You are Here : Home / USA News

പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹമരണം : ചില വെളിപ്പെടുത്തലുകള്‍

Text Size  

Story Dated: Tuesday, June 03, 2014 10:10 hrs UTC

BENNY PARIMANAM
             

ന്യൂജഴ്സി. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് കാര്‍ബണ്‍ഡെയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ എസ്ഐയു വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസ് (19) ന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നുളള രണ്ടാം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന് പ്രവീണിന്റെ മാതാപിതാക്കളും മലയാളി സമൂഹവും കൂട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ബലമേകി.

കാര്‍ബണ്‍ ഡെയിലിലെ കുററിക്കാട്ടില്‍ സംശയാസ്പദകരമായ സാഹചര്യത്തില്‍ മൃതദേഹം കാണപ്പെട്ട  അന്നു തന്നെ അധികാരികളുടെ വെളിപ്പെടുത്തലില്‍ മരണകാരണമായി ചൂണ്ടിക്കാട്ടിയ വസ്തുക്കള്‍ യാതൊരു സത്യവും ഇല്ലെന്നു മനസിലാക്കിയ പ്രവീണിന്റെ മാതാപിതാക്കള്‍ വീണ്ടും രണ്ടാമത് ഒരു പോസ്റ്റുമോര്‍ട്ടം കൂടി നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ റിപ്പോര്‍ട്ടാണ് മരണ കാരണത്തിന്റെ പുതിയ കണ്ടെത്തലുകളുമായി പുറത്തു വന്നിരിക്കുന്നത്.

അതിശൈത്യവും മോശമായ കാലാവസ്ഥയും ആണ് പ്രവീണിന്റെ മരണകാരണം എന്ന് സ്ഥിരീകരിച്ച ജാക്സണ്‍ കൌണ്ടി അധികാരികളുടെ വിശ്വസ്തനായി ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. ഫോറന്‍സിക് വിദഗ്ധന്‍ ബെന്‍ മാര്‍ഗോളിസ്, പ്രവീണിന്റെ ദാരുണമായ മരണത്തിന്റെ അടിസ്ഥാന കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തോ അരുതാത്തത്  സംഭവിച്ചിരിക്കും എന്ന് ഊഹിച്ചിരുന്നു. പക്ഷേ അതിത്രയും ഭയാനകം ആയിരിക്കും എന്ന് കരുതിയില്ല. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പ്രവീണിന്റെ മാതാവ് ലൌലി വര്‍ഗീസിന്റെ ആദ്യ പ്രതികരണം ഇപ്രകാരമായിരുന്നു.  ഓട്ടോഫസി സെന്റര്‍ ഓഫ് ഷിക്കാഗോയിലെ ഫോറന്‍സിക് പതോളജിസ്റ്റായ മാര്‍ഗോളിസിന്റെ അഭിപ്രായത്തില്‍ പ്രവീണിന്റെ മുഖത്തും  തലയിലും ഉളള സാരമായ പരുക്കുകളില്‍ നാലെണ്ണത്തോളമുണ്ടായിരിക്കുന്നത് ഒറ്റത്തവണയുളള ആഘാതത്തില്‍ നിന്നല്ല. മരത്തിലോ പാറയിലോ തട്ടി വീണാല്‍ ഇത്രയും പരിക്കുകള്‍ ഉണ്ടാകുവാന്‍ സാധ്യതയില്ല. കൈകളിലും ഇടത്തെ തുടയിലും കാല്‍ മുട്ടുകളിലും പരിക്കേറ്റ പാട്ടുകളും ചതവുകളും ഉണ്ടായിരുന്നതായി മാര്‍ഗോളീസ് പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പ്രവീണിന്റെ മരണശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ പരിശോധനയ്ക്കും വിശകലനത്തിനുശേഷം മാത്രമേ ഒരു അന്തിമ തീരുമാനത്തില്‍ എത്തുവാന്‍ സാധിക്കുകയുളളൂ എന്നാണ്. മരണ കാരണം തലയ്ക്കേറ്റ ആഘാതമാണ്. പക്ഷേ അതിന്റെ കാരണം അറിയുവാന്‍ അന്വേഷണം ആവശ്യമാണ്. അദ്ദേഹം  തുടര്‍ന്നു പറഞ്ഞു.

