You are Here : Home / USA News

ഒരു കൊറോണ വൈറസ് സര്‍വൈവറുടെ ഓര്‍മ്മക്കുറിപ്പ്

Text Size  

Story Dated: Sunday, April 19, 2020 11:33 hrs UTC

 
എസ്.എസ്. പ്രകാശ്, ന്യൂയോര്‍ക്ക്
 
കോവിഡ് 19 ഉം പിന്നെ ഞാനും.
അലമുറകളോടെ ആര്‍ത്തുകൊണ്ട് ഭയാനകമായ ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെടുന്നു. ചൈനയുടെ ഒന്നോ രണ്ടോ പ്രവിശ്യകളില്‍ നിന്നും പുറത്തേയ്ക്ക് വന്ന വാര്‍ത്തകളില്‍ ലോക മാധ്യമ രംഗം പോലും ഞെട്ടിത്തരിച്ചു. മഹാവിപത്തിന്റെ നടുക്കമുണര്‍ത്തുന്ന വാര്‍ത്തകള്‍!
 
 
കൂടെ കൊച്ച് കേരളത്തില്‍ നിന്നുമുള്ള ചെറിയ ചെറിയ വാര്‍ത്തകള്‍. രോഗം പൊട്ടിപ്പുറപ്പെട്ടു എന്നു പറയുന്ന ചൈനീസ് പ്രവിശ്യകളില്‍ മലയാളി കുട്ടികളും ധാരാളമായി പഠിക്കുന്നുണ്ട്. അവര്‍ തിരികെ വരുന്നു; അവരെയെല്ലാം കണ്ടു പിടിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം; ആവശ്യമുള്ളവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തണം. ഏറെക്കുറെ നിയന്ത്രണാധീനമാണെന്നുളള ശുഭ വാര്‍ത്തകള്‍!
 
വീണ്ടും വരുന്നു വാര്‍ത്തകള്‍ ... ക്വാറന്റെനില്‍ കഴിഞ്ഞവര്‍ ചാടിപ്പോയി, ഇറ്റലിയില്‍ നിന്നും വന്നവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. നാടുനീളെ വലയുമായി ഓടുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി, മറ്റുള്ളവര്‍ക്ക് പകരാതിരിക്കാനായി. ഇതിനിടയ്ക്ക് അവിടെയും ഇവിടെയും ഒക്കെ വരവറിയിച്ചു കൊണ്ടുള്ള വൈറസ് വിളയാട്ടം.
 
ന്യൂയോര്‍ക്ക് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനങ്ങള്‍, മേയറുടെ വാര്‍ത്താ സമ്മേളനങ്ങള്‍ പ്രസിഡന്റ് ട്രംപിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍.
 
അതൊക്കെ കേട്ടു കഴിഞ്ഞപ്പോള്‍ ഒരു പൊതു സ്തംഭനാവസ്ഥ. മറ്റൊന്നും കൊണ്ടല്ല, വാര്‍ത്തകളുടെ രത്‌ന ചുരുക്കം ഇതാണ്. ക്വാറന്റൈയിനിലൂടെ സ്വയം രക്ഷപ്പെടുക. അതു വഴി മറ്റുള്ളവരെ കൂടി രക്ഷപെടുത്തുക. ഓരോ അമേരിക്കക്കാരന്റെയും ദൗത്യമാണ്.
 
(ജനങ്ങളെ സംരക്ഷിച്ച് ചേര്‍ത്തു നിര്‍ത്താനുള്ള ദൗത്യം ഭരണാധികാരികള്‍ സൗകര്യപൂര്‍വം മറന്ന ദയനീയ കാഴ്ച)
 
ഭരണാധികാരികള്‍ ചിന്തിച്ചിട്ടുണ്ടാവാന്‍ വഴിയില്ല ന്യൂയോര്‍ക്കില്‍ പ്രതിദിനം 1500 - 2500 ഡോളര്‍ ഒക്കെ വാടക കൊടുത്ത് താമസിക്കുന്ന ധാരാളം പേരുണ്ട്. പരസ്പരം അറിയാത്തവര്‍, വ്യത്യസ്ത ഭാഷക്കാര്‍, ആചാര അനുഷ്ഠാനക്കാര്‍ :..വിശദീകരിക്കാന്‍ ഞാനാളല്ല. ഒന്നെനിക്ക് മനസ്സിലായി. നിരപരാധികളായ പതിനായിരങ്ങള്‍ക്ക് സ്വയമറിയാതെ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തപ്പെടുകയാണ്.
 
ഇതിനിടയില്‍, കഴിയുന്ന പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള താല്‍പ്പര്യം - നിസ്സഹായത അനുഭവപ്പെട്ടെങ്കിലും എല്ലാം എന്നെയും ചിന്താകുലനാക്കിയിരുന്നു.
 
ന്യൂയോര്‍ക്ക് സ്റ്റേറ്റ് എമര്‍ജന്‍സി, നാഷണല്‍ എമര്‍ജന്‍സി പല പല നിയന്ത്രണംഒക്കെ വന്നെങ്കിലും ഒരു കാര്യം ഉറപ്പായി;പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടരും
 
നിര്‍ഭാഗ്യവശാല്‍ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു കൊച്ചു ജോലിക്കാരനായ എനിക്ക് അവിടെയും രക്ഷപെടാന്‍ അവസരമില്ലാതായി. അതായത് ജോലിക്ക് പോകാതെ നിവൃത്തിയില്ല അത്യാവശ്യം വല്ല കള്ള അസുഖവും പറഞ്ഞ് വീട്ടിലിരിക്കാമെന്ന് കരുതിയാല്‍ അതിനും കഴിയില്ല. കാരണം എന്റെ പ്രാഥമിക ഡോക്ടര്‍, അസുഖം കഴിഞ്ഞ് മടങ്ങിച്ചെല്ലുമ്പോള്‍ ഡോക്‌റ്റേഴ്‌സ് നോട്ട്ഫില്‍ ചെയ്ത് തരണം. എന്നാല്‍ കൊറോണയുടെ ആവിര്‍ഭാവത്തോടെ ഓഫീസും പൂട്ടി അദ്ദേഹവും സ്ഥലം വിട്ടിരുന്നു. അങ്ങനെ ആ സാധ്യതയും ഇല്ലാതായി.
 
