You are Here : Home / USA News

കോവിഡ് മരണ സർട്ടിഫിക്കറ്റല്ല, ഡോ. അഞ്ജു തോമസിന്റെ അതിജീവന കഥ

Text Size  

Story Dated: Tuesday, April 21, 2020 11:44 hrs UTC

 
കാര്‍മേഘം മൂടിയ ആകാശം പോലെയൊരു മനസ്സ്. 
ആകെ കാറും കോളും ആണ്.. അതിനെ എതിര്‍ത്തു നില്‍ക്കാന്‍ പറ്റിയ ഏറ്റവും മികച്ച ആയുധം ചിലരുടെ ഒക്കെ സ്‌നേഹവും കരുതലുമാണെന്നു തിരിച്ചറിഞ്ഞ നാളുകള്‍........
 
 
കൊറോണ വൈറസ് അല്ലെങ്കില്‍ കോവിഡ് 19 ഇ വൈറസ് നെ പറ്റി പലരും പലതും പറയുന്നുണ്ടാകും, നിങ്ങള്‍ അറിയുന്നുമുണ്ടാകും, പലര്‍ക്കും പല പല അനുഭവങ്ങള്‍ ആണ്. അങ്ങിനെ എനിക്കും ഉണ്ട് നിങ്ങളോടു പങ്ക് വെയ്ക്കാനുള്ള ഒരു ചെറിയ വലിയ അനുഭവം.
 
ഒരായിരം സ്വപ്നങ്ങളുമായി അമേരിക്കയില്‍ ന്യൂയോര്‍ക്ക് എന്ന നഗരത്തില്‍ ജീവിക്കുന്ന എനിക്ക് നേരിടേണ്ടി വന്ന ചില പരീക്ഷണങ്ങള്‍ .
 
പതിവ് പോലെ ഹോസ്പിറ്റലില്‍ ജോലിക്കു പോയി തിരികെ എത്തി. പെട്ടെന്നു ആകെ എന്തോ ഒരു ക്ഷീണം പോലെ തോന്നി. ഓ അത് ഇടയ്ക്കുള്ളതാണല്ലോ നല്ല ചൂടുവെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ ആ ക്ഷീണം മാറുമല്ലോ എന്ന് സ്വയം കരുതി, അതങ്ങു വിട്ടു .
 
ഇനിയാണ് ശരിക്കും കഥ തുടങ്ങുന്നത്
(Day 1) കുളി ഒക്കെ കഴിഞ്ഞു വന്നു ഫുഡ് കഴിക്കാന്‍ എടുത്തു. എന്താണെന്ന് അറിയില്ല കഴിക്കാന്‍ തോന്നുന്നില്ല. അതെടുത്തു കിച്ചണില്‍ കൊണ്ടുപോയി വെച്ചിട്ടു ഞാന്‍ റൂമില്‍ വന്നു കിടന്നു . പിന്നെ ശരീരത്തിന് എന്തൊക്കെയോ ചെറിയ മാറ്റങ്ങള്‍ തോന്നി തുടങ്ങി . ടെമ്പറേച്ചര്‍ ഉള്ളപോലെ .. അപ്പോ തോന്നി ഇനി റൂമില്‍ ഹീറ്റ് കൂടിയതാണെന്നു കരുതി ഹീറ്റ് കുറച്ചു. വന്നു വീണ്ടും കിടന്നു, പിന്നെ ഒന്നും ഓര്‍മയില്ല ബാക്കിയൊക്കെ രാവിലെ എഴുനേറ്റപ്പോ കെട്ട്യോന്‍ പറഞ്ഞു തന്നതാണ് .
 
( Day 2) കെട്ട്യോന്‍ : നിനക്കു നല്ല ടെമ്പറേച്ചര്‍ ഉണ്ടാരുന്നു രാത്രിയില്‍ ഞാന്‍ ആകെ പേടിച്ചുപോയി, ഉറങ്ങിയപോലും ഇല്ല .
 
ഞാന്‍ : മ് .. ഞാന്‍ ഇന്ന് ജോലിക്കു പോകുന്നില്ല എന്തോ ആകെ വയ്യാത്ത പോലെ .
 
