You are Here : Home / USA News

ഹിന്ദുമതത്തിലെ ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും: വിചാരവേദിയിലെ ചര്‍ച്ച

Text Size  

Story Dated: Tuesday, August 27, 2013 10:34 hrs UTC

വാസുദേവ്‌ പുളിക്കല്‍

വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യ സദസ്സ്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ ജോസ്‌ ചെരിപുറത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടി. വൈലൊപ്പിള്ളിയുടെ മാമ്പഴം എന്ന കവിത ഡോ. എന്‍. പി. ഷീല ചൊല്ലിക്കൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഹിന്ദുമതത്തിലെ ദുര്‍വ്യാഖ്യാനങ്ങളും തല്‍ഫലമായുണ്ടായ തെറ്റിദ്ധാരണകളും സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കും ഹൈന്ദവരുടെ ദൈവസങ്കല്‍പത്തിലെ വൈജാത്യത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട്‌ വാസുദേവ്‌ പുളിക്കല്‍ അവതരിപ്പിച്ച പ്രബന്ധത്തെ അടിസ്ഥാനമാക്കിയാണ്‌ ചര്‍ച്ച നടന്നത്‌. അമൂല്യമായ തത്ത്വചിന്തകള്‍ കൊണ്ടു സമൃദ്ധമായ ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്ണ്യം ജാതിയായി ദുര്‍വ്യഖ്യാനം ചെയ്യപ്പെട്ടത്‌ ഒരപാകതയാണെന്ന്‌ സ്വാഗത പ്രസംഗകന്‍ സാംസി കൊടുമണ്ണൂം നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥ ഉന്മുലനം ചെയ്യാന്‍ എളുപ്പമല്ലെന്ന്‌ അദ്ധ്യക്ഷന്‍ ജോസ്‌ ചെരിപുറവും അഭിപ്രായപ്പെട്ടു. ഗൗരവമായ ഒരു വിഷയത്തെകുറിച്ച്‌ പ്രബന്ധം അവതരിപ്പിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ട്‌ ഹിന്ദുമതത്തെ പോലെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മതം വേറെയില്ലെന്നും ഗീതയിലെ `ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം, ഗൂണ കര്‍മ്മ വിഭാഗശഃ' എന്ന ശ്ലോകത്തിലെ`ഗൂണ കര്‍മ്മ വിഭാഗശഃ' എന്ന ഭാഗം വിട്ടു കളഞ്ഞിട്ട്‌ `ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം' എന്ന വാക്കുകള്‍ മാറ്റി മറിച്ചപ്പോഴാണ്‌ ഇന്നത്തെ ജാതി വ്യവസ്ഥ ഉടലെടുത്തതെന്ന്‌ ഡോ. എന്‍. പി. ഷീല പറഞ്ഞു. കര്‍മ്മസംബന്ധിയായ സത്വരജസ്‌തമോ ഗുണങ്ങളുടെ പ്രഭാവത്തിനനുസൃതമാണ്‌ ഓരോരുത്തരുടേയും പ്രവൃത്തികള്‍. ഈ ഗുണങ്ങള്‍ക്ക്‌ താഴ്‌ചയും ഉയര്‍ച്ചയുമുണ്ടാകാം. അതനുസരിച്ച്‌ ഓരോരുത്തരുടേയും സ്വഭാവത്തിന്‌ മാറ്റങ്ങള്‍ വരുന്നു.മനുഷ്യര്‍ നന്നാകാത്തത്‌ വചനങ്ങളുടെ കുറവുകൊണ്ടല്ല.ബ്രഹ്മജ്ഞാനികളുടെ വാക്കുകള്‍ വ്യര്‍ത്ഥമായി പോകുന്നത്‌ എല്ലാവരും ഒന്നാണെന്ന്‌ പറഞ്ഞ്‌ പരാജയപ്പെട്ടപ്പോള്‍ ശ്രീലങ്കയിലേയ്‌ക്ക്‌ പോയ നാരായണഗുരുവിനെ ഉദാഹരണമായി കാണിച്ചു കൊണ്ട്‌ ഷീല ടീച്ചര്‍ സമര്‍ത്ഥിച്ചു. അവതരിപ്പിച്ച പ്രബന്ധത്തിന്‌ കാലികപ്രസക്തിയുണ്ടെന്നും ഹിന്ദുമതത്തിലെ അപജയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതിവിധിക്ക്‌ വേണ്ടത്ര സമീപനം ഉണ്ടായില്ലെന്നും ആമുഖമായി പറഞ്ഞു കൊണ്ട്‌ ഡോ. ജോയ്‌ കുഞ്ഞാപ്പു മതവും സംസ്‌കാരവും രണ്ടാണെന്നും അവ കൂട്ടിക്കുഴയ്‌ക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നം വേദോപനിഷത്തുക്കളെ അധാരമാക്കിക്കൊണ്ട്‌ സംസാരിച്ചു.

