You are Here : Home / USA News

അമേരിക്കയിൽ ഇന്നലെ 2,407 മരണം;ന്യൂയോർക്ക് സിറ്റിയിൽ 10,000 കടന്നു,ലോകത്ത് 2 മില്യൺ രോഗബാധിതർ

Text Size  

Story Dated: Wednesday, April 15, 2020 09:36 hrs UTC

 
 ഫ്രാൻസിസ് തടത്തിൽ
 
ന്യൂജേഴ്സി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ട് ആയ ന്യൂജേഴ്സി ഉൾപ്പെടെ നിരവധി സ്റ്റേറ്റുകളിൽ വീണ്ടും മരണനിരക്ക്‌ കുത്തനെ ഉയർന്നതോടെ അമേരിക്ക ഇന്നലെ ഒറ്റദിവസസം കൊണ്ട് ഏറ്റവും വലിയനിരക്കിലേക്കു ഉയർന്നു.കൊറോണ വൈറസിന്റെ അധിനിവേശം ലോകത്തെ 195 രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ ഇന്നലെ ലോകത്ത്  രണ്ടു മില്യണിൽ അധികം കോവിഡ് 19 രോഗികളായി.  ഇന്നലെ ഒറ്റദിവസം കൊണ്ട് 2,407 പേർ അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചത്.  ലോകത്ത് കൊറോണവൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 2,000,998 ആയി. 
 
പതിവുപോലെ  ഇന്നലെയും ന്യൂയോർക്കിൽ ആണ് കൂടുതൽ പേര് മരിച്ചതെങ്കിലും ന്യജേഴ്‌സിയിൽ അപ്രതീക്ഷിതമായി മരണസംഖ്യ ഉയർന്നത് ഏവരെയും  ഞെട്ടിപ്പിക്കുന്നതായിരുന്നു. ന്യൂയോർക്കിൽ 778 പേരും ന്യൂജേഴ്‌സിയിൽ 362 പേരുമായിരുന്നു ഇന്നലെ മരിച്ചത്. തലേദിവസം  മരണസംഖ്യ 93 മാത്രമായിരുന്നു, രാജ്യത്ത് തലേദിവസം  ന്യൂയോര്‍ക്കില്‍ തലേന്ന് 647 പേരായിരുന്നു മരണമടഞ്ഞത് . എങ്കിലും ആശുപത്രിയിലാകുന്നവരുടെയും ഐ.സിയുവില്‍ ഉള്ളവരുടേയും എണ്ണം കുറഞ്ഞതായി  ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ അറിയിച്ചു. 
 
  ഉയര്‍ന്നു കൊണ്ടിരുന്ന മരണനിരക്ക് കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഏവരിലും ആശ്വാസത്തിന്റെ സൂചനകളയിരുന്നു. ആരോഗ്യമേഖലയിൽ ഉണ്ടായഒരു വലിയ  പ്രത്യാശയാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് നഷ്ടമായത്. ആദ്യമായാണ് ന്യൂജേഴ്‌സിയിൽ  മരണസംഖ്യ 300 കടക്കുന്നത്  
ന്യു യോര്‍ക്ക് സിറ്റിയില്‍ മരണം 6100 കടന്നു. പുതുക്കിയ കണക്കനുസരിച്ച് ന്യുയോര്‍ക്ക് സിറ്റിയില്‍ മാത്രം മരണം 10,367 ആയി. കോവിഡ് എന്നു സ്ഥിരീകരിച്ചവര്‍ 6,589. കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിലും മരണകാരണമായി കൊറോണ എന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ എഴുതിയവര്‍ 3778 കൂടി ചേരുമ്പോഴാണിത്‌.
സിറ്റിയില്‍ കോവിഡ് പോസിറ്റിവ് ആകുന്നവരുടേ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്.
 
 
ആര്‍ക്കും പിടി കൊടുക്കാത്ത ഒരു അത്ഭുത പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാന്‍ ശാസ്ത്ര ലോകം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. കണക്കുകൂട്ടലുകള്‍ക്കും ഗവേഷണങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ ഒളി ആക്രമണമാണ് ഈ സൂഷ്മജീവിനടത്തുന്നത്. ചിലപ്പോള്‍ മരണസംഖ്യ കുത്തനെ ഉയരും. അതിനിടെ ആശ്വാസമായി ചെറിയ ഇറക്കം. എല്ലാം ശമനമാകുന്നുവെന്നു കരുതുമ്പോള്‍ നിനച്ചിരിക്കാതെ കൂട്ടമരണം. എല്ലവരെയും കബളിപ്പിച്ചുകൊണ്ടുള്ള കൊറോണ വൈറസിന്റെ പോക്ക് എങ്ങോട്ടാണ്?
 
