You are Here : Home / USA News

കോവിഡ് കാലത്തെ ഏകാന്ത മരണങ്ങൾ

Text Size  

Story Dated: Monday, April 13, 2020 12:07 hrs UTC

 (ഷിബു ഗോപാലകൃഷ്ണൻ, കാലിഫോർണിയ)
 
അമേരിക്കയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം അരമില്യൺ കവിഞ്ഞിരിക്കുന്നു, ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നു, ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രാജ്യമായും അമേരിക്ക മാറി. ഇന്നലെ മാത്രം 2,108 മരണങ്ങൾ, ഓരോ 40 സെക്കന്റിലും ഒരു മരണം.
 
ദുൽക്കർ സൽമാന്റെ ചാർളിയിൽ അയാളുടെ ഒരു കുസൃതിയുണ്ട്. സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്തിട്ട് ആരൊക്കെയാണ് വാവിട്ടു നിലവിളിച്ചും നെഞ്ചത്തടിച്ചു കരഞ്ഞും കലങ്ങിയും തന്നെ അവസാനമായി കാണാൻ വരുന്നതെന്നു കാണാനുള്ള ഒരു തല്ലുകൊള്ളിത്തരം. എവിടുന്നെല്ലാമോ മനുഷ്യർ ആർത്തലച്ചു വരും.
 
കോവിഡ് കാലത്തു സംഭവിക്കുന്നത് വെറും മരണങ്ങളല്ല, ഏകാന്ത മരണങ്ങളാണ്.
 
ന്യൂയോർക്കിലെ ഒരു ഫ്യൂണറൽ മാനേജർ പറയുന്നു: "ഞാൻ സാധാരണ ആളുകളെ കെട്ടിപ്പിടിക്കാറുണ്ട്, കണ്ണടച്ചു കിടക്കുന്നവരെ നോക്കി കണ്ണീരണിഞ്ഞു നിൽക്കുന്നവരെ ഞാൻ ആശ്വസിപ്പിക്കാറുണ്ട്, ഇപ്പോൾ എനിക്ക് അതിനും കഴിയാറില്ല. ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ മാത്രമാണ് അനുവദിച്ചിട്ടുള്ളത്, പത്തുപേരിൽ കൂടുതൽ പാടില്ല. ആരും ഇല്ലാതെ തനിയെ വരുന്നവരുമുണ്ട്, തനിയെ വന്നു അതിലും തനിയെ മടങ്ങിപ്പോകുന്നവർ."
 
മനുഷ്യന്റെ ഏറ്റവും വലിയ പരാധീനത അവന്റെ ഞരമ്പുകൾ വിരൽത്തുമ്പുകളിൽ അവസാനിച്ചു പോകുന്നതാണെന്നു ആരോ പറഞ്ഞിട്ടുണ്ട്. അതിനുമപ്പുറത്തേക്കു നീട്ടാനാവാത്ത വിരൽസ്പർശങ്ങളുമായി മനുഷ്യർ നിൽക്കുന്നു, നിസ്സഹായതയുടെ തടങ്കൽപ്പാളയങ്ങളിൽ.
 
"ഒരാൾ മാത്രം പങ്കെടുത്ത സംസ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്, കണ്ടുനിൽക്കുമ്പോൾ എത്ര ഏകാന്തമായാണ് മനുഷ്യർ ഈ ലോകത്തോട് വിടപറയുന്നത് എന്നു തോന്നും. ഇപ്പോൾ ലൈവായി സ്ട്രീം ചെയ്യാറുണ്ട്, ചിലർ വിളിച്ചിട്ടു അവരുടെ പല ആവശ്യങ്ങളും പറഞ്ഞേൽപ്പിക്കും. ഒരു കസേരയിൽ ഏറ്റവും ഉയരത്തിലായി ഒരു വെളുത്ത റോസാപ്പൂ കുത്തിവയ്ക്കണമെന്ന് ഒരാൾ ആവശ്യപ്പെട്ടു, കിടക്കുന്ന ആൾക്ക് കാണാൻ കഴിയുന്ന വിധത്തിലായിരിക്കണം അതെന്നും."
 
അന്ത്യചുംബനങ്ങൾ ഇല്ലാതെ, അശ്രുപൂജകൾ ഇല്ലാതെ, പ്രിയപ്പെട്ട പൂക്കളും പ്രിയപ്പെട്ട മനുഷ്യരും ഇല്ലാതെ, അടക്കം ചെയ്യപ്പെടുന്നവർ, കത്തിയമർന്നു കടന്നു പോകുന്നവർ.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.