You are Here : Home / USA News

പാക്കേജില്‍ കണ്ണും നട്ട് ന്യൂജേഴ്‌സി, ഉപാധികളോടെ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ്

Text Size  

Story Dated: Monday, April 20, 2020 02:36 hrs UTC

(ജോര്‍ജ് തുമ്പയില്‍)
 
ന്യൂജേഴ്‌സി: കൊറോണ വൈറസില്‍ നിന്നുള്ള മരണങ്ങള്‍ ഞായറാഴ്ച 4,202 ആയി ഉയര്‍ന്നു. മൊത്തം കേസുകള്‍ 85,301 ആയി. 132 പുതിയ മരണങ്ങളും 3,915 പുതിയ പോസിറ്റീവ് ടെസ്റ്റുകളും സംസ്ഥാന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ദീര്‍ഘകാല പരിചരണ സൗകര്യങ്ങളുള്ള നേഴ്‌സിങ് ഹോമുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായുള്ള റിപ്പോര്‍ട്ടു പുറത്തു വന്നു. ഇത്തരത്തില്‍ ആകെ 1,730 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്തന്. സംസ്ഥാനത്തുള്ള 420 സ്ഥാപനങ്ങളില്‍ എല്ലായിടത്തും ഒരു കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ട്. മരണം ഇനിയും വര്‍ദ്ധിക്കാമെന്നാണ് സൂചനകള്‍.
 
7,495 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 1,940 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലും 1,628 പേര്‍ വെന്റിലേറ്ററിലുമാണ്. ഇതുവരെ 85,387 നെഗറ്റീവ് ടെസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂ ജേഴ്‌സിയില്‍ കുറഞ്ഞത് 13 പട്ടണങ്ങളിലെങ്കിലും ആയിരത്തിലധികം കൊറോണ വൈറസ് കേസുകളുണ്ട്. സംസ്ഥാനത്തെ മൊത്തം 81,420 കോവിഡ് 19 കേസുകളില്‍ 12 ശതമാനവും മൊത്തം 4,070 മരണങ്ങളില്‍ 41 ശതമാനവും ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളായ നഴ്‌സിംഗ് ഹോമുകളില്‍ നിന്നാണെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇവിടുത്തെ ജീവനക്കാര്‍ ന്യൂജേഴ്‌സിയിലെ 9 ദശലക്ഷം താമസക്കാരില്‍ ഒരു ചെറിയ ശതമാനം ആണെങ്കിലും വൈറസ് ബാധിതരില്‍ ഏറെ മുന്നിലാണ്.
 
ഞായറാഴ്ച രാവിലെ വരെ, ലോകമെമ്പാടുമുള്ള 2.3 ദശലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 165,107 ല്‍ അധികം പേര്‍ മരിക്കുകയും 629,222 ല്‍ അധികം പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്ത് 40,565 പേര്‍ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണം 764,265 കവിഞ്ഞു. 
 
ന്യൂജേഴ്‌സിയിലെ പതിമൂന്ന് പട്ടണങ്ങളില്‍ ഞായറാഴ്ച വരെ കൊറോണ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയുടെ രണ്ട് വലിയ നഗരങ്ങളായ ന്യൂവാര്‍ക്ക്, ജേഴ്‌സി സിറ്റി എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ തുടരുന്നു, പ്രാദേശിക ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം മൂവായിരത്തിലധികം സ്ഥിരീകരിച്ച ടെസ്റ്റുകളുള്ള രണ്ട് ടൗണ്‍ഷിപ്പുകളാണ് ഇത്.
 
