You are Here : Home / USA News

പെസഹാ അമേരിക്കയിലെ അഞ്ച്‌ ഇടവകകളില്‍ മുറിക്കപ്പെടുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 11, 2014 08:40 hrs UTC

ഷിക്കാഗോ: ഈസ്റ്ററിനു മുന്നോടിയായിട്ടുള്ള അമ്പത്‌ നോമ്പ്‌ ദിവസങ്ങളില്‍ അമേരിക്കയിലെ വിവിധ ഇടവകകളില്‍ `പെസഹാ' നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. ഏശയ്യാ 53;5 `നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക്‌ രക്ഷ നല്‍കി; അവന്റെ കഷ്‌ടതകളാല്‍ നാം സൗഖ്യംപ്രാപിച്ചു' എന്നതാണ്‌ ആപ്‌തവക്യം.

മാര്‍ച്ച്‌ 13 മുതല്‍ 16 വരെ ന്യൂജേഴ്‌സിയിലെ സീറോ മലബാര്‍ ഗാര്‍ഫീല്‍ഡ്‌ മിഷനിലും, മാര്‍ച്ച്‌ 21 മുതല്‍ 23 വരെ ഡിട്രോയിറ്റിലെ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ ക്‌നാനായ ഇടവകയിലും, 28 മുതല്‍ 30 വരെ ഒക്കലഹോമയിലെ ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ചിലും, ഏപ്രില്‍ 4 മുതല്‍ 6 വരെ ഡാളസിലെ ക്രൈസ്റ്റ്‌ ദി കിംഗ്‌ സീറോ മലബാര്‍ ക്‌നാനായ പള്ളിയിലും, ഏപ്രില്‍ 11 മുതല്‍ 13 വരെ താമ്പായിലെ സേക്രട്ട്‌ ഹാര്‍ട്ട്‌ സീറോ മലബാര്‍ ക്‌നാനായ പാരീഷിലുമാണ്‌ ധ്യാനം നടത്തപ്പെടുന്നത്‌.

അമേരിക്കയിലും ഇന്ത്യയിലുമായി സുവിശേഷ മേഖലയില്‍ പ്രവര്‍ത്തിക്കുകയും, ന്യൂജേഴ്‌സിയിലെ ട്രെന്റണ്‍ രൂപതയുടെ കീഴിലുള്ള രണ്ട്‌ ഇടവകകളില്‍ വികാരി/പാസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന ഫാ. സന്തോഷ്‌ ജോര്‍ജ്‌ ഒ.എസ്‌.എസ്‌.ടിയുടെ നേതൃത്വത്തിലാണ്‌ പെസഹാ ധ്യാനം നടത്തപ്പെടുന്നത്‌. ത്രിത്യയ്‌ക (Trinitarian) സഭാംഗമായ ഇദ്ദേഹം തക്കല മിഷന്‍ ഡയോസിസിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും, ഒറീസയിലെ പീഡിപ്പിക്കപ്പെട്ട ക്രിസ്‌ത്യാനികളുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലും മിഷനറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഡിട്രോയിറ്റിലെ പെസഹായ്‌ക്ക്‌ പ്രശസ്‌ത ധ്യാന ഗുരുവും, അതിരമ്പുഴ കാരിസ്‌ ഭവന്‍ ഡയറക്‌ടറുമായ `കാരിയ്‌ക്കലച്ചന്‍' എന്നറിയപ്പെടുന്ന ഫാ. കുര്യന്‍ കല്ലറയ്‌ക്കല്‍ എം.എസ്‌.എഫ്‌.എസ്‌ ആണ്‌ നേതൃത്വം കൊടുക്കുന്നത്‌. അഡള്‍ട്ടിനായി മലയാളത്തിലും യുവാക്കള്‍ക്കായി ഇംഗ്ലീഷിലും ഒരേസമയത്ത്‌ റിട്രീറ്റ്‌ നടത്തപ്പെടുന്ന യൂത്ത്‌ സെഷനില്‍ ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ ഒ.എസ്‌.എസ്‌.ടിയും ഉണ്ടാകും. ത്രിത്യയ്‌ക (Trinitarian) സഭാംഗമായ ഇദ്ദേഹം പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ മാസ്റ്റേഴ്‌സ്‌ ബിരുദധാരിയാണ്‌. ജീസസ്‌ യൂത്തിന്റെ ഇന്റര്‍നാഷണല്‍ പാസ്റ്റായ അച്ചന്‍ യൂത്ത്‌-ഫാമിലി മേഖലകളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനപാരമ്പര്യമുണ്ട്‌. നിലവില്‍ അച്ചന്‍ ബാംഗ്ലൂര്‍ ത്രിത്യയ്‌ക (Trinitarian)സഭയിലെ പ്രൊവിന്‍ഷ്യാള്‍ ആയി പ്രവര്‍ത്തിക്കുന്നു.

പെസഹാ ടീമിലുള്ള മറ്റൊരു വ്യക്തി പ്രശസ്‌ത വചനപ്രഘോഷകനായ ബ്ര. റെജി കൊട്ടാരമാണ്‌. പരിശുദ്ധ കത്തോലിക്കാ സഭയില്‍ സ്‌തുതി ആരാധാനയ്‌ക്ക്‌ ദൈവാത്മാവിനാല്‍ പ്രേരിതനായി ഒരു പുതിയ തുടക്കംകുറിച്ച വ്യക്തിയാണ്‌ ബ്ര. റെജി കൊട്ടാരം. പരിശുദ്ധാത്മാവിന്റെ ദര്‍ശനങ്ങളും വരങ്ങളും വളരെ ശക്തമായി ചൊരിയപ്പെട്ട വ്യക്തിത്വമാണ്‌. ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലേയും ജനങ്ങള്‍ പ്രത്യേകിച്ച്‌, പുതിയ തലമുറയ്‌ക്കും യുവജനങ്ങള്‍ക്കും ഇന്നും എന്നും ജീവിക്കുന്നവനായ ദൈവത്തിന്റെ ശക്തമായ സ്‌പര്‍ശനവും, ദൈവാനുഭവവും, സൗഖ്യവും ബ്ര. റെജി കൊട്ടാരത്തിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.

