You are Here : Home / USA News

അനുശോചനം അരോചകമാവുമ്പോള്‍

Text Size  

Story Dated: Monday, April 20, 2020 02:32 hrs UTC

 
 
രാജു മൈലപ്ര
 
സ്വന്തപ്പെട്ടവരുടേയും ബന്ധപ്പെട്ടവരുടേയും ജീവിതം കൊറോണ വൈറസിനു കീഴടങ്ങുമ്പോള്‍, മനസ് മരവിച്ചുപോവുകയാണ്. തട്ടിയും, മുട്ടിയും, ഇണങ്ങിയും, പിണങ്ങിയും, കൊച്ചുകൊച്ചു തമാശകള്‍ക്കു പോലും പൊട്ടിച്ചിരിച്ചുകൊണ്ട് കൂടെ നടന്നവര്‍ പെട്ടെന്നു കൂട്ടത്തില്‍ നിന്നും പറിച്ചുമാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ഒരു നിസഹായാവസ്ഥ.
 
കൊറോണ വൈറസ് മൂലമോ, അതല്ലാതെയോ മരണപ്പെടുന്നവര്‍ക്ക് അടുത്തു നിന്ന് അന്തിമോപചാരമര്‍പ്പിക്കുവാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ടെലികോണ്‍ഫറന്‍സ് മാത്രമാണ് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുവാന്‍ നിലവിലുള്ള ഏക മാര്‍ഗ്ഗം. സംഘടനകളെ കൊണ്ട് മാത്രമേ ഇത്തരം മീറ്റിംഗുകള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ.
 
എന്നാല്‍ ഇത്തരം ചില "സമ്മേളനങ്ങള്‍' പലപ്പോഴും മരിച്ചുപോയ വ്യക്തികളോടുള്ള ആദരവിനു പകരം അവഹേളനമായി മാറുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്.
 
ഇതുപോലെയുള്ള ടെലി കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമ്പോള്‍, പ്രഥമവും പ്രധാനവുമായ ഒരു കാര്യം ടെലിഫോണ്‍/ഓഡിയോ കണക്ഷന്‍സ് വളരെ വ്യക്തമായിരിക്കണമെന്നുള്ളതാണ്. ഇതിനിടയിലുള്ള പൊട്ടലും ചീറ്റലും സഹിക്കാവുന്നതിനപ്പുറമാണ്. ഈ രംഗത്ത് പരിചയസമ്പന്നരായ പ്രൊഫഷണലുകളേയാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല ഏല്‍പിക്കേണ്ടത്. മീറ്റിംഗ് തുടങ്ങുന്നതിനു മുമ്പ് ഒരു "ടെസ്റ്റിംഗ്- ടെസ്റ്റിംഗ്' നടത്തി ഇതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതാണ്.
 
മീറ്റിംഗ് നിയന്ത്രിക്കുവാന്‍ കഴിവുള്ളവരെ മാത്രമേ ചുമതലപ്പെടുത്താവൂ. "അധികപ്രസംഗങ്ങള്‍' ആവശ്യമില്ല എന്നു അനുശോചനം അറിയിക്കാന്‍ താത്പര്യപ്പെടുന്നവരെ മുന്‍കൂട്ടി അറിയിക്കണം. രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ അനുശോചനം ആവശ്യമില്ല. ഇതൊരു പ്രസംഗമല്ല എന്ന ബോധം അവര്‍ക്കുണ്ടാകണം. മരിച്ച വ്യക്തിയെക്കുറിച്ച് കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് വിളമ്പുവാനുള്ള ഒരു വേദിയല്ല ഇത്. അവരുടെ ഓരോ ബന്ധുമിത്രാദികളോടും പേരെടുത്തു പറഞ്ഞ് പ്രത്യേകം പ്രത്യേകം അനുശോചിക്കേണ്ട കാര്യമില്ല.
 
വിവിധ ജാതി മത വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരം അവസരങ്ങളില്‍ ബൈബിള്‍ വാചകങ്ങളോ, ഹൈന്ദവസൂക്തങ്ങളോ കൂടെക്കൂടെ ഉദ്ധരിക്കേണ്ട ആവശ്യമില്ല. 'ക്രിസ്തുവില്‍ക്കൂടി മാത്രമേ നിങ്ങള്‍ക്ക് നിത്യജീവന്‍ പ്രാപിക്കാനാവുകയുള്ളുവെന്നും, സ്വര്‍ഗ്ഗരാജ്യത്തിനു അവകാശികളാകാന്‍ അര്‍ഹത ലഭിക്കുകയുമുള്ളുവെന്ന്', ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, ഒന്നിനു പുറകെ ഒന്നായി പ്രാസംഗീകര്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഇതു കേട്ടിരിക്കുന്ന മറ്റു മതവിശ്വാസികളുടെ മനസ്സിലെ വികാരം എന്തായിരിക്കും?
 
