You are Here : Home / USA News

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക; മാധ്യമപ്രവര്‍ത്തരുടെ കര്‍മ്മക്ഷേത്രം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 07, 2013 10:49 hrs UTC

'കാരണവരില്ലാത്ത കുടുംബം അച്ചടക്കമില്ലാത്ത കുടുംബ'മായിരിക്കുമെന്നോ 'നാഥനില്ലാ കളരി'യെന്നോ വിശേഷിപ്പിക്കാവുന്ന അവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കാര്യവിചാരവും ഉത്തരവാദിത്വവും, ആഢ്യത്വവുമുള്ള ഒരു കുടുംബമെന്നപോലെ അഭിമാനപൂര്‍വ്വം നിലകൊള്ളുന്ന അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കര്‍മ്മക്ഷേത്രമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. മാധ്യമരംഗത്ത് കഴിവു തെളിയിച്ച് തങ്ങള്‍ നേടിയെടുത്ത കീര്‍ത്തിയും യശസ്സും അടുത്ത തലമുറകള്‍ക്ക് കൈമാറി, ഏല്പിച്ച ദൗത്യം തങ്ങളുടെ പിന്തുടര്‍ച്ചക്കാര്‍ സഫലമാക്കുന്നതു കണ്ട് സായൂജ്യമടയുകയാണ് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സ്ഥാപകരും മുന്‍കാല പ്രവര്‍ത്തകരും. മാധ്യമ രംഗത്ത് പുതുതലമുറക്ക് മാര്‍ഗഭ്രംശം വരുമ്പോള്‍ വിവേകപൂര്‍വ്വം ഇടപെടുകയും ഉപദേശങ്ങള്‍ നല്‍കി കൂടുതല്‍ കര്‍മ്മോത്സുകരാക്കാന്‍ ഗുരുകാരണവന്മാരെപ്പോലെ അവര്‍ എപ്പോഴും കൂടെയുണ്ട്. ഇതര സംഘടനകളില്‍ നിന്ന് ഇന്ത്യാ പ്രസ് ക്ലബ്ബിനെ വ്യത്യസ്ഥമാക്കുന്നതും അതിന്റെ വ്യാപക വൈശിഷ്ട്യമാണ്. എന്തെഴുതണം....എങ്ങനെയെഴുതണം....എന്നത് എഴുത്തുകാരന്റെ കടമ മാത്രമാണോ അതോ നിയോഗമാണോ എന്ന ആശയക്കുഴപ്പത്തില്‍ പലരും ഇന്ന് മാധ്യമരംഗത്തെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്.

 

ഉചിതമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ ഈ ചിന്താക്കുഴപ്പം മാറ്റിയെടുക്കാം. യാഥാര്‍ത്ഥ്യത്തോടൊപ്പം തന്റേതായ സ്വപ്നവും ഭാവനയും പ്രത്യേക അനുപാതത്തില്‍ കൂട്ടിക്കുഴച്ചുണ്ടാക്കുന്ന മിശ്രിതത്തില്‍ നിന്നുമാണ് ഉത്തമ സൃഷ്ടി ഉടലെടുക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോട് അനുഭാവം പുലര്‍ത്തുകയോ അനുകൂലമായും പ്രതികൂലമായും വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ ഒക്കെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍, ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സാരഥികളും അംഗങ്ങളും അതില്‍ നിന്ന് തുലോം വ്യത്യസ്തമായി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു. വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത ഈ ആധുനികയുഗത്തില്‍ മാറ്റത്തിന്റെ മാറ്റൊലിയുമായി ഇന്ത്യാ പ്രസ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍, അതിലെ അംഗങ്ങള്‍ക്കും സ്വയം പ്രചോദനമുള്‍ക്കൊള്ളാന്‍ കഴിയുന്നു. അമേരിക്കയില്‍ മാത്രമല്ല, തങ്ങളുടേയും തങ്ങള്‍ ഉള്‍പ്പെട്ട സമൂഹത്തിന്റേയും സദ്‌വാര്‍ത്തകളടങ്ങുന്ന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുവാനും ഇന്ത്യാ പ്രസ് ക്ലബ് എപ്പോഴും പ്രവര്‍ത്തനസജ്ജമാണ്. അതാണ് ഈ സംഘടനയുടെ സവിശേഷത. സൗരയൂഥത്തിലെ ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടേയും ഇടയില്‍ ശോഭയോടെ പ്രകാശം പരത്തി തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രം പോലെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇവിടത്തെ സാമൂഹ്യസാംസ്‌ക്കാരികമത സംഘടനകളെ ഉജ്ജ്വലിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.