 

 

 

ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരം കണ്ടെത്തുന്ന ഉപനിഷദ്‌ സബ്രദായം മരണാന്തരമുള്ള സത്യം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാഠോപനിഷത്തും ജീവിതത്തിനു മുമ്പുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രശ്‌നോപനിഷത്തും ഉദാഹരണമായെടുത്തുകൊണ്ട്‌ വെളിപ്പെടുത്തി. മൂല്യങ്ങള്‍ക്ക്‌ കാലം കൊണ്ട്‌ മാറ്റം സംഭവിക്കുന്നു എന്നും എന്നാല്‍ സത്യം എപ്പോഴും നിലനില്‍ക്കുമെന്നും പറഞ്ഞു. ഈശോവാസത്തിലെ `ഓം ശാന്തി, ഓം ശാന്തി' ആണ്‌ ടിസ്‌. എസ്‌. ഇലിയടിന്റെ വെയ്‌സ്റ്റ്‌ ലാന്റിന്റെ അവസാനത്തെ ലൈന്‍ എന്ന്‌ കാണുമ്പോള്‍ ഭാരതീയ സംസ്‌കാരത്തിന്റെ സ്വാധീനം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ സൂചന ലഭിക്കുന്നു എന്നും കണ്ണാടി പ്രതിഷ്‌ഠ ബിംബാത്മക കാവ്യമാണെന്നും പ്രസ്‌താവിച്ചുകൊണ്ട്‌ ഡോ. ജോയ്‌ കുഞ്ഞാപ്പു തന്റെ പ്രസംഗം അവസാനിപ്പിച്ചു. ഹിന്ദുമതം വെ ഓഫ്‌ ലൈഫ്‌ എന്നതിനുപരിയായി സയന്‍സ്‌ ഓഫ്‌ സ്‌പിരിച്വല്‍ ലൈഫ്‌ ആണെന്ന്‌ ഡോ. നന്ദകുമാര്‍ ചൂണ്ടിക്കാണിച്ചു. ഹിന്ദുമതത്തിലെ പുഴുക്കുത്തുകളാണ്‌ ജാതിവ്യവസ്ഥ എന്നും ഹിന്ദുമതത്തിലെ പോലെ നികൃഷ്ടമല്ലെങ്കിലും അവാന്തരവിഭാഗങ്ങള്‍ എല്ലാമതങ്ങളിലും ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാതി എന്നുത്ഭവിച്ചു എന്നു പറയാന്‍ നിവൃത്തിയില്ലെന്നും ജോലിയുടെ അടിസ്ഥാനത്തിലുള്ള വിഭജനമായിരിക്കാം ജാതിവ്യവസ്ഥയായി മാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രബന്ധത്തിലെ ചില വരികള്‍ ഉദ്ധരിച്ചു കൊണ്ട്‌ പ്രബന്ധകാരന്‍ പറഞ്ഞതു പോലെ കേരളീയ ഹിന്ദുക്കള്‍ ഒരു പടി കൂടി മുന്നോട്ടു പൊയാല്‍ പോരാ അവര്‍?നിരവധി പടികള്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്ന്‌ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പി. റ്റി. പൗലോസ്‌ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷവും ക്ഷേത്രത്തില്‍ കടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ജനങ്ങളില്‍ നിന്ന്‌ നേരിട്ടറിഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ്‌ പി. റ്റി. പൗലോസ്‌ സംസാരിച്ചത്‌.

 

 

 

