You are Here : Home / USA News

മകന്റെ വേര്‍പാടില്‍ മനസ്സുമരവിച്ച ഒരമ്മയ്‌ക്ക്‌ നീതി ലഭിക്കുവാന്‍ ജെ.എഫ്‌.എ രംഗത്ത്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, June 08, 2014 09:59 hrs UTC


    
    

ന്യൂയോര്‍ക്ക്‌: 2013 ഒക്‌ടോബര്‍ 20-ന്‌ ഞായറാഴ്‌ച യോങ്കേഴ്‌സിനെ ഞെട്ടിച്ച ഒരു ദിവസം ആയിരുന്നു. അന്നു വൈകിട്ട്‌ അഞ്ചുമണിക്ക്‌ ശേഷമുണ്ടായ ഒരു വാഹനാപകടത്തിന്റെ വിവരം ചാനല്‍ 12 സംപ്രേഷണം ചെയ്‌തപ്പോള്‍ യോങ്കേഴ്‌സ്‌ നിവാസികള്‍ പലരും മുഖത്തുകൈവെച്ചുപോയി. ജയരാധ എന്ന അമ്മയുടെ ഓമനപ്പുത്രനായ ശ്രീരാജ്‌ ചന്ദ്രന്‍ എന്ന 19 വയസുകാരനാണ്‌ അതിദാരുണമായ വിധത്തില്‍ മദ്യപിച്ച്‌ അമിത വേഗത്തില്‍ കാറോടിച്ച ഒരു അനധികൃത കുടിയേറ്റക്കാരന്റെ മനസാക്ഷിയെപ്പോലും ഞെട്ടിക്കുന്ന ഈ ക്രൂരതയ്‌ക്ക്‌ ഇരയായിത്തീര്‍ന്നത്‌.

ശ്രീരാജ്‌ ജീവിച്ചിരുന്നപ്പോള്‍ യോങ്കേഴ്‌സ്‌ നിവാസികള്‍ക്ക്‌ സുപരിചിതനും, ആരെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരു വ്യക്തിപ്രഭാവത്തിന്‌ ഉടമയുമായിരുന്നു ഊര്‍ജസ്വലനും പരിശ്രമശാലിയും വെസ്റ്റ്‌ ചെസ്റ്റര്‍ കമ്യൂണിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്‍ തന്റെ കുടുംബത്തിന്റെ ഏക ആശ്രയവുമായിരുന്നു. സ്‌കൂളിലും കോളജിലും അനേകം ആരാധകരുണ്ടായിരുന്ന ആ ചെറുപ്പക്കാരന്‍ എല്ലാവരുടേയും കണ്ണിലുണ്ണിയായിരുന്നു. ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവും മാതാവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടെങ്കിലും മാതാവിന്റെ സംരക്ഷണയില്‍ വളര്‍ന്ന ആ ചെറുപ്പക്കാരന്‍ മാതാവ്‌ ജയരാധയുടെ താങ്ങും തണലുമായിരുന്നു.

അമിതമായി മദ്യപിച്ച്‌ യാതൊരു ലക്കും ലഗാനുമില്ലാതെ കാറോടിച്ച മാരിയോ ഗാര്‍സിയ- സുര എന്ന ഒരു അനധികൃത കുടിയേറ്റക്കാരനാണ്‌ ആ ചെറുപ്പക്കാരന്റെ ജീവന്‍ ഒരു കാലനെപ്പോലെ വന്ന്‌ അപഹരിച്ചത്‌. 30 മൈല്‍ സ്‌പിഡ്‌ ലിമിറ്റുള്ള യോങ്കേഴ്‌സിലെ ഫ്രാങ്ക്‌ളിന്‍ അവന്യൂവും റിവര്‍ഡെയില്‍ അവന്യൂവും സന്ധിക്കുന്ന ഇന്റര്‍ സെക്ഷനില്‍ വെച്ചാണ്‌ ലൈബ്രറിയില്‍ പോയി ബുക്ക്‌ കൊടുത്തശേഷം ഒരു സുഹൃത്തിനെ വീട്ടില്‍ കൊണ്ടുപോയി തിരിച്ച്‌ കാറോടിച്ചുവരുമ്പോള്‍ മാരിയോ- ഗാര്‍സിയ -സുര അമിതമായ വേഗത്തില്‍ ഇടിച്ചുകൊലപ്പെടുത്തുന്നത്‌. സംഭവസ്ഥലത്തുവെച്ചുതന്നെ തലയോട്‌ തകര്‍ന്ന്‌ ആ കുരുന്നു ജീവന്‍ പൊലിഞ്ഞു.

