You are Here : Home / USA News

'ഗ്രാന്റ് മസ്തിക്ക്' ഖത്തറിലും പ്രദര്‍ശന അനുമതിയില്ല

Text Size  

Story Dated: Tuesday, September 17, 2013 10:32 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌


ദോഹ: ബോളിവുഡ് കോമഡി സിനിമ ഗ്രാന്റ് മസ്തിക്ക് ഖത്തറിലും പ്രദര്‍ശന അനുമതിയില്ല. അശ്‌ളീല ഉള്ളടക്കവും ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള സംഭാഷണവും കണക്കിലെടുത്താണ് ഖത്തറില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയത്. ഖത്തര്‍ സിനിമാസിന്റെ ഫേസ്ബുക്ക് പേജിലാണ് പ്രദര്‍ശനം നിരോധിച്ച അറിയിപ്പ് പോസ്റ്റ് ചെയ്തത്. പ്രദര്‍ശനം നിരോധിച്ചതില്‍ പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഖത്തര്‍ സിനിമാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മറ്റു ഗള്‍ഫ് രാജ്യങ്ങളും ഗ്രാന്റ് മസ്തിയുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. ചിത്രത്തിനെതിരേ ഇന്ത്യയിലും വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രദര്‍ശനം താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, അഫ്താബ് ശിവദാസാനി, സൊണാലി കുല്‍ക്കര്‍ണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ഗ്രാന്റ് മസ്തി ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്തത്. ഇന്നലെയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. ഖത്തറില്‍ മുമ്പും അശ്‌ളീല ഉള്ളടക്കത്തെ തുടര്‍ന്ന് ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം വിക്രം ഭട്ട് സംവിധാനം ചെയ്ത റാസ് ത്രീ എന്ന സിനിമയും ഇതേ കാരണത്താല്‍ നിരോധിച്ചിരുന്നു. അതേസമയം, ചിത്രം നിരോധിക്കുന്നതായി അറിയിക്കുന്ന ഖത്തര്‍ സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നത്. ചിലര്‍ നിരോധനത്തില്‍ നിരാശ പ്രകടിപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് പ്രതികരിച്ചത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.