You are Here : Home / USA News

വിശ്വാസവര്‍ഷാചരണത്തിന്‌ ആത്മീയനിര്‍വൃതിയോടെ സമാപനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 30, 2013 12:48 hrs UTC

ഷിക്കാഗോ: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചതിന്റെ അമ്പതാം വാര്‍ഷികദിനവും `കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം' പുറത്തിറക്കിയതിന്റെ ഇരുപതാം വാര്‍ഷികവും പ്രമാണിച്ച്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ 2012 ഒക്‌ടോബര്‍ പതിനൊന്നാം തീയതി ആരംഭിച്ച വിശ്വാസവര്‍ഷത്തിന്റെ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാതല സമാപന പരിപാടികള്‍ അനേകായിരങ്ങള്‍ക്ക്‌ ആത്മീയ നിര്‍വൃതിയേകി. നവംബര്‍ 24-ന്‌ ഞായറാഴ്‌ചയാണ്‌ വിശ്വാസവര്‍ഷാചരണത്തിന്റെ രൂപതാതല സമാപന പരിപാടികള്‍ ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ നടന്നത്‌. തദവസരത്തില്‍ കത്തീഡ്രലില്‍ നടത്തിയ 40 മണി ദിവ്യകാരുണ്യ ആരാധനയിലും, രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടത്തിയ തിരുമണിക്കൂര്‍ ആരാധനയിലും വിശ്വാസപ്രഘോഷണ റാലികളിലും പരിശുദ്ധ കുര്‍ബാനയിലും വിശ്വാസിസമൂഹം ഭക്തിയോടെ പങ്കെടുത്തു.

 

ഫിലിപ്പൈന്‍സ്‌, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ഈ അടുത്തകാലത്ത്‌ സംഭവിച്ച ഭീകരമായ പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി രൂപതാതലത്തില്‍ നവംബര്‍ 24-ന്‌ ഞായറാഴ്‌ച കുര്‍ബാന മധ്യേ നടത്തിയ സംഭാവനശേഖരം `സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം' (ഗല 5,6) എന്ന വിശ്വാസവര്‍ഷ ആപ്‌തവാക്യത്തിന്റെ പ്രകാശനമായി. വിശ്വാസവര്‍ഷാചരണ സമാപനത്തോടനുബന്ധിച്ച്‌ കത്തീഡ്രലില്‍ നടന്ന 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുടെ സമാപനമായി നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും പരിശുദ്ധ കുര്‍ബാനയ്‌ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ കാര്‍മികത്വം വഹിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനായ റവ.ഫാ. ജോസ്‌ ഉപ്പാണിയില്‍ ദിവ്യകാരുണ്യാരാധന വിചിന്തനകള്‍ പങ്കുവെച്ചു. കത്തീഡ്രല്‍ വികാരി വെരി റവ.ഫാ. ജോയി ആലപ്പാട്ട്‌, സഹവികാരി ഫാ. റോയി മൂലേച്ചാലില്‍, കൈക്കാരന്മാര്‍, കൂടുംബകൂട്ടായ്‌മകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളെല്ലാവരും 40 മണി ആരാധനയിലും അതോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങളിലും പങ്കെടുത്തപ്പോള്‍ അത്‌ വിശ്വാസാനുഭവത്തിനും ആത്മീയ ഉണര്‍വിനും കാരണമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.