രാജ്യത്തെ മൂന്നാമത്തെ ഹോട്ട്  സ്‌പോട്ട് ആയ മിഷിഗണില്‍ ഇന്നലെ 166 പേര് മരിച്ചു. തലേദിവസം  ഇവിടെ 116 പേരായിരുന്നു മരിച്ചത്. മറ്റൊരു ഹോട്ട് സ്‌പോട്ട് ആയ ലൂയിസിയാനയിലും മരണ നിരക്ക് തലേ ദിവസത്തെ അപേക്ഷിച്ചു ഇരട്ടിയിലധികമായി. 44-ല്‍ നിന്ന് 129 ആയി . ഇതോടെ ലൂയിസിയാനയില്‍ മരണ സംഖ്യ ആയിരം കടന്നു. ആയിരം കടക്കുന്ന നാലാമത്തെ സ്റ്റേറ്റ് ആണ് ലൂയിസിയാന .
 
ആയിരം കടന്നസ്റ്റേറ്റുകളിലെ മരണസംഖ്യ: ന്യൂയോര്‍ക്ക് -10,834, ന്യൂജേഴ്സി-2,805, മിഷിഗണ്‍-1,768, ലൂയിസിയാന-1,013.
 
മാസച്യുസസ്. പെൻസിൽവാനിയ എന്നിടങ്ങളിലും മരണം 100 കടന്നു.  മാസച്യുസസിൽ 113,  പെൻസിൽവാനിയയിൽ 106 പേര് ആയിരുന്നു ഇന്നലെ മരിച്ചത് . രാജ്യത്തെ ആറു സ്റ്റേറ്റുകളിൽ ഇന്നലെ മരണസംഖ്യ 50 മുകളിൽ കടന്നു. ഈ സ്റ്റേറ്റുകൾ ബ്രാക്കറ്റിൽ മരണസംഖ്യ: ഇല്യാനോയിസ്(74), ഫ്ലോറിഡ(72), കണക്റ്റിക്കറ്റ്(69), കാലിഫോർണിയ(55), ഓഹിയോ(50), ടെക്സാസ്(50) എന്നിങ്ങനെയാണ്. 
 
ജോർജിയ (44),മേരിലാൻഡ്(40), ഇൻഡിയാന (37), കൊളറാഡോ(25), വാഷിംഗ്‌ടൺ(24) എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ മരണനിരക്കിൽ വലിയ വർദ്ധനവ് വന്നതുകൊണ്ടുകൂടിയാണ് ഇന്നലെ അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടമരണത്തിനു സാക്ഷികളാകേണ്ടിവന്നത്.
 
അമേരിക്കയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 614246 ആയി ഉയര്‍ന്നു. ഇതില്‍ 26,945  പേര്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണ്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 14,470 പേർ ഗുരുതരാവസ്ഥയിലാണ്. 38,820 പേര്‍ രോഗ വിമുക്തരായി.
 
ലോകത്തത്തെ ആകെയുള്ള മരണസംഖ്യ 126,783 ആണ്. ഇതില്‍26,064 പേര്‍ അമേരിക്കകാരാണ്. ഇന്ന് മാത്രം ലോകത്ത് 6,922 പേര്‍ മരിച്ചു. ഇതില്‍ ഏകദേശം മൂന്നിലൊന്നു പേരും  അമേരിക്കക്കാര്‍.
 
ഇന്ന് 74,012  പേര് കൂടി രോഗബാധിതര്‍ ആയതോടെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 2 മില്യൺ കടന്നത്. ഇതില്‍ 1,389,201 പേർ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍. 51,652 പേര്‍ ഗുരുതരാവസ്ഥയിലുമാണ്. 485,011 പേര്‍ രോഗവിമുക്തരുമായി.
 
ലോകരാജ്യങ്ങളിലെ ഓരോ മില്യണ്‍ ആളുകളില്‍ 256 പേര്‍ എന്ന നിരക്കില്‍ രോഗബാധിതരും 16 പേര് എന്ന നിരക്കില്‍ മരണപ്പെടുന്നുവെന്നാണ് കൊറോണ രോഗത്തെക്കുറിച്ചുള്ള ആധികാരിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു മില്യണ്‍ ജനങ്ങളില്‍ നിന്നുള്ള ശരാശരി കണക്കാണിത്. അതെ സമയം രോഗികളുടെ എണ്ണവും മരണ നിരക്കിലും മുന്‍പിലുള്ള അമേരിക്കയില്‍ ഓരോ മില്യണ്‍ ജനങ്ങളില്‍ 1823 രോഗികളും 73 മരണവുമാണുള്ളത്. എന്നാൽ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, നെതെര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ ഒരു മില്ല്യണ്‍ ആളുകളില്‍ മരിക്കുന്നവരുടെ എണ്ണം കാണുക. രോഗം, (മരണം ): ഇറ്റലി -2,687 (348), സ്‌പെയിന്‍ 3,690 (386), ഫ്രാന്‍സ്- 2,195 (241).നെതര്‍ലന്‍ഡ്‌സ് - 2,689 (359) എന്നിങ്ങനെ. ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മഹാമാരിയെ എങ്ങനെ വരുതിയില്‍ കൊണ്ടുവരാമെന്നുള്ള ആശങ്കയിലാണു അമേരിക്കന്‍ പൗരന്മാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.