കെട്ട്യോന്‍ : ഞാന്‍ അതങ്ങോട്ടു പറയാന്‍ വരുവാരുന്നു നീ ഇന്ന് പോകണ്ടാന്നു, മരുന്ന് വല്ലോം എടുത്ത് റെസ്റ്റ് എടുക്ക് , (എനിക്കി മരുന്ന് കഴിക്കുന്നത് തീരെ ഇഷ്ടമല്ല പിന്നെ കഴിക്കേണ്ടി വന്നാല്‍ കഴിച്ചല്ലേ പറ്റുള്ളൂ) ചെറിയ പനി വല്ലോം ആയിരിക്കുമെന്ന് പറഞ്ഞു തള്ളി ഞാന്‍ , എന്നിട്ടു കിച്ചണില്‍ പോയി ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചതിനു ശേഷം വീണ്ടും വന്നു കിടന്നു .
 
രാത്രി ഏറെ വൈകി, എനിക്ക് വിശപ്പില്ല ഇച്ചായന്‍ ഫുഡ് കഴിച്ചോളൂ എന്നും പറഞ്ഞു ഞാന്‍ പോയി ഉറങ്ങാന്‍ കിടന്നു . ഇത്തിരി കഴിഞ്ഞു ഇച്ചായന്‍ ഞങ്ങളുടെ ഒരു സുഹൃത്തിനെ വിളിച്ചു , അവള്‍ക്കു ചെറിയ ടെമ്പറേച്ചര്‍ ഉണ്ട് , അവര് പറഞ്ഞു റിസ്‌ക് എടുക്കാന്‍ നിക്കണ്ട മെഡിസിന്‍ എടുക്കാന്‍ പറയ് അവളോട് .
 
ഒന്നും കഴിക്കാതെ മരുന്ന് കഴിക്കാന്‍ പറ്റില്ലലോ , അങ്ങിനെ എന്നെകൊണ്ട് നിര്‍ബന്ധിച്ചു ആഹാരവും മരുന്നും കഴിപ്പിച്ചു , ഒട്ടും വൈകിയില്ല ഞാന്‍ വാള്‍ വെയ്ക്കാന്‍ തുടങ്ങി. ഒരു ഒന്നു ഒന്നര വാള്‍ .. കഴിച്ചത് ഫുള്‍ അങ്ങനെ വാള്‍
വച്ചു.
 
ഇച്ചായ എനിക്ക് വയ്യ ഞാന്‍ വീണുപോകുന്നു. നീ അങ്ങിനെയൊന്നും വീഴില്ലെടി എന്ന് പറഞ്ഞു പുള്ളിക്കാരന്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എനിക്ക് എന്റെ അമ്മയെ കാണണം, എനിക്ക് വീട്ടില്‍ പോകണം എന്നൊക്കെ ആരുന്നു പിന്നെയുള്ള എന്റെ വാക്കുകള്‍, അങ്ങിനെ മമ്മിയെ വിളിച്ചു തന്നു
ഞാന്‍: അമ്മെ
മമ്മി: എന്താടി ചിണുങ്ങാതെ കാര്യം പറയ്
ഞാന്‍: അമ്മെ, മമ്മി
മമ്മി: എന്താ അഞ്ചു നീ കാര്യം പറ
 
ഇച്ചായന്‍ ഫോണ്‍ വാങ്ങി: ഓ ഒന്നുല്ല മമ്മി അവള്‍ക്കു ചെറിയ ഒരു fever ഒന്ന് vomit ആക്കി അത്രേ ഉള്ളൂ മമ്മി tension ആവണ്ട
ഞാന്‍: അമ്മെ എനിക്ക് അമ്മയെ കാണണം ഞാന്‍ അങ്ങ് വരുവാ
മമ്മി: നീ എന്തിനാ കരയുന്നത്, ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ നിന്റെ പനി പോകും വെറുതെ നീ അവനെ വിഷമിപ്പിക്കാതെ (വിഷമം ഉള്ളിലൊതുക്കി 'അമ്മ എന്നെ വഴക്കു പറയുവാ) ഇച്ചായന്‍: മമ്മി ഞങ്ങള്‍ നാളെ വിളിക്കാം എന്നും പറഞ്ഞു കട്ട് ചെയ്തു .
 
പിന്നെയൊന്നും എനിക്ക് ഓര്‍മ്മയില്ല ... ടെമ്പറേച്ചര്‍ കൂടി കൊണ്ടേ ഇരിക്കുന്നു . രാത്രി ഒരുപാടായി , പാവം എന്റെ ഇച്ചായന്‍ ഉറങ്ങാതെ എന്റെ അടുത്ത് ഉണ്ട് , ബോധം വന്നപ്പോ എനിക്ക് ചെറുതായി മനസിലായി തുടങ്ങി കോവിഡ് ന്റെ തുടക്കം ആണെന്ന് .
 