 

അല്ലെങ്കില്‍ ഭൂമിയുടെ അച്ചുതണ്ടുപൊലെ, സമദൂരം പാലിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നു. ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ഈ സാരള്യമായിരിക്കാം നവംബര്‍ 1, 2 തിയ്യതികളില്‍ ന്യൂജെഴ്‌സിയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന ദേശീയ കോണ്‍ഫറന്‍സിന് പ്രയോക്താക്കളായിരിക്കാന്‍ നിരവധി പേര്‍ മുന്നോട്ടു വന്നതിന്റെ മൂലകാരണം. ന്യൂജെഴ്‌സിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യാ റസ്‌റ്റോറന്റില്‍ പ്രശസ്ത സിനിമാ സംവിധായകന്‍ ബ്ലസ്സിയുടെ അനുഗ്രഹാശിസ്സോടെ നടത്തിയ കിക്ക് ഓഫില്‍ സ്‌പോണ്‍സര്‍മാരുടെ നീണ്ട നിരതന്നെയായിരുന്നു. ഓരോ സ്‌പോണ്‍സര്‍മാരും തങ്ങള്‍ എന്തുകൊണ്ട് ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ പ്രയോക്തക്കളാകാന്‍ ആഗ്രഹിക്കുന്നു എന്ന് വിവരിച്ചത് ഹൃദയത്തിന്റെ ഭാഷയിലായിരുന്നു. അത്രയും ആത്മാര്‍ത്ഥതയും കരുതലും മറ്റൊരു വേദിയിലും നമുക്ക് ദര്‍ശിക്കാനാകില്ല. ഇന്ത്യാ പ്രസ് ക്ലബ്ബില്‍ അവര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം അതിരറ്റതാണെന്നതാണ് അതിന്റെ അന്ത:സാരം. അക്ഷരത്തറവാട്ടില്‍ പിച്ചവെച്ചു നടന്ന്, ആകാശം മുട്ടെ വളര്‍ന്നു പന്തലിച്ച മാധ്യമപ്രവര്‍ത്തകരുടെ സമ്മേളന വേദിയായിരിക്കും ന്യൂജെഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്‍ .

 

 

മലയാള മനോരമ അസ്സോസിയേറ്റ് എഡിറ്ററും പ്രമുഖ സാഹിത്യകാരനുമായ ജോസ് പനച്ചിപ്പുറം, മലയാളികളുടെ പ്രിയ ടെലിവിഷന്‍ അവതാരകനായ ആര്‍. ശ്രീകണ്ഠന്‍ നായര്‍, പ്രസിദ്ധമായ ടു.ജി. സ്‌പെക്ട്രം അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന് പ്രശസ്തനായ പയനിയര്‍ ഡല്‍ഹി ലേഖകന്‍ ജെ.ഗോപീകൃഷ്ണന്‍, വി.ടി. ബല്‍റാം എംഎല്‍എ, മികച്ച മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഔവര്‍ അവതാരകനുമായ വിനു എന്നിവരും, കേരളത്തിലെയും അമേരിക്കയിലെയും പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ദേശീയ കോണ്‍ഫറന്‍സ് സ്വന്തം കഴിവുകളേയും വ്യക്തിത്വത്തേയും പൂര്‍ണ്ണമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് അനുഗ്രഹമായിരിക്കും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ 85 ഡോളറിനു മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്. രണ്ടു പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉള്‍പ്പെട്ടതാണ് ഈ നിരക്ക്. മുറികള്‍ ബുക്കുചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ipcna.us എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.