You are Here : Home / USA News

നാട്ടിലെ മാധ്യമങ്ങള്‍ അമേരിക്കയെപ്പറ്റി പ്രചരിപ്പിക്കുന്നത് അസത്യങ്ങളുടെ വൈറസ്

Text Size  

Story Dated: Friday, April 10, 2020 02:47 hrs UTC

(ബെന്നി വാച്ചാച്ചിറ)
 
ചിക്കാഗോ: കോവിഡ് 19ന്റെ അതിവേഗ വ്യാപനം ഇനിയും ലോകരാജ്യങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അമേരിക്കയിലാണ് ഈ നിമിഷം വരെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മരണസംഖ്യയും ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതും സത്യം. ഈ പകര്‍ച്ചവ്യാധിയെ എത്രയും വേഗം നിയന്ത്രണാധീനമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സേവകരും രാപകലില്ലാതെ കഠിനാദ്ധ്വാനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയെ മോശമായി ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
 
ഇവിടുത്തെ മെഡിക്കല്‍ സംവിധാനം അപര്യാപ്തമാണെന്നും ഗവണ്‍മെന്റ് സേവനങ്ങള്‍ വേണ്ട സമയത്ത് ലഭ്യമാക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. മാധ്യമങ്ങളുടെ ചുവടു പിടിച്ച് സോഷ്യല്‍ മീഡിയയും പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ തികച്ചും അസത്യവും ഈ രോഗവ്യാപന കാലത്തെ സംബന്ധിച്ചിടത്തോളം ജനവിരുദ്ധവുമാണ്. കൊറോണ രോഗികള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും ആശുപത്രികളില്‍ ലഭിക്കുന്നുണ്ട്. മാത്രമല്ല, എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ചു കഴിഞ്ഞാല്‍ അമേരിക്കയില്‍ എവിടെയാണെങ്കിലും ഏഴു മിനിട്ടിനുള്ളില്‍ തന്നെ ആംബുലന്‍സ് ആവശ്യക്കാരുടെ വീടിനു മുമ്പില്‍ എത്തിയിരിക്കും. അവശതയുള്ളവരെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യും. ഇത് കൊറോണക്കാലത്തു മാത്രമല്ല അന്നും ഇന്നും എന്നും അമേരിക്കിയുടെ മെഡിക്കല്‍ സംവിധാനം ഇങ്ങനെതന്നെയാണ്.
 
 
കൊറോണ സമയത്ത് ആരോഗ്യ സംവിധാനം കൂടുതല്‍ ജാഗ്രതയിലുമാണ്. ചിക്കാഗോയില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വീഴ്ച മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയായിരുന്നു. ഒരു വ്യക്തിയെ ആംബുലന്‍സില്‍ എത്തിച്ചിട്ട് തിരിച്ച് കൊണ്ടുപോയില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 911ല്‍ വിളിച്ചാല്‍ ആംബുലന്‍സ് എത്തി ആവശ്യക്കാരെ ആശുപത്രിയിലെത്തിക്കും. പക്ഷേ, രോഗികള്‍ സുഖം പ്രാപിച്ചു കഴിഞ്ഞാല്‍ അവരെ വീട്ടില്‍ കൊണ്ടുവിടുന്ന സംവിധാനം അമേരിക്കയില്‍ ഇല്ല. ഇത് മനസിലാക്കാതെ കാര്യങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യ്‌പ്പെടുന്നത് നിര്‍ഭാഗ്യകരമാണ്.
 
നാട്ടിലുള്ളവര്‍ ഒരുകാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. അമേരിക്കയില്‍ കോവിഡ് ഭീതിയുണ്ടെന്നത് സത്യമാണ്. പക്ഷേ,  നമുക്കതിനെ ധൈര്യപൂര്‍വം അഭിമുഖീകരിച്ചേ പറ്റൂ. രോഗവ്യാപനം തടയുന്നതിന് ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച ഏവരും വീട്ടില്‍ത്തന്നെ കഴിയുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യ സംവിധാനം കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്കിനെ സംബന്ധിച്ച് ആശങ്കയുണ്ട്. എന്നാല്‍ താമസിയാതെ കൊറോണയുടെ വ്യാപനക്കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളിലാവട്ടെ ഭയത്തിന് വലിയ അടിസ്ഥാനമില്ല.
 
ഈ കുറിപ്പ് തയ്യാറാക്കുമ്പോള്‍ അമേരിക്കയിലെ കോവിഡ് മരണം 14,600ന് മേലും രോഗബാധിതര്‍ 4,65,000ലേറെയുമാണ്. 19 മലയാളികള്‍ ഇതിനോടകം മരിച്ചുവെന്നതും അതീവ ദുഖകരമാണ്. അമേരിക്കയില്‍ ആറ് ലക്ഷത്തിലധികം മലയാളികളുണ്ട്. മരണമടഞ്ഞവരിലേറെയും മെഡിക്കല്‍ രംഗത്തും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ജോലി ചെയ്തവരായുരുന്നു. ആയതിനാല്‍ സമ്പര്‍ക്കത്തിലൂടെ വലിയ തോതില്‍ രോഗം പകരുകയായിരുന്നു. അമേരിക്കന്‍ ജനത കൂടുതലും ആശ്രയിക്കുന്നത് പൊതു ഗതാഗത സംവിധാനങ്ങളെയാണല്ലോ.
 