ഉദ്യോഗം പബ്ലിക്ക് ട്രാന്‍സ്‌പോട്ടേഷനില്‍ -അതായത്, ന്യൂയോര്‍ക്ക് സിറ്റി സബ് വേ- ജോലി സ്റ്റേഷന്‍ ഏജന്റ്. പഴയ ടോക്കണ്‍ ബൂത്ത് ക്ലാര്‍ക്ക്.ഒരു ബൂത്തിലിരുന്ന് ജോലി നോക്കുന്നതിനു പകരം സൗകര്യങ്ങളും സ്വാതന്ത്യവും നോക്കി സ്വയം തെരഞ്ഞെടുത്ത ജോലിയാണ്. ലഞ്ച് റിലീഫ്. ഓരോ ബൂത്തിലും (സ്റ്റേഷനിലും) ചെന്ന് അര മണിക്കൂര്‍ വീതം ബ്രേക്ക് കൊടുക്കുക എന്ന ജോലി. നിര്‍ഭാഗ്യവശാല്‍ ഈ സാഹചര്യം പ്രതികൂലമായി. കാരണം എട്ടു സ്റ്റേഷനുകളില്‍(ബൂത്തുകളില്‍) ഒക്കെ പോകുമ്പോള്‍ നേരിടേണ്ടി വരുന്ന പല കടമ്പകള്‍.
 
ഓരോ ദിവസവും 36 സ്റ്റ്രീറ്റ്, ഫോര്‍ത്ത് അവന്യു സ്റ്റേഷനില്‍ 3 മണിക്ക്ആരംഭിക്കുന്ന എന്റെ ജോലി അവസാനിക്കുന്നത് അതേ സ്റ്റേഷനിലാണ്. പക്ഷേ 36 സ്റ്റ്രീറ്റ് മുതല്‍ 95 സ്റ്റ്രീറ്റ് (വെരസാനൊ ബ്രിഡ്ജിനു സമീപം)ട്രയിനില്‍ യാത്ര. 95 സ്റ്റ്രീറ്റ് മുതല്‍ മടങ്ങിവരവ്. അറുപതോളം ബ്ലോക്കുകള്‍ നടന്നും.
 
കൊറോണ കാലയളവില്‍ കയറുന്ന ട്രെയിനുകളില്‍ ഏഴോ എട്ടോ പേരു മാത്രം. മാസ്‌ക് ഗ്ലൗസ് ഒക്കെ ധരിച്ചിരിക്കുന്നവര്‍. നിരാലംബരായ യാത്രക്കാര്‍. എങ്ങും മൂകത തളം കെട്ടി നില്‍ക്കുന്നു. കാല്‍നടയിലെ മടക്കയാത്രകള്‍ അതിനേക്കാള്‍ കഷ്ടം. അടഞ്ഞുകിടക്കുന്ന റെസ്റ്ററന്റുകള്‍, കടകള്‍, ബിസിനസ് സ്ഥാപനങ്ങള്‍. അവിടെയും ആരോരും ആശ്രയത്തിനില്ലാത്തവരുടെ പട്ടികയില്‍ പെടുന്നവര്‍ ലക്ഷ്യമില്ലാത്തതുപോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു.
 
അങ്ങനെ ആ ദിവസം വന്നു. മാര്‍ച്ച് 27, 2020 വെള്ളി. അഞ്ചര മണിയോടു കൂടി ശരീരമാകെ കടുത്ത കുളിര് അനുഭവപ്പെടാന്‍ തുടങ്ങി.
 
കൈ കഴുകലൗം ക്ലീനിംഗുമൊക്കെ ശ്രദ്ധാപൂര്‍വം ചെയ്യുന്ന ഞാന്‍ ഒരു കാര്യത്തില്‍ മാത്രം ലുബ്ധനായിപ്പോയി. മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍. അതിനൊരു പ്രത്യേക കാരണമുണ്ടായിരുന്നു. എപ്പോഴും കണ്ണട വയ്ക്കുന്ന എനിക്ക് മാസ്‌ക് ധരിക്കുമ്പോള്‍ ശ്വസന ഭാഗമായി ഉണ്ടാകുന്ന നീരാവി, കണ്ണാടിയില്‍ ഫോഗ് നിറയ്ക്കുകയും കാഴ്ച മറയ്ക്കുകയും ചെയ്യുമായിരുന്നു. അതു കൊണ്ടാണ് മാസ്‌ക് ധരിക്കാതിരുന്നത്.
 
അഞ്ചരയോടെ ആരംഭിച്ച കുളിരും പനിയുണ്ടോയെന്ന സംശയവും എന്നെ അത്രയ്ക്കങ്ങ് ആകുലനാക്കിയിരുന്നില്ല. ഏതായാലും എന്റെ ബ്രേക്ക് ഒഴിവാക്കിയും ഒന്നു രണ്ട് പേര്‍ അവരുടെ ബ്രേക്കുകള്‍ വെട്ടിച്ചുരുക്കിയുമൊക്കെ അന്ന് ഫലത്തില്‍ 8.30 ഓടെ എന്റെ ജോലി കഴിച്ചു. ജോലി സമയം 11 വരെയാണെങ്കിലും ശാരീരികാസ്വാസ്ഥ്യം എന്നെ നേരെ വീട്ടിലേക്ക് വരാന്‍ പ്രേരിപ്പിച്ചു. വീട്ടിലെത്തിയ എന്നെ കണ്ട് ഭാര്യയ്ക്ക് വല്ലാത്ത പേടിയായി.
 
എന്ത് പറ്റി..? ഇത്രയ്ക്ക് നേരത്തെ പതിവില്ലല്ലോ ..
 
സുഖമില്ലെന്ന് ഒരു തോന്നല്‍, ഞാനിങ്ങ് പോന്നു, എന്റെ മറുപടി.
ഡ്രസ് മാറുന്നതിനിടയില്‍ ധൃതി പിടിച്ച് എവിടുന്നോ ഒരു തെര്‍മ്മോമീറ്റര്‍ കൊണ്ടുവന്ന് പനി നോക്കി. 103+ സാധാരണയില്‍ നിന്നും വ്യത്യസ്തമായി സ്വയം ക്വാറന്റെയിന്‍ അംഗീകരിച്ചു കൊണ്ട് ബേസ്‌മെന്റിലേക്കായിരുന്നു ഞാന്‍ വന്നത്. പെട്ടെന്ന് കാപ്പിയിടാനോടി ഭാര്യ.
 