പരിശുദ്ധ കത്തോലിക്കാ സംഗീതത്തിനു വേറിട്ട മാനം നല്‍കിയ വ്യക്തിയാണ്‌ പീറ്റര്‍ ചേരാനല്ലൂര്‍. സംഗീതം ശാസ്‌ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു ചെയ്‌ത 750-ഓളം പാട്ടുകളും എല്ലാം തന്നെ ജനഹൃദയങ്ങളെ ദൈവത്തിലേക്ക്‌ അടുപ്പിക്കാനും പരിശുദ്ധ കത്തോലിക്കാ സഭയ്‌ക്ക്‌ അനുഗ്രഹമാകാന്‍ കഴിഞ്ഞ പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ ഇദ്ദേഹവും പെസഹാ ടീമിനൊപ്പമുണ്ട്‌. ഇദ്ദേഹമാണ്‌ മ്യൂസിക്‌ മിനിസ്‌ട്രിക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. ഇദ്ദേഹത്തോടൊപ്പം ഷാലോം യു.എസ്‌.എയുടെ പ്രശസ്‌ത കീബോര്‍ഡ്‌ പ്ലെയറും, പാട്ടുകാരനുമായ ബിജു മലയാറ്റൂരുമുണ്ട്‌. ഇംഗ്ലീഷ്‌ യൂത്ത്‌ സെഷന്റെ സംഗീതം സംഗീതം നയിക്കുന്നത്‌ കീബോര്‍ഡ്‌ വായിക്കുകയും അതോടൊപ്പം പാടുകയും ചെയ്യുന്ന ലോസാഞ്ചലസിലുള്ള ജോസഫും വിര്‍ജീനിയയില്‍ നിന്നുള്ള പോള്‍വിനും ആണ്‌. ഇവര്‍ രണ്ടുപേരും യുവജനങ്ങള്‍ക്കിടയില്‍ വളരെ സജീവമായി തങ്ങളുടെ കഴിവുകള്‍ പങ്കുവെയ്‌ക്കുന്നവരാണ്‌.

പെസഹായുടെ മറ്റൊരു വലിയ സവിശേഷത ധ്യാനത്തിനു മുമ്പുള്ള തിങ്കള്‍, ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇടവകയിലെ വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, ഫാമിലി-യൂത്ത്‌-ടീനേജ്‌ ഗ്രൂപ്പുകള്‍, മിനിസ്‌ട്രീസ്‌ (നേഴ്‌സസ്‌, എന്‍ജിനീയേഴ്‌സ്‌, ബിസിനസ്‌) മറ്റ്‌ സംഘടനാ കൂട്ടായ്‌മകള്‍ എന്നീയിടങ്ങളിലേക്ക്‌ ഇറങ്ങി ചെന്നുകൊണ്ടുള്ള ഫീല്‍ഡ്‌/ഗ്രൗണ്ട്‌ ലെവല്‍ ഇവഞ്ചലൈസേഷന്‍ ആണ്‌. ഇടദിവസങ്ങളില്‍ രോഗീസന്ദര്‍ശനം, മനസ്സിനെ തൊട്ടുണര്‍ത്തുന്ന കൗണ്‍സിലിംഗ്‌, ദേവാലയ ഗായസംഘത്തിനു ആത്മീയ പരിശീലനം, കുടുംബ- വ്യക്തിജീവിതത്തില്‍ തകര്‍ച്ച നേരിടുന്നവര്‍ എന്നിവിടങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഡോര്‍ ടു. ഡോര്‍ ഇവാഞ്ചലൈസേഷനാണ്‌. ഇതിനുള്ള പ്രചോദനം ഫ്രാന്‍സീസ്‌ പാപ്പ അടുത്തകാലത്ത്‌ പറഞ്ഞ ശ്രദ്ധേയമായ വാക്കുകളാണ്‌. `പുറത്തുള്ള തൊണ്ണൂറ്റി ഒമ്പത്‌ കുഞ്ഞാടുകളെ തേടി പോയി കണ്ടുപിടിച്ച്‌ തിരിച്ച്‌ നല്ല ഇടയന്റെ (ദൈവ കുഞ്ഞാടിന്റെ) അടുത്തേക്ക്‌ കൊണ്ടുവരേണ്ട സമയമായി'. യുവാക്കള്‍ക്ക്‌ പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. കൗണ്‍സിലിംഗ്‌, രോഗികള്‍ക്കുവേണ്ടിയുള്ള സൗഖ്യവിടുതല്‍ ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുടുംബങ്ങളുടെ അവിഭാജ്യഘടകമായ ദേവാലയത്തെ അടിസ്ഥാനപ്പെടുത്തിയ നോമ്പുകാല ഇടവക ധ്യാനം `പെസഹാ 2014' മാര്‍ച്ച്‌ 10 മുതല്‍ 13 വരെയാണ്‌.
ജിസ്‌ ജേക്കബ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.