You are Here : Home / USA News

ഫോമാ പ്രസിഡന്റ്: മനസ് തുറന്ന് അനിയന്‍ ജോര്‍ജ്

Text Size  

Story Dated: Wednesday, October 23, 2019 02:58 hrs UTC

ഒരു വ്യാഴവട്ടത്തിനു ശേഷം ഫോമയില്‍ നേത്രു സ്ഥാനത്തേക്ക് വരാനുള്ള തയാറെടുപ്പിലാണ് സ്ഥാപക സെക്രട്ടറിയായ അനിയന്‍ ജോര്‍ജ്. എപ്പോള്‍ വേണമെങ്കിലും ലഭിക്കാമായിരുന്ന പ്രസിഡന്റ് സ്ഥാനം ഉടനൊന്നും വേണ്ടെന്നു വെച്ച അനിയന്‍, ഇപ്പോള്‍ സമയമായിരിക്കുന്നു എന്നു കരുതുന്നു. എന്നാല്‍ മത്സരത്തിനോ വാശിക്കോ ഒരുക്കമല്ലതാനും. അമേരിക്കയില്‍ ഇത്തരം നേതാക്കള്‍ അപൂര്‍വ്വം. എല്ലാ പ്രതിസന്ധികളിലും പുഞ്ചിരിയോടെ, ആരോടും പരിഭവമില്ലാതെ പ്രവര്‍ത്തിക്കുന്ന അനിയനെപ്പോലുള്ളവരും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇമലയാളി പ്രസിദ്ധീകരിച്ച ലിങ്കുകള്‍ താഴെ. അതുകൂടി വായിക്കുമ്പോള്‍ അനിയന്‍ എന്നും ആരായിരുന്നുവെന്നു ബോധ്യമാകും.
 
2020 22 കാലത്തേക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അനിയന്‍ ജോര്‍ജ് മാത്രമേയുള്ളൂ. ഐക്യകണ്‌ഠ്യേനയുള്ള തെരഞ്ഞെടുപ്പ് ഫോമയ്ക്ക് പുതിയ ഊര്‍ജ്ജവും കെട്ടുറപ്പും നല്‍കുമെന്നുറപ്പ്. കൂടെ അനിയന്റെ കര്‍മ്മകുശലതയും അര്‍പ്പണബോധവും കൂടിയാകുമ്പോള്‍ ഫോമ പുതിയ ഉയരങ്ങളിലെത്തുമെന്നുറപ്പ്.
 
ഇലക്ഷനില്‍ രംഗത്തിറങ്ങാനുള്ള തീരുമാനങ്ങളെപ്പറ്റി അനിയന്‍ ഇമലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സുതുറക്കുന്നു.
 
? പ്രഥമ സെക്രട്ടറിയായിരുന്നിട്ടും ഇത്രകാലം മത്സരിക്കാതിരുന്നതെന്നാണ്.
 
= നേരത്തെ മത്സരിക്കാമായിരുന്നു. എന്നാല്‍ എന്നേക്കാള്‍ അര്‍ഹരും സീനയറുമായ ഒട്ടേറെ പേര്‍ മുന്നിലുണ്ടായിരുന്നു. അവരെ മറികടക്കാന്‍ ആഗ്രഹിച്ചില്ല. എന്റെ സമയമാകുംവരെ കാത്തിരിക്കാന്‍ ഒരു മടിയുമില്ലായിരുന്നു. തിരക്കിടേണ്ട കാര്യമില്ലല്ലോ.
 
? അര്‍ഹരായ ആരെങ്കിലും ഇനിയും വന്നാല്‍ മാറിക്കൊടുക്കുമോ?
 
= സംഘടനയെ എന്നേക്കാള്‍ ഭംഗിയായി നയിക്കാന്‍ കഴിവുള്ളയാള്‍ വന്നാല്‍ സന്തോഷപൂര്‍വ്വം മാറിക്കൊടുക്കുകതന്നെ ചെയ്യും.
 