ഒരമ്മ എന്ന നിലയിലുളള തോന്നലുകളും ഒരു നഴ്സ് എന്ന നിലയിലുളള അറിവുകളുടെയും വെളിച്ചത്തില്‍ ആദ്യമേ തന്നെ തോന്നിയ സംശയങ്ങള്‍ക്ക് ഈ റിപ്പോര്‍ട്ട് ബലമേകുന്നു എന്ന് ലൌലി വര്‍ഗീസ് പറഞ്ഞു. ഫെബ്രുവരി 12 ന് രാത്രി ഏകദേശം 11 മണിക്ക്  കാണാതാകുന്ന പ്രവീണ്‍ അഞ്ചു ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 18 ന് രാവിലെ 9.45 ന് പാര്‍ട്ടി നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തിന് 3 മൈല്‍ മാത്രം അകലെയുളള ഒരു കുറ്റിക്കാട്ടില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. ആരോഗ്യദൃഡ ഗാത്രനും, ദീര്‍ഘദൂര ഓട്ടക്കാരനുമായ പ്രവീണ്‍ ആ രാത്രിയില്‍ അപ്പോള്‍ മാത്രം പരിചയപ്പെട്ട ഒരാള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയും  തര്‍ക്കത്തെ തുടര്‍ന്ന് കാറില്‍ നിന്നും കുറ്റിക്കാട്ടിലേക്കോടി,  തണുപ്പുമൂലം മരണപ്പെട്ടു എന്ന് പറയുന്ന അധികാരികളുടെ വിശദീകരണം പൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പ്രവീണിന്റെ മൃതദേഹം കണ്ട കൊളോണിയന്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ പോലും മരണകാരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും രണ്ടാമത് പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മാതാപിതാക്കളെ നിര്‍ബന്ധിക്കുകയും ചെയ്തു.

പ്രാഥമിക അന്വേഷണങ്ങള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനുശേഷം കാര്‍ബണ്‍ഡെയില്‍ പൊലീസ് എത്തിച്ചേര്‍ന്ന നിഗമനം പ്രവീണിന്റെ മരണകാരണം അതിശൈത്യവും, മോശം കാലാവസ്ഥയും മൂലമാണെന്നായിരുന്നു. ആദ്യം പോസ്റ്റുമോര്‍ട്ടം നടത്തിയ തോമസ് കുപ്ഫൈറ്റര്‍ ഏതെങ്കിലും തരത്തിലുളള ആഘോതങ്ങളോ ക്ഷതങ്ങളോ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നില്ല. ഒരു തരത്തിലുളള മുറിവുകളും പ്രവീണിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നില്ല.

ആദ്യ നിഗമനങ്ങള്‍ക്കു വിരുദ്ധമായി പ്രവീണിന്റെ ശരീരത്തില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അംശം ഇല്ലായിരുന്നു എന്ന കണ്ടെത്തലുകള്‍ ദുരൂഹതകള്‍ക്ക് ബലമേകി.

പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ തുടരന്വേഷണവുമായി ഏതറ്റവും വരെ മുന്നോട്ട് പോകുവാന്‍ തന്നെയാണ് പ്രവീണിന്റെ മാതാപിതാക്കളുടെ തീരുമാനം. തങ്ങള്‍ക്കുണ്ടായ ദുരനുഭവം ഒരു മാതാപിതാക്കള്‍ക്കും മേലില്‍ ഉണ്ടാകരുതേ എന്നും വീണ്ടും ഒരു കാര്‍ബഡെയില്‍ ദുരന്തം വര്‍ത്തിക്കാതിരക്കട്ടെന്നും മാതാവ് ലൌലി പ്രാര്‍ഥിക്കുന്നു....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.