തുടക്കത്തില്‍ പോലീസുകാര്‍ വളരെ അനുകൂലമായിരുന്നുവെങ്കിലും ഇപ്പോള്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയുടെ ഓഫീസും, നിയമപാലകരും ചേര്‍ന്ന്‌ പ്രതിയെ രക്ഷിക്കാനുള്ള നീക്കം നടന്നുവരുന്നായി അറിയാന്‍ കഴിഞ്ഞു. ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ചെയര്‍മാന്‍ കൂടിയായ ഈ ലേഖകന്റെ അയല്‍പക്കത്തു താമസിക്കുന്ന ജയരാധ എന്ന ആ അമ്മ തന്റെ മകന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍വേണ്ടി പെട്ടപാട്‌ ഈ ലേഖകന്‌ നന്നായി അറിയാം. അമേരിക്കയില്‍ ജനിച്ച ശ്രീരാജിന്റെ ഇന്ത്യന്‍ വിസ കഴിഞ്ഞുപോയതിനാല്‍ മൃതശരീരം നാട്ടില്‍ എത്തിക്കണമെങ്കില്‍ വിസ എടുത്തേ തീരൂ എന്ന നിലപാടാണ്‌ അന്ന്‌ കേരളത്തിലുണ്ടായിരുന്ന രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിലപാട്‌. എന്തായാലും ഒരു മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിന്‌ കുറഞ്ഞത്‌ ഇരുപതിനായിരത്തിലധികം ഡോളര്‍ വേണ്ടിവരുമെന്ന സത്യം ആ സംഭവത്തിലൂടെ മനസിലാക്കാന്‍ ഈ ലേഖകന്‌ കഴിഞ്ഞു. മാന്യമായ രീതിയില്‍ നാട്ടില്‍ കൊണ്ടുപോയി ഒരു മൃതശരീരം സംസ്‌കരിക്കണമെങ്കില്‍ എത്രമാത്രം തുക ആകുമെന്ന്‌ ഊഹാക്കാമല്ലോ?

ഇക്കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ശ്രീരാജിന്റെ കേസ്‌ സംബന്ധിച്ച കോടതിയുടെ അവധി. ഈ വിവരം മാതാവിനെ പോലും അറിയിക്കാന്‍ വെസ്റ്റ്‌ ചെസ്റ്ററിലെ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയോ അതുമായി ബന്ധപ്പെട്ടവരോ ശ്രമിച്ചില്ല. ജയരാധ വിവരം അറിയുന്നതുതന്നെ ശ്രീരാജിന്റെ ഒരു സുഹൃത്തിന്റെ പിതാവില്‍ നിന്നാണ്‌. ശ്രീരാജിനുവേണ്ടി വാദിക്കുന്നത്‌ വെസ്റ്റ്‌ ചെസ്റ്റര്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയുടെ കീഴിലുള്ള അസിസ്റ്റന്റ്‌ ഡി.എ ദുഷാജ്‌ എന്ന ചെറുപ്പക്കാരിയാണ്‌.

