്കും സരോജാ വര്‍ഗീസ്‌ അവാര്‍ഡ്‌ കരസ്‌ഥമാക്കി.

അഡ്വ. രതീദേവിയുടെ നേതൃത്വത്തില്‍ ഫൊക്കാനാ സമ്മേളനത്തോടനുബന്ധിച്ച നടത്തപ്പെട്ട സാഹിത്യസെമിനാര്‍ പൂര്‍വ്വാധികം വിജയപ്രദമായിരുന്നു. അടുത്തിടെ അന്തരിച്ച, മാജിക്കല്‍ റീയലിസത്തിലൂടെ കഥ പറയുന്ന (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍), കഥയുടെ മാന്ത്രിക എഴുത്തുകാരനും നോബല്‍ സമ്മാനാര്‍ഹനുമായ ഗബ്രിയേല്‍ ഗാസിയമാര്‍ക്കസിനേയും സ്‌ത്രീത്വത്തിന്റെ കരുത്തും അടിമത്വത്തില്‍നിന്നുള്ള മോചനവും തന്റെ കൃതികളില്‍ കൂടിപ്രതിഫലിപ്പിക്കുന്ന (Why the caged bird sings) ഗ്രന്ഥകാരി , നോര്‍ത്ത്‌ കരോളിനയില്‍ ജനിച്ച ആഫ്രിക്കന്‍ അമേരിക്കക്കാരി, അമേരിക്കയുടെ സ്വന്തം എഴുത്തുകാരി എന്നു മുന്‍ പ്രസിഡണ്ട്‌ ക്ലിന്റണാല്‍ വിശേഷിപ്പിക്കപെട്ട മായ ആഞ്ചലുവിനേയും അനുസ്‌മരിച്ചു കൊണ്ടാണ്‌ രതീദേവി തന്റെ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചത്‌.

സെമിനാറില്‍ അമേരിക്കന്‍ മലയാള പ്രവാസ സാഹിത്യം എന്ന വിഷയത്തെ ആസ്‌പ്‌ദമാക്കി സരോജാ പ്രബന്ധം അവതരിപ്പിച്ചു.

2010 ല്‍ ആല്‍ബനിയില്‍ വച്ച്‌ നടന്ന ഫൊക്കാനസമ്മേളനത്തില്‍ The Golden Lamp Stand എന്ന ചെറുകഥാസമാഹാരത്തിനു സരോജ ഗ്ലോബല്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. കേരളത്തിലേയും വടക്കെ അമേരിക്കയിലേയും `ലാന' ഉള്‍പ്പെടെയുള്ള വിവിധസാഹിത്യ സംഘടനകളില്‍നിന്നും വിവിധ വര്‍ഷങ്ങളിലായി സരോജാ അനേകം അവാര്‍ഡുകള്‍ക്ക്‌ അര്‍ഹയായിട്ടുണ്ട്‌. സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടനയായ ലാന (ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) യുടെ ജോയിന്റ്‌ സെക്രട്ടറിയായി സേവനം അനുഷ്‌ഠിച്ചു കൊണ്ടിരിക്കുന്ന സരോജ ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച്‌ നടക്കുന്ന ലാനയുടെ കേരള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.