You are Here : Home / USA News

പ്രളയത്തെ അതിജീവിച്ച നിര്‍മ്മാണ മികവുമായി കേരളത്തിലെ ഫോമാ വില്ലേജ്

Text Size  

Story Dated: Monday, December 09, 2019 02:58 hrs UTC

ഡിട്രോയിറ്റ്: അശാസ്ത്രീയമായ വികസന സങ്കല്‍പ്പങ്ങളും പ്രകൃതിയുടെ അമിത ചൂഷണവും കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാക്കുന്ന പ്രളയ ദുരിതങ്ങളെ പ്രതിരോധിക്കാനുള്ള നിര്‍മ്മാണ മാതൃകയുമായാണ്  കടപ്രയിലെ ഫോമാ വില്ലേജ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നു പ്രസിഡന്റ്  ഫിലിപ്പ് ചാമത്തില്‍ അഭിപ്രായപ്പെട്ടു.
                                            
ഗ്രേറ്റ് ലേയ്ക്ക് മേഖലാ കമ്മിറ്റി ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫോമാ പ്രസിഡന്റ്.
                   
മറ്റേതൊരു പ്രവാസി സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഫോമ കേരളത്തില്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും, അതിലേക്കായി അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകള്‍ നല്‍കുന്ന കലവറയില്ലാത്ത പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
                
പ്രവാസി സംഘടനകളുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങളിലൂടെ യാഥാര്‍ഥ്യമായ ഒ. സി . ഐ വ്യവസ്ഥകളിലെ  ശ്രദ്ധേയമല്ലാതിരുന്ന ചില വകുപ്പുകള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യക്കാരുടെ ജന്മനാട്ടിലേക്കുള്ള യാത്രകള്‍ വിമാനക്കമ്പനികള്‍ മുടക്കുന്ന നടപടി സത്വരമായി അധികൃത ശ്രദ്ധയില്‍ കൊണ്ടുവരുവാനും ഇപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സമയം ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാനും ഫോമയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെയും പ്രസിഡന്റ് വിശദികരിച്ചു.
                                         
റീജിയണല്‍ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തില്‍ ആശംസാ പ്രസംഗം നടത്തിയ ഫോമാ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍, അടുത്തകാലത്തായി പ്രവാസികള്‍ കൂടുതലായി കടന്നുവന്നിട്ടുള്ള കാനഡയിലെ പുതിയ മലയാളി സംഘടനകളെ ഫോമയില്‍ അംഗസംഘടനകളാക്കണമെന്നും അതനുസരിച്ചു നിലവിലുള്ള റീജിയനനുകള്‍ പുനര്‍നിര്‍ണ്ണയിക്കണമെന്നും തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
                      
അടുത്ത ജൂലൈയില്‍ നടക്കുന്ന റോയല്‍ ക്രൂസ് കണ്‍വന്‍ഷന്റെ വിപുലമായ ഒരുക്കങ്ങള്‍ വിശദമാക്കിക്കൊണ്ടു കണ്‍വീനര്‍ തോമസ് കര്‍ത്തനാല്‍, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പോള്‍കുര്യാക്കോസ്, അരുണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു.
                  
മെട്രോ ഡിട്രോയിറ്റിലെ പ്രമുഖ മലയാളി സംഘടനകളായ കേരള ക്ലബ്ബിന്റെ പ്രസിഡന്റ് ധന്യ മേനോന്‍, ഡി. എം. എ. യുടെ പ്രസിഡന്റ് മനോജ് ജയ്ജി എന്നിവര്‍ ഫോമയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും അനുമോദനങ്ങളും അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. പ്രസികള്‍ നേരിടുന്ന   വിവിധ വിഷയങ്ങള്‍ സംബന്ധിച്ച റോജന്‍  തോമസ്, രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍,അജി അയ്യംപള്ളി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയോടെ യോഗം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.