കുറഞ്ഞത് 12,639 കേസുകളും 767 മരണങ്ങളുമുള്ള ബര്‍ഗന്‍ കൗണ്ടിയാണ് സംസ്ഥാനത്ത് മുന്നിലുള്ളത്. ഇവിടെ മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം വളരെക്കൂടുതലാണ്. ആയിരത്തിലധികം കേസുകളുള്ള 13 ടൗണ്‍ഷിപ്പുകളില്‍ ഒന്നും ബര്‍ഗന്‍ കൗണ്ടിയില്‍ ഇല്ലായെന്ന് ആശ്വാസകരമാണ്. കൗണ്ടിയുടെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് ടൗണ്‍ഷിപ്പുകളായ ഹാക്കെന്‍സാക്ക്, ടീനെക്ക് എന്നിവിടങ്ങളില്‍ 800 ലധികം മാത്രം പോസിറ്റീവ് കേസുകള്‍ മാത്രമേയുള്ളു. ആയിരത്തിലധികം കേസുകളുള്ള ടൗണ്‍ഷിപ്പുകളിലും നഗരങ്ങളിലും 11 എണ്ണം എസെക്‌സ്, ഹഡ്‌സണ്‍, പസെയ്ക്, യൂണിയന്‍ കൗണ്ടികളിലാണ്.
 
സാമ്പത്തികപാക്കേജ് രക്ഷയാകുമോ?
 
450 ബില്യണ്‍ ഡോളര്‍ വരെയുള്ള സഹായ പാക്കേജില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടവും കോണ്‍ഗ്രസും തിങ്കളാഴ്ച ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നു. ഇത് ഒരു ചെറുകിട ബിസിനസ് വായ്പാ പദ്ധതിക്ക് ആക്കം കൂട്ടുകയും ആശുപത്രികള്‍ക്കും കോവിഡ് 19 പരിശോധനയ്ക്കും ഫണ്ട് ചേര്‍ക്കുകയും ചെയ്യും. ഇതില്‍ ഗണ്യമായ വിഹിതം ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ കൂടുതലും ആരോഗ്യമേഖലയിലേക്കായിരിക്കും ഉള്‍പ്പെടുത്തുകയെന്നാണ് സൂചന.
ചര്‍ച്ചകള്‍ തുടരുന്നതിനിടെ, പ്രസിഡന്റ് ട്രംപ് ഡെമോക്രാറ്റുകളുമായി ഉഭയകക്ഷി കരാറിലെത്തിയേക്കുമെന്നു കരുതുന്നു.
 
കൊറോണ വൈറസ് രൂക്ഷമായ സ്ഥലങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജേ്‌ഴ്‌സി എന്നിവിടങ്ങളില്‍ ചെറുകിട ബിസിനസ്സ് ഉടമകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അവര്‍ക്ക് ഈ പാക്കേജ് ഗുണകരമായേക്കുമെന്നാണ് കരുതുന്നതെന്നു ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ പറഞ്ഞു. ചെറുകിട ബിസിനസുകാര്‍ക്ക് 300 ബില്യണ്‍ ഡോളര്‍ നല്‍കും, കൂടാതെ 50 ബില്യണ്‍ ഡോളര്‍ ചെറുകിട ബിസിനസ് ദുരന്ത നിധിക്ക് ലഭ്യമാക്കും. കൂടാതെ, ആശുപത്രികള്‍ക്ക് 75 ബില്യണ്‍ ഡോളറും പരിശോധനയ്ക്ക് 25 ബില്യണ്‍ ഡോളറും വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറയുന്നു.
 
ന്യൂജേഴ്‌സിയില്‍ നിയന്ത്രണങ്ങളോടെ കടകള്‍ തുറക്കുന്നു
 
സൂപ്പര്‍ സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ തുറക്കാന്‍ തീരുമാനം. എന്നാല്‍ കര്‍ശനനിയന്ത്രണങ്ങളോടെയാവും ഇവയുടെ പ്രവര്‍ത്തനം. കോവിഡ് 19 വ്യാപിച്ച സമയത്ത്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ ചില ബിസിനസുകള്‍ അത്യാവശ്യമായി കണക്കാക്കുകയും അവ തുറക്കാനും തീരുമാനിക്കുകയായിരുന്നു.
 