സാധാരണ ഒന്നോ രണ്ടോ ഒക്കെ പെഗ് കുടിക്കുന്നതാണ്. അതും ഐസും വെള്ളവും ഒക്കെക്കുട്ടി.അന്നത്തേയ്ക്ക് വെള്ളവും ഐസും ഒഴിവാക്കി. ഒരു ലാര്‍ജ് ഒഴിച്ച് സിപ് സിപ്പായി കുടിച്ചു തുടങ്ങി. അപ്പോഴേക്കും ഭാര്യ കാപ്പിയുമായെത്തി. 'ജോലി സമയത്ത് വന്ന് കള്ള് കുടിച്ചു നിക്കുന്നോ?
 
മിണ്ടാതിരിക്കാന്‍ എന്റെ മാന്യമായ ആംഗ്യാഭ്യര്‍ത്ഥന. കയ്യിലിരുന്ന ഗ്ലാസ് സിപ് ചെയ്യുന്നതിനിടയ്ക്ക് പെട്ടെന്ന് ഒരു ലാര്‍ജോളം കാപ്പിയിലേക്കും ഒഴിച്ചു.ഒരാശ്വാസം പോലെ. എങ്ങിനെയോ ബെഡ്ഡിലെത്തി.
 
പിറ്റേ ദിവസം ശനി. അവധി ദിവസമായതിനാലും ഓവര്‍ടൈം എടുക്കാതിരുന്നതിനാലും കുളിരും പനിയുമായി കിടന്നുരുണ്ട് പുരണ്ട് സമയം കൊന്നു. പല ചികില്‍സാ വിധികളും ഭാര്യയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഒരു സാധാരണ ഫ്‌ളൂ മാത്രമായിട്ടേ ഇതിനെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇഷ്ടം പോലെ വെള്ളം കുടിച്ചു കൊണ്ടേയിരുന്നു.
 
എന്റെ അവധി ദിവസമായ 29 ഞായര്‍ ഭാര്യയുടെ ചികില്‍സാ വിധികളൊക്കെ കഴിഞ്ഞുള്ള ഓര്‍ഡര്‍ വന്നു. അര്‍ജന്റ് കെയറില്‍ പോകാം. അപ്പോയിന്റ്മന്റ് എടുത്തിട്ടുണ്ട്.
 
ഞായറാഴ്ച ,അവിടെ ആരേലും കാണുമോ? വെറുതെ പോയിട്ട് മൂന്ന് മണിക്കൂറെങ്കിലും അവിടെയിരിക്കണം.
ഭാര്യ അതംഗീകരിച്ചില്ല. 15 മിനിട്ടേ എടുക്കൂ.. 9 മണിക്കാണ് അപ്പോയിന്റ്‌മെന്റ്.
 
പാന്റും ഷര്‍ട്ടും ഇടുവിച്ച് ഒരു മാസ്‌കും ഫിറ്റ് ചെയ്യിപ്പിച്ച് യാത്രയായി. ഭാര്യയെ പുറത്ത് നിര്‍ത്തി എന്നെ മാത്രം അകത്ത് കടത്തി. പേയ്‌മെന്റിന് ആവശ്യമായതെല്ലാം പൂരിപ്പിച്ചും സൈന്‍ ചെയ്യിപ്പിച്ചതിനും ശേഷം ഒരു കാത്തിരിപ്പ് ...
 
എന്റെ നിഗമനം തെറ്റിയില്ല 3 മണിക്കൂര്‍. രോഗലക്ഷണങ്ങള്‍ കേട്ട് പനി നോക്കിക്കഴിഞ്ഞ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഡോക്ടര്‍ വെളിപ്പെടുത്തി.കോവിഡ് 19.
 
ടെസ്റ്റിന്റെ മെറ്റീരിയലെല്ലാം എടുത്ത് 102 ഡിഗ്രി പനി കണ്ടതിനാല്‍ 2 ടൈലനോളും തന്നു. മെഡിക്കേഷനെല്ലാം ഫാര്‍മസിയിലേക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.
 
ഫാര്‍മസിയില്‍ ചെന്നിട്ട് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വിളിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യപ്പെട്ടു. മരുന്നുകളൊന്നും ഇല്ല. അഥവാ വേണ്ട . വെള്ളം കുടിച്ചു കൊണ്ടേയിരിക്കുക.
 
എന്റെ ഉള്ളം കാലില്‍ നിന്നൊരു പെരുപ്പ് കയറി. പക്ഷേ, സംയമനം, അതില്‍ ഞാനൊതുങ്ങി.
 
തിങ്കള്‍ ജോലി ദിവസമായതിനാല്‍ പനിച്ചു വിറച്ച് പുളയുന്നതിനിടയില്‍ ഓഫീസില്‍ വിളിച്ചറിയിച്ചു. കോവിഡ് 19 ആകാം. ടെസ്റ്റ് റിസല്‍ട്ടിന് കാത്തിരിക്കുന്നു. അവിടുന്നും ഉപദേശം. ധാരാളം വെള്ളം കുടിക്കുക.
 
ജോലിക്ക് പോകുന്നില്ല എന്ന തീരുമാനവും അസുഖത്തിന് മരുന്നില്ലാത്ത അവസ്ഥയും വിശപ്പില്ലായ്മയും ആഹാരം കഴിപ്പിക്കാനുള്ള ഭാര്യയുടെ നിര്‍ബന്ധവും ഒപ്പം ശാരീരിക വേദന, വെട്ടിമുറിക്കുന്ന പോലുള്ള തലവേദന, നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കിടുവല്‍ പനി...
 
തുടര്‍ന്നുള്ള രണ്ട് മണിക്കൂറ് പോലും ഇടവിടാതെയുള്ള ടൈലനോള്‍ എന്ന ഏക ആശ്രയം.
 
