You are Here : Home / USA News

ഹാസ്യ സാഹിത്യകാരൻ അബ്രാഹമിനെ ന്യൂമാർക്കറ്റ് മലയാളികൾ ആദരിച്ചു.

Text Size  

Story Dated: Saturday, January 21, 2017 12:33 hrs UTC

കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്‌സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു. കലാ-സാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത് . ഒന്റാരിയോയിലെ പ്രധാനപ്പെട്ട എല്ലാ മലയാളി അസ്സോസിയേഷനുകളിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുള്ള അലക്സ് , ഒട്ടു മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളിൽ എഡിറ്ററായിരുന്നിട്ടുമുണ്ട്. ചിരിയരങ്ങുകളും സാഹിത്യ സെമിനാറുകളും നടത്തുന്നതിന് നേതൃത്വം നൽകാറുള്ള അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത് ഹാസ്യ സാഹിത്യകാരനായിട്ടാണ്. അദ്ദേഹത്തിന്റെ "ഉപ്പുമാങ്ങാക്കുഴി സ്പീക്കിംഗ് ", "ഞാൻ ഒരു ബേബി", "ശുനകന്റെ അങ്കിൾ "തുടങ്ങിയ നിരവധി നർമ്മകഥകൾ വളരെ പ്രശസ്തമാണ്. കാനഡായിലെ ആദ്യ മലയാള ടെലിവിഷൻ ചാനലായ 'മലയാളശബ്ദ'ത്തിന്റെയും ഏക മലയാളം റേഡിയോയായ 'മധുര ഗീതത്തിന്റെയും' ടൈറ്റിൽ സോങ്ങ് ' എഴുതിയത് അലക്സ് ആണ് .

 

 

 

കനേഡിയൻ മലയാളി അസ്സോസിയേഷന്റെ കലാവേദി ചെയർമാൻ ആയിരുന്ന കാലത്ത് 'സി.എം.എ ബീറ്റ്സ്' ഓർക്കെസ്ട്രാ രൂപീകരിച്ചത് അദ്ദേഹത്തിന്റെ പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. ഉയരങ്ങളിൽ മഹത്വം , ധ്വനി , ആലിംഗനം' തുട ങ്ങിയ നിരവധി മ്യൂസിക്ക് ആൽബങ്ങളുടെ രചയിതാവായ അലക്സിന്റെ നിരവധി ഗാനങ്ങൾ പ്രശസ്തമാണ്. പൊതുവെ പബ്ലിസിറ്റിയിൽ താല്പര്യമില്ലാത്ത അലക്സ് അബ്രാഹത്തെക്കുറിച്ച് പുറം ലോകം കൂടുതൽ അറിയാൻ തുടങ്ങിയത് മധുര ഗീതം റേഡിയോയിൽ അവതാരക ബിന്ദു മേക്കുന്നേൽ നടത്തിയ ഒരു തത്സമയ ഇന്റർവ്യൂയിലൂടെയാണ്. നിരവധി രചനകൾ എഴുതിയിട്ടുണ്ടെങ്കിലും പേരിന് പറയാൻ സ്വന്തം പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന കുറവ് നികത്താൻ നാളിതുവരെ എഴുതിയ കഥകളെല്ലാം സംയോജിപ്പിച്ച് ഒരു കഥാ സമാഹാരം പ്രസിദ്ധീകരിക്കാൻ സുഹൃത്തുക്കൾ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്‌. അലക്‌സ്‌ അബ്രാഹം നല്ലൊരു നാടക രചയിതാവ് കൂടിയാണ്. വളരെക്കാലം തോമാശ്ലീഹായായും യേശൂക്രിസ്തുവായും ടൊറോന്റോ മലയാളം പള്ളിയിൽ വേഷമിട്ടിട്ടുള്ള അലക്സ് 'സ്വർഗ-ന രകങ്ങളിൽ' എന്ന നാടകം എഴുതി അഭിനയിച്ചു.

 

 

ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം പഠിക്കാൻ പോയി സി.എൻ.സി പ്രോ ഗ്രാമറായി മിസ്സിസ്സാഗാ ഐ.എം.റ്റി.റ്റി -യിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത അലക്സ് , പഠനത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ചു. ജോലിക്ക് വേണ്ടി പോലും പുതിയൊരു കോഴ്സ് പഠിക്കാൻ വൈമനസ്യം കാണിക്കുന്ന ചെറുപ്പക്കാർക്ക്‌ അലക്സിന്റെ ദൃഡനിശ്ചയം മാതൃകയാക്കാവുന്നതാണ് . കേരളത്തിൽ തിരുവല്ലയിൽ തെള്ളിയൂർ അങ്ങാടിയിൽ കുടുംബാംഗമായ അലക്‌സ് 1971-ൽ കേരളം വിട്ടതാണ്. ലിസിയാണ് ഭാര്യ. സിബി, സീബാ എന്നീ രണ്ട് മക്കളുമുണ്ട്. തോമസ് പയ്യാപ്പള്ളി , ബിജോ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറോറ ,ബാരി , ന്യൂ മാർക്കറ്റ് മലയാളികൾ ഒത്ത് ചേർന്ന് ഇത്തരത്തിലൊരു സ്വീകരണച്ചടങ്ങ് ഒരുക്കിയത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.