You are Here : Home / USA News

മുഖ്യമന്ത്രിക്കുനേരെയുള്ള ആക്രമണം; ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 28, 2013 10:09 hrs UTC

ന്യൂയോര്‍ക്ക്‌: ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട്‌ വിജയം വരിച്ച്‌ ഭരണം നടത്തുന്ന ജനകീയനായ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു പരിക്കേല്‌പിച്ച സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചു. വളരെ ശ്രേഷ്‌ഠമായ രാഷ്ട്രീയ പാരമ്പര്യമുള്ള സംസ്ഥാനമായ കേരളം ഒട്ടേറെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പു തന്നെ ജനപ്രാതിനിധ്യ സഭയ്‌ക്കു രൂപം നല്‍കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി നേടിയ കേരളത്തില്‍, ജനാധിപത്യത്തിന്‍റെ ബാലറ്റിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച കേരളത്തില്‍, യു.ഡി.എഫ്‌ നയിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ഓരോ സമരവും എട്ടുനിലയില്‍ പൊട്ടിയതിന്റെ മനോവിഷമം തീര്‍ക്കുക മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച്‌ വമ്പിച്ച ജനപിന്തുണ നേടിയ 'ജനസമ്പര്‍ക്ക' പരിപാടിയുടെ വിജയത്തില്‍ അസൂയ പൂണ്ടതാണ്‌ ഇടതുപക്ഷ സഖാക്കളുടെ മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിനു പിന്നിലെ പ്രചോദനമെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ജോസഫ്‌ കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍, ഷാജി ആലപ്പാട്ട്‌, ഫാ. ഡാനിയേല്‍ പുല്ലേലില്‍ എന്നിവര്‍ ഒരു പത്രക്കുറിപ്പില്‍ പ്രസ്‌താവിച്ചു.

 

ഒന്നിനു പുറകേ ഒന്നായി ആരോപണങ്ങള്‍ നിരത്തി മുഖ്യമന്ത്രിയെ വേട്ടയാടുകയാണ്‌ പ്രതിപക്ഷം. ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികളിലൊന്നും അവര്‍ തൃപ്‌തരല്ല. അന്വേഷണങ്ങളുമായി സഹകരിക്കുന്നുമില്ല. ഉമ്മന്‍ ചാണ്ടിയോടും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയോടും വിയോജിപ്പുള്ളവരുണ്ടാകാം. പക്ഷേ, ഉമ്മന്‍ ചാണ്ടി കേരളത്തിന്‍റെ ഭരണാധികാരിയാണ്‌. ഭരണ പക്ഷത്തിന്‍റെ മാത്രമല്ല പ്രതിപക്ഷത്തുള്ളവരുടെയും മുഖ്യമന്ത്രി. അദ്ദേഹത്തോടു രാഷ്ട്രീയമായി എതിര്‍പ്പുണ്ടെങ്കില്‍ രാഷ്ട്രീയമായി പ്രകടിപ്പിക്കണം. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മുഖ്യമന്ത്രിയെ പ്രതിരോധിക്കണം. അതല്ലാതെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന സംസ്ഥാന ഭരണത്തലവനെ കായികമായി നേരിടുന്നത്‌ മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ കാടത്തമാണ്‌. സംസ്‌കാരശൂന്യമായ പെരുമാറ്റമാണ്‌. വ്യക്തിയുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന ഭരണാഘടയുടെ ഉറപ്പിന്‍റെ ലംഘനമാണ്‌. ഒരിക്കലും അനുവദിക്കാനോ അനുകരിക്കാനോ പാടില്ലാത്ത നീച പ്രവൃത്തിയുമാണ്‌. ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പ്രസ്‌താവനയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിക്കും, മുഖ്യമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ പിന്തുണയും സഹകരണവും എന്നെന്നും ഉണ്ടാകുമെന്ന്‌ നേതാക്കള്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പൂര്‍ണ്ണ ആരോഗ്യത്തോടെ കൂടുതല്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കാനുള്ള ശക്തിയും ഓജസ്സും അദ്ദേഹത്തിനുണ്ടാകട്ടേ എന്ന്‌ നേതാക്കള്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.