? ഇപ്പോള്‍ സമയമായെന്നു തോന്നാന്‍ കാരണമെന്നാണ്.
 
= രണ്ടു വര്‍ഷം പൂര്‍ണ്ണമായും സംഘടനയ്ക്കുവേണ്ടി ചെലവിടാമെന്ന് ഇപ്പോള്‍ ഉറപ്പുണ്ട്. പൂര്‍ണമായ അര്‍പ്പണമായിരിക്കും അത്. ബിസിനസ് രംഗത്ത് പൂര്‍ണ്ണസമയ ശ്രദ്ധ ആവശ്യമില്ല. അതുപോലെ പുത്രന്‍ കെവിന്‍ നിയമബിരുദം നേടി അറ്റോര്‍ണിയായി പ്രാക്ടീസ് ചെയ്യാന്‍ ആരംഭിക്കുകയാണ്. അതിനാല്‍ വീട്ടിലെ ഉത്തരവാദിത്വം കുറഞ്ഞു.
 
? ഫോമ പ്രസിഡന്റ് പദം അഥവാ കമ്യൂണിറ്റി സര്‍വീസ് ഒരു മുഴുവന്‍ സമയ പ്രവര്‍ത്തനമാണോ.
 
= തീര്‍ച്ചയായും അതെ. ഫോമ ഇപ്പോള്‍ 75 സംഘടനകളുടെ ഫെഡറേഷനാണ്. 12 റീജിയനുമുണ്ട്. അംഗ സംഘടനകളിലും റീജിയനുകളിലും അടിത്തറ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അവിടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരണം.
 
? എല്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും ഇതുതന്നെയാണ് പറയുന്നത്. അപ്പോള്‍ ഇതില്‍ എത്ര കാര്യമുണ്ട്.
 
= വ്യക്തികളുടെ ട്രാക് റിക്കോര്‍ഡ് നോക്കണം. അര്‍പ്പണ മനസ്ഥിതിയാണ് പ്രധാനം. പല പദ്ധതികള്‍ മനസ്സിലുണ്ട്. യുവജനതയ്ക്കായും പല പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുക. അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ആയിരിക്കും ഫോമായുടെ മുന്നോട്ടുള്ള പ്രയാണം.
 
മലയാളി സമൂഹം ഒറ്റക്കെട്ടല്ല. ഓരോ പള്ളി തിരിച്ച് നാം ഭിന്നിച്ച് നില്‍ക്കുന്നു. നമ്മുടെ ശക്തി നാം മനസ്സിലാക്കുന്നില്ല. ഗുജറാത്തികളും തെലുങ്കരും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ മലയാളികളാണെന്നാണ് കരുതുന്നത്. പക്ഷെ നമുക്ക് ദേശീയതലത്തില്‍ ഒരു പ്രാധാന്യവുമില്ല. അതിനാല്‍ ചില കാര്യങ്ങളിലെങ്കിലും ഫൊക്കാനയെന്നോ ഫോമയെന്നോ വേള്‍ഡ് മലയാളി കൗണ്‍സിലെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒരുമിച്ച് പ്രവര്‍ത്തിക്കണം.
 
? എന്താണ് നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍.
 
അമേരിക്കന്‍ മലയാളികളില്‍ പൗരത്വം നേടിയവരുണ്ട്. ഗ്രീന്‍ കാര്‍ഡുകാരുണ്ട്. നോണ്‍ഇമ്മിഗ്രന്റ്‌സ് ഉണ്ട്. ഉയര്‍ന്ന സാമ്പത്തികം ഉള്ളവരും സാമ്പത്തികം കുറവുള്ളവരും ഉണ്ട്. ഇതിനു പുറമെ എച്ച്ച്1 വിസയില്‍ വന്നവര്‍. അവര്‍ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നു.
 