ആ സംശയത്തില്‍ ഞാന്‍ ഇച്ചായനോട് പറഞ്ഞു നമുക്ക് ഒന്നു പോയി ടെസ്റ്റ് ചെയ്താലോ
ഇച്ചായന്‍ പറഞ്ഞു എടി ഇത് അതൊന്നുമല്ല
 
എങ്കിലും നിന്റെ ആശ്വാസത്തിന് നമുക്ക് ടെസ്റ്റ് അപ്പോയിന്റ്‌മെന്റ് എടുക്കാം , രാവിലെ ആവട്ടെ ..
 
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു .
 
( Day 3) രാവിലെ ആയപ്പോ എനിക്ക് വലിയ കുഴപ്പം ഇല്ല . ഇച്ചായന്‍ : നീ കുറച്ചു ദിവസത്തേക്ക് ഇനി ജോലിക്കു പോകണ്ട ഞാന്‍ പറഞ്ഞു. എനിക്ക് കുഴപ്പം ഒന്നുമില്ല അത് പറഞ്ഞുതീരും മുന്നേ എനിക്ക് തല ചുറ്റുമ്പോലെ തോന്നി ഇച്ചായന്റെ തോളിലേക്ക് ചാരി ഞാന്‍ കിടന്നു, ഇച്ചായന്‍ പെട്ടെന്നു ഹോസ്പിറ്റലില്‍ വിളിച്ചു അപ്പോയിന്റ്‌മെന്റ് നു, അവര് പറഞ്ഞു symptoms കുറവാണത്രേ. ലോ റിസ്‌ക് കാറ്റഗറി ആയോണ്ട് അപ്പോയിന്റ്‌മെന്റ് കിട്ടാന്‍ വൈകുമെന്ന് .
 
അവരോടു എന്തൊക്കെയോ പറഞ്ഞു രണ്ട് ദിവസത്തിനു ശേഷമുള്ള ഒരു ഡേറ്റ് കിട്ടി . ഇച്ചായന്‍ പോയി ഫുഡ് ഉണ്ടാക്കി കൊണ്ട് വന്നു, ഞാന്‍ പതിയെ ബെഡില്‍ നിന്നു എഴുന്നേക്കാന്‍ നോക്കി പറ്റുന്നില്ല ശരീരം വല്ലാതെ വരിഞ്ഞു മുറുങ്ങുന്ന പോലെ , എങ്കിലും എങ്ങിനെയൊക്കെയോ ഫുഡും മരുന്നും കഴിച്ച ശേഷം ഞാന്‍ കിടന്നു, പിന്നെ ചെറുതായി ശ്വാസം എടുക്കാന്‍ ആവാതെ പോലെ ഒരു ബുദ്ധിമുട്ട് പതിയെ വരാന്‍ തുടങ്ങി.. എങ്കിലും കുഴപ്പോമില്ല എന്ന രീതിയില്‍ ഞാന്‍ കിടന്നു. ഇടയ്ക്കു ആരുടെയൊക്കെയോ കോളും മെസേജും ഒക്കെ വരുന്നുണ്ട് എല്ലാരുടേം ചോദ്യം ഒന്നാണ്.
 
നിങ്ങള്‍ അവിടെ safe അല്ലെ, stay safe, stay home . തിരിച്ചു ഞാനും സെയിം ഡയലോഗ് ..
 
ഇടയ്ക്കു ഒന്ന് ഒക്കെ ആവുമ്പോള്‍ ഫോണില്‍ ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും നോക്കി, കാറോണയെ പറ്റിയുള്ള ട്രോളുകള്‍ പലതും, പിന്നെ cases കൂടുന്നേന്റെ കണക്കു എടുപ്പ് (സത്യം പറയാല്ലോ വെറുത്തുപോയി. ഒരു ബോധവുമില്ലാതെ കോവിഡ് ന്റെ google അറിവുകള്‍ മാത്രം വെച്ചുള്ള ചില പോസ്റ്റുകള്‍, അങ്ങിനെ പലതും ) കുറെ മെസേജ്, ന്യു യോര്‍ക്കില്‍ സെയ്ഫ് അല്ലേ അല്ലെ എന്നുള്ള ചോദ്യങ്ങള്‍. എല്ലാരോടും ഒരേ മറുപടി, Am fine
അങ്ങിനെ ഹോസ്പിറ്റല്‍ അപ്പോയ്ന്റ്‌മെന്റ് ദിവസം വന്നു.
 
