You are Here : Home / USA News

'എങ്ങനെ നിന്നെ മറക്കുമെന്ന്' രാഘവന്‍ മാസ്റ്റര്‍ സംഗീത ഗ്രാമത്തില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, November 12, 2013 11:26 hrs UTC

ഫിലഡല്‍ഫിയ: മലയാളത്തിന്റെ തനതു രാഗശീലങ്ങളുടെ രാജശില്പിയായ കെ. രാഘവന്‍ മാസ്റ്ററുടെ സ്മരണയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനാഘോഷങ്ങളെ ശ്രദ്ധാഞ്ജലിയാക്കി. ''കെ രാഘവന്‍ മാസ്റ്റര്‍ സംഗീത ഗ്രാമത്തില്‍'' ''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്'' എന്ന പ്രമേയവുമായി നടത്തിയശ്രദ്ധാഞ്ജലി ഫിലഡല്‍ഫിയയിലെ മലയാള ചിന്താവേദിയായ ''നാട്ടുക്കൂട്ടം'' രക്ഷാധികാരി ഫാ. എം. കെ. കുര്യാക്കോസ് തിരിയിട്ടുദ്ഘാടനം ചെയ്തു. ആഢ്യപാരമ്പര്യത്തിന്റെ ഇടുക്കത്തില്‍ നിന്ന് ജനായത്തത്തിന്റെ വിശാലഹൃദയത്തിലേക്ക് മലയാള സംഗീത ശാഖയെ ആനയിക്കാന്‍ കെ. രാഘവന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു എന്ന്കുര്യാക്കോസച്ചന്‍ പറഞ്ഞു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ബോബീ ജെക്കബ് സ്വാഗതവും ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു.

 

കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതോപാസനാ ജീവിതത്തിന്റെയും പ്രശസ്തമായ നാടക ചലച്ചിത്ര ഗാനങ്ങളുടെയും ചീന്തുകള്‍ അടുക്കി മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമഡയറക്ടര്‍ ജോര്‍ജ് നടവയല്‍ ആമുഖം അവതരിപ്പിച്ചു. ''നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്'' എന്ന പി. ഭാസ്‌കര രചനയ്ക്ക് രാഘവന്‍ മാസ്റ്റര്‍ നല്കിയ സംഗീതം ആഗോള മലയാളിയുടെ ആന്തരീക വ്യക്തിത്വത്തിന്റെകാമ്പും കൂമ്പുമാണ്. മലയാളിയുടെ വ്യക്തിത്വത്തിന് ചൈതന്യം പകരുന്നതും ഗതകാല മലയാളത്തിന്റെ സംസ്‌കൃതിയിലുറപ്പിയ്ക്കുന്നതും പ്രകൃതിയോടിണങ്ങുന്നതും മാനത്തെ മണിമുകില്‍ മാലകളെപ്പോലെ നാടന്‍ സംഗീതത്തിന്റെ കലവറയായിരിയ്ക്കുന്നതും ആയ ഗാനസൃഷ്ടികളിലൂടെ; തോളോടു തോള്‍ ചേര്‍ന്ന്മലയാള ചലച്ചിത്ര ഗാനരചനയിലും സംഗീതത്തിലും യഥാക്രമം വഴിയൊരുക്കിയവരാണ് പി ഭാസ്‌കരനും കെ രാഘവന്‍ മാസ്റ്ററും. അധ്വാനിച്ചു വരുന്നവരുടെ മുമ്പില്‍ ആവി പാറുന്ന കുത്തരിച്ചോറും കൂട്ടാനും വിളമ്പി വച്ച പോലെ കേരള ഹൃദയത്തിന്റെ ഭാവാനുഭൂതി രാഗങ്ങളെ അലയടിപ്പിച്ച സംഗീത ചക്രവര്‍ത്തിയാണ് രാഘവന്‍ മാസ്റ്റര്‍.