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളാ മോഡല്‍ പ്രശംസനീയമാണ്. ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയ്ക്ക് മാതൃക തന്നെയാണ് കേരളം. അത് ഈ കൊറോണക്കാലത്ത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ലോകത്തിനുമുന്നിലും കൊച്ചു കേരളം നാളെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. കൊറോണയെ നേരിടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന നിശ്ചയദാര്‍ഢ്യം എടുത്തുപറയേണ്ട ഒന്നാണ്. തന്റെ അനുദിനമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി മലയാളികള്‍ക്കുവേണ്ടിയുള്ള കരുതലിന്റെ നടപടികള്‍ അദ്ദേഹം വെളിപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. ആതുപോലെ ആരോഗ്യ മന്ത്രിയുടെയും ഏകോപനം ശ്രദ്ധേയമാണ്.
 
ഈ ഘട്ടത്തില്‍ സത്യമറിയാതെ സെന്‍സേഷനുവേണ്ടി അസത്യങ്ങളും അര്‍ധസത്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. അമേരിക്കയിലെ രേഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നിരിക്കുകയാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്രയും പേരെ ഒരേസമയം ചികില്‍സിക്കാനവില്ല എന്ന യാഥാര്‍ത്ഥ്യവും നാം മനസിലാക്കണം. ആയിരങ്ങളാണ് അമേരിക്കയിലെ വിവിധ ആശുപത്രികളില്‍ ഒരേ സമയം അഡ്മിറ്റ് ചെയ്യപ്പെടുന്നത്. മരിക്കുന്നവരിലേറെയും കടുത്ത പ്രമേഹരോഗികളും ആസ്മ പോലുള്ള ശ്വാസകോശ രോഗികളും ഹദയസംബന്ധമായ അസുഖമുള്‍പ്പെടെയുള്ളവരുമാണ്. അല്ലാത്ത 80 ശതമാനവും രോഗമുക്തി നേടുന്നു എന്നതാണ് സുപ്രധാനമായ വസ്തുത.
 
രോഗം ബാധിച്ച അമേരിക്കന്‍ മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവശ്യമായ സഹായമെത്തിക്കാന്‍ ഫോമയും, ഫൊക്കാനയും ഇതര മലയാളി അസോസിയേഷനുകളും കര്‍മനിതരതാണ്. "കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന വാട്ട്‌സ് ആപ്പ് സന്നദ്ധ ഗ്രൂപ്പ് ചിക്കാഗോയില്‍ ഒരു മെഡിക്കല്‍ ടീം തന്നെ രൂപീകരിച്ച് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്നു. ഡമലയാളി ഡോക്ടര്‍മാരും നേഴ്‌സസ് പ്രാക്ടീഷണര്‍മാരും നേഴ്‌സുമാരും ഫാര്‍മസിസ്റ്റുകളും മറ്റ് പാരാമെഡിക്കല്‍ വിദഗ്ധരുമടങ്ങുന്ന ഈ മെഡിക്കല്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിച്ച് മലയാളികള്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നു. "കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' മലയാളികളുടെ പലവിധ ആവശ്യങ്ങളും ഈ ദുരിത കാലത്ത് നിറവേറ്റുന്നുവെന്നത് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. 1 833 3 KERALA എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇവര്‍ വിളിപ്പുറത്തുണ്ടാവും.
 
യുദ്ധസമാനമായ സംവിധാനങ്ങള്‍ ഒരുക്കി ലോകം ഈ മഹാമാരിയെ നേരിടുന്ന സമയത്ത് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമൂഹിക വിരുദ്ധരാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും ഇവര്‍ പ്രചരിപ്പിക്കുകയുണ്ടായി. എന്തായാലും അവരുടെ ആഗ്രഹം നടപ്പാവാന്‍ പോകുന്നില്ല. ഇത്തരം സങ്കുചിത മനോഭാവമുള്ള ക്രിമിനലുകള്‍ നാളെ നിയമത്തിന്റെ ലോക്ക് ഡൗണിലാവും. രോഗികള്‍ക്ക് മാനസിക ബലം നല്‍കുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണം.
 
മാനവരാശിക്ക് അതിജീവനത്തിന്റെ കരുത്തുള്ള ചരിത്രമുണ്ട്. നമ്മുടെ പൂര്‍വികര്‍ മാരകമായ പ്ലേഗിനെയും മലേറിയയെയും വസൂരിയെയും ഒക്കെ നേരിട്ട് തോല്‍പ്പിച്ചിട്ടുണ്ട്. അതുപോലെ കാലാകാലങ്ങളില്‍ സംക്രമിച്ച വ്യാധികളെയും നമ്മള്‍ വരുതിയിലാക്കിയിട്ടുണ്ട്. നിപ്പ വൈറസിനെ തുരത്തിയത് അടുത്ത കാലത്താണല്ലോ. അമേരിക്കയില്‍ മിക്ക വര്‍ഷങ്ങളിലും കൊടുങ്കാറ്റും പേമാരിയും കാട്ടുതീയുമൊക്ക പരിഭ്രാന്തി പരത്തിയെത്താറുണ്ട്. അതിനെയൊക്കെ അതിജീവിച്ച നമുക്ക് കൊറോണയെയും പടിക്ക് പുറത്താക്കാന്‍ കഴിയും. അതുകൊണ്ട് പോസിറ്റീവ് എനര്‍ജി തരുന്ന വാര്‍ത്തകളാണിപ്പോള്‍ അഭികാമ്യം. അതാണ് നമുക്കേകാനുള്ള സാന്ത്വനവും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.