ആദ്യ ദിവസം തന്നെ സ്ഥാനചലനം ഉറപ്പിച്ച കുപ്പി ...അവസാനത്തെ ആശ്രയം പോലെ എന്റെ മനസില്‍ ഓടിയെത്തിയ ഒരു ലാര്‍ജ് എന്ന ചിന്തയെ ഞാന്‍ പൊടി തട്ടിയെടുത്തു. ഭാര്യയോടായി ചെറിയൊരപേക്ഷ: 'നോ പറയരുത്. ഒരേ ഒരു ലാര്‍ജ് അതെനിക്ക് തരണം രണ്ടാമത് വേണ്ട.
 
ഇല്ല ഒരിക്കലുമില്ല .. ഭാര്യയുടെ കട്ടായം പറച്ചില്‍
 
അപ്പോള്‍ ഒന്നു ഞാന്‍ തീരുമാനിച്ചുറച്ചു 'എങ്കില്‍ എനിക്കിനി ഒന്നും വേണ്ട.
രാത്രി വരെ നിര്‍ബന്ധങ്ങള്‍ പല രൂപത്തില്‍ വന്നു. 9/11 ഭീഷണി ഉള്‍പ്പടെ. അവസാനം ഞാന്‍ ജയിച്ച മട്ടിലെത്തി.
 
എന്തു വേണേലായിക്കോ: ഭാര്യ പറഞ്ഞു.
 
വിജയീ ഭാവത്തോടെ എവിടുന്നോ സംഭരിച്ച ശക്തിയില്‍ ഞാനെണീറ്റു. കള്ള് ചോദിക്കാതെ കുടിക്കാതെ അല്പം കഞ്ഞി കുടിച്ച് നല്ല കുട്ടിയായി ഞാന്‍ വീണ്ടും ബെഡ്ഡിലേക്ക്
 
ആറാം ദിവസം ബുധനാഴ്ച ഉച്ചയോടെ ആ വാര്‍ത്ത എത്തി.
കോവിഡ് 19 പോസിറ്റീവ്
 
കലശലായ ചുമയും വരിഞ്ഞ് മുറുക്കിയ പോലുള്ള ശരീരവേദനയും കുളിരും പനിയും വിശപ്പും ദാഹവുമില്ലാത്ത അവസ്ഥയും ഒക്കെയായി മണിക്കൂറുകള്‍ ഞാന്‍ എരിഞ്ഞടങ്ങുകയായിരുന്നു. കണ്ണടച്ചാല്‍ കഴുത്തിലാരോ പിടിച്ച് ഞെരിക്കുന്നു. അശേഷം ഉറക്കമില്ല
 
ശനിയാഴ്ച രാത്രി. ഒന്‍പതാമത്തെ ദിവസം. ഞാനൊരു തീരുമാനം എടുത്തു. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന എന്റെ ശരീരം മറ്റാര്‍ക്കും കാണാന്‍ കഴിയില്ല. ഒരു ഫ്യൂണറല്‍ ഹോം നടപടിയുമില്ല. ഒരു പെട്ടിക്ക് പോലും ക്ഷാമം.തീരുമാനം ഇതായിരുന്നു.
 
എന്റെ ബോഡി ഭാര്യയ്ക്ക് നല്‍കരുതെന്ന് എഴുതി വയ്ക്കുക. സിറ്റിയോ സ്റ്റേറ്റോ കൈകാരയ്ം ചെയ്തു കൊള്ളൂം. ഭാര്യയെ വിഷമാവസ്ഥയില്‍ ആക്കേണ്ടതില്ലഎന്നഉത്തമ ബോധ്യമാണ് എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. ഓര്‍ഗന്‍ ഡോണര്‍ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കിലും വൈറസ് ബാധയുള്ളതിനാല്‍ അതൊന്നും നടക്കില്ല.
 
എന്നാല്‍ ആരോഗ്യസ്ഥിതി എന്നെ എഴുതാന്‍ അനുവദിച്ചില്ല.
 
എന്തുകൊണ്ടന്നറിയില്ല. വൈറസ് ബാധ മനസിനെയും ചിന്തകളെയും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതിരുന്നതിനാല്‍ കാലങ്ങള്‍ക്ക് മുന്‍പ് മരണത്തെ മുഖാമുഖം കണ്ട പല സന്ദര്‍ഭങ്ങളിലെ അനുഭവങ്ങള്‍ വീണ്ടും ഓടിയെത്തി.
 
8 വയസുള്ളപ്പോള്‍ വാമനപുരം ആറ്റില്‍ കടത്ത് വള്ളത്തിന്റെ കൊമ്പില്‍ പിടിച്ച് അക്കരെയെത്താനുള്ള എന്റെ ശ്രമം. കൈ തളര്‍ന്നതുമൂലം പരാജയപ്പെട്ട എന്നെ സന്ധ്യാ വെളിച്ചത്തില്‍ ദൂരെ നിന്ന് പൊങ്ങിയും താണും വെള്ളത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന
 
എന്നെ ഓടിയെത്തി പിടിച്ച് കരയ്ക്ക് കൊണ്ട് ചെന്ന് പൊതിരെ തല്ലി അന്നെന്റെ പുനര്‍ജന്മം സാദ്ധ്യമാക്കിയ മൊണ്ടിമാമന്‍.
 
എഴുപതുകളില്‍ ടൈഫോയ്ഡ് പിടിച്ച് മെഡിക്കല്‍ കോളേജില്‍, വെച്ച് ചത്തതായി എഴുതി തള്ളിയ ബോഡിയില്‍ എവിടെയോ ഒരു ജീവാംശം ഉണ്ടെന്ന് കണ്ടറിഞ്ഞ റസിഡന്‍സി ഡോക്ടറുടെ ശ്രമഫലമായി കിട്ടിയ മറ്റൊരു പുനര്‍ജന്മം.
 
എണ്‍പതുകളില്‍ മഞ്ഞപ്പിത്തം പിടിച്ച് മരിച്ചെന്ന് വിധിയെഴുതി ശവമുറിയില്‍ വലിച്ചെറിഞ്ഞതിന് ശേഷം ആരുടെയൊക്കെയോ ശ്രമഫലമായുണ്ടായ മറ്റൊരു പുനര്‍ജന്മം. മുന്നില്‍ വന്ന് നിന്ന മരണത്തെ ഞാന്‍ സ്വയം പരാജയപ്പെടുത്തി എന്നതാണ്.
 