 

സൃഷ്ട്യുന്മുഖ ധ്യാനത്തിന്റെയും ഗാന വാദ്യത്തിന്റെയും ലൗകികവും അലൗകികവുമായ അഴകിലൂടെ പുത്തന്‍ ഓജസ്സിനെഉള്‍ക്കൊള്ളാന്‍ മലയാളി സമൂഹത്തെ പ്രാപ്തനാക്കിയ സംഗീതോപാസകനായിരുന്നു രാഘവന്‍ മാസ്റ്റര്‍. '' നഭസില്‍ മുകിലിന്റെ'', “നാഗമണിക്കോട്ടയിലെ”, “മോതിരക്കൈവിരലുകളാല്‍” , “മൂവന്തി നേരത്തു ഞാനൊന്നു മിനുങ്ങി”, “ മഞ്ജു ഭാഷിണീ മണിയറവീണയില്‍”, “നഗരം നഗരം മഹാസാഗരം'', “നീര്‍വഞ്ചികള്‍ പൂത്തൂ'', “ നാഴൂരിപ്പാലുകൊണ്ട്'' , “നയാപൈസയില്ലാ, കൈയ്യിലൊരു നയാ പൈസയില്ലാ'', “ കന്നിരാവിന്‍ കളഭക്കിണ്ണം പൊന്നാനിപ്പുഴയില്‍'', “കാനന ഛായയില്‍ ആടു മേയ്ക്കാന്‍”, “കല്യാണ മോതിരം കൈമാറും നേരം'', '' മഞ്ഞണി പൂ നിലാവ് പേരാറ്റിന്‍'','' മാനെന്നും വിളക്കില്ലാ മൈലെന്നും വിളിക്കില്ലാ'', '' മനസ്സിനുള്ളില്‍ മയക്കം കൊള്ളും മണിപ്പിറാവേ'', '' കുന്നത്തൊരു കാവുണ്ട്'', '' കായലരികത്തു വലയെറിഞ്ഞപ്പോള്‍'', '' ആറ്റിനക്കരെയക്കരെയാരാണോ'', '' അര്‍ദ്ധ നാരീശ്വര'' ,'' അറബിക്കടലേ അറബിക്കടലേ'','' അപ്പോഴും പറഞ്ഞില്ലേ പോരേണ്ട പോരേണ്ടാന്ന്'', '' അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ'', '' ഹൃദയത്തിന്‍ രോമാഞ്ചം സ്വര രാഗ ഗംഗയായ്'', '' ഹാലു പിടിച്ചൊരു പുലിയച്ചന്‍'', '' എത്ര കണ്ടാലും കൊതിതീരുകില്ലെനി'', '' എല്ലാരും ചൊല്ലണൂ'' '' ഏകാന്ത പഥികന്‍ ഞാന്‍'' '' ഭാരതമെന്നാല്‍ പാരിന്‍ നടുുവില്‍'' '' അല്ലിമലര്‍ക്കാവിലെ തിരുനടയില്‍'', '' അകത്തെരിയും കൊടും തീയില്‍'', '' അടിതൊഴുന്നേന്‍'','' പൂര്‍ണ്ണേന്ദുമുഖിയോടംബലത്തില്‍ വച്ചാ'', ''പൊന്നിന്‍ കട്ടയാണെന്നാലും'' '' പാര്‍വണേന്ദുവിന്‍ ദേഹമടക്കീ'' , '' പനിനീരു പെയ്യുന്നൂ'', '' പണ്ടു പണ്ടു പണ്ടു നിന്നെ'', '' പണ്ടു കണ്ടാല്‍ പച്ചപ്പാവം'', '' പഞ്ച വര്‍ണ്ണക്കിളിവാലന്‍'' “ശ്യാമ സുന്ദര പുഷ്പമേ” എന്നീ ഗാനങ്ങളിലെല്ലാം ഇത്തരത്തിലുള്ള സരസ്വതീ സ്തനദ്വയ ഭംഗി നിറച്ചത് കെ രാഘവന്‍ മാസ്റ്ററല്ലാതാരാണ്? ''

 