പല സൂപ്പര്‍മാര്‍ക്കറ്റുകളും പ്രധാന വസ്തുക്കളുടെ വില്‍പ്പന പരിമിതപ്പെടുത്തിയിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍, ടോയ്‌ലറ്റ് പേപ്പര്‍, ഓവര്‍ ദി കൗണ്ടര്‍ മരുന്നുകള്‍, ക്ലീനിംഗ് സപ്ലൈസ് എന്നിവ ജീവനക്കാരുടെയും ഷോപ്പര്‍മാരുടെയും സുരക്ഷയ്ക്കായി മാറ്റിയിട്ടുണ്ട്. വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ സ്‌റ്റോര്‍ ജീവനക്കാരെയും ഷോപ്പര്‍മാരെയും ഫെയ്‌സ് മാസ്‌കുകളോ കവറുകളോ ധരിക്കണമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ആവശ്യപ്പെടുന്നു. കൂടാതെ, സ്‌റ്റോറുകളില്‍ ഉപഭോക്താക്കളെ പരിമിതപ്പെടുത്തുകയും സ്‌റ്റോറിന്റെ ശേഷിയുടെ 50% വരെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. നിയമം നടപ്പാക്കുന്നതിനായി പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചതായി ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
 
മാസ്‌ക് ഇല്ലാത്തവരെ സ്‌റ്റോറില്‍ തുടരാന്‍ അനുവദിക്കുന്ന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്‌റ്റോര്‍ ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കാത്തവരോ കവറിംഗ് ധരിക്കാത്തവരോടോ മറ്റ് ഉപഭോക്താക്കളില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഉേദ്യാഗസ്ഥന്‍ പറഞ്ഞു. ജീവനക്കാര്‍ ഉപഭോക്താക്കളുമായി ഇടപഴകുകയാണെങ്കില്‍ ഗ്ലൗസുകള്‍ ധരിക്കേണ്ടിവരും, മര്‍ഫി പറഞ്ഞു. ബിസിനസ്സുകാരുടെ ചെലവില്‍ തൊഴിലാളികള്‍ക്ക് മാസ്‌കുകള്‍, കവറുകള്‍, ഗ്ലൗസുകള്‍ എന്നിവ നല്‍കണം. 2 വയസ്സിന് താഴെയുള്ളവര്‍ അല്ലെങ്കില്‍ മെഡിക്കല്‍ കാരണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു.
 
കമ്പനിയുടെ പലചരക്ക് വിതരണവും പിക്കപ്പ് സേവനങ്ങളും ഓണ്‍ലൈനായി ഉപയോഗിക്കുന്നതിനു പുതിയതായി സൈന്‍ അപ്പ് ചെയ്യണമെന്ന് ഉപഭോക്താക്കളോട് ആമസോണ്‍ അറിയിച്ചു. അതേസമയം ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ അവരുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്ന സമയം മാറ്റിയിട്ടുണ്ട്. ഷോപ്പ് റൈറ്റ് മണിക്കൂറുകളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, ചില ഉല്‍പ്പന്ന ഡെലിവറികള്‍ക്കും സമയം കുറച്ചിട്ടുണ്ട്. ഷെല്‍ഫ് ക്ലീനിംഗ് അനുവദിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച ഷെഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അതിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.
 
ഷോപ്പ് റൈറ്റ് ഇനിപ്പറയുന്ന ഓരോ വിഭാഗത്തിലും ഷോപ്പര്‍മാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഇനങ്ങളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്താന്‍ തുടങ്ങി: അണുനാശിനി ക്ലീനര്‍, വൈപ്പ്, പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, ബാര്‍, ലിക്വിഡ് സോപ്പുകള്‍, ചുമ / ജലദോഷം / പനി ഓവര്‍ദികൗണ്ടര്‍ മരുന്നുകള്‍, മാംസം, മുട്ട.
 