ഇവിടെ രസകരമായ ഒരു കാര്യം മനസിലാക്കേണ്ടിയിരിക്കുന്നു. `പീപ്പിള്‍ വേഴ്‌സസ്‌ മാരിയോഗാര്‍സിയ -സുര' എന്നാണ്‌ കേസ്‌. അവിടെ മാരിയോ ഗാര്‍സിയാ- സുര എന്ന പ്രതിക്കെതിരേ സംഘടിക്കേണ്ടത്‌ ജനങ്ങളാണ്‌. ജനം സംഘടിതരാണെന്നു കണ്ടാല്‍ ഗവണ്‍മെന്റ്‌ നയം മാറ്റും. ജനം സംഘടിതമല്ലെന്നു കണ്ടാല്‍ പ്രതിയെ രക്ഷപെട്ടുപോകാന്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിയും, അതുമായി ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കും. പ്രത്യേകിച്ച്‌ പ്രതി സ്‌പാനീഷുകാരനായതിനാല്‍. അവര്‍ സംഘടിതരുമാണ്‌. കേസ്‌ അന്വേഷിക്കുന്ന ഡിക്‌ടറ്റീവുവരെ വിക്‌ടിമായ ശ്രീരാജിന്റെ അമ്മയ്‌ക്ക്‌ സഹായകരമായി ഒന്നും ചെയ്യാതെ അമ്മയോട്‌ `ഒരുകാര്യത്തിലും ഇടപെടേണ്ട. കാര്യങ്ങളൊക്കെ അവര്‍ ചെയ്‌തുകൊള്ളും' എന്നും, `മകന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതിനാല്‍ ഒന്നും ക്ലെയിം ചെയ്യാമെന്നും കരുതേണ്ട' എന്ന നെഗറ്റീവ്‌ ആയിട്ടുള്ള മറുപടികളാണ്‌ കൊടുത്തിരിക്കുന്നത്‌.

മകന്‍ നഷ്‌ടപ്പെട്ട ആ അമ്മയുടെ മനസ്‌ തകര്‍ന്ന്‌ ഇപ്പോള്‍ അവര്‍ മനസു മരവിച്ച ഒരു സ്‌ത്രീയായി മാറിക്കഴിഞ്ഞു. ഈ അവസരത്തില്‍ നമ്മുടെ ഇടയില്‍ ചിന്തിക്കുന്ന മലയാളികളുണ്ടെങ്കില്‍ അവരുടെ ധാര്‍മ്മികത ഉണരേണ്ടിയിരിക്കുന്നു. മലയാളികളായ നാം `ഒന്നുമറിഞ്ഞില്ല രാമനാരായണ' എന്ന രീതിയില്‍ ഇരിക്കാതെ ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സംഘടിക്കുകാണ്‌ വേണ്ടത്‌ എന്നതാണ്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ മുദ്രാവാക്യം. സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രവണതയും നമ്മുടെ ഇടയില്‍ കണ്ടുവരുന്നു.

ഏതായാലും ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടന ശ്രീരാജിനും മാതാവ്‌ ജയരാധയ്‌ക്കും പരിപൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. അതനുസരിച്ച്‌ വെസ്റ്റ്‌ ചെസ്റ്റര്‍ ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി ജാനെറ്റ്‌ ഡി ഫിയോറിന്‌ ഒരു പെറ്റീഷന്‍ തയാറാക്കി ഒപ്പുശേഖരണം ഇതിനോടകം തുടങ്ങികഴിഞ്ഞു. യോങ്കേഴ്‌സിലുള്ള മിക്ക സംഘടനകളും അവര്‍ക്ക്‌ ഇക്കാര്യത്തില്‍ പിന്തുണ നല്‌കിക്കഴിഞ്ഞു എന്നുള്ളത്‌ വളരെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്‌.

ജൂണ്‍ പത്താംതീയതി ചൊവ്വാഴ്‌ച രാവിലെ 9.30-ന്‌ വൈറ്റ്‌ പ്ലെയിന്‍സിലുള്ള 111 ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ബില്‍ഡിംഗിന്റെ 203- റൂമിലുള്ള കോടതിയിലാണ്‌ വിചാരണ നടക്കുന്നത്‌. ജഡ്‌ജിയുടെ പേര്‌ ജഡ്‌ജ്‌ സാം ബെല്ലി. വാദിക്കുന്ന അസിസ്റ്റന്റ്‌ ഡി.എയുടെ പേര്‌ ക്രിസ്റ്റീന ദുഷാജ്‌.

കഴിയുന്നിടത്തോളം മലയാളി സുഹൃത്തുക്കള്‍ അന്നത്തെ കോടതിയില്‍ എത്തി നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ പങ്കുചേരണമെന്ന്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയുടെ പേരില്‍ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍കൂടിയായ തോമസ്‌ കൂവള്ളൂര്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്‌. തോമസ്‌ കൂവള്ളൂര്‍ (914 409 5772), കൃഷ്‌ണരാജ്‌ (914 413 7349), അജീഷ്‌ നായര്‍ (914 356 0474), സുരേഷ്‌ നായര്‍ (914 224 6142), ജയരാധ (914 803 5581). തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.