കല്‍പ്പകത്തോപ്പന്യനൊരുവന് പതിച്ചു നല്കി നിന്റെ ഖല്ബിലാറടി മണ്ണിലെന്റെ ഖബറടക്കി'' എന്ന മട്ടിലുള്ള പാട്ടീണങ്ങളിലൂടെ സന്തോഷവും സന്താപവും ഇണചേര്‍ത്ത് വിരുദ്ധ വികാരങ്ങളെ അന്വയിപ്പിക്കാന്‍ രാഘവന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു. ഈണത്തെ അനുക്രമം വളര്‍ത്തി ഉപകരണ ഗീതത്തെലാഘവപ്പെടുത്തിപൊലിയേറ്റുന്ന തനതു രീതിയും പാട്ടുകളില്‍ മുങ്ങിക്കുളിക്കുന്ന ഭാവതീവ്രതയും കെ. രാഘവന്‍ മാസ്റ്ററുടെ സംഗീത പൂജാ രീതികളാണ്. '' മാനത്തെ മഴമുകില്‍ മാലകളേ, ചേലൊത്ത മാടപ്പിറാവുകളേ'', ''ഹൃദയത്തിന്‍ രോമാഞ്ചം'', '' ശ്യാമ സുന്ദര പുഷ്പമേ'', '' ഈ നീല യാമിനി'', ''മാനത്തെ കായലിന്‍'', ''ഉണരുണരൂ ഉണ്ണിപ്പൂവേ'' എന്നിങ്ങനെയുള്ള പാട്ടുകളില്‍ മുഴങ്ങുന്നപോലുള്ള ദീര്‍ഘത്തിനു നല്‍കുന്ന ഇരട്ടിപ്പ് രാഘവ സംഗീതത്തിന്റെസൗന്ദര്യമാണ്. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്കിയ അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങള്‍ ''ആയിരം ഫണമെഴും'', ''അടിതൊഴുന്നേന്‍'' എന്നിങ്ങനെയുള്ള പാട്ടുകള്‍ പോലും വ്യതിരിക്തമാണ്. ''എല്ലാരും ചൊല്ലണ് '' , '' എങ്ങനെ നീ മറക്കും'', ''കായലരികത്ത് വലയെറിഞ്ഞപ്പോള്‍ '', ''നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം'' എന്നിങ്ങനെയുള്ള പാട്ടുകളിലെല്ലാം മലയാള ചലച്ചിത്ര ഗാന വടവൃക്ഷത്തിന്റെ ആലിലപ്പെരുക്കം കേള്‍ക്കാനാവും. പ്രണയ വികാരത്തില്‍ ഈണം നല്‍കുമ്പോള്‍ തിരഞ്ഞെടുത്ത പദങ്ങളില്‍ നല്‍ കുന്നഊന്നല്‍ '' ഉരുമിയേടുപ്പോനെന്നാലും, ഓമലേ.... ഓമലേ... നിന്റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം പറന്നൊളിക്കും, ദൂരേ'' എന്ന പാട്ടില്‍ ശ്രദ്ധിക്കാവുന്നതാണ്. ''പൊന്നിന്‍ കട്ടയാണെന്നാലും'' എന്ന പാട്ടിലെ കുതിരക്കുളമ്പടികളുടെ താളം,'' കായലരികത്തു'' എന്നതിലെ വല തുന്നുന്ന താളം, '' അമ്പലപ്പുഴ വേല കണ്ടു'' എന്ന പാട്ടില്‍ വേല കളിയുടെ താളം എന്നിവയിലെല്ലാം സന്ദര്‍ഭോചിത താളം മുഴങ്ങുന്നുണ്ട്. '' നാദാപുരം പള്ളിയിലെ'', ''ഓത്തു പള്ളയില്‍'' എന്നീ പാട്ടുകളില്‍ ഇശലിന്റെ രാഗം മഴ പെയ്യുന്നു.''കരിമുകില്‍ കാട്ടിലെ രജനി തന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി, കടത്തു വള്ളം യാത്രയായി''; '' മനുഷ്യ പുത്രനു തലചായ്ക്കാന്‍'' ;'' എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ്'' എന്നീ പാട്ടുകളിലെരാഗാത്മാവിന്റെ ചൈതന്യം ആരേയുംവിമലീക്കരിക്കും.

