You are Here : Home / USA News

തിരിച്ചുവരുന്ന പ്രവാസികള്‍ ഒരു ബാധ്യതയോ?

Text Size  

Story Dated: Tuesday, April 28, 2020 01:11 hrs UTC

 
 
അജു ജോണ്‍, ഹൂസ്റ്റണ്‍
 
പ്രവാസം അവസാനിപ്പിച്ച് സ്വന്തം വീട്ടില്‍ തിരികെയെത്തിയ ഒരച്ഛനെ, മകനും, ഭാര്യയും കൂടി പെരുവഴിയിലേക്ക് എറിഞ്ഞ ഒരു പത്രവാര്‍ത്ത വായിച്ചതോര്‍ക്കുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരു അംശം കുടുംബത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടി പ്രവാസിയായി അര വയറില്‍ ജീവിതം തള്ളിനീക്കി, ഒടുവിലൊരുനാള്‍ തിരികെ ഭവനത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒരു ബാധ്യതയായി മാറി. ഈ കഥ ഇവിടെ പരാമര്‍ശിച്ചതിന് കാരണം കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസ സമൂഹത്തിലൊരു പങ്ക്, ജോലി നഷ്ടപ്പെട്ട് തിരികെ നാട്ടിലേക്ക് വരുന്നു. ഈ തിരികെ വരുന്നവര്‍ നമ്മുടെ നാടിന് ഒരു ബാധ്യതയാണോ?
പ്രവാസികളെ എങ്ങനെ പുനരധിവസിപ്പിക്കാം എന്നതാണല്ലോ ഈ ദിവസങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ അത് എത്രമാത്രം പ്രാവര്‍ത്തികം ആക്കാം എന്നതിന് വ്യക്തമായ ഉത്തരം സാമാജികരുടെ പക്കലില്ല താനും. പല വര്‍ഷങ്ങള്‍ പിന്നിലേക്ക് യാത്രചെയ്ത് ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്തു പഠിച്ചെങ്കില്‍ മാത്രമേ ഇതിനു വ്യക്തമായ ഉത്തരം നമുക്ക് ലഭിക്കയുള്ളൂ.
 
എന്തുകൊണ്ട് നമുക്ക് പ്രവാസം സ്വീകരിക്കേണ്ടി വന്നു?
 
 
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 60-70-80 കാലഘട്ടിലാണ് ഇന്ത്യയില്‍ നിന്ന് അന്യനാടുകളിലേക്ക് ജോലിക്കായി ആളുകള്‍ കൂടുതലായി ചേക്കറുവാന്‍ തുടങ്ങിയത്. അതിനു മുമ്പും ആളുകള്‍ വിദേശങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഒരു വലിയൊരു തള്ളിക്കയറ്റം ഉണ്ടായതു 60നു ശേഷം ആണ്. ആ കാലഘട്ടത്തിലെ ഭാരതത്തിന്റെ സാമ്പത്തിക സാഹചര്യമായിരുന്നു പലരെയും പ്രവാസ ജീവിതത്തിനു പ്രേരിപ്പിച്ചത്. മക്കളുടെ ഭാവി, സഹോദരങ്ങളുടെ നിലനില്‍പ്, കുടുംബ പ്രാരാബ്ധം ഇവയൊക്കെ അതില്‍ ചിലതു മാത്രം. മറ്റൊരര്‍ത്ഥത്തില്‍ ഗതികേട് ആണ് നമ്മെ പ്രവാസികള്‍ ആക്കിയത് എന്ന് പറയേണ്ടി വന്നാലും അത് ഒരതിശയോക്തി അല്ല.
 
ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ വിദ്യാഭ്യാസത്തിനു നമ്മുടെ പിതാക്കന്മാര്‍ നല്‍കിയ പ്രാധാന്യം നമ്മുടെ സ്വപ്‌നങ്ങളെയും ചിന്തകളെയും സ്വാധീനിച്ചിട്ടുണ്ട് എന്നത് മറ്റൊരു യാഥാര്‍്തഥ്യം. മുന്‍പ് സൂചിപ്പിച്ചതു പോലെ സാമ്പത്തിക സ്ഥിതി അധികം മോശമായിരുന്ന കാലഘട്ടമായിരുന്നല്ലോ അന്നത്തേത്. മുണ്ടു മുറുക്കി ഉടുത്താണ് ഞങ്ങള്‍ ജീവിച്ചത് എന്ന് നമ്മുടെ പിതാക്കന്മാര്‍ പറയുന്നത് കേട്ടിട്ടില്ലാത്ത ഒരാള് പോലും ഇന്നുണ്ടാവില്ല. ശരിയാണ് മുണ്ടു മറുക്കി ഉടുത്തു തന്നെയാണ് അവര്‍ നമ്മെ പഠിപ്പിച്ചത്. പക്ഷെ ആ ലഭിച്ച വിദ്യാഭ്യാസം ഇന്ത്യക്കു നല്ലരീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ നിര്‍ഭാഗ്യവശാല്‍ അന്നത്തെ ഭരണസംവിധാനങ്ങള്‍ക്കായില്ല. പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ ലഭിക്കുന്നത് പ്രയാസം, കാരണം അത്രമേല്‍ തൊഴില്‍ മേഖലകള്‍ നമുക്ക് അന്നില്ലായിരുന്നു. അത് നിര്‍മ്മിച്ചെടുക്കുവാന്‍ അവര്‍ ശ്രമിച്ചതുമില്ല. കഴിവും വിദ്യാഭ്യാസവും ഉള്ളവര്‍ ഇരിക്കേണ്ട കസേരയില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും കൈക്കൂലിയുടെ ബലത്തിലും യോഗ്യത ഇല്ലാത്തവര്‍ കയറിക്കൂടിയത് മറ്റൊരു യാഥാര്‍ത്ഥ്യം. അങ്ങനെ നിവര്‍ത്തിയില്ലാതെ അന്യദേശങ്ങളിലേക്കു പോകേണ്ടി വന്നവര്‍ ആ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഒരു നിര്‍ണ്ണായക ഘടകവും മൂല്യ വര്‍ധിത ഉപകരണങ്ങളും ഒക്കെ ആയി മാറി.
 
 ഇന്ത്യയുടെ വളര്‍ച്ചക്കു പ്രയോജനപ്പെടാമായിരുന്ന പല നൂതന ആശയങ്ങളും ബുദ്ധിവൈഭവവും, തൊഴില്‍ബലവും അങ്ങനെ വിദേശ രാജ്യങ്ങള്‍ സ്വായത്തമാക്കി. വിദേശത്തു പോയവര്‍ അവരുടെ സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്തിയതിലൂടെ ഒരംശം ഇന്ത്യക്കു ലഭിച്ചു എന്നത് ഒരനുഗ്രഹം തന്നെയാണ് എന്നാല്‍ മുകളില്‍ പറഞ്ഞ തൊഴില്‍ബലവും ബുദ്ധിവൈഭവവും ഇന്ത്യയുടെ പുറത്തേക്കൊഴുകിയതിലൂടെ ഇന്ത്യയുടെ നഷ്ടം വിലമതിക്കാനാവാത്തതാണ്. ഇന്ന് ലോകത്തുള്ള പല ഫോര്‍ച്ച്യൂണ്‍ കമ്പനികളുടെയും തലപ്പത്തിരിക്കുന്ന ആളുകള്‍ ഇന്ത്യക്കാരാണ് എന്നത് വിസ്മരിച്ചുകൂടാ.
 
ഇന്ന് ഈ കൊറോണ വയറസ് വ്യാപനം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധി പല രാജ്യങ്ങളും മുന്നില്‍ കാണുന്നു അതിന്റെ ഭാഗമായി ഈ സാഹചര്യത്തില്‍ നല്ലൊരു വിഭാഗം പ്രവാസികളും തിരികെ നാട്ടിലേക്ക് വരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേട്ട വാര്‍ത്തകള്‍ ഇതിനെ ഏതാണ്ടുറപ്പിക്കാവുന്ന തരത്തിലാണുതാനും.
 
പണ്ടാരോ പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു 'ചരിത്രത്തില്‍ സംഭവിച്ച തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് മണ്ടന്മാരുടെ ലക്ഷണം ആണ്.'
 
