You are Here : Home / USA News

ടോണിക്കുട്ടന്റെ അമ്മയാണ് ഹീറോ….

Text Size  

Story Dated: Monday, April 13, 2020 12:19 hrs UTC

 
 അലൻ ചെന്നിത്തല
 
 
എന്റെ പ്രിയ സുഹൃത്ത് ടോം തരകന്റെ മകൻ ടോണി അമ്മക്കെഴുതിയ ഒരു കത്ത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു കണ്ടു. തൻറെ ജന്മദിനത്തിൽ  വീട്ടിൽ അമ്മ ഒപ്പം ഇല്ലാതെ പോയതിന്റെ നോവും നൊമ്പരവും പതിനൊന്നുകാരൻ ആ കത്തിൽ പകർത്തി. കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഫ്രാൻസിസ്കോയിയ്‌ക്കു സമീപമുള്ള മാൻടെക്ക സിറ്റിയിലാണ് മാധ്യമ പ്രവർത്തകനും ബിസിനസുകാരനുമായ ടോം തരകൻ താമസിക്കുന്നത്. തൊട്ടടുത്ത സിറ്റിയായ മൊഡസ്റ്റോയിലെ പ്രസിദ്ധമായ കൈസർ പെർമനന്റെയിലെ സീനിയർ രജിസ്റ്റേർഡ് നേഴ്സ് ആണ് ഭാര്യ ജൂലി ടോം തരകൻ. 
 
നമ്മുടെ നാട് ഇന്ന് നേരിടുന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ  ഉള്ള പോരാട്ടത്തിൽ സ്വന്തം ജീവൻ പോലും തൃണൽവൽക്കരിച്ചു കൊണ്ടു പോരാടുന്ന ആരോഗ്യപ്രവർത്തക. 'ഹൈ റിസ്ക് ഫാമിലി' എന്നാണ് ഇത്തരം അവശ്യ ജീവനക്കാരുടെ കുടുംബങ്ങളെ വിളിക്കുന്നത്. ഇത്തരം അപടകരമായ കാലയളവിൽ അമിതമായ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും ജോലിയിൽ ഉണ്ട്, അത് കഴിഞ്ഞു വീട്ടിലെത്തിയാലും അത് തുടരേണ്ട അവസ്ഥയാണ്. കുടുംബത്തിൽ അംഗങ്ങൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് ഒഴിവാക്കുക, അവർ ഉപയോഗിക്കുന്ന പാത്രങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. 
 
 
ഇതുപോലെയുള്ള അനേകായിരം അമ്മമാർ സ്വന്തം കുഞ്ഞുങ്ങളേയും കുടുബത്തേയും മാറ്റിനിർത്തി, ഒരുപക്ഷേ സ്വന്തം വീട്ടിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് അതല്ലെങ്കിൽ മറ്റൊരിടത്ത്‌ ഒറ്റപ്പെട്ടു കഴിഞ്ഞുകൊണ്ട് ഈ നാടിൻറെ അതിജീവനത്തിനായുള്ള യുദ്ധത്തിലാണ്‌. വേറെ മാറി താമസിക്കുമ്പോൾ ആഴ്ചയിലെ മൂന്നോ നാലോ ദിവസത്തെ ജോലികഴിഞ്ഞാൽ ബാക്കി സമയങ്ങളിൽ പിരിമുറുക്കമില്ലാതെ വിശ്രമിക്കാം ഒപ്പം കുടുംബത്തിന്റേയും മറ്റുള്ളവരുടെയും സൂരക്ഷയും ഉറപ്പാക്കാം. അതുകൊണ്ടാണ് ഞങ്ങളെ പോലുള്ള ആരോഗ്യ പ്രവർത്തകർ മാറി താമസിക്കാൻ നിർബന്ധിതരാകുന്നത്  എന്ന് ജൂലി  തരകൻ  പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ അഭാവം മൂലം ടോമിന്റെ പ്രിന്റിംഗ് & പബ്ലിഷിംഗ് ബിസിനസ് സ്ഥാപനം നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഇനി സെപ്റ്റംബറിൽ ചൈനയിൽ നിന്നും എത്തുന്ന ഷിപ്മെന്റിൽ പ്രതീക്ഷയർപ്പിച്ചിരിക്കയാണ് അദ്ദേഹം. ഇത് യഥാർഥത്തിൽ അനുഗ്രഹമായി. ജീവിതത്തിൽ ഇന്നേ വരെ പാചകം ചെയ്യാത്ത ഇതേപോലുള്ള പിതാക്കന്മാർക്കു പാചക പരിശീലനത്തിനുള്ള വേദിയാണിപ്പോൾ വീടുകൾ.
 
