You are Here : Home / USA News

ചിക്കാഗോ ഗീതാമണ്ഡലം രാമായണ പാരായണ പര്യവസാനവും, ലക്ഷാര്‍ച്ചനയും സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, August 21, 2019 03:37 hrs UTC

ചിക്കാഗോ: കര്‍ക്കിടക ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഭാഗവത തിലകം ഡോക്ടര്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തി ആയി.

നോര്‍ത്ത് അമേരിക്കയില്‍ ഇത് രണ്ടാം തവണയാണ് ഒരു ഹൈന്ദവ സംഘടന, രാമായണ പാരായണത്തോടൊപ്പം ഇത്ര വിപുലമായ രീതിയില്‍ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിക്കുന്നത്. രാമായണം പാരായണം, ദിവ്യമായ ശ്രീ രാമ പട്ടാഭിഷേക  പുണ്യമുഹൂര്‍ത്തത്തില്‍ എത്തിയപ്പോള്‍ പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു മന്ത്രഘോഷത്താല്‍ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്ന് ശ്രീ സജി പിള്ളയുടെയും, ശ്രീമതി രശ്മി മേനോന്റെയും നേതൃത്വത്തില്‍ നടന്ന ശ്രീരാമചന്ദ്ര കീര്‍ത്തനങ്ങള്‍ക്കു ശേഷം ഈ വര്‍ഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയില്‍ എത്തി.

രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും സംസ്കാരങ്ങളില്‍ പ്രതിഫലിച്ചുകാണാം എന്നും ധര്‍മ്മാധര്‍മ്മങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സൃഷ്ടികള്‍ ലോക സാഹിത്യത്തില്‍ വിരളമാണ് എന്ന് ഭഗവതതിലകം ഡോക്ടര്‍ മണ്ണടി ഹരി അഭിപ്രായപ്പെട്ടു. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്ശിപ്പിക്കുന്ന മനുഷ്യനായ രാമന് ആവിഷ്കരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം എന്ന് ശ്രീ. അപ്പുകുട്ടന്‍ കാലാക്കലും , ഏതു പ്രലോഭനത്തിന്റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‌പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമന്‍, ശ്രീരാമനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തില്‍ തന്നെ വിരളമായേ കണ്ടെത്താനാകു, അതുപോലെ ഭാരതീയ ആദര്ശ സ്ത്രീത്വത്തിന്റെ അവസാനവാക്കായി നമ്മുക്ക് കാണുവാന്‍ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാല്‍ അവര്‍ എല്ലാം തന്നെ ആദര്ശത്തിന്റെ മൂര്‍ത്തീഭാവമാണ് എന്ന് കാണാം എന്ന് സ്പിരിച്യുല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീ ആനന്ദ് പ്രഭാകറും അഭിപ്രായപ്പെട്ടു.

പ്രധാന പുരോഹിതന്‍   ശ്രീ ബിജു കൃഷ്ണനും, രാമായണ പാരായണം സ്‌പോണ്‌സര്‍ ചെയ്ത എല്ലാവര്‍ക്കും, രാമായണം മഹോത്സവം ഒരു വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും സെക്രട്ടറി ബൈജു എസ് മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. ആഗസ്‌റ്  30 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുന്ന കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്‍ ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാ കുടുംബാംഗങ്ങളെയും ന്യൂ ജേഴ്‌സി യിലേക്ക് സ്വാഗതം ചെയ്യുന്നതായി   ജോയിന്റ്  സെക്രട്ടറി ശ്രീ ബിജു കൃഷ്ണന്‍ അറിയിച്ചു. മഹാ അന്നദാന ചടങ്ങോടെ ഈ വര്‍ഷത്തെ രാമായണപാരായണം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.