പുതിയ തലമുറയിലെ കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നു. അവര്‍ക്കൊക്കെ സഹായവും കൗണ്‍സലിംഗും ആവശ്യമുണ്ട്. ഫോമാ ഹെല്പിംഗ് ഹാന്‍ഡ്‌സിലുടേ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഒട്ടേറേ സഹായം ചെയ്യുവാന്‍ കഴിയും.
 
ഇതിനു പുറമെ നാട്ടിലുള്ള സ്വത്തും നിക്ഷേപവും നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഏറ്റവും പ്രധാനമായവ. നാട്ടില്‍ സ്ഥലമുണ്ടെങ്കില്‍ അതേപ്പറ്റി ചില കേസുകള്‍ ഉണ്ടാകും. രേഖകള്‍ തിരിമറി നടത്തും. പ്രവാസിക്ക് ഇതിന്റെ പുറകെ നടക്കാന്‍ പറ്റുമോ? മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം സര്‍ക്കാര്‍ നടപടികളിലെ പിശകുകളാണ്. പ്രവാസി െ്രെടബ്യൂണല്‍ ശക്തിപ്പെടുത്തുകയും നിയമത്തിലെ പഴുതുകള്‍ ഇല്ലാതാക്കുകയുമാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി. ഇതിനായി നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.
 
? യുവജനതയ്ക്കുവേണ്ടി എന്തു ചെയ്യാന്‍ പറ്റും.
 
യുവജനതക്കായി നെറ്റ്വര്‍ക്കിംഗിലൂടെ പ്രൊഫഷണല്‍ രംഗത്തുള്ളവരെ ഒരുമിപ്പിക്കണം. മുഖ്യധാര പൊളിറ്റിക്‌സിലേക്കു യുവജനതക്കു വഴിയൊരുക്കണം.
 
പ്രായം കടന്നുപോയിട്ടും ഒരുപാട് യുവതീയുവാക്കള്‍ അവിവാഹിതരായി നില്‍ക്കുന്നത് നാം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ്. ഇത് പരിഹരിക്കാന്‍ ഫോമയുടെ നേതൃത്വത്തില്‍ ഒരു വിവാഹ ബ്യൂറോയും വെബ്‌സൈറ്റും സ്ഥാപിക്കണമെന്നു കരുതുന്നു.
 
വനിതകള്‍ക്കുവേണ്ടിയും പുതിയ പദ്ധതികള്‍ വരണം. അവര്‍ തന്നെ മികച്ച നേതൃത്വം കൊടുക്കാന്‍ കെല്‍പുള്ളവരാണ്.
 
ഫോമയുടെ നേതൃത്വത്തില്‍ ഒരു ബിസിനസ് ചേംബര്‍ ആണ് മറ്റൊരു ലക്ഷ്യം. പുതുതായി ബിസിനസ് അവസരങ്ങള്‍, ബിസിനസ് തുടങ്ങാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവയെല്ലാം ചേംബറിനു നല്‍കാനാകും.
 
? നാട്ടിലെ അനിയന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു.
 
= ഹൈക്കോടതിയിലടക്കം നാലര വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ചങ്ങനാശേരി എസ്.ബി. കോളജ് കൗണ്‍സിലര്‍, എറണാകുളം ലോ കോളജ് ചെയര്‍മാന്‍,കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതിനു പുറമെ മറ്റു വിവിധ സംഘടനകളിലും പ്രവര്‍ത്തിച്ചു. സാമൂഹിക സേവനം രക്തത്തില്‍ അലിഞ്ഞിരിക്കുന്നു.
 
ഇവിടെ എത്തിയശേഷം കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റായി (2004). അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി 2006ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ ഫോമ ജനറല്‍ സെക്രട്ടറിയായി. ഇപ്പോള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് ചെയര്‍.
 
? ഫോമ ഇലക്ഷനില്‍ മത്സരം ഇല്ലാത്തത് നല്ലതാണോ.
 
