You are Here : Home / USA News

പുതിയ പദ്ധതികളുമായി എഞ്ചിനീയര്‍മാരുടെ കുടുംബമേള അരങ്ങേറി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, November 16, 2013 12:50 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത്ഈസ്റ്റ് അമേരിക്കയിലെ മലയാളി ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ സംഘടനയായ കീനിന്റെ (KEAN) ഈ വര്‍ഷത്തെ കുടുംബമേള ന്യൂജെഴ്‌സിയിലെ റോഷേല്‍ പാര്‍ക്കിലുള്ള റമദ ഇന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധങ്ങളായ പരിപാടികളോടെ അരങ്ങേറി. കുടുംബ മേളയ്ക്ക് മുന്നോടിയായി നടന്ന പൊതുസമ്മേളനത്തില്‍ കീന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ന്യൂജെഴ്‌സി സ്‌റ്റേറ്റ് ഡപ്യൂട്ടി സ്പീക്കര്‍ ഉപേന്ദ്ര ചിവുക്കുള മുഖ്യാതിഥിയായിരുന്നു. ആന്റോ ആന്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. കീനിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തുകൊണ്ട് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് സംസാരിച്ചു. കീനിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍കൂടി 2013ല്‍ ഗ്രാജ്വേറ്റ് ചെയ്ത 12 കുട്ടികളെ അനുമോദിക്കുകയും ഇപ്പോള്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന 30 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടുന്ന ധനസഹായങ്ങള്‍ ചെയ്യുന്ന എല്ലാവരേയും അഭിനന്ദിക്കുകയും ചെയ്തു. കീന്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി, മാര്‍ഗ്ഗദര്‍ശന കര്‍മ്മപരിപാടി, നെറ്റ്‌വര്‍ക്കിംഗ് പ്രോഗ്രാം, തുടങ്ങിയ മഹനീയ പ്രവര്‍ത്തനങ്ങളെ ഉപേന്ദ്ര ചിവുക്കുളയും ആന്റോ ആന്റണിയും മുക്തകണ്ഠം പ്രശംസിക്കുകയും ഈ ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ചെറിയാന്‍ പൂപ്പള്ളി, സ്റ്റുഡന്റ് ഔട്ട്‌റീച്ച് ചെയര്‍ ഷാജി കുരിയാക്കോസ് തുടങ്ങിയവര്‍ കീന്‍ പുതുതായി ആരംഭിച്ച 'ജോബ് നെറ്റ്‌വര്‍ക്കിംഗ്' ഗ്രൂപ്പിനെക്കുറിച്ച് വിശദീകരിച്ചു.

 

 

കീന്‍ എഞ്ചിനീയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായ മോഹന്‍ പാലത്തിങ്കലിനെ ജയ്‌സണ്‍ അലക്‌സ് സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും, ആന്റോ ആന്റണി എം.പി.യും, കീന്‍ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും ചെര്‍ന്ന് ഫലകം നല്‍കി ആദരിക്കുകയും ചെയ്തു. സമൂഹത്തില്‍ അറിയപ്പെടുന്ന നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യം കുടുംബമേളയുടെ പ്രൗഢി വിളിച്ചോതി. സമൂഹത്തിന്റെ വിവിധ തുറകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിക്കുന്ന നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ കുടുംബ മേളയില്‍ സംബന്ധിച്ചു. സമ്മേളനത്തില്‍ സോഫിയ ചിറയില്‍ അമേരിക്കന്‍ ദേശീയ ഗാനവും, സോഫിയയും ജോസഫ് ചിറയിലും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. സോമി പോള്‍, സോഫിയ, ജോസഫ്, അനു ജോസഫ്, എലിസബത്ത് വര്‍ഗീസ്, മേരി അലക്‌സ്, സാം ചാക്കോ എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. കീന്‍ പബ്ലിക്കേഷന്‍ ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറിയുടെ നേതൃത്വത്തില്‍ കീനിന്റെ ചരിത്രമുള്‍ക്കൊള്ളുന്ന ലഘുലേഖയുടെ പ്രകാശന കര്‍മ്മവും തദവസരത്തില്‍ നടന്നു. പൊതുസമ്മേളനത്തിനു ശേഷം പ്രശസ്ത ഗായകരായ തഹസീന്‍ മുഹമ്മദ്, ശാലിനി രാജേന്ദ്രന്‍, മനോജ് കൈപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള സദസ്യരെ കോരിത്തരിപ്പിച്ചു. സബ്രീന അലക്‌സ്, അനു ജോസഫ് എന്നിവരായിരുന്നു എം.സി.മാര്‍. സെക്രട്ടറി കോശി പ്രകാശ് സ്വാഗതവും കള്‍ച്ചറല്‍ ഇവന്റ് ചെയര്‍മാന്‍ എല്‍ദോ പോള്‍ നന്ദിയും പ്രകടിപ്പിച്ചു. പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്റര്‍മാരായി ന്യൂജെഴ്‌സി റീജനല്‍ പ്രസിഡന്റ് ജയ്‌സണ്‍ അലക്‌സും എല്‍ദോ പോളും പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.