You are Here : Home / USA News

മരണ നിരക്കില്‍ കുറവില്ല, ന്യൂവാര്‍ക്കില്‍ സൈന്യം സഹായത്തിന്

Text Size  

Story Dated: Thursday, April 16, 2020 12:06 hrs UTC

 (ജോര്‍ജ് തുമ്പയില്‍)
 
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം ബുധനാഴ്ച 3,156 ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 2,997 പേരെക്കാള്‍ കൂടുതലാണിത്. സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകള്‍ 71,030 ആയി ഉയര്‍ന്നതായി സംസ്ഥാന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,625 പുതിയ പോസിറ്റീവ് ടെസ്റ്റുകളും 351 പുതിയ മരണങ്ങളും ഉള്‍പ്പെടുന്നതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ മരണങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഈസ്റ്റര്‍ വാരാന്ത്യത്തില്‍ സംഭവിച്ചതാണെന്നും മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ കാലതാമസമാണ് ഇപ്പോഴത്തെ വലിയ സംഖ്യയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 71,030 കേസുകളില്‍ 54,000 രോഗബാധിതരെയാണ് ഏപ്രില്‍ മാസത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 17,000 പേര്‍ രണ്ടാഴ്ചത്തെ ഇന്‍കുബേഷന്‍ കാലയളവില്‍ നിന്ന് പുറത്തുകടന്നു. സംസ്ഥാനത്ത് പോസിറ്റീവ് നിരക്ക് 44.69% ആണ്.
 
ചൊവ്വാഴ്ച രാത്രി രാത്രി 10 വരെ 8,270 രോഗികളെ വൈറസ് ബാധിച്ച് വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിചരണത്തിലുള്ള 1,980 രോഗികളും വെന്റിലേറ്ററുകളില്‍ 1,705 പേരും ഇതില്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ഉള്ളതായി കണ്ടെത്തിയ 6,300 രോഗികളെ ഏപ്രില്‍ 4 മുതല്‍ ന്യൂജേഴ്‌സിയിലെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജൂഡിത്ത് പെര്‍സില്ലി പറഞ്ഞു.
 
യുഎസ് ആര്‍മി രക്ഷയ്ക്ക്
 
 
കൊറോണക്കെതിരായ പോരാട്ടത്തിനിടെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന ന്യൂവാര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ആര്‍മിയില്‍ നിന്ന് സഹായം. കരസേനയുടെ അര്‍ബന്‍ ആഗ്മെന്റേഷന്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായ എണ്‍പത്തിയഞ്ച് മെഡിക്കല്‍ പ്രൊഫഷണലുകള്‍ ആശുപത്രിയിലെ ക്ലിനിക്കല്‍ സ്റ്റാഫുകളെ സഹായിക്കും. 13 ഡോക്ടര്‍മാര്‍, അഞ്ച് ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍, 13 നഴ്‌സുമാര്‍, നാല് റെസ്പിറ്റോറി തെറാപ്പിസ്റ്റുകള്‍, 16 മെഡിക്‌സ്, എട്ട് ഫാര്‍മസിസ്റ്റുകള്‍, 18 മെഡിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുകള്‍, എട്ട് അഡ്മിനിസ്‌ട്രേഷന്‍, സപ്ലൈ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരടങ്ങുന്നതാണ് സംഘം. 250 കിടക്കകളുള്ള ആശുപത്രിക്കു തുല്യമായ പരിചരണം നല്‍കാന്‍ ഈ 85 മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംഘത്തിന് കഴിവുണ്ടെന്ന് സേനയുടെ പ്രസ്താവനയില്‍ പറയുന്നു.
 
ഈ പ്രതിസന്ധി ഘട്ടത്തില്‍ ധീരരും പ്രഗത്ഭരുമായ സൈനികരെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനു വിട്ടു കൊടുത്തതിന് അമേരിക്കന്‍ സൈന്യത്തിനും യുഎസ് പ്രതിരോധ വകുപ്പിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും സൈന്യത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സേവനമേറെ സഹായിക്കുമെന്നും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ പ്രസിഡന്റും സിഇഒയുമായ ഡോ.ഷെരീഫ് എല്‍നഹാല്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തുടനീളം പത്ത് അര്‍ബന്‍ ആഗ്മെന്റേഷന്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സുകളാണുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചേരുന്ന ഗ്രൂപ്പ് ടെന്നസിയിലെ നാഷ്‌വില്‍ ആസ്ഥാനമായുള്ള യുഎസ് ആര്‍മി റിസര്‍വ് 332-ാമത് മെഡിക്കല്‍ ബ്രിഗേഡില്‍ നിന്നുള്ളതാണ്. മറ്റ് രണ്ട് ആര്‍മി മെഡിക്കല്‍ യൂണിറ്റുകള്‍ ന്യൂജേഴ്‌സിയിലെ മറ്റ് ആശുപത്രികളിലേക്ക് വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നാലെണ്ണം ന്യൂയോര്‍ക്കിലേക്ക് പോകും.
 