തിരികെ വരുന്ന ഈ പ്രവാസികളുടെ മൂല്യം നാം ചിന്തിക്കുന്നതിനും അപ്പുറമാണ്. അവരവരുടെ മേഖലകളില്‍ അവര്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിട്ടുള്ളതാണ്. ആ മേഖലകളില്‍ അവരുടെ  എക്‌സ്പീരിയന്‍സും കഴിവുകളും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഉല്‍പ്പാദനക്ഷമത ഉള്ള രാജ്യം ആക്കിമാറ്റി അതിലൂടെ സാമ്പത്തിക ഭദ്രത നേടിയെടുക്കുവാന്‍ സാധിക്കയുള്ളൂ. സാധിക്കണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം. ഐ.റ്റി. മേഖലയിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും  ടൂറിസം മേഖലയിലും മാന്ദ്യം ഇപ്പോള്‍ തന്നെ പ്രകടമാണ്. വരും ദിവസങ്ങളില്‍ എണ്ണഖനന/ഉത്പാദന മേഖലയിലും ധാരാളം തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത പ്രവചിക്കുന്നവരും വിരളമല്ല. തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യയില്‍  തിരികെ വരുന്നവര്‍ അവരുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാതെ വെറുതെ വീട്ടില്‍ ഇരിക്കേണ്ടി വരുന്ന സാഹചര്യമാണ് നമ്മുടെ മുമ്പിലെങ്കില്‍ നാം വീണ്ടും കാലങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുന്നവര്‍ ആയിത്തീരും.
 
 ഈ സാഹചര്യത്തെ നമുക്കു ഒറ്റകെട്ടായി അതിജീവിക്കണം. തിരികെ വരുന്നവരുടെ സാധ്യതകളെ ഉപയോഗിക്കുവാന്‍ തക്ക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് ആവണം.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ കൂടുതല്‍ പ്രോത്സാഹനങ്ങള്‍ നല്‍കി പുതിയൊരു ഇന്ത്യയെ നമുക്ക് കെട്ടിപ്പെടുത്താം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന വ്യാപകമായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശ്കതമായാല്‍, അത് ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യുവാന്‍ ഉള്ള സാധ്യത തെളിയും. പല അമേരിക്കന്‍, യൂറോപ്യന്‍ ബ്രാന്‍ഡ് നെയിം കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഈ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ ഇന്ത്യയില്‍ തുറക്കുന്നതിന് അനുമതി കൊടുക്കുന്നതിനുള്ള സാധ്യതകള്‍ ആരായണം. അതിനുവേണ്ടിയുള്ള ടാക്‌സ് ബെനിഫിറ്റ് പ്രഖ്യാപനങ്ങള്‍ സംസാരിച്ചുറപ്പിക്കണം. കൂടുതല്‍ കൂടുതല്‍ തൊഴില്‍മേഖലകള്‍ അങ്ങനെ നമ്മുടെ രാജ്യത്ത് ഉയര്‍ന്നു വരട്ടെ. ഏതു രാജ്യവും കൊതിക്കുന്ന തരത്തിലുള്ള യുവ- തൊഴില്‍ബലം ഭാരതത്തിനുണ്ട്. ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിന് നമ്മുടെ ഈ യുവ തലമുറയും എക്‌സ്പീരിയന്‍സും കഴിവുകളും തെളിയിച്ചിട്ടുമുള്ള, തിരികെ വന്ന പ്രവാസികളും കൈകോര്‍ത്തുപിടിച്ചാല്‍ സാധ്യമാകും.
 
ഒരു പക്ഷെ ഈ അവസരം അഴിമതികള്‍ നടത്തുന്നവര്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിച്ചു എന്നു വരാം. അങ്ങനെയുള്ളവരെ കണ്ടെത്തി, അവരെ ആജീവനാന്തം കല്‍തുറങ്കില്‍ അടക്കാന്‍ നിയമ വ്യവസ്ഥിതിയും ഭേദഗതി ചെയ്യേണ്ടി വന്നേക്കാം. സാരമില്ല, വികസനങ്ങള്‍ക്കു തുരങ്കം വെക്കുന്നവര്‍ ജയിലില്‍ അടക്കപെടുകതന്നെ വേണം. സുതാര്യമായ ഒരു വ്യവസ്ഥിതി നമുക്കു ഉണ്ടെങ്കില്‍ മാത്രമേ വികസനത്തിന്റെ ആക്കം കൂട്ടുവാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളരുവാന്‍ തിരികെ വരുന്ന പ്രവാസികള്‍ മൂലം നമുക്ക് സാധിക്കട്ടെ. ഭാരതം നാളെ ലോകത്തെ നയിക്കുവാന്‍ ഇടയാകട്ടെ.
ആശംസകളോടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.