 

നവോന്മേഷത്തിന്റെ പ്രാണവായുവിനെ മലയാളത്തിനു സമ്മാനിച്ച മലയാള സംഗീതാത്മാവാണ് രാഘവന്‍ മാസ്റ്റര്‍. നാടോടി കലകളുടെ ആത്മമിഴിവിനെ അയത്‌നമായി പച്ചയായി പാട്ടില്‍ ചേര്‍ത്ത ''നാഴൂരിപ്പാലുകൊണ്ട് '', “ കുന്നത്തൊരു കാവുണ്ട്” എന്നീ ഗാനങ്ങള്‍ എത്ര സുന്ദരമാണ്! നൂറു വയസ്സുടനീളം സംഗീതത്തെ പ്രാര്‍ത്ഥനയാക്കിയ അപൂര്‍വ മലയാള കലാരനായിരുന്നു കെ. രാഘവന്‍ മാസ്റ്റര്‍. മനീഷി നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമ ഡയറക്ടര്‍ ജോര്‍ജ് ഓലിക്കല്‍ രാഘവ സംഗീത മാഹാത്മ്യത്തിലേക്ക് തിരനോട്ടം കുറിച്ചു. 1913 ഡിസംബര്‍ 2 ന് തലശ്ശേരിയില്‍ ജനനം. നാടോടി പാട്ടുകാരായിരുന്ന എം കൃഷ്ണനും നാരായണിയും മാതാപിതാക്കള്‍. കെ. രാഘവന്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.മദ്രാസ് ആകാശ വാണിയില്‍ തംബുരു വാദകനായി ഉദ്യോഗം ആരംഭിച്ചു. പിന്നീട് കോഴിക്കോട്ടെയ്ക്ക് സ്ഥലം മാറ്റം കിട്ടി. അന്നു മുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഈണം നല്കി. 1954ല്‍ ഇറങ്ങിയ '' നീലക്കുയില്‍'' എന്ന ചിത്രത്തില്‍ അനശ്വര കവി പി. ഭാസ്‌കരന്റെ വരികള്‍ക്ക് ഈണം നല്കിയത് മലയാള സംഗീതത്തിലെ കന്നി അനുഭവമായി.

 

 

'' കായലരികത്തു വലയെറിഞ്ഞപ്പോള്‍'' എന്ന ഗാനം കെ. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍ കി ആലപിച്ചു. മലയാള സിനിമയിലെ നിത്യ വസന്ത ഗാനങ്ങളുടെ രാജ ശില്പിയാണ് രാഘവന്‍ മാസ്റ്റര്‍. '' പുള്ളിമാന്‍'' (1951) ആദ്യ സിനിമ. 65 സിനിമകള്‍ക്ക് ഈണമിട്ടു. 405 ഗാനങ്ങള്‍ശ്രുതി ഭദ്രമാക്കി. 2013 ഒക്ടോബര്‍ 19 ന് ഓര്‍മ്മയായി. ഫാ. ഫിലിപ്പ് മോഡയില്‍ പണിപ്പുരയ്ക്ക്' നേതൃത്വം നല്കി. ''കായലരികത്തു വലയെറിഞ്ഞപ്പോള്‍'' എന്ന ഗാനം രാഘവന്‍ മാസ്റ്ററാണ് ഈണം നല്‍കി ആലപിച്ചതെന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. പിന്നീട് പദ്മശ്രീ പുരസ്‌കാരം നല്കി ഭാരതംരാഘവന്‍ മാസ്റ്ററെ ആദരിച്ചു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ നേതാവ് ജോര്‍ജ് ജോസഫ്, പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ്, ഫൊക്കാനാ റീജിയനല്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് എന്നിവര്‍ ആസ്വാദന വിഷയങ്ങള്‍ അവതരിപ്പിച്ചു. “കെ. രാഘവന്‍ മാസ്റ്റര്‍ സംഗീത ഗ്രാമം” എന്ന രംഗ പടം ആര്‍ടിസ്റ്റ് ബാബൂ ചീയേഴത്ത് രചിച്ചു. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ പ്രശസ്ത ഗാനങ്ങള്‍ ഗായകന്‍ സാബു പാമ്പാടി ആലപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.