You are Here : Home / USA News

ന്യൂജേഴ്‌സിയും ന്യൂ ഓര്‍ലിയന്‍സും പുതിയ ഹോട്ട് സ്‌പോട്ട്, മറ്റൊരു പേള്‍ഹാര്‍ബറാകാന്‍ ന്യൂയോര്‍ക്ക്, ആശങ്കാകുലരായി മലയാളികള്‍

Text Size  

Story Dated: Monday, April 06, 2020 12:35 hrs UTC

 
 ഡോ.ജോര്‍ജ് എം. കാക്കനാട്ട്
 
 
ഹൂസ്റ്റണ്‍: കോവിഡ്-19 ന്റെ ഏറ്റവും പുതിയ ഹോട്ട്‌സ്‌പോട്ടുകളായി ന്യൂജേഴ്‌സി, ന്യൂ ഓര്‍ലിയന്‍സ് മാറുന്നു. ഗുരുതര രോഗബാധിതരായെത്തുന്നവരുടെ എണ്ണത്തില്‍ ഇവിടെ ക്രമാതീതമായ വര്‍ദ്ധന. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സമൂഹങ്ങളെ ആശങ്കയിലാഴ്ത്തി കുതിച്ചു കയറുന്ന പകര്‍ച്ചവ്യാധി ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്. ന്യൂയോര്‍ക്കിലും സ്ഥിതിയില്‍ മാറ്റമില്ല. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍ സജി എബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ എബ്രഹാ (21) ന്യൂയോര്‍ക്കില്‍ മരിച്ചു. കൂടാതെ, ഗായകന്‍ ജിനു ജോണിന്റെ മാതാവ് ഏലിയാമ്മ ജോണ്‍ കൂടി ഇന്നു മരിച്ചതോടെ കോവിഡ് ബാധിച്ചു അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്നു മാത്രം രണ്ടു മലയാളികള്‍ മരിച്ചതോടെ, മലയാളി സമൂഹം കടുത്ത പരിഭ്രാന്തിയിലാണ്. രാജ്യത്താകെ 9,325 പേര്‍ മരിച്ചു കഴിഞ്ഞു. 16,491 പേരാണ് പുതിയ രോഗികള്‍. 327,848 പേര്‍ക്കു രോഗബാധയുണ്ടായി. കോവിഡ്-19 ല്‍ നിന്നും രക്ഷപ്പെട്ടവരാവട്ടെ, വെറും 16,700 പേര്‍ മാത്രമാണ്. ഇതില്‍ 8,519 പേര്‍ അതീവഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററുകളിലാണ്.
വൈറ്റ്ഹൗസിലെ രണ്ട് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക് ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്‍കി, അടുത്ത ആഴ്ച ന്യൂയോര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധി അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ന്യൂയോര്‍ക്ക് മറ്റൊരു 'പേള്‍ ഹാര്‍ബര്‍' ആകുമെന്നുമാണ് വിലയിരുത്തല്‍. 'ഇത് ഞങ്ങളുടെ 9/11 നിമിഷമായിരിക്കും. പല അമേരിക്കക്കാര്‍ക്കും അവരുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ മറ്റൊരു നിമിഷമാണിത്.' യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സര്‍ജന്‍ ജനറല്‍ ഡോ. ജെറോം എം ആഡംസ് പറഞ്ഞു. 
കൊറോണ വൈറസ് പകര്‍ച്ചവ്യാധി രാജ്യത്തുടനീളം വ്യാപിക്കുന്നതിനാല്‍ അമേരിക്കക്കാര്‍ക്ക് വെന്റിലേറ്ററുകളുടെ കുറവുണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഹോട്ട് സ്‌പോട്ടുകളിലേക്ക് കൂടുതല്‍ വെന്റിലേറ്ററുകള്‍ നല്‍കാനാവുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഫെഡറല്‍ സ്‌റ്റോക്ക്‌പൈലില്‍ വെന്റിലേറ്ററുകളുടെ അഭാവം ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. സംസ്ഥാനം 17,000 വെന്റിലേറ്ററുകള്‍ക്ക് ആവശ്യപ്പെട്ടിട്ടും കിട്ടിയത് പതിനായിരം മാത്രമായിരുന്നുവത്രേ. താത്കാലിക ആശുപത്രികളില്‍ പലതും രോഗികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളിലേക്ക് മാറ്റുന്നത്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കപ്പെടുന്നുണ്ട്. അതേസമയം, ന്യൂയോര്‍ക്കില്‍ മാസ്‌ക്കിനു ക്ഷാമമുണ്ടെന്ന വാര്‍ത്ത ഗവര്‍ണര്‍ നിഷേധിച്ചു. ആശുപത്രി മേഖലയിലെ മുന്‍നിര ജീവനക്കാര്‍ക്കുള്ള സുരക്ഷിതത്വത്തിനായി ആവശ്യത്തിനു മാസ്‌ക്കുകള്‍ കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ച വിമാനവാഹിനിക്കപ്പല്‍ യു.എസ്. തിയോഡോര്‍ റൂസ്‌വെല്‍റ്റ് കമാന്‍ഡില്‍ നിന്ന് നീക്കം ചെയ്ത നേവി ക്യാപ്റ്റന്‍ ബ്രെറ്റ് ഇ. ക്രോസിയറിന് കോവിഡ് 19 പോസിറ്റീവ് ആയി. കപ്പല്‍ എങ്ങനെ വൈറസ് നിര്‍വീര്യമാക്കുമെന്നു ചിന്തിക്കുകയാണെന്നു സൈന്യം പറഞ്ഞു. കപ്പലിലെ ആയിരത്തിലധികം സൈനികര്‍ക്കാണ് രോഗബാധയുടെ ലക്ഷണമുള്ളത്.
അതേസമയം, പകര്‍ച്ചവ്യാധി വര്‍ദ്ധിക്കുന്നതിനാല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടും ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് പരിഗണിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ കേന്ദ്രീകരിച്ചുള്ള രണ്ടാമത്തെ ടാസ്‌ക് ഫോഴ്‌സിനെ നിര്‍ദ്ദേശിച്ച് ഫോക്‌സ് ന്യൂസ് അവതാരകന്‍ ഡാന പെരിനോയുടെ ട്വീറ്റിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം വിശദമാക്കിയത്. സാമൂഹിക വിദൂര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതു കൊണ്ടു തന്നെ സാമ്പത്തിക മാന്ദ്യത്തിന് ആശങ്ക വേണ്ടെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപിഡെമിക് ഡിസീസസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗസി ആവര്‍ത്തിച്ചു.
അതേസമയം, കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ അമേരിക്കന്‍ തൊഴില്‍ വിപണിയിലെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നിനെയാണ് സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള ക്ലെയിമുകള്‍ മാര്‍ച്ച് ആദ്യം മുതല്‍ 3,000 ശതമാനത്തിലധികം ഉയര്‍ന്നു. മാര്‍ച്ച് 28 ന് അവസാനിച്ച ആഴ്ചയില്‍ 6.6 ദശലക്ഷം യുഎസ് തൊഴിലാളികള്‍ അവരുടെ ആദ്യ ആഴ്ചയിലെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായി തൊഴില്‍ വകുപ്പ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More