You are Here : Home / USA News

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ 40 മണിക്കൂര്‍ ആരാധനയും വി. കുര്‍ബാനയും അത്ഭുതപ്രദര്‍ശനങ്ങളും

Text Size  

Story Dated: Tuesday, November 12, 2019 04:36 hrs UTC

 

 
 
 
ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരുന്ന 40 മണിക്കൂര്‍ ആരാധന നവംബര്‍ 15-നു വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് 17-നു ഉച്ചയ്ക്ക് 12.30-നു വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കുന്നതാണ്. 40 മണിക്കൂര്‍ ആരാധനയോടനുബന്ധിച്ച് വി. കുര്‍ബാനയുടെ - ലോകമെമ്പാടുമായി സംഭവിച്ചിട്ടുള്ള 101 പ്രധാന അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളേയും പ്രത്യേകം ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
ഈശോ മിശിഹാ പുനരുത്ഥാനത്തിനുമുമ്പ്  40 മണിക്കൂര്‍ ഭൂമിക്കടിയില്‍ കഴിഞ്ഞതിന്റേയും തന്റെ പരസ്യ ജീവിതത്തിനു മുമ്പ് 40 ദിവസം ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റേയും, നോഹ 40 നാള്‍ പെട്ടകത്തില്‍ കഴിഞ്ഞതിന്റേയും, ഇസ്രായേല്‍ ജനം 40 സംവത്സരങ്ങള്‍ മരുഭൂമിയില്‍ അലഞ്ഞതിന്റേയും ഓര്‍മ്മകള്‍ അനുസ്മരിക്കപ്പെടുന്ന ഈ 40 മണിക്കൂര്‍ ആരാധന ഓരോ വ്യക്തിയും തന്റെ ആദ്ധ്യാത്മിക ജീവിതത്തിലെ ഒരു അനുഭവമായി മാറ്റേണ്ടതാണ്.
 
ചരിത്രപരമായി 1530-ല്‍ ഇറ്റലിയിലെ മിലാനില്‍ ആരംഭിച്ച ഈ ചടങ്ങ് ഇന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ ഇടയില്‍ വളരെ സ്വാധീനവും പ്രചാരവുമുള്ള ഒരു ഭക്തിയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ - ലൂമണ്‍ ജെന്‍സിയും II പഠിപ്പിക്കുന്നതുപോലെ വി. കുര്‍ബാന ക്രൈസ്തവ ജീവിതത്തിന്റെ സ്രോതസും സത്തയുമാണ്.
 
വി. ജോണ്‍ പോള്‍ മാര്‍പാപ്പ 40 മണിക്കൂര്‍ ആരാധന വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. വി. അമ്മ ത്രേസ്യ വി. കുര്‍ബാനയും എഴുന്നള്ളിച്ചുകൊണ്ട് പടര്‍ന്നുപിടിച്ചിരുന്ന പകര്‍ച്ചവ്യാധിക്കെതിരേ നടത്തിയ പ്രദക്ഷിണം വളരെ പ്രസിദ്ധമാണ്. അമേരിക്കയില്‍ ഫിലഡല്‍ഫിയയിലെ ബിഷപ്പായിരുന്ന വി. ജോണ്‍ ന്യൂമാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 40 മണിക്കൂര്‍ ആരാധനയ്ക്ക് തുടക്കംകുറിച്ചിരുന്നു. നൂറ്റാണ്ടുകളായി ലോകമെമ്പാടും സംഭവിച്ചിട്ടുള്ള വി. കുര്‍ബാനയുടെ അത്ഭൂതങ്ങള്‍ ശാസ്ത്രലോകത്തിനു യുക്തിക്ക് ഇന്നുവരേയും ഉത്തരം നല്‍കാനാവാത്ത ഒന്നാണ്. പ്രസ്തുത അത്ഭുതങ്ങളെപ്പറ്റിയുള്ള ചരിത്രപരമായ വിവരണങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കുന്നതാണ്. വികാരിയച്ചന്‍ നേതൃത്വത്തില്‍ ഒരുപറ്റം സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനായി പ്രാര്‍ത്ഥിക്കുകയും ഒരുക്കങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു.
സെബാസ്റ്റ്യന്‍ പുല്‍പ്പറ അറിയിച്ചതാണിത്.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.