ഞങ്ങള്‍ ടെസ്റ്റ് ചെയ്തു, വൈകി വന്ന റിസല്ട്ട് കരുതിയ പോലെ പോസിറ്റിവ്. ഹോസ്പിറ്റലില്‍ ബെഡ് ഇല്ലാത്തതുകൊണ്ട് അഡ്മിറ്റ് ചെയ്തില്ല
പിന്നെ പറഞ്ഞ ലോ റിസ്‌ക് കാറ്റഗറി. അവര്‍ക്കിത് ലോ റിസ്‌ക് ആണെങ്കിലും എനിക്ക് ഹൈ റിസ്‌ക് ആയിരുന്നു എന്ന് നേരത്തെ സ്വയം മനസിലാക്കിയിരുന്നു .
 
അതിനു കാരണം ശ്വാസതടസം തന്നെ ആയിരുന്നു. ഞങ്ങള്‍ ചിരിച്ചോണ്ട് നേരിട്ട ദിവസങ്ങള്‍.
അങ്ങിനെ ഞാനും ഇച്ചായനും ലീവ് എടുത്തു വീട്ടില്‍ തന്നെ അപ്പോളേക്കും
ലോക്ക് ഡൗണും ആയി .
ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി ...!
 
സുഹൃത്തുക്കള്‍ പലരും ഫോണ്‍ ചെയ്തു നിന്റെ പനി എങ്ങനെ കുറഞ്ഞോ വല്ല കൊറോണയും ആയിരിക്കും നീ ടെസ്റ്റ് ചെയ്യാന്‍ പോയിരുന്നോ ? എന്നുള്ള ചോദ്യങ്ങള്‍ , ഞാന്‍ പറഞ്ഞു ഓ ഇല്ല , അപ്പൊ അവര് പറഞ്ഞു ആ കൊറോണ നിന്നെ കണ്ടാല്‍ പേടിച്ചു ഓടും,
ഞാന്‍ ചിരിച്ചു തള്ളി കളയും .
 
ഉറ്റവരേം ഉടയവരേം പിരിഞ്ഞു പഠിക്കാനായി ഇറങ്ങി, അങ്ങിനെ അഞ്ചര വര്‍ഷം മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളെ പറ്റിയും, മനുഷ്യ ജീവനെ ഏതൊക്കെ രീതിയില്‍ രക്ഷപെടുത്താന്‍ ആധുനിക മെഡിക്കല്‍ സയന്‍സ് ന് കഴിയുമെന്ന് ഉറക്കം ഇല്ലാതെ പഠിച്ചെഴുതുമ്പോള്‍, സ്വപ്നത്തില്‍ പോലും കരുതിയില്ല അതെന്റെ ജീവന്‍ രക്ഷിക്കാനുള്ള ആയുധമായി മാറുമെന്ന് . ഡോക്ടര്‍ ലൈഫില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭവപാഠങ്ങള്‍ ആണ് ഇ 28 ദിവസം കൊണ്ട കോവിഡ് എനിക്ക് സമ്മാനിച്ചത്.
 
നെഗറ്റീവിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയ ദിവസങ്ങള്‍, ഓരോ ദിവസവും ഇന്ന് എന്തൊക്കെ ആയിരിക്കും ശരീരത്തിന്റെ അവസ്ഥ എന്ന് ഓര്‍ത്താണ് ഞാന്‍ എഴുന്നേക്കുന്നത്. വീട്ടില്‍ വിളിക്കുമ്പോള്‍ ഞാന്‍ അമ്മയോട് പറയും അമ്മെ ഇതിലും ഭേദം മരിക്കുന്നതാണ് ഇ വേദന സഹിക്കാന്‍ പറ്റുന്നില്ല ആകെ മനസ്സ് വല്ലാതെ പതറുമ്പോലെ തോന്നുന്നുണ്ട്.' അമ്മ പറയും ഒന്നുമില്ലെടി നിന്റെ പപ്പയടെം അനിയത്തീടേം നീ അറിയാത്ത പലരുടേം പ്രാര്‍ത്ഥന നിനക്കു കാവലായി ഉണ്ടെന്നു, അത് കേള്‍ക്കുമ്പോള്‍ എവിടെയോ ഒരാശ്വാസം പോലെ തോന്നും ..'
 
എല്ലാ ദിവസവും ഉച്ച കഴിയുമ്പോളേക്കും മുല്ലപ്പൂവ് വാടുമ്പോലെ ഞാന്‍ വാടി തുടങ്ങും.
 
എപ്പോളും ഉള്ളപോലെ തന്നെ ശരീരവേദനയും, ശ്വാസംമുട്ടലും, ടെമ്പറേച്ചര്‍ കൂടാന്‍ തുടങ്ങും ...സ്വയം മരുന്നും പിന്നെ വിറ്റമിനും ആവി പിടിക്കലും ,ചുക്ക് കാപ്പീം ഒക്കെ ആയി വീട്ടില്‍ തന്നെ ഒതുങ്ങി, ഇതിങ്ങനെ 3 ആഴ്ച്ച കൂടിം തുടര്‍ന്ന്, പതിയെ പതിയെ കുറയും പോലെ തോന്നി.
 
