You are Here : Home / USA News

14-മത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റില്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കള്‍

Text Size  

Story Dated: Monday, October 14, 2019 02:29 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
കാലിഫോര്‍ണിയ: അമേരിക്കന്‍ മലയാളി കായികലോകത്ത് ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടി ചിക്കാഗോ കൈരളി ലയണ്‍സിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ടീം കപ്പില്‍ മുത്തമിട്ടു. ടൂര്‍ണമെന്റിലുടനീളം വാശിയേറിയ മത്സരങ്ങള്‍ കാഴ്ചവെച്ചശേഷം ഫൈനലില്‍ ആയിരക്കണക്കിനു കായികപ്രേമികള്‍ക്ക് മാസ്മരിക പ്രകടനം കാഴ്ചവെച്ച് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ തിരിച്ചുപിടിച്ചുകൊണ്ട് കാലിഫോര്‍ണിയയിലെ യുവ താരങ്ങള്‍ ചിക്കാഗോ ടീമിനെ പരാജയപ്പെടുത്തുകയാണുണ്ടായത്.
 
ബേ ഏരിയ ആതിഥേയത്വം വഹിച്ച എന്‍.കെ ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് ഇക്കുറി തികച്ചും നൂതനമേറിയ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. ലോക ടെക്‌നോളജിയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സാന്‍ജോസ് ഇന്‍ഡിപെന്‍ഡന്‍സ് സ്കൂളില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നാംതീയതി നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്ക കളിക്കാര്‍ക്കും കായിക പ്രേമികള്‍ക്കും വേറിട്ട അനുഭവമായിരുന്നു. ഗൂഗിള്‍, സിസ്‌കോ, ഫേസ്ബുക്ക്, നെറ്റ് ഫ്‌ളിക്‌സ്, ടെസ്‌ല എന്നീ പ്രമുഖ കമ്പനികള്‍ കണ്മുന്നില്‍ കാണാന്‍ സാധിച്ചത് ഏവര്‍ക്കും വേറിട്ടൊരു അനുഭവമായിരുന്നു. ലോകത്തിലെ പ്രശസ്ത സര്‍വകലാശാലകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും വേറിട്ട അനുഭവമായിരുന്നു.
 
ടൂര്‍ണമെന്റ് ദിനങ്ങളില്‍ കളിക്കാര്‍ക്കായി ഒരുക്കിയ ആഢംബര കാറുകളില്‍ ഏറ്റവും പേരുകേട്ട ടെസ്‌ല കാറുകളില്‍ ഓരോ കളിക്കാരേയും കളിക്കളത്തിലേക്ക് എത്തിച്ചത് നവ്യാനുഭവമായിരുന്നുവെന്നു കളിക്കാര്‍ പറഞ്ഞു. ഹോട്ടലിലെ താമസവേളയില്‍ അത്യാധുനിക റോബോട്ടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞ് നിറവേറ്റുന്നത് തികച്ചും മറ്റു നഗരങ്ങളില്‍ നിന്നും വന്ന ഏവര്‍ക്കും കൗതുകം പകര്‍ന്നു.
 
അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി പത്തോളം ടീമുകളാണ് ഇക്കുറി അണിനിരന്നത്. ബാള്‍ട്ടിമോര്‍ കിലാഡീസ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ്, ചിക്കാഗോ കൈരളി ലയണ്‍സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സ്, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സ്, റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ്, വാഷിംഗ്ടണ്‍ കിംഗ്‌സ് എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. കാലിഫോര്‍ണിയ നിവാസികളുടെ ആവേശവും പ്രോത്സാഹനവും ബ്ലാസ്റ്റേഴ്‌സ് ടീമീനെ വിജയം കൈവരിക്കുന്നതിനു സഹായിച്ചു.
 
ആന്റണി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മാസങ്ങളായുള്ള കഠിന പ്രയത്‌നംകൊണ്ടാണ് ടൂര്‍ണമെന്റ് വിജയം കൈവരിക്കാന്‍ സാധിച്ചതെന്ന് സംഘാടക സമിതി വിലയിരുത്തി. ആഥിത്യമര്യാദയുടെ കാര്യത്തില്‍ കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കും അത്യാധുനിക സൗകര്യങ്ങളാണ് സജ്ജമാക്കിയിരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നു ഏവരേയും വരവേറ്റി യാത്രാസൗകര്യങ്ങളും താമസ സൗകര്യങ്ങളും ഒരു കുറവും വരുത്താതെ സംഘാടക സമിതിയുടെ സേവനം എടുത്തുപറയേണ്ടതാണ്.
 
ടൂര്‍ണമെന്റിന്റെ അവസാനവേളയില്‍ സാന്‍ജോസിലെ ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നല്‍കിയ സത്കാരം ഏവരുടേയും പ്രശസ്ത ഏറ്റുവാങ്ങി. വിഭവസമൃദ്ധമായ ഭക്ഷണക്രമീകരണങ്ങളും കള്‍ച്ചറല്‍ എന്റര്‍ടൈമെന്റ് പരിപാടികളും ബാങ്ക്വറ്റിന്റെ മികവ് പതിന്മടങ്ങാക്കി. 2020 -ല്‍ ഹൂസ്റ്റണ്‍ ചലഞ്ചേഴ്‌സിനു ബാറ്റണ്‍ കൈമാറിക്കൊണ്ട് ടൂര്‍ണമെന്റിനു തിരശീല വീണു.
സാജു ജോസഫ് (പി.ആര്‍.ഒ) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.