ചെക്കൗട്ടില്‍ ഓരോ വിഭാഗത്തിനും വാങ്ങല്‍ പരിധിക്ക് വിധേയമായ മറ്റ് ഇനങ്ങളുടെ ഒരു ലിസ്റ്റ് ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തു. സ്‌റ്റോര്‍ മാനേജരുടെ വിവേചനാധികാരത്തില്‍ ഉല്‍പ്പന്ന പരിധികള്‍ മാറ്റത്തിന് വിധേയമാണെന്നും അറിയിച്ചിട്ടുണ്ട്. ഷോപ്പ് റൈറ്റ് അതിന്റെ റീഫണ്ട്, റിട്ടേണ്‍, റെയിന്‍ ചെക്ക് പോളിസികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. ന്യൂജേഴ്‌സിയിലുടനീളമുള്ള രണ്ട് ഡസനിലധികം ഷോപ്പ് റൈറ്റുകളിലെ ജീവനക്കാര്‍ക്ക് ജോലി തുടങ്ങുന്നതിനു മുന്‍പ് അവരുടെ താപനില പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ വെള്ളി വരെ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയും ഷോപ്പ് തുറന്നിരിക്കും. ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 3 വരെയാണ് സമയം.
 
ന്യൂജേഴ്‌സി ഉടന്‍ തുറക്കില്ലെന്നു മര്‍ഫി
 
കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിനും യുഎസ് സമ്പദ്‌വ്യവസ്ഥയെ ഘട്ടംഘട്ടമായി പുനരുജ്ജീവിപ്പിക്കുന്നതിനും ഗവര്‍ണര്‍മാര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കി. എന്നാല്‍, ന്യൂജേഴ്‌സിയില്‍ അണുബാധയുടെ തോത് കുറയുന്നതായി നല്ല സൂചനകളുണ്ടെങ്കിലും സംസ്ഥാനം വീണ്ടും തുറക്കാന്‍ തയ്യാറല്ലെന്ന് ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു. ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നത് ഒഴികെ, നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിന് മുമ്പ് സംസ്ഥാനം ഫെഡറല്‍ സര്‍ക്കാരിന്റെ സഹായത്തോടെ പരിശോധന നടത്തേണ്ടതുണ്ട്. ന്യൂജേഴ്‌സിയില്‍ കേസുകളും മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആളുകള്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ മര്‍ഫി പറയുന്നു. ഗാര്‍ഡന്‍ സ്‌റ്റേറ്റിലെ എല്ലാ സ്‌കൂളുകളും കുറഞ്ഞത് മെയ് 15 വരെ അടച്ചിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
 
മലയാളികളുടെ നന്മയ്ക്ക് അഭിനന്ദനം
 
മലയാളി ആതുരസേവന പ്രവര്‍ത്തകര്‍ ചെയ്യുന്ന നന്മയെക്കുറിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ വരുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന നിരവധി പേര്‍ കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. വിവിധ സമൂഹത്തില്‍പ്പെട്ടവരാണിവര്‍. എന്നിട്ടും, സ്‌നേഹത്തിന്റെയും നന്മയുയെും ആശ്ലേഷത്തോടൊപ്പം മലയാളികളുടെ കരുതലും കാരുണ്യവും അവര്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. 
 
അതു പോലെ തന്നെ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളികളാണ് ഇരു സംസ്ഥാനങ്ങളിലുമായി മരിച്ചത്. അവരുടെ ബന്ധുക്കളോട് ഒരു അനുശോചനം പോലും നേരിട്ട് അറിയിക്കാന്‍ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തിലുള്ള അവസരത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഓണ്‍ലൈന്‍ അനുശോചനങ്ങള്‍ ഏറെ പ്രസക്തമാണ്. ഇതേപ്പറ്റി രാജു മൈലപ്ര കാര്യമാത്ര പ്രസക്തമായി എഴുതിയിട്ടുള്ളതു കൊണ്ട് ഇവിടെ പരാമര്‍ശിക്കുന്നില്ല. ഓണ്‍ലൈന്‍ അനുശോചനങ്ങളിലെ നന്മ മാത്രം കാണാം. അതല്ലാതെ മറ്റെന്താണ് ഇത്തരമൊരവസരത്തില്‍ കരണീയമായിട്ടുള്ളത്. അങ്ങനെയെങ്കിലും ഒരു യാത്രയയപ്പ് വിട പറഞ്ഞവര്‍ക്കായി നല്‍കാം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.