എങ്കിലും ശരീരവേദന എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാരുന്നു, മൂന്നാഴ്ച ആയപ്പോളേക്കും ബെറ്റര്‍ ആയപോലെ തോന്നിയെങ്കിലും ബെറ്റര്‍ അല്ലാരുന്നു..
 
ദിവസങ്ങള്‍ കടന്നു പോയി , മാതാപിതാക്കള്‍ ചെയ്ത പുണ്യം കൊണ്ടും പിന്നെ ചില സുഹൃത്തുക്കള്‍ പറഞ്ഞപോലെ കൊറോണ എന്നെകണ്ടു പേടിച്ചു ഓടിയോ .. ഇപ്പൊ എനിക്ക് വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ല ..എങ്കിലും ചെറിയ അസ്വസ്ഥതകള്‍ ഇല്ലാതെ ഇല്ല
 
COVID-19 IS NOT A DEATH SENTENCE-
 
മാധ്യമങ്ങള്‍ ഭയവും മരണ സംഖ്യയും മാത്രം വലുതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അതിജീവന കഥകള്‍ അപൂര്‍വ്വമായി മാത്രമാണ് പറയുന്നത.് ആരുടെയും സഹതാപം ലഭിക്കാനോ അല്ലെങ്കില്‍ ലൈക്ക് നു വേണ്ടിയോ അല്ല ഞാന്‍ ഇതെഴുതിയത്, ചിലര്‍ക്കൊക്കെ പലതും നഷ്ടപ്പെട്ടതായി തോന്നുകയും എന്തുചെയ്യണമെന്ന് അറിയാതിരിക്കുകയും ചെയ്യുന്നവരെ പ്രചോദിപ്പിക്കാനും വിശ്വാസം നല്‍കാനും വേണ്ടി മാത്രമാണ്,
 
ഏതൊരാവസ്ഥയും അവരവരുടെ നേര്‍ക്ക് വരണം എങ്കില്‍ മാത്രമേ അതിന്റെ ആഴം മനസിലാകുള്ളൂ. അല്ലാത്തവര്‍ക്കൊക്കെ വെറും ട്രോള്‍ ആയും സമൂഹ മാധ്യമങ്ങളിലെ തള്ളായും മാത്രം കരുതും.
 
നിങ്ങളില്‍ ചിലരെങ്കിലും ചിലപ്പോള്‍ ഇ അവസ്ഥയില്‍ കൂടെ കടന്നു പോകുന്നുണ്ടാകും. അവരോടെനിക്ക് പറയാനുള്ളത് നിങ്ങള്‍ തളരരുത് .. ഒറ്റക്കല്ല എന്ന തോന്നല്‍ നിങ്ങളെ ശക്തരാക്കും ..
 
അസുഖം വരുമ്പോള്‍ നമ്മളെ പേടിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും പലര്‍ക്കും ഉണ്ടാകുന്നു, അത്തരത്തില്‍ എനിക്കും ഉണ്ടായപ്പോള്‍ എന്നെ പിടിച്ചു നിര്‍ത്തിയത് എന്റെ ഇച്ചായനും, അപ്പയും അമ്മയുമൊക്കെയാണ.് പിന്നെ മനഃപാഠം ആക്കിയ വൈദ്യ ശാസ്ത്രത്തോടുള്ള എന്റെ വിശ്വാസം
 
ഞാന്‍ വിശ്വസിക്കുന്ന എന്റെ ദൈവം എന്നെ കൈവിടില്ല എന്നുള്ള പ്രതീക്ഷ ... ഇതൊക്കെയാണ് എന്നെ ഭേദമാക്കാന്‍ സഹായിക്കുന്നത് .. ഇപ്പോളും ഞാന്‍ പൂര്‍ണമായും ഭേദം ആയിട്ടില്ല. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍ക്കുക. ഞാന്‍ മാത്രമല്ല കോടിക്കണക്കിനു ആളുകള്‍ ലോകത്തിന്റെ പലയിടത്തായി , ആരോഗ്യപ്രവര്‍ത്തകരായും രോഗികളായും പലരും കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ..
 
അവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക...
 
നമ്മള്‍ ഇതും അതിജീവിക്കും...
 
ശുഭപ്രതീക്ഷയോടെ അഞ്ജു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.