ഈ നാട്ടിൽ ആരോഗ്യ പ്രവർത്തകരെ കരുതുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നപോലെ ലോകത്തു ഒരിടത്തും ചെയ്യുന്നുണ്ടാകില്ല. പലരും അവർക്ക് മാറി താമസിക്കാനായി അവരുടെ ആർ. വി. (കാരവാൻ)കൾ ഈ കാലയളവിലേക്ക് സൗജന്യമായും മിതമായ നിരക്കിലുമൊക്കെ വാടകയ്ക്ക് നൽകുന്നുണ്ട്.  മാൻടെക്ക സിറ്റിയിലെ ഒരു വെള്ളക്കാരിയാണ് വളരെ തുച്ഛമായ നിരക്കിൽ അവരുടെ മനോഹരമായ ഒരു വീട് ജൂലിക്ക് മാറി താമസിക്കാൻ നൽകിയിരിക്കുന്നത്. അമേരിക്കയിലെ ഹോട്ടലുകളും ഇപ്പോൾ വളരെ തുച്ഛമായ നിരക്കിലും ചില പ്രദേശങ്ങളിൽ സൗജന്യമായും ആരോഗ്യ പ്രവർത്തകർക്ക് താമസം ഒരുക്കുന്നുണ്ട്. 
 
കോസ്കോ, വാൾമാർട് പോലെയുള്ള സ്ഥാപനങ്ങളിൽ നിയന്ത്രിച്ചു മാത്രമേ അകത്തേക്ക് ആളുകളെ കടത്തി വിടാറുള്ളൂ,  നിശ്ചിത അകലത്തിൽ ഈ സ്ഥാപങ്ങളുടെ മുന്നിൽ നീണ്ട ക്യൂ ഇവിടങ്ങളിൽ കാണാം, എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ക്യൂ ഇല്ലാതെ അകത്തു കയറുവാൻ സാധിക്കും. ഏകദേശം പതിനഞ്ചു ഡോളർ മണിക്കൂറിന് അധികമായി 'ഹസാർഡ് ഗ്രാൻഡ്' എന്ന പേരിൽ നൽകുന്നുണ്ട്. ഇത് ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല പോലീസ്, ഫയർ എന്ന് വേണ്ട അവശ്യ ജീവനക്കാർക്ക് എല്ലാം ഇത് ലഭിക്കും. 
 
മാത്രമല്ല അമേരിക്കയിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും ആയിരം ഡോളർ വീതമാണ് പ്രതിമാസം സർക്കാർ ഈ കാലയളവിൽ നൽകുന്നത്. കുടുംബങ്ങളിൽ നിന്ന് മാറി താമസിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ചെലവും ഇപ്പോൾ അവരുടെ സ്ഥാപനങ്ങൾ നൽകുന്നു. ആദ്യ ഘട്ടങ്ങളിലൊക്കെ മാസ്ക് പോലെയുള്ള സംരക്ഷണ വസ്തുക്കൾക്ക് ഇത്തിരി ക്ഷാമം ഉണ്ടായിരുന്നു എന്നാൽ സർക്കാരിന്റെയും സംഘടനകളുടേം ഇടപെടലുകൾ മൂലം അത് നീങ്ങിത്തുടങ്ങി, എന്നാൽ മുൻപുണ്ടായിരുന്ന പോലെയുള്ള ധാരാളിത്തം ഇപ്പോഴില്ല എന്ന് ജൂലി തരകൻ പറഞ്ഞു.
 
ഇടക്കിടെ മക്കളെ കൊണ്ട് പോയി ദൂരെ നിർത്തി അമ്മയെ കാണിക്കുമെന്ന് ടോം പറഞ്ഞു. സ്വന്തം അമ്മയെ ദൂരെ നിന്ന് കണ്ട് വാവിട്ടു കരയുന്ന ഒരു പെൺകുഞ്ഞിന്റെ രൂപം സോഷ്യൽ മീഡിയയിൽ കണ്ടത് മനസ്സിൽ നിന്ന് മായുന്നില്ല. ജന്മദിനത്തിൽ ഒരു മുത്തം നൽകാൻ അമ്മയും അമ്മയുടെ ഒരു ആശ്ശ്ളേഷം വാങ്ങാൻ ടോണിക്കുട്ടനും വെമ്പി. എന്ത് ചെയ്യാൻ?  ടോണിക്കുട്ടന്റെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നത് ഈറൻ കണ്ണുകളോടെയാണ് ജൂലി ഫേസ്ടൈമിലൂടെ കണ്ടത്. ഇവരാണ് നമ്മുടെ ഹീറോസ്, ഇവരുടെ ആത്മ സമർപ്പണത്തിനു മുൻപിൽ തോൽക്കാത്ത ഒന്നുമില്ല. ഈ സമയവും കഴിഞ്ഞു പോകും, അമേരിക്ക ആർജ്ജവത്തോടെ മടങ്ങി വരികതന്നെ ചെയ്യും. ടോണിക്കുട്ടന്മാരുടെ അമ്മമാർ മക്കളുടെ അടുക്കൽ മടങ്ങി എത്താൻ നമുക്കെന്ത് ചെയ്യാൻ കഴിയും, നാം വീടുകളിൽ ഇരിക്കുക....നാടിൻറെ നന്മക്ക്... നാട്ടാരുടെ നന്മക്ക്. 
 
ഹെൽത്ത് കെയർ ഹീറോസ് - ടോണിക്കുട്ടന്മാരുടെ അമ്മമാർക്ക് ഒരു  ബിഗ് സല്യൂട്ട്.
 
ഫേസ്ബുക്പോസ്റ്റിന്റെ ലിങ്ക്:
 
 
https://www.facebook.com/100005970855147/posts/1483426675199680/?d=n

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.