You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം വര്‍ണ്ണാഭമായി

Text Size  

Story Dated: Tuesday, June 03, 2014 07:35 hrs UTC


ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക സംഘനടയായ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനവും, ഈസ്റ്റര്‍- വിഷു ആഘോഷവും സംയുക്തമായി വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ഐ.എസ്‌ 72 ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢോത്‌ജ്വലമായ ചടങ്ങില്‍ പ്രസിഡന്റ്‌ എസ്‌.എസ്‌. പ്രകാശ്‌ അധ്യക്ഷതവഹിച്ചു. പ്രമുഖ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ വാസുദേവ്‌ പുളിക്കല്‍ ഔപചാരികമായ ഉദ്‌ഘാടനം നിലവിളക്ക്‌ കൊളുത്തി നിര്‍വഹിച്ചു. സെന്റ്‌ ക്ലെയര്‍ റോമന്‍ കാത്തോലിക്കാ ചര്‍ച്ച്‌ പാരോക്കിയല്‍ വികാരി റവ.ഫാ. ജോ കാരിക്കുന്നേല്‍ ഈസ്റ്റര്‍ സന്ദേശവും, വേള്‍ഡ്‌ അയ്യപ്പ സേവാ സംഘം ചെയര്‍മാന്‍ പാര്‍ത്ഥസാരഥി പിള്ള വിഷു സന്ദേശവും നല്‍കി. ഫൊക്കാനാ മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളില്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്റ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളികളുടേയും സ്വന്തം സംഘടനയായ മലയാളി അസോസിയേഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന എല്ലാ പരിപാടികള്‍ക്കും ഏവരുടേയും പങ്കാളിത്തമുണ്ടാകണമെന്ന്‌ പ്രസിഡന്റ്‌ എസ്‌.എസ്‌ പ്രകാശ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഐലന്റിലെ മുഴുവന്‍ മലയാളി സമൂഹത്തേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യാദിന പരേഡും, ഇതര ആഘോഷങ്ങളും, മലയാളം സ്‌കൂള്‍, ഡാന്‍സ്‌ സ്‌കൂള്‍, ബോധവത്‌കരണ ക്ലാസുകള്‍ തുടങ്ങി ഒട്ടനവധി പരിപാടികളുടെ വിജയത്തിനായി ഏവരും സഹകരിക്കണം. ഉദ്‌ഘാടനാഘോഷ ചടങ്ങുകള്‍ക്ക്‌ നല്‍കിയ വന്‍ ജനപങ്കാളിത്തത്തിന്‌ നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വിവിധ മേഖലകളിലായി സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി സമൂഹം നല്‍കിവരുന്ന നേതൃത്വവും സഹകരണവും ശ്ശാഘനീയമാണ്‌. നമ്മുടെ പൈതൃകമായ സാംസ്‌കാരികമൂല്യങ്ങള്‍ ഈ പാശ്ചാത്യ ജീവിതശൈലിയില്‍ നഷ്‌ടപ്പെടാത്തവിധം കാത്തുസൂക്ഷിക്കുവാന്‍ നാം ബാധ്യസ്ഥരാണ്‌. ഭാഷയ്‌ക്കും, സാഹിത്യത്തിനും തനതുകലകള്‍ക്കും വളക്കൂറേകുവാന്‍ മലയാളി അസോസിയേഷനും അതിന്റെ പ്രവര്‍ത്തകര്‍ക്കും കഴിയട്ടെ എന്ന്‌ വാസുദേവ്‌ പുളിക്കല്‍ തന്റെ ഉദ്‌ഘാടന സന്ദേശത്തില്‍ പറഞ്ഞു. ക്രൂശുമരണത്തിനുശേഷം ഉയിര്‍ത്ത യേശുവിന്റെ സന്ദേശം മുഴുവന്‍ ലോകത്തിനുമുള്ളതാണ്‌. പ്രതീക്ഷയും പ്രത്യാശയും നല്‍കുന്ന ഈസ്റ്റര്‍ സമാധാനവും ഐക്യവും സമൂഹത്തിന്‌ നല്‍കുന്നതാവട്ടെ എന്ന്‌ ഫാ. ജോ. കാരിക്കുന്നേല്‍ ആശംസിച്ചു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റമാണ്‌ വിഷുക്കണി പ്രദാനം ചെയ്യുന്നത്‌. ജീവിതത്തില്‍ കര്‍മ്മനിരതരാവണമെന്ന്‌ പിതാമഹന്മാര്‍ പഠിപ്പിച്ച സന്ദേശം വരുംതലമുറയ്‌ക്ക്‌ പകരുക. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ നാളുകള്‍ ഉണ്ടാകട്ടെ എന്നും മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനപരിപാടികള്‍ക്ക്‌ വിജയാശംസകള്‍ നേരുന്നതായും പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസ്‌ വര്‍ഗീസ്‌ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി സാമുവേല്‍ കോശി നന്ദിയും പറഞ്ഞു. പ്രമുഖ ഗായകനും, അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റുമായ റോഷന്‍ മാമ്മന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ശ്രദ്ധേയമായി. `ബെസ്റ്റ്‌ ആക്‌ടേഴ്‌സ്‌ ഇന്‍ യു.എസ്‌.എ' എന്ന പരിപാടി തുടര്‍ന്ന്‌ അരങ്ങേറി. ഫ്രെഡ്‌ എഡ്വേര്‍ഡ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ബാബു മൈലപ്ര (ഫണ്ട്‌ റൈസിംഗ്‌ കോര്‍ഡിനേറ്റര്‍), എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.