വായുമലനീകരണം കോവിഡിനെ ഉയര്‍ത്തിയെന്നു പഠനം
 
ഹാര്‍വാര്‍ഡ് പൊതുജനാരോഗ്യ വിദഗ്ധരില്‍ നിന്നുള്ള പുതിയ ഗവേഷണത്തില്‍ വായു മലിനീകരണവും കോവിഡ് 19 മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ന്യൂജേഴ്‌സിയിലെ ആളുകള്‍ പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലുള്ളവര്‍ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. 2000 നും 2016 നും ഇടയില്‍ ഹാര്‍വാര്‍ഡ് പഠനം അമേരിക്കയിലെ 3,080 കൗണ്ടികളിലെ വായു മലിനീകരണ തോത് പരിശോധിക്കുകയും വായു മലിനീകരണ ഡാറ്റയെ ഓരോ കൗണ്ടികളിലെയും കോവിഡ് 19 മരണസംഖ്യയുമായി താരതമ്യം ചെയ്യുകയും ചെയ്തു. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി നിയന്ത്രിക്കുന്ന ഒന്നിലധികം വായു മലിനീകരണങ്ങളില്‍ ഒന്നായ നേര്‍ത്ത കണിക മലിനീകരണത്തെ (പാര്‍ട്ടിക്കിള്‍ പൊല്യൂഷന്‍ അഥവാ പിഎം 2.5 എന്നറിയപ്പെടുന്നു) പഠനം കേന്ദ്രീകരിച്ചു.
 
ന്യൂജേഴ്‌സിയില്‍ കനത്ത വായുമലീനികരണം എക്കാലത്തും വലിയ പ്രതിസന്ധിയായിരുന്നു. ഹൈവേകളിലെ ട്രാഫിക്കില്‍ നിന്നും സംസ്ഥാനത്തുടനീളമുള്ള റിഫൈനറികളില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റി, ഫിലാഡല്‍ഫിയ, കല്‍ക്കരി ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവയില്‍ നിന്നും പതിറ്റാണ്ടുകളായി വായു മലിനീകരണവുമായി പൊരുതുകയാണ് സംസ്ഥാനം. ഇപ്പോള്‍ ഗാര്‍ഡന്‍ സ്‌റ്റേറ്റിലെ വായുവിന്റെ ഗുണനിലവാരം കുറയുന്നത് വലിയ തോതില്‍ അപകടകരമാണെന്നു കണ്ടെത്തിയിരിക്കുന്നു.
 
കണങ്ങളുടെ മലിനീകരണ വര്‍ദ്ധനവ് കോവിഡ് 19 മരണനിരക്കിന്റെ വലിയ വര്‍ദ്ധനവിന് കാരണമായി എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണം ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് കൊറോണ വൈറസില്‍ നിന്ന് കൂടുതല്‍ അപകടസാധ്യതയുണ്ട്. ഉയര്‍ന്ന അളവിലുള്ള കണിക മലിനീകരണമുള്ള ഒരു രാജ്യത്ത് വര്‍ഷങ്ങളോളം ജീവിക്കുന്ന ഒരാള്‍ക്ക് കോവിഡ് 19 മൂലം മരിക്കാനുള്ള സാധ്യത 15% കൂടുതലാണെന്ന് പഠനം കണ്ടെത്തി. 
 
നേര്‍ത്ത കണികകള്‍ വ്യക്തിയുടെ ശ്വാസകോശത്തില്‍ ആഴത്തില്‍ പതിക്കുകയും രക്തപ്രവാഹത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഇത് ഹൃദയ, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇപിഎ പറയുന്നു. തന്മൂലം കോവിഡ് 19 ഒരു രോഗബാധിതന്റെ ശ്വസനവ്യവസ്ഥയെ ആക്രമിക്കുകയും വൈറല്‍ ന്യുമോണിയയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കൊറോണ മൂലം മരണമടഞ്ഞ ന്യൂജേഴ്‌സി നിവാസികളില്‍ പകുതിയോളം പേര്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂജേഴ്‌സിയിലെ ഏറ്റവും വലിയ കണിക മലിനീകരണ സ്രോതസാണ് ഡീസല്‍ എഞ്ചിനുകള്‍. 
 
