You are Here : Home / USA News

നിയുക്ത പാത്രിയര്‍ക്കീസ്‌ ബാവയുമായി കൂട്ടിക്കാഴ്‌ച നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 18, 2014 09:50 hrs UTC




ഷിക്കാഗോ: മെയ്‌ 11 -ന്‌ ഞായറാഴ്‌ച ഷിക്കാഗോ സന്ദര്‍ശിച്ച ലോകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധികാരിയും പത്രോസിന്റെ സംഹാസനത്തിന്റെ 123-മത്‌ പിന്തുടര്‍ച്ചക്കാരനുമായ നിയുക്ത പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം -2 ബാവയുമായി നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര ക്‌നാനായ കമ്യൂണിറ്റി (എന്‍.എ.എം.കെ.സി) ഭാരവാഹികള്‍ കൂടിക്കാഴ്‌ച നടത്തി.

ഭാരതത്തിലേയും ലോകമാന മലങ്കര അജഗണങ്ങളുമായുള്ള തന്റെ ആത്മബന്ധത്തെ പരിശുദ്ധ ബാവാ വളരെയധികം പ്രകീര്‍ത്തിച്ചു. എല്ലാ സഭകളുമായി നല്ല ബന്ധത്തില്‍ പോകാനാണ്‌ ആഗ്രഹിക്കുന്നതെന്നും അതിനുവേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും, അതിന്‌ വലിയ ഇടയന്‍ വഴികാണിച്ചു തരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1965 മെയ്‌ മൂന്നിനു സിറിയയിലെ ഖമിഷ്‌ലിയില്‍ ഈസാ കരീമിന്റേയും ഹനീമയുടേയും മകനായാണ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേമിന്റെ ജനനം. ചെറുപ്രായത്തില്‍ പിതാവിനെ നഷ്‌ടമായി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പന്ത്രണ്ടാം വയസില്‍ സെമിനാരി പഠനത്തിനായി ചേര്‍ന്നു. 1985-ല്‍ വൈദീകനായി. 1988-89 കാലഘട്ടത്തില്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പാത്രിയര്‍ക്കീസ്‌ ബാവായുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഈ കാലയളവില്‍ തന്നെ ഡമാസ്‌കസിലെ സെന്റ്‌ അപ്രേം തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1996 ജനുവരി 28-ന്‌ മാര്‍ അപ്രേമിനെ കമിഷ്‌ലി പള്ളിയില്‍ വെച്ച്‌ വടക്കേ അമേരിക്കയുടെ ചുമതലയുള്ള മെത്രാപ്പോലീത്തയായി വാഴിച്ചു. 1996 മാര്‍ച്ച്‌ രണ്ടിന്‌ അമേരിക്കയിലെത്തി ഔദ്യോഗിത ചുമതല ഏറ്റെടുത്ത മോര്‍ അപ്രേം ബാവ ന്യൂജേഴ്‌സിയിലെ സെന്റ്‌ ടീനെറ്റ്‌ മാര്‍ക്ക്‌ പള്ളി തന്റെ ആസ്ഥാനമായി തെരഞ്ഞെടുത്തു. അമേരിക്കന്‍ ഭദ്രാസനാധിപനെന്ന നിലയില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ്‌ മേലധ്യക്ഷ സ്ഥാനത്തെത്തുന്നത്‌. അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലായി 11 പുതിയ ദേവാലയങ്ങളാണ്‌ സഭയ്‌ക്കുവേണ്ടി ബാവാ പടുത്തുയര്‍ത്തിയത്‌. പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി ആഗോള ക്രിസ്‌ത്യന്‍ കൗണ്‍സിലിലും, അമേരിക്കയിലെ വിവിധ ക്രൈസ്‌തവ സമിതികളിലും നേതൃസ്ഥാനങ്ങളും പരിശുദ്ധ ബാവായെ തേടിയെത്തിയിട്ടുണ്ട്‌.

യുവത്വവും ചുറുചുറുക്കും കൈമുതലാക്കി സുറിയാനി സഭയ്‌ക്ക്‌ പുതിയ അമരക്കാരനെത്തുമ്പോള്‍ അത്‌ സഭാ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ്‌ വിശ്വാസികള്‍.

എന്‍.എ.എം.കെ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍, നാഷണല്‍ കമ്മിറ്റി അംഗം രാജു മാലിക്കറുകയില്‍, റീജിയന്‍ സെക്രട്ടറി ബിജോയി മാലത്തുശ്ശേരി, ജെയമോള്‍ മാലത്തുശ്ശേരി എന്നിവരാണ്‌ കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തത്‌. അമേരിക്കന്‍ സിറിയന്‍ കമ്യൂണിറ്റി പരിശുദ്ധ ബാവയ്‌ക്കുവേണ്ടി നടത്തിയ ഡിന്നറില്‍ ക്ഷണിതാക്കളായിരുന്നു എന്‍.എ.എം.കെ.സി ഭാരവാഹികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.