= ഇലക്ഷന്‍ ഗ്രൂപ്പുകളിയായി മാറുന്ന സ്ഥിതി കാണുന്നു. അത് ശരിയല്ല. ഇത്രയധികം വാശിയും വൈരാഗ്യവും ആവശ്യമില്ല. ജയിച്ചാല്‍ എന്തെങ്കിലും അധികാരമോ സാമ്പത്തിക ലാഭമോ ഉള്ള സ്ഥാനങ്ങളല്ല. മറിച്ച് സേവന പ്രവര്‍ത്തനം നടത്താനാണ് നേതൃത്വം നല്‍കേണ്ടത്. അപ്പോള്‍ പിന്നെ ഇത്രവലിയ വാശിയൊന്നും ശരിയല്ല.
 
? കണ്‍വന്‍ഷന്‍ കപ്പലിലാകുന്നത് നല്ലതാണോ.
 
= തീര്‍ച്ചയായും കരയിലെ കണ്‍വന്‍ഷനില്‍ സെമിനാറിനൊന്നും പലപ്പോഴും ആളെ കിട്ടാനില്ല. കപ്പലിലാകുമ്പോള്‍ അതുണ്ടാകില്ലല്ലോ. അതിനു പുറമെ സൗഹൃദം ശക്തിപ്പെടുത്താനുള്ള നല്ല വേദികൂടിയാണത്. എപ്പോഴും ഭക്ഷണവും കിട്ടും. കണ്‍വന്‍ഷനുകളില്‍ എപ്പോഴും ഭക്ഷണത്തെപ്പറ്റി പരാതിയുണ്ട്. ഇവിടെ അതുണ്ടാവില്ല. പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരിക്കും.
 
? സംഘടനയെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്താണ്.
 
= ആര് പ്രസിഡന്റോ, സെക്രട്ടറിയോ ആയാലും സംഘടനയാണ് വലുത് എന്നു കരുതുന്നു. മുന്‍ ഭാരവാഹികളില്‍ ചിലര്‍ മാറിനില്‍ക്കുന്നതായി കാണാറുണ്ട്. അവരെയെല്ലാം ഒന്നിച്ചു കൊണ്ടുവന്ന് ഫോമ ഒരു പ്രസ്ഥാനമായി മുന്നേറണം. മുന്‍ ഭാരവാഹികളാണ് നമ്മുടെ ശക്തി. അടിത്തറ ശക്തിപ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് പ്രധാനം.
 
അടുത്ത കണ്വന്‍ഷന്‍?
അമേരിക്കയില്‍ എവിടെയും നടത്താന്‍ തയ്യാര്‍. തെരെഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയാണു തീരുമാനം എടുക്കേണ്ടത്. ഒരു ഡെസ്റ്റിനേഷന്‍ കണ്വന്‍ഷന്‍ നടത്താനും തയ്യാര്‍. മെക്‌സിക്കോയിലെ കാന്‍ കുന്‍ പോലുള്ള സ്ഥലത്ത്. ഏതായാലും തന്റെ താമസ സ്ഥലമായ ന്യു ജെഴ്‌സിയില്‍ ഇല്ല. ഈ റീജിയനില്‍ അടുത്തയിടക്കു കണ്വന്‍ഷന്‍ നടന്നതാണു കാരണം
 
ഫോമാ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ തുടങ്ങിയവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമായിരുന്നു. പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ് എന്നിവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ പിന്തുണയും നല്‍കുന്നു. ഈ കമ്മിറ്റി കേരളത്തില്‍ പ്രളയ ബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്കിയ ഫോമാ വില്ലേജ് പദ്ധതിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്.
 
താന്‍ പ്രസിഡന്റായാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരും
 
അനിയന്‍ ജോര്‍ജ്, അനിയനല്ല; ചേട്ടനാണ്‌
 
 
https://emalayalee.com/varthaFull.php?newsId=80841 
 
https://www.pravasi.com/varthaFull.php?newsId=164103

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.