1975. ബോബെ താന ജി.ബി. റോഡിലുള്ള സാവന്റ് കോള്‍ഡ് സ്റ്റോറേജ് ആന്റ് ഫിഷറീസ് ഡിവിഷന്‍. ഒരു ദിവസം 5 രൂപക്ക് ജോലി ചെയ്ത് സുഭിക്ഷമായി ജീവിക്കുന്ന കാലം. ഫ്രീസറില്‍ നിന്ന് ട്രേകളില്‍ നിറച്ചിരുന്ന ചെമ്മീന്‍ കാര്‍ട്ടണുകളില്‍ 20 കിലോ ബോക്സുകളിലാക്കി വലിയ കോള്‍ഡ് സ്‌റ്റോറേജില്‍ കൊണ്ട് വെച്ച് മടങ്ങിയെത്തിയപ്പോള്‍, സെക്യൂരിറ്റി വളരെ ഭദ്രമായി പുറത്തു നിന്ന് ലോക്ക് ചെയ്ത് പോയിരിക്കുന്നു.
 
അപകടം മനസ്സിലാക്കിയ ഞാന്‍ നിസ്സഹായനായി. മണിക്കൂറുകള്‍ കൊണ്ട് ജീവനോടെയുള്ള ഒരു ഫ്രോസണ്‍ വസ്തുവായി മാറാന്‍ പോകുന്ന അവസ്ഥ. പിറ്റെ ദിവസം സ്റ്റോറേജ് റൂം തുറക്കുമ്പോള്‍ ഐസ് പിടിച്ചിരിക്കുന്ന എന്റ ശരീരം ഞാന്‍ സ്വയം ദര്‍ശിച്ചു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ എന്റെ ശബ്ദം നഷ്ടപ്പെട്ടു കൊണ്ടിരുന്നു. ഞരമ്പുകള്‍ വലിഞ്ഞു മുറുകാന്‍ തുടങ്ങി. എവിടുന്നോ ഓടിയെത്തിയ ഒരു പൊട്ടന്‍ ബുദ്ധി സാഹചര്യങ്ങളെ അടിപടലേ തകര്‍ത്തെറിഞ്ഞു.
 
പുകവലി ദുശീലക്കാരനായ ഞാന്‍ എങ്ങനോ പോക്കറ്റില്‍ നിന്ന് കൈക്കലാക്കിയ തീപ്പെട്ടിയെടുത്ത് ഒറ്റ ഉരച്ചില്‍ തന്നെ തീ കത്തിച്ചു. കെടുന്നതിന് മുമ്പു തന്നെ അടുത്തുണ്ടായിരുന്ന ഒരു കാര്‍ഡ് ബോര്‍ഡ് ബോക്സില്‍ കത്തിച്ചു. മരിച്ചു കൊണ്ടിരുന്ന ഞാന്‍ പുനര്‍ജ്ജനിച്ചു. കാര്‍ഡു ബോര്‍ഡുകള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടികൊണ്ടേയിരുന്നു. എല്ലാം തവള കാലുകള്‍ നിറച്ചു വെച്ചിരുന്ന ബോക്സുകള്‍. ചില കാലുകള്‍ ഇതിനിടയില്‍ തീയിലിട്ട് ചുട്ട് തിന്നാനും ശ്രമിച്ചു.
 
തീയും ചൂടും കൊണ്ട് ഐസ് മെല്‍റ്റായപ്പോള്‍ പുറത്തോ അകത്തോ ഉണ്ടാകുന്ന ശബ്ദവും അറിയാന്‍ തുടങ്ങി. എപ്പോഴോ സെക്യൂരിറ്റിയുടെ കാലൊച്ച കേട്ട് സര്‍വ്വശക്തിയും സമാഹരിച്ച് വിളിച്ചു... ഹെല്‍പ് പ്ലീസ്. ആദ്യം പേടിച്ച സെക്യൂരിറ്റി ഓടിപ്പോയി താക്കോലെടുത്ത് വന്ന് സ്റ്റോര്‍ തുറക്കുമ്പോള്‍ തീക്കൂമ്പാരത്തെ കെട്ടിപ്പുണര്‍ന്നത് പോലെ ഇരിക്കുന്ന എന്നെയാണ് . പെട്ടെന്ന് വലിച്ച് പുറത്തിട്ടു. തീയും അണച്ചു. തീയുടെ സഹായത്താല്‍ രക്ഷപ്പെട്ട എനിക്ക് ഒരു കേടുപാടും പറ്റിയില്ലെന്ന് എനിക്കു അറിയാം പക്ഷെ അവരുടെ സംതൃപ്തിക്കെന്നോണം എന്തൊക്കെയോ അവര്‍ ചെയ്യുന്നുണ്ടായിരുന്നു.
 
പിറ്റെ ദിവസം കമ്പനി മാനേജര്‍ വിളിപ്പിച്ചു. കോള്‍ഡ് സറ്റോറേജിനകത്ത് തീകത്തിച്ചത് എത്രയോ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്നെറിയില്ലായിരുന്നോ? അപ്പോള്‍ അവിടെയും ഇപ്പോള്‍ ഇവിടെയും എനിക്കുത്തരം ഒന്നേയുള്ളൂ. എന്റെ ജീവനാണ് എനിക്കേറ്റവും പ്രധാനം. സ്വന്തം ജീവനെ സംരക്ഷിക്കാനുള്ള എന്റെ ബോധ്യവും ഉത്തരവാദിത്തവും എല്ലാവരെയും പോലെ എനിക്കും സ്വന്തം.
 
കോവിഡ് 19 എന്നെ തീര്‍ത്തും മലര്‍ത്തയടിച്ച് കഴിഞ്ഞിരിക്കുന്നു ചലനമറ്റ് കലശലായ പനിയും ചുമയും. ചുമക്കുമ്പോള്‍ ശ്വാസം കിട്ടാത്ത അവസ്ഥ വരിഞ്ഞു മുറുക്കപ്പെട്ട് കൊണ്ടിരിക്കുന്നു. 10-ാം ദിവസം ഞായറാഴ്ച വെളുപ്പിന് 5.30 ന് ഭാര്യ വന്ന് കാണുന്നു ഓക്സിജന്‍ ചെക്ക് ചെയ്യുന്നു. 911 വിളിക്കുന്നു അപ്പോഴും ഞാന്‍ പറയുന്നുണ്ടായിരുന്നു. ഇന്ന് ഞായറാഴ്ച അവിടെ ചെന്ന് മണിക്കൂറുകള്‍ ഇരിക്കാം എന്നല്ലാതെ ഒരു ഫലവും പ്രതീക്ഷിക്കണ്ട.
 
