You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം ഉജ്വലമായി

Text Size  

Story Dated: Sunday, September 15, 2019 06:34 hrs UTCന്യൂയോര്‍ക്ക്: ക്യൂന്‍സ് ഗ്ലെന്‍ ഓക്‌സ് സ്കൂളില്‍ നടത്തിയ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓണാഘോഷം ഉജ്വലമായി.

കെ.സി.എ.എന്‍.എ പ്രസിഡന്റ് അജിത് കൊച്ചുകുടിയില്‍ എബ്രഹാമിന്റെ പത്‌നി ജയ വര്‍ഗീസ് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഓണപ്പൂക്കളം, ചെണ്ടമേളം മഹാബലി എഴുന്നള്ളിപ്പ്, വിഭവ സമൃദ്ധമായ ഓണസദ്യ, തിരുവാതിര, ചാക്കിയാര്‍കൂത്ത്, കലാസാംസ്കാരിക സംഗീത നൃത്യനാട്യ പരിപാടികള്‍ എന്നിവ ഹ്രുദ്യമായി.

വിവിധ സാമൂഹ്യ സാംസ്കാരിക മത സംഘടനകളുടെ അംഗങ്ങള്‍ തുടങ്ങി ധാരാളം ആളുകള്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റര്‍മാരായ അന്ന കാപ്‌ളാന്‍, ജോണ്‍ ലു, കോണ്‍സല്‍ ദേവദാസന്‍ നായര്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രാഹം, ഫൊക്കാന, ഫോമാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടറി രാജു എബ്രഹാം സ്വാഗത പ്രസംഗം നടത്തി. അജിത് കൊച്ചുകുടിയില്‍ അബ്രാഹം അസോസിയേഷന്റെ പ്രവര്‍ത്തങ്ങള്‍ വിവരിച്ചു. അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ജോസ് ജോസഫ് മെമ്മോറിയല്‍ മലയാളം സ്കൂള്‍, സാഹിത്യ വിചാരവേദി, സീനിയര്‍സ് ക്ലബ്, മലയാളം ലൈബ്രറി, ചെണ്ടമേളം ക്ലബ്, അടുത്ത് തന്നെ ആരംഭിക്കുവാന്‍ തുടങ്ങുന്ന ഗാനസന്ധ്യ എന്നിവയുടെ കോര്‍ഡിനേറ്റര്‍മാരുടേപ്രവര്‍ത്തനങ്ങളെഅഭിനന്ദിച്ചു. യുവതലമുറയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണു ഇപ്പോള്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോമാ വിമെന്‍സ് ഫോറം നടത്തി വരുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കെ സി എ എന്‍ എ യുടെ സംഭാവനയായ 1001 ഡോളര്‍ ചെക്ക് അജിത്‌ചെയര്‍പേഴ്‌സണ്‍രേഖ നായര്‍ക്ക് കൈമാറി. അസോസിയേഷന്‍ കമ്മിറ്റി, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, മുന്‍ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, മറ്റു ഫോമാ ഭാരവാഹികള്‍ എന്നിവര്‍ സാന്നിഹിതരായിരുന്നു.

ഫൊക്കാന ഭവനം പദ്ധതിയിലേക്ക് ഒരു ഭവനം സ്‌പോണ്‍സര്‍ ചെയ്യുവാന്‍ വേണ്ടുന്ന തുകയും കെ സി എ എന്‍ എ. ഈ വര്‍ഷം തന്നെ സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പ്രളയ ദുരിതാശ്വാസത്തിനു വേണ്ടി ഓണാഘോഷം റദ്ദു ചെയ്തും ഫണ്ട്‌റൈയ്‌സിംഗ് നടത്തിയും കേരള ഗവണ്മെന്റിനു 10000 ഡോളര്‍ സമാഹരിച്ചു നല്‍കിയിരുന്നു.

കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായ ശബരിനാഥ് നായര്‍, മേരിക്കുട്ടി മൈക്കിള്‍, വിന്‍സെന്റ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ വര്‍ണ്ണാഭമായി. വേദികളില്‍ സുപരിചിതയായ ഷെറിന്‍ എബ്രഹാം, മേരിക്കുട്ടി മൈക്കിള്‍ എന്നിവര്‍ എം.സിമാരായിരുന്നു.

ഗാനാലാപനം കൂടാതെ സൗണ്ട് ആന്‍ഡ് ലൈറ്റും കൈകാര്യം ചെയ്തു ശബരിനാഥ് നായര്‍ വീണ്ടും മിഴിവ് തെളിയിച്ചു. ജൂബി ജോസ് വെട്ടം ആണ് സൗണ്ട് ആന്‍ഡ് ലൈറ്റിന് ശബരിനാഥിനെ സഹായിച്ചത് .

മഹാബലി വേഷം തനതായ ശൈലിയില്‍ അവതരിപ്പിച്ചു ജോയിന്റ് സെക്രട്ടറി കൂടിയായ അപ്പുക്കുട്ടന്‍ പിള്ള പരിപാടികളുടെ നിറം കൂട്ടി. കെ സി എ എന്‍ എ യുടെ സ്വന്തം ചെണ്ട ക്ലബ് നടത്തിയ ചെണ്ട മേളം കാഴ്ചക്കാരെ മേളക്കൊഴുപ്പിന്റെ ഉത്തുംഗ ശൃംഗത്തില്‍ എത്തിച്ചു. യുവകലാകാരന്മാരുടെ സോളോയും, സംഘ നൃത്തങ്ങളും ശാസ്ത്രീയ നൃത്തങ്ങളും ഗാനങ്ങളും ഗസലും കലാഭവന്‍ ജയന്റെ ചാകിയാര്‍കൂത്തും അസോസിയേഷന്‍ അംഗങ്ങളുടെ തിരുവാതിയും, കൊയ്ത്തു പാട്ടും എല്ലാം ഓണാഘോഷത്തെ വര്‍ണശബളമാക്കി.

ഓണസദ്യക്കു നേതൃത്വം നല്‍കിയത് ശ്രീ രഘുനാഥന്‍ നായരും സാമുവേല്‍ മത്തായി, റിനോജ് ജോര്‍ജി കൊരുത് എന്നിവരുമാണ്. കെ സി എ എന്‍ എ അംഗങ്ങള്‍ തന്നെ സ്വന്തം വീടുകളിലും മറ്റുമായി പാകപ്പെടുത്തിയ ഭക്ഷണവുമായി ക്യുന്‍സിലെ ആദ്യത്തെ ഓണം അതിഗംഭീരമായി.

സമ്മാനങ്ങളുമായി ഓണം റാഫിള്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ കൂടിയായ വര്‍ഗീസ് ചുങ്കത്തില്‍, ലതിക നായര്‍, അലന്‍ അജിത് എന്നിവരുടെ നേതൃത്വത്തില്‍ ആകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡും മറ്റു സമ്മാനങ്ങള്‍ ( ഒന്നാം സമ്മാനം) ക്യാഷ് അവാര്‍ഡ് 200 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോണ്‍സണ്‍ ഡാനിയേല്‍ (Bethpage Federal Credit Union Mortgage Officer), 2nd prize $150 ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത് വിനോദ് കിയാര്‍കെ (Attorney at tem), 3rd പ്രിസി 10 മൂവി ടിക്കറ്റ്‌സ് സ്‌പോണ്‍സര്‍ ചെയ്തത് Saiphy (യൂണിവേഴ്‌സല്‍ മൂവീസ്) എന്നിവരാണ്.വൈസ് പ്രസിഡന്റ് കോമളന്‍ പിള്ള നന്ദി പറഞ്ഞു.

അസോസിയേഷന്‍ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണ സഹകരണത്തോടെ നടത്തിയ ഓണപ്പരിപാടികള്‍ വളരെ ഗംഭീരമായിരുന്നു എന്ന് പ്രസിഡന്റ് അജിത്, സെക്രട്ടറി രാജു അബ്രാഹം, ട്രഷറര്‍ ജോര്‍ജ് മാറാച്ചേരില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.