You are Here : Home / USA News

എല്ലാ മാധ്യമ സ്‌നേഹികളെയും അഭ്യുദയ കാംക്ഷികളെയും ഹൃദയപൂര്‍വം ക്ഷണിച്ചു കൊള്ളുന്നു

Text Size  

Story Dated: Thursday, October 31, 2013 12:35 hrs UTC

 സ്‌നേഹിതരെ,

 

സമുദ്രയാനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ കൊളംബസിന്റെ അത്ഭുത ഭൂമിയില്‍ കുടിയേറ്റത്തിന്റെ സംഭാവനയായി അമ്മ മലയാളത്തിന്റെ അക്ഷര വടവൃക്ഷം പുത്തുലഞ്ഞു നില്‍ക്കുന്നതില്‍ അഭിമാനം കൊള്ളാത്ത ഒരൊറ്റ മലയാളിയുമുണ്ടാവില്ല. കേരളീയരുടെ കുടിയേറ്റ കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ വിവിധ രൂപഭാവങ്ങളും പ്രവര്‍ത്തന ശൈലികളുമുള്ള നിരവധി സംഘടനകള്‍ ഇവിടെ പിറക്കുകയും വളരുകയും പിളരുകയും അകാലത്തില്‍ ഇല്ലാതാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാളമെന്ന നമ്മുടെ മഹത്തായ മാതൃഭാഷയുടെ പരിമളം വായനക്കാരിലും കാഴ്ചക്കാരിലും ഒട്ടും ചോര്‍ന്നു പോകാതെ എത്തിക്കുക എന്ന ഉദാത്ത ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട, ദൃശ്യ, അച്ചടി മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായമയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. 'വൈനിംഗ് ആന്റ് ഡൈനിംഗ്' സംസ്‌കാരത്തില്‍ നിന്നും ശരിദൂരം പാലിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടന മാധ്യമരംഗത്ത് അനുനിമിഷമുണ്ടാകുന്ന ചലനങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും തൊട്ടറിഞ്ഞും കുടിയേറ്റ ജനതയുടെ അഭ്യുന്നതിക്ക് ദിശാബോധം നല്‍കുന്നതിനായി ഉപയുക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ പറയട്ടെ. ഇന്ത്യാ പ്രസ് ക്ലബിന്റെ ജൈത്രയാത്രയ്ക്കിടയില്‍ ഒട്ടേറെ കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ജന്മഭൂമിയുമായി ആശയവിനിമയത്തിന്റെ ഹോട്ട് ലൈന്‍ ബന്ധം സ്ഥാപിച്ച് 'മാധ്യമ ശ്രീ' ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി.

 

ഇക്കൊല്ലം ജനുവരി ആറാം തീയതി കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടത്തിയ കേരള കണ്‍വന്‍ഷന്‍ ഏറെ ശ്രദ്ധേയവും അവിസ്മരണീയവുമായിരുന്നു. അമേരിക്കന്‍ മലയാളി ആസ്വാദകരുടെ ആശയും ആവേശവുമായി മാറിക്കഴിഞ്ഞ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സ് നടത്തുന്ന വിവരം ബഹുമാന്യ സുഹൃത്തുക്കള്‍ അറിഞ്ഞിരിക്കുമല്ലോ. നവംബര്‍ ഒന്നു മുതല്‍ 2 തീയതി വരെ ന്യൂജേഴ്‌സി, സോമര്‍സെറ്റിലെ ഹോളിഡേ ഇന്നിലാണ് ഈ മാധ്യമമേള. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം. പി കെ. എന്‍ ബാലഗോപാല്‍ ,എം,എല്‍.എ മാരായ വി.ഡി. സതീശന്‍, വി.ടി. ബല്‍റാം, മാധ്യമ രംഗത്തെ അതികായരായ ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ആര്‍. ശ്രീകണ്ഠന്‍ നായര്‍ (സൂര്യ ടി വി), ജെ. ഗോപീകൃഷ്ണന്‍ (പയനിയര്‍), വിനു ജോണ്‍ (ഏഷ്യാനെറ്റ് ന്യൂസ്) സി.എന്‍.എന്‍ പ്രതിനിധികളായ ഡോ. ദേവി നമ്പ്യാപറമ്പില്‍, സോവി ആഴാത്ത്‌ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ എണ്ണം പറഞ്ഞ പ്രമുഖര്‍ കോണ്‍ഫറന്‍സ് വേദിയില്‍ സംഗമിക്കും. സംവാദങ്ങളും, പ്രഭാഷണങ്ങളും, കലാ-സാംസ്‌കാരിക പരിപാടികളുമൊക്കെയായി മൂന്നുദിവസത്തെ ഈ കോണ്‍ഫറന്‍സ് ഇന്ത്യ പ്രസ് ക്ലബ് ചരിത്ര പുസ്തകത്തിലെ സുവര്‍ണ അധ്യായമായി എഴുതപ്പെടുമെന്നുറപ്പ്. വാക്കുകള്‍ സുഗന്ധം പരത്തുന്ന... കാഴ്ചകള്‍ മധുര മനോജ്ഞമാകുന്ന കോണ്‍ഫറന്‍സിന്റെ ദിനരാത്രങ്ങളിലേയ്ക്ക് എല്ലാ മാധ്യമ സ്‌നേഹികളെയും അഭ്യുദയ കാംക്ഷികളെയും ഹൃദയപൂര്‍വം ക്ഷണിച്ചു കൊള്ളുന്നു. നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടാവുമെന്നാഗ്രഹിച്ചു കൊണ്ട്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കു വേണ്ടി....

 

സ്‌നേഹാദരങ്ങളോടെ

മാത്യു വര്‍ഗീസ് (പ്രസിഡന്റ്)

മധു കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി)

 

Sunil Thymattom (Treasurer ) , Joby George (Vice President) , George Chirayil (Joint Secretary) , George Joseph (Conference Chairman) , Reji George (Advisory Board Chairman)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More