ഭാര്യയെ ധിക്കരിക്കാന്‍ ഉള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. ആംബുലന്‍സ് വന്നു വണ്ടിക്കകത്ത് കയറ്റി ഒരു ഓക്സിജന്‍ മാസ്‌ക് ഫിറ്റ് ചെയ്തു. ഓക്സിജന്‍ എനിക്കൊരുപാട് ആശ്വാസമേകി. ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും ഓക്സിജന്‍ സിലിണ്ടര്‍ കാലിയായി കഴിഞ്ഞിരുന്നു. വീണ്ടും വീര്‍പ്പു മുട്ടലായി അവര്‍ പറഞ്ഞു. ഇനി ഹോസ്പിറ്റലുകാര്‍ തരും. ഒന്ന് രണ്ട് ജൂനിയര്‍ ഡോക്റ്റേഴ്സിന്റെ ശ്രമഫലമായി ഒരു ലിമിറ്റര്‍ ലിറ്റര്‍ അടിസ്ഥാനത്തില്‍ വേണ്ടുന്ന ഓക്സിജന്‍ ലഭ്യമാക്കിതുടങ്ങി.
 
അടുത്ത് തന്നെയുള്ള റൂം ബെഡിലേക്ക് മാറ്റി. വൈകുന്നേരമായപ്പോഴേക്കും സ്റ്റേ ചെയ്യണം എന്ന് നിര്‍ദേശിക്കുകയും സ്റ്റാറ്റന്‍ ഐലന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ നാലാമത്തെ ഫ്ളോറിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 4 B22A .
 
എന്നെപ്പോലെ തന്നെ മുരളുകയും ഞെളിയുകയും ഒക്കെ ചെയ്തുകൊണ്ട് മറ്റൊരു കൊറോണക്കാരനും ആ മുറിയിലുണ്ടായിരുന്നു.
എക്സറേ തുടങ്ങി നിരവധി ടെസ്റ്റുകളും തിരിച്ചും മറിച്ചും ഒക്കെ കിടത്തിയുള്ള ഓക്സിജന്‍ കൗണ്ട് നിര്‍ണ്ണയവും, ഉറക്കവും വിശപ്പുമില്ലാത്ത വേദനാനിര്‍ഭരമായ ഒരു രാത്രികൂടി.് ഒരു പ്രതീക്ഷക്കും വക നല്‍കാതെ!
 
ഹോസ്പിറ്റലില്‍ രണ്ടാം ദിവസം, ഭാര്യയുടെ ഇടതടവില്ലാത്ത അന്വേഷണങ്ങളും. രാവിലെ കിട്ടിയ പ്രഭാത ഭക്ഷണ താല്‍പര്യ കുറവുമൊക്കെയായി ദിവസം നീളാന്‍ തുടങ്ങി.
 
ഉച്ചയോടടുത്തപ്പോള്‍ ഹോസ്പിറ്റല്‍ ബസ്സിലെ ടെലിഫോണിലേക്കൊരു കോള്‍. മനസ്സിലാമനസ്സോടെ നഴ്സിന്റെ നിര്‍ദ്ദേശപ്രകാരം എടുത്തപ്പോള്‍.
എന്റെ പേര് പറഞ്ഞ് കൊണ്ട് ഒരു സ്ത്രീശബ്ദം ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സൂപ്രണ്ട്. വീട്ടില്‍ ഇന്ന് തന്നെ ഓക്സിജനും മറ്റും സജ്ജമാകും വീട്ടില്‍ പോയി റെസ്ററ് എടുക്കാം എന്താ?
 
12 ദിവസവും ആഹാരവും ഉറക്കവും ഇല്ലാതെ വേദനയുടെ അകമ്പടിയില്‍ മരവിച്ചിരുന്ന എന്നില്‍ ഒരു പുത്തന്‍ ഉണര്‍വ്വുണ്ടായത്പോലെ സര്‍വ്വശക്തിയുമെടുത്ത് പ്രതികരിച്ചു. ഇല്ല ഞാന്‍ പത്തു ദിവസം വീട്ടില്‍ കിടന്നിട്ട് വന്നതാണ് ആശുപത്രിയില്‍. എനിക്ക് വീട്ടില്‍ പോകണ്ട. എന്റെ പ്രശ്നം ഓക്സിജന്‍ മാത്രമല്ല. എന്റെ പ്രശ്നങ്ങള്‍ പലതാണ്. എനിക്ക് മരിക്കണ്ട പ്ലീസ്. മറുപടി കുറെ ഓകെകളായിരുന്നു. ടെലിഫോണ്‍ കട്ട് ഓഫ്.
 
നിസ്സഹായാവസ്ഥയില്‍ ആണെന്ന് തോന്നിയെങ്കിലും പല പല ചിന്തകള്‍ എന്നിലൂടെ കടന്ന്പോയി. ചിന്തകളെല്ലാം എനിക്കനുകലൂമായി കാണാനായിരുന്നു ആഗ്രഹം.
 
പ്രധാനമായും രണ്ട് വശങ്ങള്‍ ആയിരുന്നു എന്റെ ചിന്തയില്‍ അധികവും. ഒന്ന് ആക്ടീവ് വര്‍ക്കര്‍ ആയ ഞാന്‍ മരിച്ചാല്‍ അരലക്ഷം ഡോളറോ മറ്റോ ആശ്രിതര്‍ക്ക് നല്‍കേണ്ടിവരും, അവിടെ എന്നെ രക്ഷപ്പെടുത്തുന്നതിന് ചിലവ് ഒരു പക്ഷെ പത്തോ ഇരുപതോ ആയിരം ഡോളര്‍. ആ നിലയില്‍ ലാഭകരമായ ചിന്ത ഒരു പക്ഷെ മാനേജ്മെന്റ് പിന്‍തുടര്‍ന്നാല്‍ എനിക്ക് അത് അനുകൂലം ആകുന്നു. രണ്ട് അന്ന് രാവിലെ തന്നെ ടെലിവിഷന്‍ കണ്ട് മറഞ്ഞ ഒരു വാര്‍ത്ത. ട്രാന്‍സിറ്റ് അതോറിറ്റിക്ക് പുതിയ ഒരു ആക്റ്റിംഗ് പ്രസിഡന്റ്, ചെറുപ്പക്കാരിയായ ഒരു സ്ത്രീ.
 