പങ്കെടുക്കുന്ന പുരോഹിന്മാരെല്ലാം ആമുഖ പ്രാര്‍ത്ഥനയും, ആശീര്‍വാദവും നല്‍കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
 
മീറ്റിംഗുകള്‍ കൊഴുപ്പിക്കാന്‍ നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കേണ്ട ഒരു കാര്യവുമില്ല. അവരുടെ ഊഴം വരുമ്പോള്‍ അവര്‍ മിക്കവാറും യാത്രകളിലായിരിക്കും- കാറിന്റെ നിര്‍ത്താതെയുള്ള ഹോണടിയും, അണികളുടെ ചലപില ശബ്ദവും, അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മരണപ്പെട്ട ഈ വ്യക്തികളുടെ കുടുംബത്തോട് എന്ത് അനുശോചനമാണ് അവര്‍ക്ക് അറിയിക്കുവാനുള്ളത്? 'അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്തുനല്‍കും' എന്ന ഒരു ഭംഗിവാക്കിനപ്പുറം കേരളത്തിലെ ഒരു ജനപ്രതിനിധിക്ക് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ കഴിയും? നാട്ടില്‍ നിന്നുള്ള നേതാക്കന്മാരെ തീര്‍ച്ചയായും ഒഴിവാക്കുക.
 
വിവിധ സംഘടനകളുടെ വകയായി ഒരേ ദിവസം ഒരേ സമയത്തുതന്നെ ഇത്തരം ടെലി കോണ്‍ഫറന്‍സുകള്‍ നടക്കുന്നത് തികച്ചും അപലപനീയമാണ്. അതൊന്ന് ക്രമീകരിക്കുവാനുള്ള വകതിരിവുപോലും, മലയാളികളുടെ ഐക്യത്തെപ്പറ്റി കൂടെകൂടെ ഉദ്‌ബോധിപ്പിക്കുന്ന നേതാക്കള്‍ക്കില്ലാതെ പോകുന്നത് കഷ്ടമാണ്. ഈ അനുശോചന മീറ്റിംഗുകള്‍ സംഘടനയുടെ മഹിമ കാണിക്കുവാനുള്ള ഒരു മത്സരമാകരുത്.
 
നടപ്പിലാക്കാന്‍ കഴിവില്ലാത്ത വാഗ്ദാനങ്ങള്‍ വാരിവിളമ്പരുത്. കേരളത്തില്‍ നിന്നും മരുന്നും മറ്റും എത്തിച്ചു നല്‍കുമെന്നൊക്കെ പറയുന്നത് ശുദ്ധ ഭോഷ്കാണ്.
 
'ലോഗ്ഇന്‍' ചെയ്യുന്നവരെല്ലാം പ്രാംഗീകരാകണമെന്നില്ല. കേള്‍വിക്കാരും വേണമല്ലോ. എത്ര പേര്‍ സംസാരിക്കണമെന്നുള്ളതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ വേണം.
 
അനുശോചനം അറിയിക്കാമെന്നു ഏറ്റവരെ ആ സമയത്ത് കിട്ടിയില്ലെങ്കില്‍ അവരെ തേടിപ്പിടിച്ചു കൊണ്ടുവന്ന് നിര്‍ബന്ധമായി രണ്ടു  വാക്ക് പറയിക്കേണ്ട ഒരു കാര്യവുമില്ല.
 
എടുത്തുചാടി ഒരു അനുശോചന മീറ്റിംഗ് തട്ടിക്കൂട്ടി നടത്തി ഒന്നാമനാകുന്നതിനേക്കാള്‍ നല്ലത്- അര്‍ഹിക്കുന്ന ഗൗരവത്തോടും പാവനതയോടുംകൂടി നടത്തുന്നതാണ് അഭികാമ്യം.
 
അല്ലെങ്കില്‍ അനുശോചന സമ്മേളനങ്ങള്‍ പലപ്പോഴും ആദരവിനു പകരം അവഹേളനമാകും- അരോചകവും !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.