നിരവധി സംസ്‌കാരങ്ങളെ അംഗീകരിച്ചിട്ടുള്ള, എല്ലാ സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ്‌ ഭാരതമെന്നും മതം മാറ്റുന്നത്‌ സാംസ്‌കരികമായ ചൂഷണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉല്‍കൃഷ്ടമായ ഒരു പ്രബന്ധം അവതരിപ്പിച്ച്‌ സമഗ്രമായ ഒരു ചര്‍ച്ചക്ക്‌ വഴിയൊരിക്കിയതിന്‌ അദ്ദേഹം നന്ദി പറഞ്ഞു. ഹൈന്ദവസംസ്‌കാരം തന്നെയാണ്‌ ആര്‍ഷ സംസ്‌കാരം. മറ്റുള്ളവരെ അഗീകരിക്കാനുള്ള സംസ്‌കാരവും സഹിഷ്‌ണതയുമാണ്‌ ഇതര മതങ്ങള്‍ ഭാരതത്തില്‍ വളരാന്‍ ഇടയാക്കിയത്‌. ആ ഔദാര്യമനസ്സിനെ ചൂഷണം ചെയ്‌തുകൊണ്ടാണ്‌ ബാഹ്യശ്‌കതികള്‍ ഭാരതത്തില്‍ അധികാരത്തില്‍ വന്നത്‌. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കെതിരായി കമ്യൂണിസ്റ്റ്‌ ചിന്താഗതികളും (കേരളത്തില്‍ മാത്രം) മിഷനറി പ്രവര്‍ത്തനങ്ങളും നിലകൊണ്ടിട്ടുണ്ട്‌. ഇന്‍ഡ്യയെ ഹിന്ദുവല്‍ക്കരിക്കുന്ന സാഹചര്യത്തിലേക്ക്‌ നീങ്ങിയാല്‍?ഞാന്‍ ഒരു ഭാരതീയനാണെന്ന്‌ അവകാശപ്പെടാന്‍ സങ്കോചമുണ്ടെന്നും - ബാബു പാറക്കല്‍ പറഞ്ഞു. ഹിന്ദുമതത്തെ പറ്റിയുള്ള നിര്‍വചനവും ജാതിവ്യവസ്ഥ ദുരീകരിക്കാനുള്ള പരിഹാരമാര്‍ഗ്ഗവും കുറെ കൂടി വിപുലമായി ലേഖനത്തില്‍ പ്രതിപാദിക്കാമായിരുന്നു എന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ സി. ആന്‍ഡ്രൂസ്‌ തന്റെ പ്രസംഗം ആരംഭിച്ചു. സെമിറ്റിക്‌ മതങ്ങളില്‍ നിന്ന്‌ ഹിന്ദു മതം വേറിട്ടു നില്‌കുന്നു എന്ന ലേഖകന്റെ അഭിപ്രായത്തോടെ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ഹിന്ദു മതത്തില്‍ നിന്നാണ്‌ പല മതങ്ങളും ഉത്ഭവിച്ചിട്ടുള്ളത്‌ എന്നും അവയെല്ലാം ഭാരതീയ തത്വശാസ്‌ത്രത്തിനോട്‌ യോജിച്ചു പോകുന്നു എന്നും സമര്‍ത്ഥിച്ചു. ഹിന്ദുമല്‍തത്തിന്‌ മറ്റു പല മതങ്ങളുടേയും പൈതൃക സ്ഥാനം നല്‌കുന്നതു പൊലെ തോന്നി. ഇന്ന്‌ കാണുന്ന അമ്പലമതമല്ല ഹിന്ദു മതം. ഇന്ദ്രിയജ്ഞാനം മുതല്‍ അതീന്ദ്രിയജ്ഞാനം വരെ ഹിന്ദുമതത്തിലുണ്ട്‌. നേതാക്കന്മാര്‍ക്ക്‌ ഹിന്ദുമതം എന്താണെന്ന്‌ നിര്‍വചിക്കാന്‍ സാധിക്കാത്തത്‌ ഒരു പോരായ്‌മയാണ്‌. ഹിന്ദുമതത്തിന്റെ ഭാവിയെ പറ്റി ചോദിച്ചാല്‍ പൈശാചികമായ ജാതിവ്യവസ്ഥ നില നില്‌കുന്നിടത്തോളം വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ പ്രയാസമാണെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്‌ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ പാകത്തിന്‌ ഒരു ലേഖനം തയ്യാറാക്കി അവതരിപ്പിച്ചതില്‍ രാജൂ തോമസ്‌ സന്തോഷം പ്രകടിപ്പിച്ചു. കണ്ണാടി പ്രതിഷ്‌ഠയില്‍ അനുകരണം ഉണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ നാരായണഗുരു ആറ്റില്‍ നിന്ന്‌ ഒരു കല്ലെടുത്തുകൊണ്ടു വന്ന്‌ ശിവപ്രതിഷ്‌ഠ നാടത്തിയതിലെ മൗലികതയെ അഭിനന്ദിച്ചു. സംഗീതപ്രേമികളെ പാട്ടിന്റെ പാലാഴിയിലേക്ക്‌ ആനയിച്ച ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തില്‍ വിചാരവേദി അനുശോചാനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More