22 ലേറെ പേര് മരിക്കുകയും 1400ല്‍ പരം കൊറോണാ പോസിറ്റീവ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാനേജ്മെന്റ് ലെവലില്‍ പെട്ടെന്ന് മീറ്റിംഗ് വിളിച്ചിട്ടുണ്ടാകാം. പുതിയ തസ്തികയല്ലേ ആക്റ്റിംഗ് പ്രസിഡന്റിന്റെ നിര്‍ദ്ദേശവും വന്നിട്ടുണ്ടാകും. അസുഖ ബാധിതരുടെ നില പരിശോധിക്കുക. വേണ്ടുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുക. അതിന്റെ ഭാഗമാകാം ഒരു പക്ഷെ എന്നെ വിളിച്ച സുപ്രണ്ടിന്റെ ഭാഗത്ത് നിന്ന് ഞാന്‍ കേട്ട ഓകെ ഓകെ ഓകെ ഓകെ മറുപടി. ആശ്വസം, എന്റെ മനസ്സിന് ഒരു കുളിര്‍മ.
 
വളരെ പെട്ടെന്നാണ് ആശുപത്രി ബെഡിലേക്കുള്ള അടുത്ത ഫോണ്‍ കോള്‍. ഫോണ്‍ എടുത്തപ്പോള്‍ പെട്ടെന്ന് എന്നെ സ്തംഭിപ്പിച്ചു കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍.
 
വീട്ടില്‍ ഓക്‌സിജന്‍ സെറ്റപ്പ് ചെയ്യാന്‍ കരാറേറ്റെടുത്ത കമ്പനി റെപ്രസന്റേറ്റീവ്, ജോലിയുടെ കണ്‍ഫര്‍മേഷന്‍ ശ്രമം എന്ന് മനസ്സിലായി.
 
എന്നിലെ പ്രതികരണശേഷി കത്തിജ്ജ്വലിച്ചു. ഒരു മറുപടിയേ എനിക്കുണ്ടായിരുന്നുള്ളൂ.
 
നോ, എനിക്ക് എന്റെ വീട്ടില്‍ ഓക്സിജന്‍ വേണ്ട. ഓര്‍ഡര്‍ തന്നവരോട് വിവരം അറിയിച്ചു. ഒറ്റെയെണ്ണം എന്റെ വീട്ടില്‍ കടന്ന് പോകരുത.് ഞാന്‍ ടെലഫോണ്‍ മടക്കിവെച്ചു. വീണ്ടും നിസ്സഹായാവസ്ഥ.
 
പ്രതീക്ഷയുടെ പുതിയ മുളകങ്ങള്‍ എന്നോണം ഒരു മാസ്‌ക് ധരിച്ച യുവ ഡോക്ടര്‍ കടന്ന് വരുന്നു. മുഖത്ത് നോക്കാതെയുള്ള പല പല ചോദ്യോത്തരങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ മോഹങ്ങള്‍ക്കടയാളപ്പെടുത്തല്‍ പോലെ ഒരു ചോദ്യം. ആഹാരം കഴിക്കുന്നുണ്ടോ? ഇല്ല എന്ന എന്റെ ദയനീയ മറുപടി. ആഹാരം കഴിക്കാതെ എങ്ങിനെ മുന്നോട്ടു പോകും? ഏതൊക്കെ ആഹാരങ്ങള്‍ ആണേല്‍ കഴിക്കാം?
 
ലിക്വിഡ് ടൈപ്പ് ആഹാരങ്ങള്‍ ആയാല്‍ കഴിക്കാം എന്ന് എനിക്കൊരു തോന്നല്‍. ഞാന്‍ വളരെ ദയനീയമായി യുവ ഡോക്ടറെ അറിയിച്ചു. ഞാന്‍ ശ്രമിച്ചു നോക്കട്ടെ എന്നു ഡോക്ടറുടെ മറുപടി എനിക്കു പുതിയ പ്രതീക്ഷ നല്‍കി.
 
കൈകള്‍ എടുത്ത് തൊഴുത് കൊണ്ട് ഡോക്ടര്‍ക്ക് ഒരു നന്ദി പറഞ്ഞു വിട്ടു. അപ്പോഴാണ് എല്ലാറ്റിലും ദൃക്സാക്ഷിയായി കാത്ത് നിന്നിരുന്ന നേഴ്സിനെ ശ്രദ്ധിച്ചത്. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത പോലെ ഞാന്‍ നേഴ്സിനോട് ഒരു വാക്ക് പറഞ്ഞു. എന്നില്‍ ഒരു പ്രതീക്ഷയുണ്ടായിരിക്കുന്നു. ഐ ഹാവ് എ ഹോപ്പ്.
 
അത്താഴവും, പിറ്റെന്നത്തെ ബ്രേക്ക്ഫാസ്റ്റും പൂര്‍വ്വാധികം ഭംഗിയോടെ ഗാര്‍ബേജിലെക്ക് പോയി. പ്രതീക്ഷയറ്റ നിമിഷങ്ങള്‍, വീണ്ടും വല്ലാതെ മനസ്സിനെ മഥിക്കാന്‍ തുടങ്ങിയിരിക്കുന്നു.
 
മലമ്പനി മരുന്നിന്റെയും, കൊറോണ മരുന്നിന്റെയും ഒക്കെ പേരു പറഞ്ഞ് അല്ലറ ചില്ലറ മരുന്നുകളും അസുഖക്കാരനായി അംഗീകരിക്കുന്നതിന്റെ സൂചന പോലെ ചില ഡ്രിപ്പുകളും ഒക്കെ തരാന്‍ തുടങ്ങിയിരുന്നു.
 
