You are Here : Home / USA News

ചങ്ങനാശേരി എസ്‌.ബി സ്വയംഭരണ കോളജ്‌; എസ്‌.ബി അലുംമ്‌നി ഷിക്കാഗോ ചാപ്‌റ്ററിന്റെ അഭിനന്ദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 04, 2014 09:48 hrs UTC



ഷിക്കാഗോ: ചങ്ങനാശേരി എസ്‌. ബി കോളജ്‌ ഇനി മുതല്‍ അക്കാഡമിക്‌ സ്വയംഭരണാവകാശമുള്ള കോളജ്‌ ആയി അറിയപ്പെടും. എസ്‌.ബി കോളജ്‌ നാളിതുവരെ പുലര്‍ത്തിയിട്ടുള്ള അക്കാഡമിക്‌ ഉന്നത നിലവാരത്തിനു കിട്ടിയ പ്രശംസനീയമായ അംഗീകാരമാണ്‌ ഇതെന്ന്‌ ഒരു പത്രക്കുറിപ്പിലൂടെ ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ അറിയിക്കുകയും അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

സംസ്ഥാനത്തെ കോളജുകള്‍ക്ക്‌ സ്വയംഭരണാനുമതി നല്‍കുന്നതിന്റെ ആദ്യഘട്ടമായി അക്കാഡമിക്‌ സ്വയംഭരണാവകാശത്തിനായി അപേക്ഷ നല്‍കിയ 13 കോളജുകളില്‍ നിന്നും തെരഞ്ഞെടുത്ത എട്ട്‌ എയ്‌ഡഡ്‌ കോളജുകളില്‍ ഒന്നാണ്‌ എസ്‌.ബി കോളജ്‌. പ്രസ്‌തുത കോളജുകളില്‍ യു.ജി.സി സംഘം സന്ദര്‍ശനം നടത്തി തയാറാക്കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ന്യൂഡല്‍ഹിയില്‍ നടന്ന യു.ജി.സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനം എടുത്തിട്ടുള്ളത്‌. ഈ അദ്ധ്യയന വര്‍ഷം തന്നെ സ്വയംഭരണ കോളജുകളായി മാറുമെന്നാണ്‌ ഈ കോളജുകള്‍ക്ക്‌ യു.ജി.സിയില്‍ നിന്നും അറിയിപ്പ്‌ ലഭിച്ചിട്ടുള്ളത്‌. തിരുവനന്തപുരം മാര്‍ ഈവാനിയോസ്‌, കൊല്ലം ഫാത്തിമാ മാതാ, എറണാകുളം സെന്റ്‌ തെരേസാസ്‌, തേവര സേക്രട്ട്‌ ഹാര്‍ട്ട്‌, കളമശേരി രാജഗിരി, തൃശൂര്‍ സെന്റ്‌ തോമസ്‌ എന്നീ കോളജുകള്‍ക്കാണ്‌ എസ്‌.ബിയെ കൂടാതെ സ്വയംഭരണ പദവി നല്‍കാന്‍ യു.ജി.സി തീരുമാനിച്ചത്‌.

സര്‍ക്കാര്‍ കോളജായ എറണാകുളം മാഹാരാജാസിന്‌ സ്വയംഭരണം നല്‍കുന്നതിനെതിരേ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.സ്‌.ടി.എയും വിദ്യാര്‍ത്ഥി സംഘനയായ എസ്‌.എഫ്‌.ഐയും പരാതി നല്‍കിയതിനാല്‍ യു.ജി.സി ഈ കോളജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കോളജ്‌ പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന്‌ യു.ജി.സി അറിയിച്ചു.

അക്കാഡമി സ്വയംഭരണാവകാശം വിനിയോഗിക്കുന്നതുവഴി ഈ കോളജുകള്‍ക്ക്‌ നിലവില്‍ സര്‍വ്വകലാശാലകള്‍ തയാറാക്കുന്ന പാഠ്യപദ്ധതി തയാറാക്കലും, പരീക്ഷാ നടത്തിപ്പും ഇനിമുതല്‍ നേരിട്ട്‌ നടത്താനാകും. കൂടാതെ പാഠ്യപദ്ധതികള്‍ തയാറാക്കി പുതിയ കോഴ്‌സുകള്‍ തുടങ്ങാനും സ്വയംഭരണ കോളജുകള്‍ക്ക്‌ അനുമതിയുണ്ടായിരിക്കും. ഈ കോളജുകളില്‍ അക്കാഡമിക്‌ കൗണ്‍സില്‍, ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌, ഗവേണിംഗ്‌ കൗണ്‍സില്‍ എന്നീ സമിതികള്‍ രൂപവത്‌കരിക്കണം. ആറു വര്‍ഷത്തേക്കാണ്‌ സ്വയംഭരണ പദവി. തുടര്‍ന്നു വീണ്ടും കോളജിന്റെ നിലവാരം വിലയിരുത്തി പദവി പുതുക്കി നല്‍കും.

സ്വയംഭരണ പദവി ദുരുപയോഗം ചെയ്യുന്ന കോളജുകള്‍ക്കെതിരേ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സമിതിയെ വെച്ച്‌ അന്വേഷണം നടത്താനും, ആവശ്യമെങ്കില്‍ പദവി സസ്‌പെന്‍ഡ്‌ ചെയ്യാനും അധികാരമുണ്ടായിരിക്കും. ചങ്ങനാശേരി എസ്‌.ബിക്ക്‌ ലഭിച്ച ഈ സ്വയംഭരണ പദവിക്ക്‌ എല്ലാ വിജയാശംസകളും മംഗളങ്ങളും എസ്‌.ബി അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്‌റ്റര്‍ നേര്‍ന്നു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.