അതേസമയം, മാര്‍ച്ച് 26 ന് നടപ്പിലാക്കിയ പുതിയ ഇപിഎ നയത്തെക്കുറിച്ച് ഹാര്‍വാര്‍ഡ് ഗവേഷകര്‍ ആശങ്കകള്‍ ഉന്നയിക്കുന്നു, ഇത് പരിസ്ഥിതി നിയമങ്ങള്‍ ഏജന്‍സി എങ്ങനെ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കുന്നു. പുതിയ നയം പ്രകാരം പവര്‍ പ്ലാന്റുകള്‍, ഫാക്ടറികള്‍, മറ്റ് നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവ വായുവിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സ്വയം തീരുമാനിക്കാന്‍ അനുവദിക്കുന്നുവെന്ന് ഹാര്‍വാര്‍ഡ് ടീം പറഞ്ഞു. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് വളം നല്‍കുന്നതിനു തുല്യമാവും.
 
മലേറിയ മരുന്ന് പരീക്ഷിക്കുന്നത് തുടരുന്നു
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ ശ്രദ്ധയില്‍ പെടുത്തുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മലേറിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. 'ഗെയിം ചേഞ്ചര്‍' എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും കൊറോണ വൈറസിനെ നേരിടാന്‍ ഇത് ഫലപ്രദമാണോ എന്ന് വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. മിക്ക മരുന്നുകളെയും പോലെ, ഹൈഡ്രോക്‌സിക്ലോറോക്വിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു, അത് അപകടകരമാണ്, പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവര്‍ക്ക് ഇതു മരണ കാരണമായേക്കാം. സൗത്ത് ജേഴ്‌സിയിലെ വിര്‍ച്വല്‍ ഹെല്‍ത്തിന്റെ അഞ്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ച കൊറോണ വൈറസ് രോഗികളില്‍ 20 മുതല്‍ 50% വരെ ഈ മരുന്ന് കൊടുക്കുന്നുണ്ടെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ ഉദ്യോഗസ്ഥനായ ഡോ. മാര്‍ട്ടിന്‍ ടോപിയല്‍ പറഞ്ഞു. 
 
വൈദ്യശാസ്ത്രത്തിന്റെ ഗുണം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഈ മരുന്നിനെ മൂല്യവത്തായി കാണുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പ്രതീക്ഷിച്ചപോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്ന് ടോപിയല്‍ പറഞ്ഞു. ഹഡ്‌സണ്‍ കൗണ്ടിയിലെ ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ എത്തുന്ന പോസിറ്റീവ് ആയ എല്ലാ രോഗികള്‍ക്കും ഈ മരുന്നു നല്‍കുന്നുണ്ടെന്നും ശുഭാപ്തിവിശ്വാസമാണ് ഉള്ളതെന്നും ഡോ. നരേഷ് പട്ടേല്‍ പറഞ്ഞു.
 
ന്യൂജേഴ്‌സിയിലെ റട്‌ജേഴ്‌സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഈ മരുന്നിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി വരുന്നു. ഈ ശ്രമം അതിവേഗം ട്രാക്കുചെയ്യുന്നുണ്ട്. ജൂണ്‍ തുടക്കത്തോടെ ഫലങ്ങള്‍ കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മേല്‍നോട്ടം വഹിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ഡോ. സ്റ്റീവന്‍ ലിബുട്ടി പറഞ്ഞു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഏറ്റവും വലിയ ഉത്പാദകരാണ് ഇന്ത്യ.
 
അതേസമയം, നിയന്ത്രണമില്ലാതെ തുടരുന്ന കോവിഡ് മരണങ്ങള്‍ മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്. അന്ത്യചുംബനം പോലും നല്‍കാനാവാതെ ഉറ്റവരെ പറഞ്ഞയക്കുന്നത് ഹൃദയഭേദകമാണ്. ഇപ്പോഴും ആരൊക്കെ ഏതൊക്കെ ആശുപത്രികളിലുണ്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ മരണമടഞ്ഞു. കോവിഡ് 19-ന്റെ കുത്തൊഴുക്കില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ മുന്നിലുണ്ടെങ്കിലും മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അധികൃതരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കണമെന്നും മാത്രം ഓര്‍മ്മിപ്പിക്കട്ടെ. വിവിധ അസോസിയേഷനുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ സ്തുത്യര്‍ഹമാണ്. മലയാളിസമൂഹം കോവിഡിനെ തോല്‍പ്പിക്കുന്ന കാര്യത്തിലും മുന്നില്‍ നില്‍ക്കും. ആരോഗ്യമേഖലയില്‍ ഒട്ടനവധി പേരാണ് കോവിഡ് ഏറ്റവും കൂടുതലുള്ള ഇരു സംസ്ഥാനങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിവിധ തുറകളില്‍ നിന്നും കൈയടി ലഭിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.