മനസ്സില്‍ പുത്തന്‍ ഉണര്‍വ്വേകികൊണ്ട് ഒറ്റനോട്ടത്തില്‍ തന്നെ സംതൃപ്തി ബോദ്ധ്യമാകുന്ന തരത്തിലും ഉച്ചഭക്ഷണം മുന്നിലെത്തു. ആശുപ്ത്രിയിലെ നാലാം നാള്‍ 4-8-20 ബുധന്‍, സാവകാശം മുന്നില്‍ കിട്ടിയ ആഹാരം കഴിച്ച് തുടങ്ങി. വളരെ നേര്‍ത്തതും സോഫ്റ്റും ഒക്കെയായി ചിക്കനും ഗ്രേവിയും ഉടച്ച കാരറ്റും ഏതോ സോഫ്റ്റായ കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ട പുഡിംഗും എന്‍ഷ്വറും ഒക്കെ.
 
14 ദിവസത്തിന് ശേഷം അന്നാദ്യമായി മുഴുവന്‍ ഭക്ഷണവും സമയമെടുത്ത് കഴിച്ചു തീര്‍ത്തു. പ്ലേറ്റ് എടുക്കാന്‍ വന്ന നേഴ്സിംഗ് അസിസ്റ്റന്റിനെ ഞാന്‍ തീര്‍ത്തും അത്ഭുതപ്പെടുത്തി.
 
ഓക്സിജന്‍ എടുക്കുമ്പോഴും ബാത്ത്റൂമില്‍ പോകുന്ന സമയങ്ങളില്‍ പെട്ടെന്നു ഓക്സിജന്‍ കൗണ്ട് വ്യതിയാനം. 93 ല്‍ നിന്നും 87 ലേയ്ക്കോ ഒക്കെയായി പെട്ടെന്ന് കുറയുന്ന മെഡിക്കല്‍ സവിശേഷത, ഓക്സിജനുമായി വീട്ടില്‍ പോകുന്നില്ലെന്ന എന്റെ പിടിവാശിക്ക് ഒരു മുതല്‍കൂട്ടായിയെന്നത് ഒരു പ്രധാന ഘടകമായിരുന്നു.
 
പിന്നീടൊരിക്കലും ആഹാരം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല എന്നത് മാത്രമല്ല മനസ്സും ശരീരവും ശക്തിപ്രാപിക്കാന്‍ തുടങ്ങിയതായി എനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.
 
ഉറക്കം എന്ന ബാലികേറാ മലയൊഴികെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്ത നേടിക്കൊണ്ടിരുന്ന എന്നില്‍ വിജയശ്രീലാളിതനായ ഒരു പോരാട്ടക്കാരന്റെ പുഞ്ചിരിയും നിഴലിക്കുന്നുണ്ടായിരുന്നു.
 
പത്താമത്തെ ദിവസം 04-14-20 ചൊവ്വ വൈകുന്നേരം ഏഴ് മണിക്ക് നേഴ്സ് വന്നു. ഒറ്റവാക്ക്, ഇതാ ഡിസ്ചാര്‍ജ് പേപ്പര്‍. ആംബുലന്‍സ് വരും, വീട്ടില്‍ ഓക്സിജന്‍ സെറ്റപ്പ് ചെയ്തിട്ടുണ്ട്. ഒട്ടും ആലോചിക്കാതെ എന്റെ മറുപടി നന്ദി.
 
നീണ്ട കാത്തിരിപ്പിന് ശേഷം രാത്രി 12 മണിയോടെ ആംബുലന്‍സ് വന്നു. മറ്റൊരു ആംബുലന്‍സുകാരുടെ കൂടി സഹായത്തോടെ. രാത്രി 12.30 യ്ക്ക് നാലാള്‍ ചേര്‍ന്ന് കസേരയിലിരുത്തി. എന്റെ ബെസ്മെന്റ് കോറോണ ലൈന്‍ ലോകത്തേക്ക് എടുത്തു വെയ്ക്കപ്പെട്ടു.
 
വൈറസ് തകര്‍ത്തെറിഞ്ഞ വീക്കായ ശ്വാസകോശങ്ങളുടെയും, ശ്വാസോച്ഛാസ ശാക്തീകരണത്തിന്റെയും ഒക്കെ വേണ്ടുന്ന, ഗ്രാഡ്വലി ഭേദമാകുമെന്ന് പറയുന്ന, എനിക്ക് നൂറ് ശതമാനം പ്രതീക്ഷയുള്ള, റെക്കവറി പ്രോസ്സസിലാണ് ഇന്ന് ഞാന്‍.
 
ലോക മാനവികതയുടെ മഹത്തായ സന്ദേശം ഉയര്‍ത്തി പിടിച്ച് ജീവിക്കാന്‍ ഈ പുനര്‍ജ്ജന്മം എന്നെ സജ്ജമാക്കും എന്ന എന്റെ ഉറപ്പോടെ!
 
ഈ കോവിഡ് 19 എന്ന ലോകമഹാമാരിയില്‍ രക്ഷപ്പെട്ടവരും, രക്ഷപ്പെടാതെ പോയവരും ആയ മനുഷ്യരാശിക്ക് സമര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി നമസ്‌കാരം.
 
ഈ കാലയളവ് മുഴവന്‍ എനിക്കു ചുറ്റിലും മാലാഖയെപ്പോലെ കറങ്ങികാത്ത് നിന്നു--ഭാര്യ, റാണി പ്രകാശ് ആര്‍.എന്‍. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എംപ്ലോയി.
 
വാല്‍ക്കഷണം: കോവിഡ് 19 വൈറസ് ബാധക്കു സമന്തരമായി നടന്ന് നീങ്ങിരക്ഷപ്പെടുക എന്നതാണു പ്രധാന തന്ത്രം.
 
വൈറസ് ബാധക്ക് അടിപ്പെട്ടു എന്നു കണ്ടാല്‍ വൈദ്യ സഹായങ്ങളുടെ ശക്തമായ അകമ്പടിയോടെയല്ലാതെ പൊരുതി ജയിക്കാമെന്ന് കരുതിയാല്‍ തെറ്റി, പരാജയ സാധ്യതയാവും കൂടുതല്‍.
 
നമുക്കു കിട്ടിയ ഈ മഹാമാരിമറ്റൊരാള്‍ക്കും പകരാന്‍ അനുവദിക്കില്ലെന്നും തീരുമാനിക്കുക
 
എന്‍.ബി: കമന്റിടുന്നവര്‍ പ്രേയിംഗ് ഫോര്‍ സ്പീഡി റിക്കവറി എന്ന് മാത്രം എഴുതരുത്. അതു ക്ലീഷെ ആയി പോകും!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.