You are Here : Home / USA News

സാന്‍ഡേഴ്‌സിന്റെ പിന്മാറം; ട്രമ്പ് വാറനെ പഴിചാരുന്നു

Text Size  

Story Dated: Thursday, April 09, 2020 11:04 hrs UTC

 
ഏബ്രഹാം തോമസ്
 
 
വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയപ്പോള്‍ അതിന്റെ പഴി സെനറ്റര്‍ എലിസബത്ത് വാറനില്‍ ചാരുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ചെയ്തത്.
 
വാറന്‍ മത്സരരംഗത്ത് തുടര്‍ന്നപ്പോള്‍ സാന്‍ഡേഴ്‌സിന് ലഭിക്കേണ്ട വോട്ടുകള്‍ അവര്‍ തട്ടിയെടുത്തു. മാര്‍ച്ച് 3ന് നടന്ന സൂപ്പര്‍ ട്യൂസ് ഡേയില്‍ ജയിക്കുമായിരുന്ന പ്രൈമറികള്‍ സാന്‍ഡേഴ്‌സിന് നഷ്ടമായത് വാറന്‍ മത്സരരംഗത്ത് തുടര്‍ന്നത് കൊണ്ടാണെന്ന് ട്രമ്പ് ആരോപിച്ചു.
 
 
താന്‍ പിന്മാറുന്നു എന്ന് സാന്‍ഡേഴസ് പ്രഖ്യാപിച്ചത്. ആഴ്ചകള്‍ നീണ്ട കൂടിയാലോചനകള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ്. മദ്ധ്യമാര്‍ഗം സ്വീകരിച്ച എതിരാളി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ സാന്‍ഡേഴ്സ്സിന് ഓരോ ഡെമോക്രാറ്റിക് പ്രൈമറിയിലും കനത്ത പ്രഹരം നല്‍കുകയായിരുന്നു.
താന്‍ നടത്തിയ ആശയപരമായ സമരത്തില്‍ തനിക്ക് ധാരാളം യുവാക്കളുടെ പിന്തുണ ലഭിച്ചു. 30 വയസ്സില്‍ താഴെ ഉള്ളവരും 50 വയസ്സില്‍ താഴെയുള്ളവരുമെല്ലാം തന്നെ പിന്തണച്ചു. ഒരു നല്ല മനസാക്ഷിയോടെ തനിക്ക് തോറ്റുകൊണ്ടിരിക്കുന്ന പ്രചരണവുമായി മുന്നോട്ടു പോകാനാവില്ല. ഒരു സ്വയം ഡെമോക്രാറ്റിക് സോഷ്യലിസ്‌ററായി സ്വയം വിശേഷിപ്പിക്കുകയും ഡെമോക്രാറ്റിക് സ്വതന്ത്രനായി സെനറ്റ് മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്യുന്ന സാന്‍ഡേഴ്‌സ് പുരോഗമന ആശയങ്ങളുമായി മുന്നോട്ടു പോകുമെന്നും തുടര്‍ന്നും മത്സരിക്കുമെന്നും വ്യക്തമാക്കി. അത് സെനറ്റ് മത്സരങ്ങള്‍ മാത്രമാണോ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉള്‍പ്പെടെയാണോ എന്ന് തീര്‍ത്ത് പറഞ്ഞില്ല.
 
78 കാരനായ സാന്‍ഡേഴ്‌സിന്റെ ഭാഗധേയം മാറിമാറി മറിഞ്ഞത് 77 കാരനായ ബൈഡന്‍ സൗത്ത് കാരലിന പ്രൈമറിയില്‍ വന്‍ വിജയം നേടിയതോടെയാണ്. തുടര്‍ന്ന് സൂപ്പര്‍ ട്യൂസ് ഡേയില്‍ ബൈഡന്‍ വിജയം തുടര്‍ന്നു. ലാറ്റിനോ വോട്ടര്‍മാരുടെ പിന്തുണയോടെ കാലിഫോര്‍ണിയ സാന്‍ഡേഴ്‌സ് നേടിയെങ്കിലും അതുവരെ ഉണ്ടായ നഷ്ടം നികത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുണ്ടായ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും പ്രൈമറികളുടെ അനിശ്ചിതത്വവും സാന്‍ഡേഴ്‌സ് മ്ത്സരത്തില്‍ തുടരുന്നത് പാര്‍ട്ടി നോമിനിയാകാനിടയുള്ള ബൈഡന്റെ സാധ്യതയെ ഹനിക്കുമെന്ന് പാര്‍ട്ടി ഭാരവാഹികളുടെ പ്രതികരണങ്ങളും സാന്‍ഡേഴ്‌സിനെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
 
നവംബറില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രമ്പിനെ ഏറ്റുമുട്ടാന്‍ ബൈഡന് കളം ഒരുങ്ങിയിരിക്കുകയാണ്. പ്രൈമറികളില്‍ കാപട്യം കാട്ടി സാന്‍ഡേഴ്‌സിനെ ഒതുക്കുകയായിരുന്നു എന്ന് ട്രമ്പ് ആരോപിച്ചു. അസംതൃപ്തരായ സാന്‍ഡേഴ്‌സ് അനുയായികളെ പാട്ടിലാക്കുകയാണ് ലക്ഷ്യമെന്ന് ബൈഡന്‍ അനുയായികള്‍ പ്രത്യാരോപണം നടത്തി.
 
ഏപ്രില്‍ 2നും 7നും ഇടയില്‍ ക്വിന്നി പിയാക് യൂണിവേഴ്‌സിറ്റി നടത്തിയ അഭിപ്രായ സര്‍വേയില്‍ ബൈഡന് 49% ട്രമ്പിന് 41% വും ജനപ്രിയതയുണ്ടെന്ന് കണ്ടെത്തി. ട്രമ്പിന്റെ ജോബ് അപ്രൂവല്‍ റേറ്റിംഗ് എക്കാലത്തെയും മെച്ചമായ 45% രേഖപ്പെടുത്തി. അതോടൊപ്പം 51% ട്രമ്പിന്റെ പ്രകടനത്തില്‍ തൃപ്തരല്ലെന്നും പറഞ്ഞു.
ഡെമോക്രാറ്റിക് മത്സരരംഗത്ത് ഒരു മാസത്തില്‍ അധികമായി ബൈഡന്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇപ്പോഴാണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ നോമിനിയാകും എന്ന് ഉറപ്പായത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒന്നായിരിക്കും. പ്രചരണങ്ങളില്‍ നിയമത്തിന്റെ അതിരുകള്‍ ലംഘിച്ച് ആരോപണ, പ്രത്യാരോപണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡിബേറ്റുകളിലും ഈ സാധ്യത നിലനില്‍ക്കുന്നു.
 
ട്രമ്പിന്റെ പ്രചരണ സംഘം തീവ്രധനസമാഹരണശ്രമത്തിലാണ്. അഞ്ച് ഡോളര്‍ മുതല്‍ മുകളിലോട്ട് നല്‍കി തന്റെ പ്രചരണതന്ത്രങ്ങളില്‍ ഭാഗഭാക്കാക്കും എന്ന അഭ്യര്‍ത്ഥനയുമായി തുടരെ ഇമെയിലുകള്‍ വരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചരിത്രത്തില്‍ 1.5 മില്യന്‍ ചെറിയ സംഭാവനകള്‍ നല്‍കിയ ദാതാക്കളില്‍ നിന്ന് ഏറ്റവുമധികം തുക സമാഹരിച്ചത് സാന്‍ഡേഴ്‌സായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് വേണ്ടി ബൈഡന്‍ സമാഹരിക്കുന്നത് ഇതിലധികമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More